city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനിവുള്ള മനസ്സിന്റെ കാരുണ്യവര്‍ഷം

ഇബ്റാഹിം ചെര്‍ക്കള

(www.kasargodvarttha.com 21.11.2020) ലോകം വികാസവും പുരോഗതിയും അവകാശപ്പെടുന്ന കാലത്തും, മനുഷ്യര്‍ അകല്‍ച്ചയിലൂടെയും സ്വയം ഒറ്റപ്പെടലുകളിലൂടെയും തന്നിലേക്ക് തന്നെ ഒതുങ്ങുന്ന സമകാലീന ദിശയില്‍ സഹജീവികളുടെയും ചുറ്റും വേദനിക്കുന്നവരുടെയും ജീവിത വിഷമങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്ന കനിവുള്ള മനസ്സിന്റെ ഉടമകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വലിയ ആശ്വാസങ്ങള്‍ പകരുന്നു. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമെന്ന ചിന്തയില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദാരമതികളുടെ ജീവിതവഴിയിലൂടെ ഒരു യാത്ര നടത്താം.
കനിവുള്ള മനസ്സിന്റെ കാരുണ്യവര്‍ഷം



പ്രകൃതിയും പൈതൃകവും അതുപോലെ മുന്‍തലമുറയുടെ നന്മ നിറഞ്ഞ ജീവിതവും വ്യക്തികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. യഹ്‌യ തളങ്കരയെന്ന മനുഷ്യസ്‌നേഹിയുടെ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇത് വളരെ പ്രകടമായി കാണാം. അറബിക്കടലിന്റെ അലയൊലികള്‍ താളമുയര്‍ത്തുന്ന കുളിര്‍കാറ്റിന്റെ മര്‍മ്മരം, ചന്ദ്രഗിരിപ്പുഴയുടെ കൊച്ചോളത്തിളക്കം. കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ സാംസ്‌കാരിക സങ്കലനത്തിന്റെ ബാങ്കൊലി നാദം ഉയര്‍ത്തുന്ന മാലിക്ദീനാര്‍ പള്ളിയുടെ പവിത്രമായ മഹനീയ പ്രകാശം. പുരാതനകാലം മുതല്‍ക്ക് തന്നെ ഉരു വ്യവസായവും കരവിരുതിന്റെ ചിത്രപ്പണികളില്‍ നെയ്ത തളങ്കരത്തൊപ്പിയിലൂടെയും ഒരു കൊച്ചു ദേശത്തിന്റെ നാമം ലോകരാജ്യങ്ങളില്‍ ഖ്യാതി നേടി. ഓട് നിര്‍മ്മാണവും കൂടിയായതോടെ രാജ്യാന്തര വിപണനവഴികളിലൂടെ പല രാജ്യങ്ങളുമായും വലിയ ബന്ധം തളങ്കര എന്ന നാടിന് സ്വന്തമായി. അക്ഷരവെളിച്ചം തെളിച്ച് നാടാകെ പ്രകാശം പരത്തിയ മഹാകവി ടി ഉബൈദിന്റെ മണ്ണ്. മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിച്ചന്തവും ഇശല്‍താളവും മദഹ്ഗാനങ്ങളുടെ സങ്കീര്‍ത്തനങ്ങളില്‍ ഉണര്‍ന്ന നാട്. 

ആധുനിക കാസര്‍കോടിന് പുതിയ മുഖച്ഛായ പകര്‍ന്ന കെ എസ് അബ്ദുല്ല, കെ എം അഹ് മദ് മാഷ് തുടങ്ങിയവര്‍ തീര്‍ത്ത പാതയിലൂടെ, ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു ജീവിത വിജയത്തിന്റെ ഓരോ കല്‍പ്പടവുകളും കയറി ഉന്നതിയില്‍ എത്തിയ യഹ്‌യ തളങ്കര. 

മുന്‍തലമുറകളില്‍ നിന്നും നേടിയെടുത്ത നന്മകള്‍ പലതും ജീവിതത്തില്‍ പകര്‍ത്തി ബിസിനസ്സ് ലോകത്ത് വിഹരിക്കുമ്പോഴും മനസ്സില്‍ പതിയുന്ന ചുറ്റുമുള്ള ജീവിതക്കാഴ്ചകള്‍ കവിതകളായി വിടര്‍ന്നു. സമകാലീന പ്രശ്‌നങ്ങള്‍ ചിന്തകളില്‍ സൃഷ്ടിക്കുന്ന പല ചോദ്യങ്ങളും കവിതയുടെ വിഷയങ്ങളായി. ലളിതമായ ഭാഷയില്‍ വിരിഞ്ഞ കവിതകള്‍ വായനക്കാര്‍ക്കും അനുഭൂതികള്‍ സമ്മാനിച്ചു.

മാനവികതയുടെയും സാഹോദര്യത്തിന്റെയും കവിതകള്‍ നിറഞ്ഞ മനസ്സ് കനിവിന്റെ വിളനിലങ്ങളായി. തനിക്കു ചുറ്റും സങ്കടപ്പെടുന്നവരുടെ മുന്നില്‍ കാരുണ്യത്തിന്റെ നീരുറവകള്‍ തീര്‍ത്തു. രോഗങ്ങളില്‍ വലയുന്നവര്‍, തലചായ്ക്കാന്‍ ഒരു വീട് എന്ന ആഗ്രഹം കൊണ്ടുനടക്കുന്നവര്‍, പ്രായം കഴിഞ്ഞിട്ടും വിവാഹസ്വപ്നം പൂവണിയാത്ത നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കല്‍... ഇങ്ങനെ എല്ലാം യഹ്‌യ തളങ്കര കഴിവിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുന്നു. അതുപോലെ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്കും മറ്റു ബുദ്ധിമുട്ടുകളില്‍പ്പെടുന്നവര്‍ക്കും കൈത്താങ്ങായിത്തീരുന്നു.

കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ജാതിമതഭേദമില്ലാതെ യഹ്‌യ തളങ്കരയുടെ സഹായങ്ങള്‍ തേടിയെത്തുന്നു. തന്നെ സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെ അധികപേരും അവിടെ എത്താന്‍ മടിക്കുന്നില്ല. 

അക്ഷരങ്ങളെ സ്‌നേഹിക്കുന്ന യഹ്‌യ തളങ്കര നല്ല വായനക്കാരനും എഴുത്തുകാരോട് ഏറെ ബഹുമാനവും ആദരവുകളും പുലര്‍ത്തുന്ന വ്യക്തിയുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു സേവന പാതയിലും ലോകത്തിന് മാതൃകയായ കെ എം സി സിയുടെയും പ്രവാസ ലോകത്ത് അക്ഷരവെളിച്ചം പകരുന്ന മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെയും മഹനീയ നേതൃത്വത്തിന്റെ നെടുംതൂണ് കൂടിയാണ് അദ്ദേഹം.

തന്റെ തൂലികയില്‍ വിരിയുന്ന കവിതകള്‍ക്കും മാപ്പിളപ്പാട്ടുകള്‍ക്കും മികച്ച ഗായകരിലൂടെ ശബ്ദ ആവിഷ്‌കാരം നല്‍കി ജനഹൃദയങ്ങളില്‍ എത്തിക്കുന്ന ധാരാളം ഓഡിയോകള്‍ വിപണിയില്‍ ഉണ്ട്. അതുപോലെ മികച്ച രചനകള്‍ക്കും കാരുണ്യരംഗത്തെ വിലപ്പെട്ട സേവനങ്ങളെ മുന്‍നിര്‍ത്തിയും ആദരങ്ങളും പുരസ്‌കാരങ്ങളും യഹ്‌യ തളങ്കരയെ തേടിയെത്തിയിട്ടുണ്ട്. എളിമയും സൗഹാര്‍ദ്ദവും കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം നേടാനും പല സംഘടനകളിലും മഹനീയ നേതൃത്വം അലങ്കരിക്കാനും അദ്ദേഹത്തിന് സാധിച്ചു.

Keywords:  Kerala, Thalangara, Article, Yahya-Thalangara, KMCC, Social work, Writings, Ibrahim Cherkala, Poet, Merciful Rain of merciful mind.


 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia