city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനഹൃദയങ്ങളില്‍ ഈ വലിയ മനുഷ്യന്‍ ജീവിക്കുകയാണ്

മാഹിന്‍ കുന്നില്‍

(www.kasargodvartha.com 01/08/2015) ജില്ല വിട്ട് അധികമൊന്നും യാത്ര ചെയ്യാത്തവനാണ് ഞാന്‍. അപൂര്‍വമായേ ഇത്തരം യാത്രകള്‍ നടത്തിയിട്ടുളളൂ. അതിലൊന്ന് പാണക്കാട് തറവാട്ടിലേക്കുള്ള യാത്രയായിരുന്നു.

പ്രമുഖ പണ്ഡിതനും മൊഗ്രാല്‍ പുത്തൂര്‍ മുദരിസുമായ ഹാജി വി.കെ ഇസ്മാഈല്‍ ഉസ്താദിന്റെ കൂടെയായിരുന്നു ഞങ്ങള്‍ നാലഞ്ച് പേര്‍ പാണക്കാട്ടേക്ക് പോയത്. ഓമ്‌നി വാനിലായിരുന്നു യാത്ര. ഇപ്പോള്‍ ഖത്തറിലുളള ഹമീദ് അബ്ദുല്ലയായിരുന്നു വണ്ടി ഓടിച്ചത്.

ഞങ്ങള്‍ പാണക്കാട് എത്തുമ്പോള്‍, വീടിന് സമീപം നിറയെ ആളുകള്‍ ഉണ്ടായിരുന്നു. മതേതര ഇന്ത്യയുടെ പൊതു സ്വത്തായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നവരായിരുന്നു അവര്‍. ഒരു നോക്കു കാണാന്‍, ആശ്വാസത്തിനായി, ആവലാതി പറയാന്‍, കണ്ണീര്‍ കഥകള്‍ ഇറക്കി വെക്കാനെത്തിയവര്‍, ക്ഷണിക്കാനെത്തിയവര്‍... നാട്ടിലെയും മറുനാട്ടിലെയും നേതാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, വ്യാപാര പ്രമുഖര്‍... ഇങ്ങനെ ജാതിമത രാഷ്ട്രീയ ലിംഗ ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് അവിടെ കൂടിയിരിക്കുന്നത്. നാടിന്റെ, സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ അതില്‍പെടും.

എല്ലാവര്‍ക്കും കാണേണ്ടത് തങ്ങള്‍ ഉപ്പാപ്പയെ... അതിനായി ശാന്തതയോടെയും സമാധാനത്തോടെയും ആ മുറ്റത്ത് കാത്തിരിക്കുകയാണ് അവര്‍. വട്ടമേശക്കരികിലേക്ക് സലാം പറഞ്ഞു തങ്ങള്‍ കടന്നു വന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതേതര കൈരളിയുടെയും പ്രതീകമായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.

ഓരോരുത്തരായി തങ്ങളുടെ മുമ്പിലേക്ക്... ഒടുവില്‍ ഞങ്ങളുടെ ഊഴമെത്തി. കാസര്‍കോട് നിന്നും എത്തിയവരാണെന്ന് പറഞ്ഞപ്പോള്‍ സ്‌നേഹത്തോടെ വീടിനകത്തേക്ക് കൊണ്ടു പോയി. ഇരിക്കാന്‍ പറഞ്ഞു. വന്ന കാര്യങ്ങള്‍ അന്വേഷിച്ചു. ഒന്നു കാണാന്‍ വേണ്ടിമാത്രമാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് സന്തോഷം. അരികെ തങ്ങളും ഇരുന്നു. പിന്നെ കാസര്‍കോട്ടെ വിശേഷങ്ങള്‍ ആരാഞ്ഞു. അതിനിടയില്‍ ഹലുവയുമായി ഒരാള്‍ വന്നു. തങ്ങള്‍ അതെടുത്ത് ഞങ്ങളുടെ ഓരോരുത്തരുടെ കൈകളില്‍ വെച്ചു തന്നു. പിന്നെ അലമാരയിലെ തങ്ങളുടെ ശേഖരണത്തിന്റെ ചരിത്ര വശങ്ങള്‍ പറഞ്ഞു തന്നു.

സമയം പോയത് അറിഞ്ഞില്ല. പിന്നെ സലാം പറഞ്ഞു യാത്ര പറഞ്ഞു. അപ്പോള്‍ തങ്ങള്‍ പോക്കറ്റില്‍ നിന്നും കുറച്ചു പണം എടുത്തു. ആദ്യം എന്റെ കയ്യിലേക്ക്. പിന്നെ ഉസ്താദിന്, രാജ റഫീഖിന്, ഹമീദിന് ഒരോരുത്തര്‍ക്കായി കൈമടക്ക്.  എന്നിട്ടും ശിഹാബ് തങ്ങളുടെ കയ്യില്‍ പണം ബാക്കി. എന്നെ ശിഹാബ് തങ്ങള്‍ അരികിലേക്ക് വിളിച്ചു. എനിക്ക് വീണ്ടും കൈമടക്ക് തന്നു. തങ്ങള്‍ സമ്മാനിച്ച ആ സ്‌നേഹ സമ്മാനം ഇന്നും അനുഗ്രഹമായി കൂടെയുണ്ട്. പിന്നെ ശിഹാബ് തങ്ങളെ അവസാനമായി കാണുന്നത് കാസര്‍കോട് സിറ്റി ഗോള്‍ഡ് ജ്വല്ലറിയുടെ ഉദ്ഘാടന തിരക്കിനിടയിലാണ്.

ആ സ്‌നേഹ നിലാവ് മാഞ്ഞുപോയത് 2009 ഓഗസ്റ്റിലാണ്. ഇന്ന് പാണക്കാട് ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ നില നില്‍ക്കുന്നത് ഫ്‌ളക്‌സ് ബോര്‍ഡുകളിലോ... സമ്മേളന നഗരിയായോ പാര്‍ട്ടി ഓഫീസ് സൗധങ്ങളായോ അല്ല.

ശിഹാബ് തങ്ങളുടെ നാമധേയത്താല്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കാരുണ്യഭവനങ്ങള്‍ പണിത് വീടില്ലാത്ത പാവങ്ങള്‍ക്ക് സമ്മാനിക്കുകയാണ് ലീഗ് നേതൃത്വം. ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ അദ്ദേഹം കാണിച്ചു കൊടുത്ത വഴിയില്‍ 'ബൈത്തുറഹ് മ' അഥവാ കാരുണ്യഭവനങ്ങള്‍ വ്യാപകമായി. കാരുണ്യ ഭവനങ്ങള്‍ പാവപ്പെട്ട ലീഗുകാരന് മാത്രമല്ല, ജാതി - മത രാഷ്ട്രീയ ഭേദമന്യേ പാവപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് ലീഗ് ഇത്തരം ഭവനങ്ങള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

വിവിധ കെ.എം.സി.സികളുടെ സഹകരണം കൂടി ലഭിച്ചപ്പോള്‍ ബൈത്തുറഹ് മ വില്ലേജുകളും വ്യാപകമായി. അപകടത്തില്‍ പെട്ട് ചികിത്സക്കായി ഉള്ള കിടപ്പാടം വില്‍ക്കേണ്ടി വന്ന സി.ഐ.ടി.യു നേതാവ് സദാനന്ദനും മികച്ച ഗോള്‍കീപ്പറായ എം.എസ് സുജിത്തിനും ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി ലീഗ് പണിത ആശ്വാസത്തിന്റെ ജീവിത മേല്‍ക്കൂരയിലേക്ക് മാറാന്‍ സൗഭാഗ്യം ലഭിച്ചവരാണ്. പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, ധനസഹായം തുടങ്ങിയ പദ്ധതികള്‍ നിരവധിയുണ്ട്.

ജനഹൃദയങ്ങളില്‍ ഈ വലിയ മനുഷ്യന്‍ ജീവിക്കുകയാണ്... തുല്യതയില്ലാതെ..

ജനഹൃദയങ്ങളില്‍ ഈ വലിയ മനുഷ്യന്‍ ജീവിക്കുകയാണ്


Keywords : Article, Shihab Thangal, Memorial, Muslim-league, Meet, Malappuram, Kasaragod, Mahin Kunnil, In memories of Shihab Thangal.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia