city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | നഷ്ടപ്പെട്ടത് ആത്മീയ പ്രകാശം; എൻ്റെ ഓർമയിലെ സയ്യിദ് കുറാ തങ്ങൾ

memories of sayyid fazal koyamma thangal koora
Supplied

ഒരു സൗകര്യവുമില്ലാത്ത കൂറത്ത് വന്നു തങ്ങൾ ഏകനായി ജോലി ചെയ്യുന്നത് എന്തിനാണെന്നുള്ള ഞങ്ങളുടെ ചോദ്യത്തിന് പിന്നീട് കാലം മറുപടി നൽകുന്നതാണ് കണ്ടത്

അഷ്റഫ് ബാഡൂർ

(KasaragodVartha) ആത്മീയ പ്രകാശം ചൊരിഞ്ഞ പണ്ഡിതവര്യരെയാണ് സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തോടെ നഷ്‌ടമായത്. 64 വർഷത്തെ ജീവിതത്തിൽ തങ്ങൾ നിരവധി പണ്ഡിതരെയും ആത്മീയ നേതാക്കളെയും വളർത്തിയെടുത്തു. മതപഠനം, സാമൂഹിക സേവനം, സംഘടനാ പ്രവർത്തനം എന്നിവയിൽ തങ്ങൾ നിറഞ്ഞു നിന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതിനും സാമുദായിക സൗഹാർദം വളർത്തിയെടുക്കുന്നതിനും നിരന്തരം പ്രവർത്തിച്ചു. ആ വിയോഗം സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്താനാവില്ല. 

1991ൽ കർണാടക പുത്തൂർ താലൂക്കിലെ ബരെപ്പാടി കുറാ എന്ന കുഗ്രാമത്തിലാണ് തങ്ങൾ തൻ്റെ സേവനം ആരംഭിച്ചത്. വാക്കുകളാൽ ജനഹൃദയങ്ങളെ സ്പർശിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഒരു പണ്ഡിതന്റെയും നേതാവിന്റെയും ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം കഴിഞ്ഞ് 1994ൽ ഈയുള്ളവൻ തൊട്ടടുത്ത ഏറ്റവും വലിയ സുന്നീ മഹല്ലും ചരിത്രപ്രസിദ്ധമായ ദർഗാ ശരീഫും ഉൾക്കൊള്ളുന്ന ബൈത്തടുക്ക എന്ന സ്ഥലത്ത് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ-ബുഖാരി ഉള്ളാൾ തങ്ങളുടെ അന്നത്തെ പ്രധാന സേവകനുമായിരുന്ന (ഖാദിം) അൽ ഹാജ് അബ്ബാസ് മദനി ദേലമ്പാടിയുടെ മതപഠനത്തിന് (ദർസിൽ) ചേർന്നിരുന്നു. 

ആ സമയത്ത് രണ്ടാഴ്ചയിലൊരിക്കൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ വിദ്യാർഥികൾ (മുതഅല്ലിമീങ്ങൾ) കൂറത്തു പള്ളിയിൽ പോയി തങ്ങളെ സന്ദർശിക്കുക പതിവായിരുന്നു. പ്രകൃതി രമണീയമായ ആ സ്ഥലത്ത് ഓടുപാകിയ കഷ്ടിച്ച് ഒരു 40 ആളുകളെ മാത്രം ഉൾകൊള്ളാൻ പറ്റിയ  ചെറിയപള്ളിയാണ് ഉണ്ടായിരുന്നത്. അടുത്ത് ഇസ്ലാം മത വിശ്വാസിയുടെ വീടെന്ന് പറയാൻ ആ പള്ളി നിർമിച്ച ഹാജിയുടെ വീട് മാത്രം. പുഴയുടെ അരികിലുള്ള ഒരു ഉൾപ്രദേശമായിരുന്നു ആ സ്ഥലം. അങ്ങനെയുള്ള പള്ളിയിൽ ഏകനായി തങ്ങൾ സേവനം ചെയ്യുന്നതോർത്ത് ഞങ്ങൾക്ക് അത്ഭുതവും വിഷമവും തോന്നുന്നുണ്ടായിരുന്നു.

memories of sayyid fazal koyamma thangal koora

എല്ലാ സൗകര്യവുമുള്ള ഉള്ളാളിൽ നിന്നു ഒരു സൗകര്യവുമില്ലാത്ത ഈ സ്ഥലത്തു വന്നു തങ്ങൾ ഏകനായി ജോലി ചെയ്യുന്നത് എന്തിനാണെന്നുള്ള ഞങ്ങളുടെ ചോദ്യത്തിനു അന്ന് ഒരു ഉത്തരവുമില്ലായിരുന്നു. ആ കാലത്ത് മുതഅല്ലിമീങ്ങൾ ഇവിടെ നിന്ന് അങ്ങോട്ട് വൈകുന്നേരം പോകുമ്പോൾ തങ്ങൾക്ക് വല്ലാത്ത സന്തോഷം തോന്നുമായിരുന്നു. ഞങ്ങൾക്കും അതേ അനുഭൂതിയായിരുന്നു. പ്രതിസന്ധികൾ പറഞ്ഞു തങ്ങളെ ആരുസമീപിക്കുമ്പോഴും എല്ലാത്തിനും പരിഹാരമായി ബദ്രീങ്ങളെക്കുറിച്ചു ( ഇസ്ലാമിക ചരിത്രത്തിലെ നിർണായക യുദ്ധമായിരുന്നു ബദർ യുദ്ധത്തിൽ പങ്കെടുത്തവർ) പറഞ്ഞു കൊടുക്കാറാണ് തങ്ങളുടെ അന്ന് മുതൽക്കേയുള്ള പതിവ്.

ബദ്രീങ്ങളുടെ പേരിൽ ഖുർആനിലെ അധ്യായങ്ങളായ ഫാതിഹയും യാസീനും വിശ്വാസപൂർവം പാരായണം ചെയ്തവർക്ക് അതിൻ്റെ ഫലവും അനുഭവിച്ചറിഞ്ഞതാണ്. മറ്റുള്ളവരോട് 'അദ്കാറുകളും ഔറാദുകളും' (ഇസ്ലാമിക വിശ്വാസത്തിൽ, ദൈവ സ്മരണയ്ക്കും പ്രാർത്ഥനയ്ക്കും വേണ്ടി ചൊല്ലുന്ന പ്രത്യേക വാക്കുകളും  വാക്യഘടനകളും) നിർദേശിക്കുക മാത്രമല്ല, കണിശമായി അവ ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്നവരായിരുന്നു തങ്ങൾ. അദ്ദേഹം ഇടക്കിടക്ക് ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന പള്ളിയിലേക്ക്, ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്റെ ഖബർ സന്ദർശിക്കാനും പ്രാർഥിക്കാനും (സിയാറത്ത്) വരുമായിരുന്നു.

വർഷത്തിൽ ഒന്നു രണ്ടു പ്രാവശ്യം കൂറത്തേക്കും അവിടെ നിന്നു ഇവിടത്തേക്കും താജുൽ ഉലമ ഉള്ളാൾ തങ്ങളും സിയാറത്തിനു വരാറുണ്ടായിരുന്നു. അങ്ങനെ അന്നുതൊട്ട് തങ്ങളുമായി തുടർന്ന ബന്ധം വിടപറയുന്നത് വരെ തുടർന്നിരുന്നു. ഒരു സൗകര്യവുമില്ലാത്ത കൂറത്ത് വന്നു തങ്ങൾ ഏകനായി ജോലി ചെയ്യുന്നത് എന്തിനാണെന്നുള്ള ഞങ്ങളുടെ ചോദ്യത്തിന് പിന്നീട് കാലം മറുപടി നൽകുന്നതാണ് കണ്ടത്. തങ്ങളുടെ സേവനഫലമായി കുറാ ഗ്രാമം സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെയധികം പുരോഗതി കൈവരിച്ചു. ദരിദ്രരും പിന്നാക്കപ്പെട്ടവരുമായ ആളുകൾക്ക് അദ്ദേഹം നൽകിയ പിന്തുണ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.

മഹാപണ്ഡിതനായി മാറിയ തങ്ങൾ ദക്ഷിണ കന്നഡ, കുടക്, കാസർകോട് ജില്ലകളിലെ നിരവധി മഹല്ലുകളുടെ ഖാസി പദവിയും വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും നിസ്തുലമായ പങ്കു വഹിച്ചു. ദുരിതമനുഭവിക്കുന്നവർക്കും  രോഗങ്ങളും പ്രശ്നങ്ങളുമായി എത്തിയവർക്കും അത്താണിയായി. കുറാ തങ്ങളുടെ ജീവിതവും, സമൂഹത്തിന്റെ വിവിധ തുറകളിലായി പകർന്ന വിജ്ഞാനവും സേവനങ്ങളും അനശ്വര സ്മരണകളായി നിലനിൽക്കും.

sp ജീവിതവും വിജ്ഞാനവും സേവനങ്ങളും അനശ്വര സ്മരണകളായി നിലനിൽക്കും

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia