city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഷ്ടവസന്തത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 26.08.2014) കുട്ടിക്കാലത്തിന്റെ സ്മരണീയ നിമിഷങ്ങളിലേക്ക് തിരിച്ചു നടക്കുമ്പോള്‍ പതുക്കെ പിച്ചവെച്ചും കുസൃതിയോടെ തുള്ളിച്ചാടിയും എത്തുന്ന എന്തെല്ലാം കൗതുക ചിന്തകള്‍. ബാല്യകൗമാരങ്ങളിലെ ദിനരാത്രങ്ങള്‍ക്ക് നിലാവിന്റെ വെണ്മയും നക്ഷത്ര തിളക്കവുമാണ്.
മൊട്ടിട്ട് വരുന്ന ഓര്‍മകളില്‍ തെളിഞ്ഞുവരുന്ന പച്ചപ്പട്ടുവിരിച്ച നെല്‍വയലുകള്‍.  പഴയ ഗ്രാമഭംഗിയുടെ ഹരിതവര്‍ണ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന എല്ലാവരുടെ മനസിലും പുഞ്ചപ്പാടവും വിളഞ്ഞ നെല്‍ക്കതിരിന്റെ നിറഭംഗിയും ഒരിക്കലും മാഞ്ഞുപോകില്ല.  ഇന്നിന്റെ പട്ടണത്തുടിപ്പും കോണ്‍ക്രീറ്റ് കാടുകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതയും ഒന്നും ഇല്ലാതിരുന്ന കാലം.  നാല്‍പത് വര്‍ഷം പിറകോട്ട് നടന്നാല്‍ നമ്മുടെ ഓര്‍മകളില്‍ തളിര്‍ത്തുവരുന്ന ഗ്രാമീണഭംഗി  മനസിന് ഇപ്പോഴും കുളിര്‍ നല്‍കും.

എങ്ങും പരന്ന നെല്‍പ്പാടങ്ങള്‍, വൃക്ഷാലംകൃതമായ കുന്നുകള്‍, ഓടിയെത്തുന്ന കുളിര്‍കാറ്റിന് കാട്ടുപൂക്കളുടെ സുഗന്ധം.  ഇന്ന് ഓരോ ഗ്രാമങ്ങളിലും കൊട്ടാരം പോലുള്ള വീടുകള്‍.  ഓരോന്നും വന്‍ മതിലുകള്‍ തീര്‍ത്ത് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അയല്‍ക്കാരന്‍ ആരാണെന്ന് പോലും തിരക്കാന്‍ സമയമില്ലാതെ തിരക്ക് പിടിച്ച ജീവിത ഓട്ടങ്ങള്‍.  വലിയ പറമ്പുകളില്‍ പേരിന് മാത്രം കെട്ടിയിരുന്ന നേരിയ വേലിയില്‍ പടര്‍ന്ന് പന്തലിച്ച് നിന്ന പൂക്കളും, കായ്കളും എല്ലാം ഒരു നല്ല നാളിന്റെ അടയാളങ്ങളായി ഇന്നും മനസില്‍ പടരുന്നു.

കാലത്തിന്റെ രൂപമാറ്റങ്ങള്‍ അന്ന് എവിടെയും ദൃശ്യമാകും.  ഇന്ന് വേനലും, മഴയും ഒരേ വികാരത്തോടെ നോക്കിക്കാണുന്നു.  എന്നാല്‍ പഴമയുടെ ഗ്രാമീണ സംസ്‌കൃതി മറ്റൊന്നായിരുന്നു.  ആദ്യ മഴ പെയ്തതോടെ പാടം ഉഴുത് മറിക്കും.  എന്റെ ഓര്‍മ്മയില്‍ തെളിയുന്ന നെല്‍കൃഷിയുടെ വിവിധ രൂപങ്ങള്‍.  മഴ തുടങ്ങിയാല്‍ പിന്നെ മനസില്‍ ഉത്സവമാണ്.  സ്വന്തം വയലിലും അയല്‍വീടുകളിലെ വയലേലകളിലും പിന്നെ കൃഷി ആഘോഷത്തിന്റെ ബഹളമായിരിക്കും.  ആദ്യ മഴയ്ക്ക് നല്ല നെല്‍വിത്തുകള്‍ തെരഞ്ഞെടുത്ത് ഉഴുത് പാകപ്പെടുത്തിയ പാടത്ത് വിതയ്ക്കും.  മഴയുടെ ശക്തി വര്‍ദ്ധിക്കുന്നതോടെ കാര്‍ഷിക രംഗത്ത് നാട്ടിപ്പാട്ടിന്റെ താളം ഉണരും.

അധികം കര്‍ഷകര്‍ക്കും സ്വന്തമായി നിലം ഉഴുത് പാകപ്പെടുത്താന്‍ കാളകളോ, പോത്തോ ഉണ്ടാകും.  കാണാന്‍ ചന്തവും മിടുക്കും ഉള്ള ഇത്തരം മൃഗങ്ങളെ കാലേക്കൂട്ടി കൃഷിക്കാര്‍ സംഘടിപ്പിക്കും.  ആ കാലത്തെ കാളച്ചന്തകള്‍ അധികവും കര്‍ണാടകയിലെ സുബ്രഹ്മണ്യയിലാണ്.  മുതിര്‍ന്നവര്‍ അത്ഭുതങ്ങളോടെ പറയുന്ന കാളച്ചന്ത കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നു തരുന്നതാണ്.  ഓരോ വീട്ടിലെയും കാളയെയും പോത്തിനെയും പറ്റി കേമത്തരങ്ങള്‍ പറയാന്‍ കുട്ടികള്‍ തമ്മില്‍ മത്സരിക്കും.

തലയെടുപ്പുള്ള കാളയെയും പോത്തിനെയും ഞേങ്ങലും നുകത്തിലും ബന്ധിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാന്‍ ഏറെ ചന്തമാണ്.  ഉഴുത്തുകാരന്റെ ഗമ അതിലും ഗൗരവത്തിലായിരിക്കും.  ഞങ്ങളുടെ കൃഷിയിടങ്ങളില്‍ ഉഴുതിരുന്നത് ബേവിഞ്ചയിലെ കൊട്ടന്‍ എന്നയാളാണ്.  സൗമ്യനായ കൊട്ടന്‍ ഞങ്ങള്‍ കുട്ടികളോട് ഏറെ സ്‌നേഹത്തോടെ സംസാരിച്ച് നിലം ഉഴുന്നതും നോക്കി ഇരിക്കുമ്പോള്‍ പലപ്പോഴും കൊട്ടേട്ടനെപ്പോലെ പോത്തിനെ തെളിക്കാന്‍ കൊതി തോന്നും.  ആഗ്രഹം തോന്നി പിന്നാലെ നടക്കും.  ചിലപ്പോള്‍ കൊട്ടേട്ടന്‍ ഞേങ്ങല്‍ കൈയ്യില്‍ പിടിപ്പിക്കും.  പക്ഷെ പോത്ത് തെളിച്ച വഴി പോകില്ല.  തലകുലുക്കി ഒരു നോട്ടവും കുലുക്കവും.  അതോടെ പേടിച്ച് ഓടി ഞങ്ങള്‍ കുട്ടികള്‍ പാടവരമ്പില്‍ എത്തും.

ഉഴുത് പാകമായ പാടങ്ങളില്‍ മഴയുടെ താളത്തില്‍ ഓലക്കുടചൂടി നാട്ടിപ്പാട്ടു പാടി വരിയായി നിന്ന് ഞാറു നടുന്ന പെണ്ണുങ്ങള്‍. അവരില്‍ എല്ലാ പ്രായക്കാരും ഉണ്ടാകും.  കൊട്ടേട്ടന്‍, കുണ്ടേട്ടന്‍, കണ്ണേട്ടന്‍ എന്നിങ്ങനെ ചിലര്‍ ഇതിന്റെയെല്ലാം നേതൃത്വം ഏറ്റെടുത്തു നടത്തും.  നെല്‍കൃഷിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം പരക്കുന്നത് ചാണകവളത്തിന്റെ ഗന്ധമാണ്.  അത് പല സ്ഥലത്ത് നിന്നും കാളവണ്ടിയിലോ ലോറിയിലോ കൊണ്ട് വരും.  തലച്ചുമടായി ജോലിക്കാര്‍ പാടത്തില്‍ എത്തിക്കും.  അതുപോലെ പച്ചിലവളവും ധാരാളം ചേര്‍ക്കും.  കാടുകളില്‍ നിന്നും ശേഖരിച്ചു കെട്ടുകളാക്കി പച്ചിലകള്‍ എത്തിക്കും.  അത് പാടത്തില്‍ ചെറിയ തുണ്ടുകളാക്കിയ ശേഷം വിതറും.  കൃഷിയുടെ ഓരോ ചടങ്ങും കൗതുകം നിറഞ്ഞതാണ്.

മഴവെള്ളം കിട്ടാത്തപ്പോള്‍ കിണറുകളില്‍ നിന്നും വെള്ളം പമ്പുചെയ്താണ് നെല്‍കൃഷി നനയ്ക്കുന്നത്.  മാസങ്ങളോടെ നെല്‍ചെടികള്‍ വളര്‍ന്നുവരും.  അതിനോടൊപ്പം കളയും വരും.  കള പറിക്കലും പിന്നെയുള്ള ജോലിയും  അത് പെണ്ണുങ്ങള്‍ തന്നെയാണ് ചെയ്യാറ്.  മഴ പതുക്കെ മാറിപ്പോകും.  നെല്‍ക്കതിരുകള്‍ വിടര്‍ന്നുവരുന്നത് കാണാന്‍ നല്ല ചന്തമാണ്.  പിന്നെ പച്ച നിറം മാറി പതുക്കെ നെല്‍ച്ചെടികള്‍ പൊന്‍ നിറമാകും.

ഇനി കൊയ്ത്തുകാലമാണ്.  അതിനും കൂട്ടത്തോടെ ജോലിക്കാര്‍ എത്തും.  കൊട്ടേട്ടന്റെ മേല്‍നോട്ടത്തില്‍ എല്ലാം നടക്കും.  കൊയ്തിന് യോജിച്ച കത്തിയുമായി പെണ്ണുങ്ങള്‍ എത്തും.  തലമുതിര്‍ന്ന അമ്മയുടെ കൊയ്ത് പാട്ടിന്റെ താളത്തില്‍ ആവേശത്തോടെ കൊയ്ത്ത് തുടങ്ങുന്നു.  ചെറിയ കറ്റകളായി കെട്ടിവയ്ക്കുന്ന നെല്ല് മെതിക്കാന്‍ തയ്യാറാക്കി വലിയ മുറ്റത്ത് അട്ടിയിടും.  ചെത്ത്കല്ലുകള്‍ അടുക്കിവെച്ച് നെല്‍ക്കറ്റകള്‍ ശക്തിയില്‍ അടിച്ച് നെല്ലും പുല്ലും വേര്‍തിരിച്ചെടുക്കും.

നെല്‍കൃഷിക്ക് കൂലി നെല്ല് തന്നെ.  ഇതുകൊണ്ട് കൃഷിക്കാരനും  കൂലിക്കാരനും ആഹാരത്തിനുള്ള അരി ശേഖരിക്കപ്പെടും.  മരം കൊണ്ടുണ്ടാക്കിയ പറയിലാണ് നെല്ല് അളന്ന് കണക്കാക്കുന്നത്.  മൊത്തം കിട്ടിയ നെല്ലിന്റെ കണക്കിന്റെ വീതം കണക്കിന് കൂലി നെല്ലും അളന്ന് കൊടുക്കും.  അടുത്തടുത്ത കൃഷി സ്ഥലങ്ങളിലെ അധിക കൃഷി പണിയും ഒരേ സ്ഥലത്തുള്ളവര്‍ തന്നെയാണ് ചെയ്തിരുന്നത്.  അതുകൊണ്ട് കൊയ്ത്ത് കാലം ഒരുത്സവം തന്നെയായി.  ഞങ്ങള്‍ കുട്ടികള്‍ വെറുതെ ഇരിക്കില്ല.  ഓരോ സമയത്തും ഞങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുകയും കൃഷിയുടെ ബാലപാഠങ്ങള്‍ പഠിക്കുകയും ചെയ്യും.

ഇന്നത്തെ കുട്ടികളെപ്പോലെ 'അരി വിളയുന്ന മരമേത്' എന്ന് ചോദിക്കേണ്ടിവരുന്നില്ല.
പുരനിറക്കല്‍, പത്തായം നിറയ്ക്കല്‍ എന്നീ ചടങ്ങുകളും കൊയ്ത്തിന്റെ ഭാഗമായി  നടക്കുന്നു.  നെല്‍കതിര്‍ കൊണ്ട് വീടിന്നകം അലങ്കരിക്കലാണ് പുരനിറയ്ക്കല്‍.  പത്തായത്തിലെ പഴനെല്ല് അടിച്ചുവാരി പുതിയ വിളവെടുപ്പ് നിറച്ചു വെയ്ക്കും.  കൊല്ലം മുഴുവനും ഭക്ഷിക്കാനുള്ള അരി ചെറിയ കൃഷി സ്ഥലം ഉള്ളവര്‍ക്കുപോലും മിച്ചംവെക്കാന്‍ സാധിച്ചിരുന്നു.

കൊയ്ത്ത് കഴിഞ്ഞാല്‍ അധിക പാടങ്ങളിലും പയറ്, എള്ള് എന്നി  കൂടാതെ ചിലയിടങ്ങളില്‍ പുകയില കൃഷിയുമാണ്.  തണ്ണിമത്തനും, വെള്ളരിക്കയും ചിലപ്പോള്‍ കൃഷിചെയ്യും.  കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ പുത്തരിയുടെ വരവാണ്.  പുതിയ നെല്ല് വേവിച്ചു ഉണക്കി കുത്തി അരിയാക്കിയാല്‍ പുത്തരി.  അതൊരു ആഘോഷമാണ്.  ഓരോ ഗ്രാമത്തിലും വളരെ പ്രാധാന്യത്തോടെ പുത്തരി കൊണ്ടാടിയിരുന്നു.  അധികവും രാത്രിയാണ് പുത്തരി ആഘോഷം.  അയല്‍ക്കാര്‍ തമ്മില്‍ ക്ഷണിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്.

കുട്ടികളായ ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഉത്സവമാണ് പുത്തരിക്കാലം.  പകല്‍ കളിച്ചു കൊതിതീരാത്ത ഞങ്ങള്‍ സന്ധ്യയോടെ പുത്തരിയുള്ള വീട്ടില്‍ എത്തിച്ചേരും.  വീട്ടില്‍ കളിയുടെ പൂരം.  കോഴി ഇറച്ചിയും പച്ചക്കറിയും എല്ലാം ഒരുക്കിയ സദ്യ ഉണ്ടെങ്കിലും പുത്തനരിയില്‍ ഉണ്ടാക്കുന്ന ചക്കരച്ചോറാണ് പുത്തരിയിലെ നായകന്‍.  വെല്ലവും (ശര്‍ക്കര) തേങ്ങയും അരച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ചോറിന് നല്ല സ്വാദാണ്.  മല്‍സരിച്ചുള്ള തീറ്റയ്ക്ക് ശേഷം കളി തുടരും.  ചിലപ്പോള്‍ പുത്തരി ഉള്ള വീട്ടില്‍ തന്നെ ഞങ്ങള്‍ കൂട്ടുകാര്‍ ഒന്നിച്ചുറങ്ങും.

കുടുംബക്കാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ഗ്രാമീണ ആഘോഷമായ പുത്തരി കൂട്ടായ്മയുടെ ഒത്തുചേരല്‍ തീര്‍ക്കുന്നു.  പലപ്പോഴും അയല്‍ക്കാര്‍ തമ്മിലുള്ള ചെറിയ പിണക്കങ്ങളും തര്‍ക്കങ്ങളും തീര്‍ക്കുന്നത് വര്‍ഷത്തിലെ പുത്തരി നാളിലാണ്.  നാട്ടിലെ തലമുതിര്‍ന്നവരും നാട്ടു പ്രമാണിയും എല്ലാം ഒരേ മനസോടെ പുത്തരിയില്‍ ഒത്തുചേരും.  ഞങ്ങളുടെയൊക്കെ വീട്ടിലെ പുത്തരിയില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ പള്ളിയിലെ മൗലവിയും വരും.  ഭക്ഷണത്തോടൊപ്പം അവര്‍ക്ക് ചില കൈമണിയും തടയും.

ജാതിയും മതവും ഒന്നും പരിഗണിക്കപ്പെടാത്ത ആ നല്ല കാലത്ത് എല്ലാ ചടങ്ങുകളും മനഷ്യര്‍ എന്ന സമത്വത്തില്‍ മാത്രം ആഘോഷിച്ചിരുന്നു.  വലിയ പറമ്പുകളും നോക്കെത്താ ദുരത്തെ പാടങ്ങളും ഉണ്ടായിരുന്ന ഗ്രാമത്തില്‍ മനുഷ്യമനസിന്റെ വിശാലതയും പരന്നതായിരുന്നു.  ഇന്ന് അണുകുടുംബങ്ങളില്‍ ഒതുങ്ങിയ ജീവിതരീതി എല്ലാം സ്വന്തങ്ങളില്‍ അടയിരിക്കപ്പെടുന്നു.  പരസ്പരം അറിയാനും അടുക്കാനും ആര്‍ക്കും നേരമില്ല.  കൃഷിപ്പാടങ്ങള്‍ നികത്തി മണിമാളികകള്‍ തീര്‍ക്കുന്നു.  കാടും മരങ്ങളും വെട്ടിമാറ്റി കുന്നുകള്‍ നിരപ്പാക്കി.  പച്ചപ്പുകള്‍ നശിപ്പിച്ചു.  പ്രകൃതിയെ വരണ്ട മരുഭൂമിയിലേക്ക് നയിക്കുന്നു.  ശുദ്ധ ജലവും വായുവും അന്യമാകുന്നു.  നന്മയുടെ ഗ്രാമീണ സംസ്‌കൃതി അസ്തമിക്കുമ്പോള്‍ അവിടെ വിഷലിപ്തമായ പട്ടണത്തുടിപ്പുകള്‍ ഉണരുന്നു. നഷ്ടവസന്തത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍ അയവിറക്കാന്‍ മാത്രം നാം വിധിക്കപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നഷ്ടവസന്തത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍


Keywords : Kerala, Article, Ibrahim Cherkala, Nostalgia, Town, Village, Memory, Rain, Summer, Memories of olden days. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia