city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

My School | ഓർമയിൽ എന്നും നിറവെളിച്ചമായി ജി എച്ച് എസ് എസ് ആദൂർ

/ ബസരിയ ആദൂർ

(KasargodVartha) ജിഎച്ച്എസ്എസ് ആദൂർ എന്ന ഞങ്ങളുടെ വിദ്യാലയം 1906 ലാണ് ആരംഭിച്ചത്‌. ആദൂർ എന്ന നാട്ടിൻ പുറത്തെ ഏറ്റവും പഴക്കം ചെന്ന സർക്കാർ സ്കൂളാണിത്. മുള്ളേരിയ പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായാണ് ജിഎച്ച്എസ്എസ് ആദൂർ സ്ഥിതി ചെയ്യുന്നത്. സാധാരണക്കാരായ ആദൂർ നിവാസികളിൽ കൂടുതൽ പേരും വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന വിദ്യാലയം കൂടിയാണിത്. ആദൂർ പോലീസ് സ്റ്റേഷനും ആദൂർ ചെക്ക് പോസ്റ്റിനും സമീപമാണ് സ്കൂൾ നില നിൽക്കുന്നത്.

My School | ഓർമയിൽ എന്നും നിറവെളിച്ചമായി ജി എച്ച് എസ് എസ് ആദൂർ

 ഞങ്ങളുടെയൊക്കെ വിദ്യാരംഭം ധന്യമാക്കി തീർത്ത വിദ്യാലയം. ഒരു കുഞ്ഞു പ്രായത്തിൽ ചെന്നെത്തിയ ഇഷ്ടമല്ലാത്തൊരിടം. കരഞ്ഞും കള്ളം പറഞ്ഞും വീട്ടിലിരുന്നൊരു കാലം മുതൽ ജിഎച്ച്എസ്എസ് ആദൂർ പലതിന്റെയും തുടക്കമായിരുന്നു. അറിവുകൾക്കപ്പുറം തിരിച്ചറിവുകൾ പകർന്നൊരു തിരുമുറ്റം. പ്രണയം മുതൽ ഹൃദയ വേദനയുടെ വിരഹം വരെ മനോഹര നൊമ്പരങ്ങൾ അടങ്ങിയ താളുകൾ. ഒന്നുമില്ലാതെ പോയിട്ട് പലതും പഠിച്ചിറങ്ങിയ തിരു വിദ്യാലയം.

ഓർമയ്ക്കപ്പുറം ഇഷ്ടമാണ് അവിടം. അതിലുപരി അടങ്ങാത്ത ആഗ്രഹങ്ങളുടെ ബാക്കി വെച്ച അധ്യായങ്ങൾ. പുസ്തക പ്രാന്തും പുസ്തക പുഴുക്കളുമായ സൗഹൃദ വലയങ്ങൾ. ഇന്നത്തെ കുട്ടികളിൽ കാണാൻ കഴിയാത്ത വായന പ്രാന്തിൽ ലയിച്ചു പോയ സ്കൂൾ ലൈഫ്. ബാലരമയും ബാലഭൂമിയും കുരുന്നും കുസുമവും അക്ഷരങ്ങളോടുള്ള അത്യാർത്തി വർധിപ്പിച്ചിട്ടേ ഉള്ളൂ. റീൽസുകൾ തരംഗമല്ലാത്ത മൊബൈൽ ഫോൺ ലോകം കീഴടക്കാത്തൊരു കുറച്ച് വർഷങ്ങൾ മുമ്പ്. ആ നാളുകൾക്കും കഥകൾക്കും ഇന്നത്തേക്കാൾ ഭംഗി തോന്നിയിട്ടുണ്ട്. ഫേസ്ബുക്കും യൂടൂബും ഒന്നും ഞങ്ങളെ അടിമപ്പെടുത്തിയില്ല. ഫോണിന്റെ അത്ഭുത കാഴ്ചകളും തിരിച്ചറിയാൻ അന്ന് കഴിഞ്ഞില്ല.

വായനയും എഴുത്തും കൊണ്ട് പുസ്തക പുഴുക്കളായിരുന്നു ഞങ്ങളൊക്കെ. ഗോപുവേട്ടന്റെ കടയും നാണുവേട്ടന്റെ ഹോട്ടലും ഞങ്ങളുടെ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. തോളത്തു കയ്യിട്ട് നടക്കാനും മെസ്സേജ് അയക്കാനും നിന്ന് തന്നിട്ടില്ല അന്നത്തെ ഞങ്ങളുടെ അധ്യാപകർ. ചൂരൽ ചൂടിനൊപ്പം നല്ല വഴക്കും കിട്ടിയിരുന്നു. ബഹുമാനത്തിനൊപ്പം ഭയവും ഉണ്ടായിരുന്നെങ്കിലും കുരുത്തക്കേടിന് ഒരു കുറവും ഇല്ലായിരുന്നു. ക്ലാസിലെ കമന്റടിയും ക്ലാസ് കട്ട് ചെയ്യലും യൂണിഫോം ഇല്ലാതെ ക്ലാസിൽ വന്ന് സർ പുറത്താക്കിയിട്ട് വരാന്തയിലും ഓഫീസിലും നിന്നതും അന്നത്തെ ധീരതയായിരുന്നു.

സ്കൂൾ കലോത്സവങ്ങൾ ഒന്നും ഇന്നും മനസ്സിൽ നിന്ന് മായുന്നേ ഇല്ല. സ്പോർട്സ് ഡേയും മറക്കാനാവില്ല. സ്കൂൾ ഇലക്ഷനും ഓർമ വിട്ടില്ല. ഓണ പരിപാടിയും പൂക്കള മത്സരവും ഓണ സദ്യയും ഇഷ്ട നാളുകയിരുന്നു. ഒന്നും പറയാനില്ല, എല്ലാവർക്കും അതിനി ഏത് തലമുറകൾ ആയാലും അവരവരുടെ സ്കൂൾ ലൈഫ് അവരവർക്ക് പ്രിയപ്പെട്ടതാണ്. ആദ്യം സ്കൂളിൽ പോവാൻ പേടിയും മടിയും ആയിരുന്നെങ്കിൽ ഞായറാഴ്ച പോലും ക്ലാസ് വേണമെന്ന് ആശിച്ചു പോയിട്ടുണ്ട് പിന്നീട്. പഴകും തോറും മധുരമൂറും കലാലയ ജീവിതം.

മറക്കാനാവാത്ത പലതും ജീവിതത്തിന്റെ ഏടുകളിലേക്ക് തുന്നി ചേർക്കാൻ മധുരമുള്ള കഥകൾ തന്നൊരു പ്രിയ വിദ്യാലയം.

മധുരമുള്ള മാമ്പഴ മാവും ആൽമരവും ഞങ്ങൾക്കുമുണ്ടായിരുന്നു. ആ ആൽമര ചോട്ടിലിരുന്നതും കളി ചിരി തമാശകളുടെ നർമ്മ ലോകം തുറന്ന പി ഇ ടി പിരീഡുകൾ. വർണ പൂക്കളാൽ സമൃദമായൊരു വസന്ത കാലം. വാടി കരിഞ്ഞാലും മണം വിട്ട് മാറാത്ത പൂക്കാലം. തിരകളെയറിയാത്ത തീരം പോലെ മഴയെ അറിയാത്ത മാനം പോലെ തൊട്ടുരുമ്മി വിരിയുന്നൊരു ഓർമ്മയാണ് ആ കാലം.

ലൈബ്രറി പുസ്തകങ്ങൾക് വേണ്ടി തല്ല് കൂടിയതോർക്കുമ്പോൾ ഇന്നും കൗതുകം തോന്നുന്നു. അത്ര മാത്രം വായന ശീലം എവിടെ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത് എന്ന് ഇന്നും മനസ്സിലാവുന്നില്ല. ഇന്ന് വീട്ടിലെ കുട്ടികൾക്ക് മലയാളം വിഷയത്തിൽ മാർക്ക് കുറവാണെന്നു പറഞ്ഞപ്പോൾ ഞാൻ അഭിമാനത്തോടെ ഓർത്തു പോയി ഏറ്റവും നല്ല മാർക്ക് ഞങ്ങൾക്കന്ന് മലയാളത്തിൽ കിട്ടാറുണ്ടായിരുന്നു. മാതൃ ഭാഷയോടുള്ള കൂറ് കൊണ്ടാവാം മലയാള വാക്കുകൾ ഒന്നും ഞങ്ങൾക്ക് പ്രയാസമായി തോന്നിയിട്ടില്ലായിരുന്നു.

My School | ഓർമയിൽ എന്നും നിറവെളിച്ചമായി ജി എച്ച് എസ് എസ് ആദൂർ

പഠനത്തോടൊപ്പം പ്രണയ സൗഹൃദ കൂട്ടങ്ങൾ അന്നും അനവധി ഉണ്ടായിരുന്നു. ക്ലാസ് മുറിയിലെ ഓരോ വാതിലിന് പിന്നിലും ജനലിന്റെ മറവിലും നിഴൽ രൂപങ്ങൾ കാണാം. സെൽഫിയായും റീൽസായും ജനിക്കാത്ത, ക്യാമറ കണ്ണുകൾ തേടിയെത്തി പകർത്താത്ത, കമിതാക്കളായ സഹപാഠികളുടെ ചിത്രം ഇന്നും മനസ്സിൽ മായാതെയുണ്ട്. സ്കൂൾ ലാസ്റ്റ് ഡേ വേർപിരിയലിന്റെ വേദനയോടെയുള്ള സെന്റോഫ്ലും എന്റെ ഓർമയിൽ നിന്ന് ഇന്നും മാഞ്ഞു പോയിട്ടില്ല. വർണ്ണനകൾ കൊണ്ടവസാനിക്കില്ല വാക്കുകൾ. അത്രമേൽ പ്രിയമായിരുന്നെനിക്കെന്റെ വിദ്യാലയം. പ്രിയ സഹപാഠികളെയും അധ്യാപകരെയും സ്നേഹ വാക്കാലെ ഓർമ കുറിപ്പോടെ അക്ഷരങ്ങൾക്ക് വിരാമമിടുന്നു.

Keywords: Article, School Life, GHSS Adhur, Education, Memories, Kasaragod, Police station, Check post, Memories of my school days
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia