city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mubarak Haji | മണ്ണിലേക്ക് മടങ്ങിയത് മണ്ണിന്റെ മണമുള്ള മലയാളി

-സൂപ്പി വാണിമേല്‍

(www.kasargodvartha.com) കാസര്‍കോട്ടുകാരെ മലയാളികള്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട് വിയോജിക്കുന്നവരുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകളില്‍ അങ്ങിനെ പ്രയോഗിക്കുമ്പോള്‍ മുന്‍ പഞ്ചായത്ത് അഡി. ഡയറക്ടര്‍ മുഹമ്മദ് നിസാറിന്റെ (നിസാര്‍ പെറുവാട്) വിളി വരും. സപ്ത ഭാഷാ സംഗമ ഭൂമിയാണ് ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള കേരളം എന്നതാണ് ആ തിരുത്തിന് നിദാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിനിവേശം കൂടിയായതോടെ ഭാഷകള്‍ ഏഴിലും ഒതുങ്ങുന്നില്ല. വാര്‍ത്തകളുടെ പഞ്ചിന് മലയാളി പ്രയോഗം നല്ല ചേരുവയായതിനാലാവാം നിസാറിന്റെ നിലപാടിനോട് മാധ്യമങ്ങള്‍ ചേരാത്തത്.
          
Mubarak Haji | മണ്ണിലേക്ക് മടങ്ങിയത് മണ്ണിന്റെ മണമുള്ള മലയാളി

ഭാഷകളുടെ ഏഴഴകിനോട് ഐക്യപ്പെടുകയും മലയാളം നെഞ്ചേറ്റുകയും ചെയ്ത മണ്ണിന്റെ മണമുള്ള വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച മുഹമ്മദ് മുബാറക് ഹാജി. ഹരിതമായിരുന്നു ആ ജീവിതം. കര്‍ഷകനായ ഹാജി മണ്ണില്‍ പച്ചപ്പിനായി അധ്വാനിച്ചു. ഹരിതമായിരുന്നു രാഷ്ട്രീയവും. കൗമാര-യൗവ്വന കാലം കരുപ്പിടിപ്പിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ ആഭ്യന്തര, ബാഹ്യ രംഗങ്ങളില്‍ പയറ്റി. ചിലതെല്ലാം പാളി. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പാര്‍ട്ടി രൂപവത്കരണം കാസര്‍കോട്ട് മുസ്ലിം ലീഗിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പച്ചക്കോട്ടയായ ചെങ്കള പഞ്ചായത്തിലെ നായന്മാര്‍ മൂലയില്‍ സേട്ട് സാഹിബ് പങ്കെടുത്ത സമ്മേളനം ജില്ലയിലെ ഹരിതയൗവ്വനത്തിന്റെ മഹാ സംഗമമായിരുന്നു.

ആ രാഷ്ട്രീയ പരിസരം മാറ്റിയെടുക്കുന്നതില്‍ മുസ്ലിം ലീഗ് നേതൃത്വം വിജയിച്ചു. ലയനം ആഘോഷമാക്കിയ കാലം വന്നു. എന്നാല്‍ ഐഎന്‍എല്‍ കാരണവരുടെ കസേരയില്‍ നിന്ന് മുഹമ്മദ് മുബാറക് ഹാജി ഇറങ്ങി വന്നില്ല. പുതുതലമുറക്ക് അന്യമായ ചരിത്രസംഭവങ്ങളുടെ നേര്‍ സാക്ഷി കൂടിയായിരുന്നു അദ്ദേഹം. 1967 സെപ്റ്റംബറില്‍ രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ ഭരണത്തില്‍ പൊലീസ് വെടിവെപ്പില്‍ കാസര്‍കോട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാള മനോരമ പത്രത്തിന് നല്‍കിയത് മുഹമ്മദ് ഹാജിയാണ്. സുധാകര അഗ്ഗിത്തായ, ശാന്താറാം ഷേണായി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
  
Mubarak Haji | മണ്ണിലേക്ക് മടങ്ങിയത് മണ്ണിന്റെ മണമുള്ള മലയാളി

കേരളപ്പിറവി കാസര്‍ക്കോടിന് സമ്മാനിച്ചത് ഭാഷാ സമരത്തിന്റെ ഇരുണ്ട പകലുകളായിരുന്നു. കാസര്‍ക്കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായത്. അവര്‍ കെ എസ് യുക്കാരായിരുന്നു എന്ന അവകാശവാദം ഉണ്ട്. 1957ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എകെജിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കാന്‍ കാസര്‍കോട്-കര്‍ണാടക ലയന വാദികളായ കര്‍ണാടക സമിതിയുടെ പിന്തുണ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയിരുന്നു.

മഞ്ചേശ്വരത്ത് അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന്റെ ഫലമായിരുന്നു ആദ്യ നിയമസഭയിലേക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കര്‍ണാടക സമിതിയുടെ എം ഉമേശ് റാവു എതിരില്ലാതെ എംഎല്‍എയായത്. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ 1960ല്‍ എംഎല്‍എയായിരുന്ന മുസ്ലിം ലീഗ് നേതാവ് അഡ്വ. ഹമീദലി ഷംനാട് 1967ല്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കര്‍ണാടക സമിതി നേതാവായിരുന്ന അഡ്വ. യുപി കുനിക്കുല്ലായയോട് പരാജയപ്പെടുകയാണുണ്ടായത്. ആ കാലത്തെ ഭാഷാധിഷ്ഠിത രാഷ്ട്രീയത്തിന്റെ തീവ്രതയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചത്.

ഇഎംഎസ് സര്‍ക്കാറിന്റെ പൊലീസ് വെടിവെപ്പ് ഭാഷാ സമര ഭാഗമല്ലെന്ന് വാദിക്കുമായിരുന്നു മരണം വരെ ലയന വാദിയായ മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. എം രാമണ്ണ റൈ. എന്നാല്‍ ആ വാദങ്ങളെയെല്ലാം കാലപ്പഴക്കത്തില്‍ മഞ്ഞളിച്ച പഴയ കുറിപ്പുകളും ഒട്ടും തെളിച്ചം കെടാത്ത ഓര്‍മ്മകളും അവലംബിച്ച് മുഹമ്മദ് ഹാജിയിലെ മാധ്യമ പ്രവര്‍ത്തകന്‍ നറുപുഞ്ചിരിയോടെ ഖണ്ഡിച്ചുപോന്നു. മലയാള ഭാഷ നെഞ്ചേറ്റിയ മുഹമ്മദ് ഹാജിക്ക് കന്നഡയും തുളുവും നന്നായി വഴങ്ങുമായിരുന്നു. കര്‍ഷകന്‍, വസ്ത്ര വ്യാപാരി, രാഷ്ട്രീയ നേതാവ്, അനാഥകളുടെ തോഴന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഹാജി ജില്ലാ കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു.

എന്നാല്‍ 1957ല്‍ കൈപൊക്കി വോട്ടെടുപ്പിലൂടെ മുട്ടത്തൊടി പഞ്ചായത്ത് പ്രസിഡണ്ടായതാണ് മലയാളി മനസ്സുകളിലെ മിന്നും വിജയം. കാസര്‍ക്കോട് കേരളത്തിന്റെ ഭാഗമാക്കിയതില്‍ പ്രതിഷേധിച്ച് ഗണപതി ഭട്ട് രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജന്മിമാരുടേയും കന്നടക്കക്കാരുടേയും കുത്തകയായിരുന്ന പ്രസിഡണ്ട് പദവിയിലേക്ക് 26 കാരനായ മുഹമ്മദിന്റെ പേര് പറഞ്ഞപ്പോള്‍ അവിടെ സമ്മേളിച്ച നൂറുക്കണക്കിന് ആളുകളുടെ കൈകള്‍ ഒന്നിച്ച് ഉയരുകയായിരുന്നു.

Keywords:  Article, Remembrance, Remembering, Died, Kasaragod, Kerala, Karnataka, Muhammad Mubarak Haji, Memories of Muhammad Mubarak Haji.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia