city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നറുസ്മൃതികളിലെ നബിദിനാഘോഷങ്ങള്‍

അതീഖ് കല്ലട്ര (ഈജിപ്ത്)

(www.kasargodvartha.com 09.12.2016) ''കാഫ്മല കണ്ട പൂങ്കാറ്റേ... കാരക്ക നീ കൊണ്ടു വന്നാട്ടെ..'' സുലൈമാന്‍ ഉസ്താദ് തന്റേതായ ശൈലിയില്‍ നീട്ടിപ്പാടീട്ട് പറഞ്ഞു.. 'ഇത് നിനക്ക്...ബേഗം പഠിക്കണം ട്ടോ..' അയിക്കോട്ടെ.. സന്തോഷത്തില്‍ ഞാനത് കയ്യില്‍ വെച്ചു.. പിന്നാലെ ഓരോ കുട്ടികളെയും അടുത്ത് വിളിച്ച് പാട്ടുകളും കൊച്ചു പ്രസംഗങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ് ഉസ്താദ്. അതിലൊന്നും ശ്രദ്ധയിടാതെ ആദ്യമായി പാട്ട് എനിക്ക് കിട്ടിയ ഹുങ്കില്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പാട്ട് പഠനത്തില്‍ മുഴുകുകയാണ്.

ഒന്നാം ക്ലാസ്സിലെ ഈ അനുഭവമാണ് എന്റെ നബിദിനോര്‍മകളിലെ ആദ്യ താളുകള്‍.. സുലൈമാന്‍ ഉസ്താദ് അങ്ങനെയാണ്. മുഹറം പിറന്നാല്‍ തന്നെ മീലാദാഘോഷത്തെ വരവേല്‍ക്കാന്‍ മറ്റു ഉസ്താദുമാരേക്കാള്‍ തിടുക്കത്തിലൊരുങ്ങും... ഒരു പ്രത്യേക സ്‌നേഹം സുലൈമാന്‍ ഉസ്താദിനോട് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നു. കാരണം, ബലിപെരുന്നാള്‍ കഴിഞ്ഞാല്‍ പിന്നെ കണ്ണിലെണ്ണയൊഴിച്ച് പ്രതീക്ഷയോടെ, ആശയോടെ കാത്തിരിക്കുന്നത് നബിദിനത്തിനെയാണ്. പുത്തനുടുപ്പും, പലഹാരമധുരവും, പാട്ടിന്റെ ഈണവും നിറഞ്ഞ ആ സുന്ദരദിനത്തിനെ കാത്തിരിക്കാതെ വെയ്യല്ലോ..

നറുസ്മൃതികളിലെ നബിദിനാഘോഷങ്ങള്‍

രണ്ടാം ക്ലാസിലും സുലൈമാന്‍ ഉസ്താദ് തന്നെയാണ് പാട്ട് സെലക്ട് ചെയ്ത് തന്നത്..എന്റെ പാട്ടിനോടുളള ഭ്രമത്തെ അറിഞ്ഞു കൊണ്ടോ എന്തോ അറിയില്ല ഇതര ഇനങ്ങള്‍ എനിക്ക് സെലക്ട് ചെയ്യപ്പെട്ടില്ല.. മുല്ലചേരി ഉസ്താദിന്റെ മൂന്നാം ക്ലാസിലെത്തിയപ്പോഴാണ് പാട്ടിന്റെ പകിട്ടറിഞ്ഞത്. കാരണം മുല്ലചേരി ഉസ്താദിന് നല്ല സ്വരരാഗതാളമുണ്ടായിരുന്നു. അതിനാല്‍ എല്ലാ ക്ലാസുകാര്‍ക്കും ഹമീദുസ്താദിന്റെ പാട്ട് തന്നെ വേണമായിരുന്നു.

നാല് മുതല്‍ ഏഴാം തരം വരെ പൂര്‍ത്തിയാക്കുന്നതിനിടക്ക് ഉസ്താദുമാര്‍ മാറിമാറി വന്നെങ്കിലും നബിദിനമടുത്താല്‍ കുട്ടികളുെട ഓട്ടവും നോട്ടവും മുല്ലച്ചേരി ഉസ്താദിലേക്കായിരുന്നു. പാട്ടും, പ്രസംഗവും മറ്റു പ്രോഗ്രാംസും കൊടുത്തു കഴിഞ്ഞാല്‍ പിന്നെ പരിശീലനവേദി ആരംഭിക്കും. ഞായറാഴ്ചകളിലാണ് ഇവ അരങ്ങേറുക (ഇന്നും അങ്ങനെത്തന്നെയാണ്). തെറ്റ് തിരുത്താനും ഭയത്തെ പടികടത്താനും ഇവ ഉപകരിക്കും. ഈ രംഗത്ത് എനിക്ക് മറക്കാനാവാത്ത മുഖമാണ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ ഉസ്താദ്. തെറ്റുകള്‍ തിരുത്തിത്തരാന്‍ പ്രത്യേകം മുന്‍കൈയെടുത്തത് മഹാനായിരുന്നു. വളളിപുളളിയിലെ പോരായ്മകള്‍ പോലും ചൂണ്ടിക്കാണിക്കും.. അത് കൊണ്ട് കുട്ടിപ്പാട്ടുകാര്‍ക്കും കുട്ടിപ്രഭാഷകര്‍ക്കും മുട്ട് വിറക്കുക പതിവാണ്.

എന്നാല്‍ സമ്മാനപ്പൊതികള്‍ മനസ്സില്‍ കണ്ടുളള പഠനവും അവതരണവുമാകയാല്‍ ആഴ്ചകള്‍ കഴിയുമ്പോള്‍ എല്ലാം റെഡിയാവും.. നബിദിന പ്രോഗ്രാമിന്റെ തലേദിവസമാണ് മദ്രസ അലങ്കരിക്കലും മാലയിടലും അരങ്ങേറുക.. ആ രാത്രിയും പെരുന്നാള്‍ രാത്രിപോലെത്തന്നെ സന്തോഷഭരിതമാണ്.. ഒരു വശത്ത് വര്‍ണ്ണക്കടലാസുകള്‍ മാലയാക്കുന്നവര്‍, വെട്ടിപ്പൂര്‍ത്തിയാവും മുന്നേ ഞങ്ങള്‍ അവയെടുക്കാന്‍ തിടുക്കം കൂട്ടും, പിന്നെയൊരോട്ടമാണ്.. അവ മൈദക്കോപ്പയില്‍ മുക്കി മദ്രസാചുമരാകെ തോരണാലങ്കൃതമാക്കാന്‍. മറുവശത്ത് റാലിയില്‍ പിടിക്കാനുളള കൊടി നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ടാവും, നാട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കേമന്‍മാരാണ് അതിലെ മുമ്പര്‍..അവിടെ ഒന്ന് കണ്ണിടും.. തിരിച്ച് പോന്ന് വീണ്ടും മാലയൊട്ടിക്കല്‍ തുടരും.. ഏകദേശം മദ്രസ ചുമരും മുറ്റവും അലങ്കരിക്കാന്‍ ബാക്കി ഇടമില്ലെന്നുറച്ചാല്‍ വീട്ടിലേക്ക് തിരിക്കും.

പിന്നെ ഉമ്മയുടെ സാരോപദേശങ്ങള്‍ വന്ന് തുടങ്ങും,'മോനേ ചോറ് ബെയ്ച്ച് ബേം ഒറങ്ങ്, നാളെ കാലത്ത് എണീക്കണം, ജാഥേല് ചീരണി കിട്ടണങ്കില്.. അല്ലെങ്കില്‍ കിട്ടൂലട്ടോ..' ആ ചീരണിപ്പേടീല് പെടുന്നനെ ഊണ്കഴിച്ച് ഉറക്കത്തിലേക്ക് വെച്ചടിക്കും..ഒരഞ്ച് മണിക്ക് ഉമ്മവെച്ച ടൈംപീസിന്റെ കനത്തശബ്ദം കാതില്‍ പതിക്കും.. പതിവിനു വിപരീതമായി അന്ന് പെട്ടെന്നെഴുന്നേല്‍ക്കും.. കാരണം ഇന്നത്തെ ദിനം മൂന്നാം പെരുന്നാളാണല്ലോ..കരളിന്റെ കഷ്ണമായ മുത്ത്‌നബിയുടെ തിരുപ്പിറവിനാള്‍.. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ കുളിക്കാന്‍ പോകും, കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് ഉപ്പ തന്ന അത്തര്‍ കുപ്പി കയ്യിലും ഡ്രസ്സിലുമൊക്കെ ഉരക്കും.. ഉപ്പ എല്ലാകൊല്ലവും നബിദിനത്തിന്‍ അത്തര്‍ തരും. ഇന്നും ആ പതിവ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.. എന്നാല്‍ അതിലെ രഹസ്യത്തെ ഇത് വരെ ചോദ്യം ചെയ്തിട്ടില്ല.. ഉപ്പയുടെ ആ മഹബ്ബത്തില്‍ അത്തറിന്റെ വാസനയെന്തോ ആവോ...!

പുതു വസ്ത്രം ഉമ്മയാണു ധരിപ്പിക്കറുള്ളറ്റ്.. അതവര്‍ക്ക് നിര്‍ബന്ധമാണ്.. ഉമ്മമാര്‍ അങ്ങനെയാണല്ലോ!! കട്ടന്‍ ചായയും ലഘുകടിയും ചെറുമട്ടത്തില്‍ കഴിച്ച് മദ്രസയിലേക്കൊരോട്ടമാണ്.. മദ്രസാമുറ്റമപ്പോഴോക്കും നിറഞ്ഞിരിക്കും.. കൂട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍... അല്‍പനേരത്തിനുളളില്‍ അനൗണ്‍സ് വണ്ടി പറന്നെത്തും.. അതോടെ സ്വദറുസ്താദ് ഞങ്ങളെ വരിവരിയായ് നിര്‍ത്തും..ഒപ്പം കൈയില്‍ വര്‍ണ്ണക്കൊടിയും വച്ച് തരും..കൊടിക്ക് പിടിവലികൂട്ടാനുമുണ്ടാവും ചിലര്‍. എന്നാല്‍ സ്വദറുസ്താദിന്റെ വിധി അന്തിമം.
 
കിട്ടിയവരുടെ മുഖത്ത് ആയിരം സന്തോഷത്താമര വരിയും.. ബാനര്‍ പിടിക്കാന്‍ യോഗ്യതകിട്ടുന്നവര്‍ക്കാണ് കൂടുതല്‍ ഹുങ്ക്... ഒരുതവണ സ്വദറുസ്താദായ പള്ളംകൊദ് ഉസ്താദ്് എനിക്കും തന്നു അഹങ്കരിക്കാനൊരവസരം.. നാട്ടുകാര്യങ്ങളിലെ സജീവസാന്നിധ്യമായ ചെംബിരിക്ക അധ്‌ലച്ചാന്റെയ് 'അല്‍ഫാതിഹ'യോടെ മീലാദ് റാലിക്ക് ഔദ്യോഗിക തുടക്കമാവും..സ്വദറുസ്താദിന്റെ പ്രാര്‍ത്ഥനക്ക് ശേഷം ഒരു സ്‌റ്റെപ്പ് ദഫ്കളിയുണ്ടാവും..അത് അഞ്ചാം ക്ലാസ്സ് വരെ കണ്ടാസ്വദിക്കാനായിരുന്നു എന്റെ വിധി..

എന്നാല്‍ അഞ്ചാം ക്ലാസ്സ് മുതല്‍ എന്നിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞ ദഫുസ്താദ് എന്നെ പാട്ടുകാരിലൊരാളായി നിയമിച്ചു.. അങ്ങനെ മദ്രസാവിദ്യാര്‍ത്ഥിയായി മൂന്ന് വര്‍ഷവും ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥിയായി മൂന്ന് വര്‍ഷവും പാട്ട്കാരനായി വിലസാന്‍ വിനീതന് ഭാഗ്യമുണ്ടായി. റാലിയിലേക്ക് തന്നെ തിരിച്ച് വരാം..
ദഫ് കഴിഞ്ഞാല്‍ പിന്നെ അണിയണിയായി റാലി നീങ്ങും..മദ്ഹിന്റെ ശീലുകള്‍ക്കൊപ്പം അടിവെച്ചടിവെച്ചങ്ങനെ..ഹാ..എന്തു മനോഹരമാണാ കാഴ്ച..!!

എല്ലാ വര്‍ഷവും ആദ്യത്തെ സ്വീകരണം അത് സേക്കുച്ചന്റെ ( കാക്ക) വീടിനു മുമ്പിലായിരിക്കും....ഇന്നും അങ്ങനെത്തന്നെ.. പിന്നെ നൂറുക്കണക്കിന് സ്വീകരണക്കൊയ്ത്ത് തന്നെ ഉണ്ടാവും..ഇബ്രാഹിംചാന്റാട്ന്ന്, സെയിറൂന്റാട്ന്ന്, അസര്‍പ്പുചാന്റാട്ന്ന്, കളനാട് അമീചാന്റാട്ന്ന്, ഇസ്മായില്‍ച്ചാന്റെ പീടിയേല്‍ന്ന്, ചെംബിരിക്ക അദ്‌ലച്ചാറ്റാട്ന്ന്, കപ്പല്‍ മമ്മദിച്ചാന്റാട്ന്ന്, മോയിഞാജിക്കാന്റാട്ന്ന്, ഡ്രൈവര്‍ അദ്‌ലിഞ്ചാന്റാട്ന്ന്, ഗോവ അമീച്ചാന്റാട്ന്ന്, മമ്മുഞ്ചാന്റാട്ന്ന്,അങ്ങനെ ഒരുപാട് സ്വീകരണ കേന്ദ്രങ്ങള്‍ കഴിയുമ്പോല്‍ കയ്യില്‍ കരുതിയ ചീരണിയുറ നിറഞ്ഞാല്‍ മറ്റൊന്ന് സംഘടിപ്പിച്ച് യാത്ര തുടരും.. തിരിച്ചെത്തുമ്പോള്‍ ചീരിണിസഞ്ചികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കും..അതില്‍ എല്ലാ ഐറ്റംസുമുണ്ടാവും.. ലഡു, ജിലേബി, ബിസ്‌കറ്റ്, പലവിധമിഠായികള്‍..അങ്ങനെ.

പലഹാരം വേയ്സ്റ്റാക്കുന്നുണ്ട് എന്ന വിമര്‍ശകരുടെ ആരോപണങ്ങളില്‍ കഴമ്പില്ല..എല്ലാം ഉസ്താദുമാരുടെ മേല്‍നോട്ടത്തിലാകായാല്‍ അത്തരം അനുഭവങ്ങള്‍ക്ക് മീലാദാഘോഷറാലി വേദിയാവാറില്ല. എടുത്തുപറയേണ്ട മറ്റൊരു സ്വീകരണം ഹിന്ദുക്കളായ ചവോക്ക് വളപ്പില്‍ തറവാടില്‍നിന്നുള്ളതാണ്. ടാങ്ക് സര്‍ബത്താണെങ്കിലും മതസൗഹാര്‍ദ്ധത്തിലൂട്ടിയ ആസ്വീകരണം പായസത്തേക്കാള്‍ മധുരമാണ്.. അവിടെ ഒരു സ്‌റ്റെപ്പ് ദഫ്കളി നിര്‍ബന്ധമാണ്. ചിലപ്പോല്‍ മഹല്ലിന്റെ അതിര്‍ത്തി വിട്ട് മാങ്ങാട് വരെ റാലി നീളും, കാരണം വെടിക്കുന്ന് മഹല്ലിന്റെ ഭംഗിയാര്‍ന്ന റാലി മാങ്ങാടുകാര്‍ക്ക് കാണിക്കാന്‍ തന്നെ.. മറ്റൊന്ന് മഹല്ലില്‍ വീടുകള്‍ കുറവാണ്, അങ്ങാടിയുടെ അഭാവവും.. റാലിയില്‍ നാട്ടിലെ പ്രമാണിമാരായ എന്റെ വല്ല്യുപ്പ കല്ലട്ര മാഹിന്‍ ഹാജി, ചെംബിരിക്ക അദ്‌ളച്ച,മോയിഞാജിക്ക, പാക്യര അബ്ദുല്ല മൂത്താപ്പ, ഇരിയേല്‍ അസ്‌നാര്‍ച്ച ,ഇസ്മായില്‍ച്ച എല്ലാരുമുണ്ടാവും.. (പലരും ഖബറിലാണു.. നാഥന്‍ ഖബര്‍ വിശാലമാക്കട്ടെ..ആമീന്‍) എന്നിവരടങ്ങുന്ന ടീം സജീവമായിരിക്കും..

എല്ലാം കഴിഞ്ഞ് മദ്രസയില്‍ എത്തുമ്പോള്‍ പത്തു മണിയാവും..  പിന്നെ മദ്രസയില്‍ പ്രത്യേക മൗലിദ് പാരായണം അരങ്ങേറും. ശേഷം, സ്‌റ്റേജിന്റെ അവസാന ഘട്ട മിനുക്കുപണി ജോറായി നടക്കുന്നുണ്ടാവും.. എല്ലാത്തിനും അണിയറയിലുളളത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തന്നെ..ഒപ്പം ഇതരസമുദായ സഹോദരരുമുണ്ടാവും... ആ സമയത്ത് പള്ളിന്റെ മുകളില്‍ ചെന്ന് അവസാന വട്ട പാട്ടുപഠനത്തിലും പ്രസംഗ പഠനത്തിലും മുഴുകും..

ശേഷം പ്രോഗ്രാം വേദി സജീവമാവും.. ചെറിയകുട്ടികളുടെ മത്സരപരിപാടികളുള്ളതിനാല് ഉദ്ഘാടന സെഷന്‍ അതിവേഗം സമാപിക്കും..പിന്നെ കലാപരിപാടികള്‍ക്ക് തുടക്കമാവും.. 'അടുത്തത് അതീഖ് ഒന്നാം ക്ലാസ്സ്.. ഒരുഗാനം' അനൗണ്‍സ് മുഴങ്ങി.. ജീവിതത്തിലെ ആദ്യ വേദി..!! തെല്ലുഭയന്നെങ്കിലും ഭംഗിയായി പാടി , പിന്നെ പ്രസംഗം ..സമ്മാനപ്പെരുമഴ തന്നെ വന്നു.. കിട്ടിയ സമ്മാനവുമായി ഉപ്പയും ഇക്കാക്കമാരും ഇരിക്കുന്ന ഭാഗത്തേക്ക് കുതിച്ചു..അവരും സന്തോഷത്തില്‍ പങ്ക്‌ചേര്‍ന്നു..

ഇങ്ങനെ ഓരോ വര്‍ഷത്തിലെ പ്രോഗ്രാംസും സമ്മാനസ്വീകരണവും മങ്ങാതെ മായാതെ മനസ്സിലിരിപ്പുണ്ട്.. അത്രത്തോളം ആഹ്ലാദനിര്‍ഭരമായിരുന്നു ആ നിമിഷങ്ങള്‍, തിരുച്ചുപിടിക്കാന്‍ കൊതിക്കുന്ന നിമിഷങ്ങള്‍.. ഒന്നാം ക്ലാസിലെ ആ ആദ്യാനുഭവം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സന്തോഷിച്ചത് നബിദിനാഘോഷ വേദിയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് കാശ് അവാര്ഡ് സമ്മാനം സ്വീകരിക്കുമ്പോഴായിരുന്നു.. ഒന്ന് തൊട്ട് ഏഴ് വരെ ഈ ഫസ്റ്റ് ക്ലാസ് പ്രൈസ് വിനീതന്‍ തന്നെ കൈവശപ്പെടുത്തുകയുണ്ടായി.

മനസ്സകം സദാ സന്തോഷമേകി മിന്നുന്ന മറ്റൊരനുഭവം കൂടിയുണ്ട്.. ഏഴാം ക്ലാസിലെ നബിദിനാഘോഷവേദിയാണ് രംഗം.. ക്ലാസ്സ് ഫസ്റ്റ് പ്രൈസ് സമ്മാനം എനിക്കാണെന്ന് ക്ലാസുസ്താദ് സൈതലവി ഉസ്താദ് മുമ്പ് അറിയിച്ചത് കാരണം അര്‍ഹിച്ച അംഗീകാരം സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍, പെട്ടെന്ന് പേര് വിളിക്കപ്പെട്ടതോ എന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ.. പറയപ്പെട്ട ഉസ്താദ് പല്ല് വേദനകാരണം സ്ഥലത്തില്ല, എന്നാല്‍ ഇത് പളളിയില്‍ കിടന്നിരുന്ന അവര്‍ കേട്ടു.. ഉടന്‍ അവശത വകവെക്കാതെ മഹാന്‍ വന്നു പറഞ്ഞു 'അത് അബദ്ധമാണ്.. അതീഖിനാണ് ഫസ്റ്റ്'. ഉസ്താദിന്റെ ഈ ആവേശത്തില്‍ ഞാന്‍ ആനന്ദാശ്രു പൊഴിച്ചു..അങ്ങനെ ഉസ്താദിന്റെ ഇടപെടലാല്‍ കാശ് അവാര്‍ഡും അംഗീകാരവും എനിക്ക് തന്നെ കിട്ടി. അവസാനം പരിപാടി കഴിഞ്ഞ് മുത്ത് നബീന്റെ നേര്‍ച്ചച്ചോര്‍ വാങ്ങി വീട്ടില്‍ ചെന്ന് ഉമ്മാന്റെ മനസ്സും കയ്യും നിറയെ സമ്മാനങ്ങള്‍ ചൊരിഞ്ഞ് പുത്തനുടുപ്പൊക്കെ മാറ്റി നേര്‍ച്ചച്ചൊര്‍ കഴിക്കാന്‍ ഉപ്പയുടെയും ജ്യേഷ്ടഠന്മാരുടെയും കൂടെയിരിക്കും. പൊരോതിയായി കിട്ടിയ ചോറിന്‍പൊതി തുറന്ന് ഉമ്മ എല്ലാവര്‍ക്കും ബറകത്താക്കപെട്ട ചോറു വിളമ്പും.. ഹാ മനസ്സിനും ശരീരത്തിനും എന്തൊരു റാഹത്ത്..

ഇങ്ങനെ എത്രയെത്ര ഏടുകള്‍..!!! കാലമേറെ കഴിഞ്ഞാലും മറക്കില്ല ആ അസുലഭ, അമൂല്യ മദ്രസാപഠനകാല നബിദിനാഘോഷങ്ങള്‍.. മദ്രസപഠനം പൂര്‍ത്തിയായി പത്ത് വര്‍ഷം കഴിഞ്ഞു.. പഠനകാലം പോലെ സുന്ദരമല്ലെങ്കിലും തലേദിവസത്തെ തോരണം കെട്ടലും, റാലിയിലെ അനൗണ്‍സിലും കീര്‍ത്തന ആലാപനത്തിലും റബ്ബിന്റെ അപാര അനുഗ്രഹത്താല്‍ ഇന്നും വിനീതന്‍ സജീവമായുണ്ട്.. എങ്കിലും പത്തു വര്‍ഷത്തെ പഠനകാല നബിദിനാഘോഷപ്പകിട്ടിന്റെ നാലയലത്ത് പോലുമതെത്തില്ലെന്ന് തീര്‍ച്ച...

Keywords:  Article, Milad-e-Shereef, Meelad day, Kasargod, Madrassa, Celebration, March, Atheeque Kallatra, Memories-of-Meelad-day-celebration 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia