city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരണത്തിന്റെ ആകസ്മികത ഓര്‍മ്മപ്പെടുത്തി കെ എസ് മണിയും

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 17.04.2017) കെ എസ് മണിയുടെ മരണ വാര്‍ത്ത തികച്ചും അപ്രതീക്ഷിതമായി വന്നെത്തിയതാണ്.. ഈയടുത്ത് (സ്ഥലകാല വിഭ്രമമോ) കണ്ടപ്പോള്‍ പോലും അസുഖങ്ങളെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും, ഗൗരവത്തിലെടുത്തതായി സൂചന കിട്ടിയിരുന്നില്ല.. മണി അത്, മറ്റെല്ലാ സ്വന്തം കാര്യത്തിലുമെന്ന പോലെ കാര്യമായി എടുത്തില്ലെന്നതാണോ എന്നും സംശയമുണ്ട്. ഇടക്കാലത്ത് ഞങ്ങള്‍ അടുത്തടുത്ത താമസക്കാരായിരുന്നപ്പോള്‍ സ്ഥിരം കാണാറുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടു പേരും രണ്ട് ദിശയിലായതിനാല്‍ ടൗണില്‍ വെച്ച്, മണിയുടെ സ്ഥിരം സന്ദര്‍ശന ഇടമായ സെക്കന്‍ഡ് ക്രോസിലെ കടക്ക് മുന്നില്‍ വല്ലപ്പോഴും കാണും.

എന്തെ ഏയെസ്സെ.. എന്ന മണിയുടെ പ്രത്യേക ശബ്ദത്തിലുള്ള വിളി ഇപ്പോഴും എന്റെ കാതോരങ്ങളില്‍ മുഴങ്ങുന്ന പോലെ. അല്‍പ നേരം സംസാരിച്ചെ ഞങ്ങള്‍ പിരിയാറുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ആകസ്മികമായാണ് മരണവാര്‍ത്ത എത്തിയത്. മണിയും എന്റെ അടുത്ത ചില സുഹൃത്തക്കളെപ്പോലെ, മരണമെന്ന അനിവാര്യത ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലോടെ മുന്നിലിട്ടു കൊണ്ടാണ് കടന്നു പോയത്. മണിയുടെ ഭാര്യ വാസന്തി വിട പറഞ്ഞിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആകുന്നതേയുള്ളൂ. അന്ന് ആ വീട്ടില്‍ ഞങ്ങള്‍ (ഭാര്യയും) പോയിരുന്നു. ഞാന്‍ മണിയെ പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു. പക്ഷെ അദ്ദേഹം സാധാരണ പോലെ അവിടെ വരുന്നവരോടൊക്കെ സംസാരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പക്ഷെ എനിക്കറിയായമായിരുന്നു. ആ നെഞ്ചിനകത്തെ പ്രക്ഷുബ്ധമായി ഇളകി മറിയുന്ന കടല്‍. ശരിക്കും മണി അന്ന് തൊട്ട് അനാഥനാവുകയായിരുന്നു.

മരണത്തിന്റെ ആകസ്മികത ഓര്‍മ്മപ്പെടുത്തി കെ എസ് മണിയും


ഒരു വ്യാഴവട്ടക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ വേളയിലാണ് മണിയെന്നൊരു പ്രാദേശിക നേതാവിനെ കുറിച്ച് കേള്‍ക്കുന്നത്. അത് ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ട് പരിചയപ്പെടുന്നതിന് എത്രയോ മുമ്പ്. മധൂര്‍ പഞ്ചായത്ത് പ്രദേശത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളില്‍ അക്കാലത്ത് സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു കെ. എസ്. മണി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അക്കാലത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും. ഇയാള്‍ക്ക് നേരത്തെ ചെറുതായുണ്ടായിരുന്ന പൊതു പ്രവര്‍ത്തനം തീരെ ഒഴിവാക്കി തന്റേതായ 'ഠ' വട്ടത്തിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അക്ഷരാഭ്യാസം കുറഞ്ഞവര്‍ പലരും ആപ്പീസ് സംബന്ധമായ പല സഹായങ്ങള്‍ക്കും സമീപിച്ചു തുടങ്ങിയ വേള. നാട്ടില്‍ നിന്ന് ഒരിടവേളക്ക് വിട്ടു നിന്ന്  തിരിച്ചെത്തിയാല്‍ കുറച്ച് സമയത്തേക്ക് ഒരു വെളിവില്ലാത്ത, ഒന്നും തിരിയാത്ത അവസ്ഥയിലായിപ്പോവുക സ്വാഭാവികം. പതുക്കെ പതുക്കെ വെളിച്ചത്തിലേക്ക് വന്ന് ചിലരെയൊക്കെ സമീപിച്ച്, ബന്ധപ്പെട്ടു വരവെ, അവരൊക്കെ അന്ന് ഇടക്കെങ്കിലും നാവിലെടുത്തിരുന്ന പേരാണ് മണിയുടേത്. ആരാ ഈ മണി.? ഞാനെന്റെ നാട്ടുകാരനായ ഒരു പഴയ സഹപാഠിയോട് ചോദിച്ചു. തന്റേടമുള്ളൊരു കോണ്‍ഗ്രസ് നേതാവ്  എന്നായിരുന്നു അയാളുടെ മറുപടി. ഉന്നതങ്ങളില്‍ അല്‍പസ്വല്‍പം പിടിപാടുള്ള, പിടിപാടില്ലെങ്കിലും പോയി കാര്യങ്ങള്‍ സംസാരിക്കുന്ന, ആരോടും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിക്കാത്ത ജനകീയനായ നേതാവ്. പ്രദേശത്ത് പാവങ്ങളുടെയും സാധാരണക്കാരുടെയും അത്താണിയായി മാറിയിരുന്നു മണി. അത്രയൊക്കെ മതി ഇയാളിലെ സാധാരണക്കാരന് ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രം മണിയില്‍ കാണാന്‍.

ആയിടെയാണ് മണി അക്രമിക്കപ്പെട്ട് സാരമായ പരിക്കുകളോടെ ആശുപത്രിയിലാണെന്ന് കേട്ടത്. അതോടെ എന്റെ മനസിലെ മണി ചിത്രം പൂര്‍ത്തിയായി. ഏതായാലും അടിയുറച്ച മതേതര വിശ്വാസത്തിലധിഷ്ഠിതമായി ഒരു രാഷ്ട്രീയ ജീവിതം ആരംഭിക്കാനല്ല, അതവിടെ, മണി ജീവിച്ച മധൂര്‍ പഞ്ചായത്തിന്റെ ആ പ്രദേശത്ത് തുടര്‍ന്നു കൊണ്ട് പോകാനാണ് പ്രയാസം. മണിയത് നിസ്പ്രയാസം, തന്റെ ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു. പലരേയും പറ്റി, ആദര്‍ശം രാത്രിയും പകലും മാറി മാറി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന ഒരു കാലത്ത് ഇദ്ദേഹം രാത്രിയും പകലും ഒരെ ആദര്‍ശമെ ഉരുവിട്ടുള്ളൂ.

ഗ്രാമസ്വരാജ് സിസ്റ്റത്തിലേക്ക് മാറി ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമാകുന്നത് 1995ല്‍. ഇയാള്‍ അവിചാരിതമായി സ്ഥാനാര്‍ത്ഥിയായി. സ്വതന്ത്രനായല്ല. സാക്ഷാല്‍ ഒരു പാര്‍ട്ടി ടിക്കറ്റില്‍. മണി അപ്പോള്‍ മധൂര്‍ പഞ്ചായത്ത് യുഡിഎഫ് നേതാവ്. അതെനിക്കൊരു പഴുതായി. ഒരു യുഡിഎഫ് യോഗത്തില്‍ വെച്ചാണ് തമ്മില്‍ കാണുന്നതും. അന്നും കറുത്ത് കട്ടി മീശയുമായി ശുഭ്ര വസ്ത്രമണിഞ്ഞ്.. ഞാന്‍ മനസില്‍ കണ്ട മണിയൊന്നുമായിരുന്നില്ല, നേരില്‍ കാണപ്പെട്ട മണി. വളരെ ഗര്‍വ്വില്‍, ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, ഒരാജ്ഞാ സ്വരമുള്ള, പക്ഷെ ഖദര്‍ വസ്ത്രം പോലെ ഉള്ള്, ശുഭ്ര വെണ്മയാര്‍ന്ന, തമിഴന്‍. പിന്നീട് ഞങ്ങള്‍ ഒന്നിച്ചായി. യു.ഡി.എഫിലെ രണ്ട് 'ഘടകകക്ഷി നേതാക്കളെന്ന' (ക്ഷമിക്കണം) ലേബലില്‍. അതില്‍ മണിക്ക് പക്ഷെ എത്രയോ ഉയരത്തിലെത്തായിരുന്നു. എല്ലാവരേയും വണങ്ങാന്‍ പഠിച്ചിരുന്നെങ്കില്‍. പക്ഷെ ഉയര്‍ച്ചയായിരുന്നില്ല മണിയുടെ ലക്ഷ്യം. ജനസേവനമായിരുന്നു. മറ്റു പലരോടൊപ്പം, എല്ലാത്തിനും കെ എസ്. മണി എനിക്ക് ഒരു പിന്‍ബലമായി. ഒരു സുഹൃത്തെന്ന, സഹപ്രവര്‍ത്തകനെന്ന നിലയിലും.

മണിയുടെ ഭാര്യ വാസന്തി വിട പറഞ്ഞ സമയത്ത് ഞങ്ങള്‍ അധികം അകലങ്ങളിലല്ലാതെയാണ് താമസം. ഈ വിവരം രാവിലെ എനിക്കെത്തുകയും അത് ഞാന്‍ എന്റെ ഭാര്യയെ അറിയിക്കുകയും ചെയ്തപ്പോള്‍ അവളൊരു ഷോക്കേറ്റ പോലെ, പിന്നെ ഏതാനും നിമിഷങ്ങള്‍ മൗനിയായി. അതില്‍ നിന്നുണര്‍ന്നവള്‍ ചോദിച്ചത് നമുക്ക് പോണ്ടെ എന്നാണ്. ഞങ്ങളെ പോലെ അവര്‍ ഉറ്റ ചങ്ങാതിമാരായി. വളരെ യാദൃച്ഛീകമായി തന്നെയാണ് അവര്‍ തമ്മിലും പരിചയപ്പെട്ടത്. പല കമ്മിറ്റികളിലും സഹ മെമ്പര്‍മാര്‍.

മേല്‍ സൂചിപ്പിച്ചത് പോലെ മധൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ട് ഛോട്ടാ (മണി എന്നോട് ക്ഷമിക്കട്ടെ) നേതാക്കളുടെ ഭാര്യമാര്‍. രണ്ട് പേര്‍ക്കും സ്ത്രീ വാര്‍ഡുകളില്‍ മത്സരിക്കേണ്ടി വന്നിട്ടുണ്ട്. അതൊരു നിയോഗമാണല്ലോ. സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വരുമ്പോഴാണ് മുന്‍ മെമ്പര്‍മാരുടെ ഭാര്യമാരെ (സുവര്‍ണ്ണ) അവസരങ്ങള്‍ തേടിയെത്തുന്നത്. അവര്‍ നേര്‍ച്ചക്കോഴികളാവുകയാണെന്ന് ഇടുങ്ങിയ മനസുള്ള ശത്രുക്കള്‍(?)ക്കറിയില്ല. അതാണവര്‍ നുണ പ്രചരണം നടത്തന്നത്. അതാ കണ്ടില്ലെ.? അവന്‍ അഞ്ചുവര്‍ഷം ആഘോഷിച്ചച്ചതിന്റെ ബാക്കി ആഘോഷിക്കാന്‍ ഭാര്യമാരെ നിയോഗിക്കുന്നു എന്ന്. പൊതുപ്രവര്‍ത്തനം എന്തെന്നറിയാത്ത അവരോട് ക്ഷമിക്കാം.

സാമൂഹ്യ നേതൃത്വമെന്നത് മുള്‍ക്കിരീടവും, സേവന പാതയെന്നത് ദുര്‍ഘടകരവുമാണെന്നും തിരിച്ചറിഞ്ഞ് സ്വമോധയാ അതേറ്റെടുക്കാന്‍ തയ്യാറായ മണി ഇത്തരം പിന്‍ വിളിയൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയ പൊതു പ്രവര്‍ത്തകരിലൊരാളാണ്. സുഹൃത്തിന് അന്തിമാഭിവാദ്യങ്ങള്‍.

Keywords:  Article, Death, Congress, Madhur, Remembrance, commemoration, AS Muhammedkunhi, KS Mani, Memories of KS Mani 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia