city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എം അഹ് മദ് മാഷ് ഓര്‍മ്മച്ചെപ്പുകളില്‍

ഓര്‍മ / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 10.12.2017) ജീവിതക്കാഴ്ചകളിലെ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കുമ്പോള്‍ കടന്നുവരുന്ന എത്രയെത്ര മുഖങ്ങള്‍... പല ചിത്രങ്ങളും കാലം മായ്ച്ചു കളയാറുണ്ട്.  എന്നാല്‍ ചിലത് അങ്ങനെയല്ല. കൂടുതല്‍ തിളക്കത്തോടെ തെളിഞ്ഞുതന്നെ നില്‍ക്കും. ചില വ്യക്തിബന്ധങ്ങള്‍ അങ്ങനെയാണ്. അവരുടെ മുഖങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. കെ എം അഹ് മദ് മാഷ് നമ്മോട് വിടപറഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പ്രകാശിതമായ കുറേ ഓര്‍മ്മനിമിഷങ്ങള്‍ ഇന്നലെയെന്നപോലെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

ഹൈസ്‌കൂള്‍ ജീവിതം ആരംഭിച്ച് കാസര്‍കോട് എത്തിയതോടെ വായനയുടെ പുതിയ തലങ്ങള്‍ തേടി അലയുന്ന നാളുകള്‍. ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡില്‍ നാഷണല്‍ ബുക്ക് സ്റ്റാളിന്റെ ഒരു ശാഖ തുറന്നിട്ടുണ്ടെന്ന് അറിഞ്ഞു. അക്ഷര ദാഹത്തോടെ അങ്ങോട്ട് ഓടി. പുസ്തകങ്ങളുടെ നീണ്ട നിരകള്‍. പുതു പുസ്തകത്തിന്റെ സുഗന്ധം. ഓരോന്നും കൗതുകത്തോടെ നോക്കി നടന്നു. കസേരയില്‍ ഇരുന്ന വായിക്കുന്ന നീളം കുറഞ്ഞ മനുഷ്യന്‍ ഇടയ്ക്ക് ശ്രദ്ധിക്കും. കുറേ പുസ്തകങ്ങള്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. ''എന്താ വേണ്ടത്?'' അതുവരെ വായനയിലായിരുന്ന ആള്‍ അടുത്തു വന്നു. ''വെറുതെ നോക്കിയതാ, പൈസ ഇല്ല.'' പേടിയോടെ അത്രയും പറഞ്ഞു. അയാള്‍ ചിരിച്ചു. പേരും നാടും ചോദിച്ചു. സ്വയം പരിചയപ്പെടുത്തി. പി എ എം ഹനീഫ്. തുടര്‍ച്ചയായി പുസ്തകഷോപ്പില്‍ എത്താന്‍ തുടങ്ങിയതോടെ ഞങ്ങള്‍ സുഹൃത്തുക്കളായി.

ചില ദിവസങ്ങളില്‍ അല്‍പം തടിച്ചു കണ്ണട ധരിച്ച് നേരിയ മന്ദഹാസത്തോടെ ഹനീഫയോട് സംസാരിച്ചിരിക്കുന്ന ഒരാളെ കാണാറുണ്ട്. കാശുമുടക്കാതെ പുസ്തക കടയില്‍ ഇരുന്നു പുസ്തകം വായിക്കുന്ന എന്നെ ശ്രദ്ധിച്ചു ഏതോ തമാശ പറഞ്ഞ് രണ്ട് പേരും ചിരിച്ചു. ഞാന്‍ മടിയോടെ പുസ്തകം മടക്കിവെച്ച് അവര്‍ക്കരികില്‍ എത്തി. ഹനീഫ പരിയപ്പെടുത്തി. ഇത് കെ എം അഹ് മദ് മാഷ്, മാതൃഭൂമിയുടെ ലേഖകന്‍. പുഞ്ചിരിയോടെ കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങി. അത് ഒരു വലിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.

കെ എം അഹ് മദ് മാഷ് ഓര്‍മ്മച്ചെപ്പുകളില്‍


* * * *

വായിച്ചും എഴുതിയും കാലം പിന്നെയും മുന്നോട്ട് പോയി. വര്‍ഷം ഓര്‍മ്മയില്‍ എത്തുന്നില്ല. ഡയറിക്കുറിപ്പില്‍ ശരിക്കും അടയാളപ്പെടുത്തിയ ഒരു ദിവസമായിരുന്നു. വീടു മാറുമ്പോഴും മറ്റുമായി നഷ്ടപ്പെട്ട ഡയറികളില്‍ പല നാളുകളും നഷ്ടപ്പെട്ടു. എങ്കിലും മാപ്പിളപ്പാട്ടിന്റെ ഇശല്‍ താളം ഇപ്പോഴും ഓര്‍മ്മയില്‍ നിലാവെളിച്ചം പരത്തുന്ന ദിനം. സാഹിത്യ അക്കാദമി ഒരുക്കിയ ഒരു ചടങ്ങെന്നാണ് തോന്നുന്നു, സ്ഥലം തളങ്കര മുസ്ലീം ഹൈസ്‌കൂള്‍. വി എം കുട്ടിയുടെയും വിളയില്‍ ഫാസിലയുടെയും ഒക്കെ തിളക്കമാര്‍ന്ന കാലം. സ്‌കൂള്‍ ഹാള്‍ നിറഞ്ഞു സദസ്സ്. മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരും എത്തി സെമിനാറുകള്‍ നടക്കുകയാണ്. സംഗീത ഉപകരണങ്ങള്‍ ഇല്ലാതെ തന്നെ ഗായകര്‍ ഓരോരുത്തരും പാടി തിമിര്‍ത്തു.

പരിപാടിയുടെ നടത്തിപ്പിന്റെ നെടുംതൂണ്‍ കെ എം അഹ് മദ് മാഷാണ്. തിരക്ക് പിടിച്ച് ഓടിച്ചാടി ഓരോന്നും ചെയ്യുന്നു. മാപ്പിളപ്പാട്ടിനെപ്പറ്റി ആധികാരികമായ പ്രഭാഷണങ്ങള്‍ ഓരോന്നും കടന്നുപോയി. ഇടയ്ക്ക് അഹ് മദ് മാഷിന്റെ ഊഴം എത്തി. നേര്‍മയുള്ള ശബ്ദത്തില്‍ പതിയെ ആരംഭിച്ച പ്രസംഗം മാപ്പിളപ്പാട്ടിന്റെ താളവും രാഗവും കടന്നു കാസര്‍കോടിന്റെ മഹാകവി ഉബൈദ് മാഷിന്റെ ജീവിത വീഥികള്‍ ഓരോന്നും വര്‍ണ്ണങ്ങളാല്‍ വിടര്‍ന്നു. അഹ് മദ് മാഷിന്റെ പ്രസംഗം ആദ്യമായി കേള്‍ക്കുകയാണ്. ഏറെ നേരം സംസാരം നീണ്ടുപോയെങ്കിലും സദസ്സ് നിശബ്ദം അത് കേള്‍ക്കുകയായിരുന്നു. അറിവിന്റെ മഹാസാഗരമാണ് മാഷെന്ന് അന്ന് മനസ്സിലായി. പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ അഹ് മദ് മാഷെ കണ്ടു യാത്ര പറയാന്‍ മറന്നില്ല.

* * *

മാപ്പിളപ്പാട്ടുകളെക്കുറിച്ചു പുതിയ കുറേ അറിവുകള്‍ നേടാന്‍ ആ സെമിനാര്‍ ഉപകരിച്ചു. വര്‍ഷങ്ങള്‍ പിന്നെയും കടന്നപ്പോള്‍ വായനയുടെ മേച്ചില്‍പ്പുറം അറിയാതെ മാപ്പിളപ്പാട്ടുകളെപ്പറ്റിയായി. കൂടുതല്‍ അറിയാനും ഒരു ലേഖനം തയ്യാറാക്കാനും ആഗ്രഹിച്ച് നടക്കുമ്പോള്‍ മനസ്സില്‍ ആ മുഖം തെളിഞ്ഞു, കെ എം അഹ് മദ് മാഷിനെ കാണുക. വൈകുന്നേരം പലപ്പോഴും പഴയ ഉത്തരദേശം ഓഫീസില്‍ നിന്നും മാതൃഭൂമിയുടെ ഓഫീസിലേക്ക് മാഷ് നടന്നുപോകുന്നത് കാണാറുണ്ട്. അങ്ങനെ വഴിയില്‍ കാത്തുനിന്നു. പതുക്കെ കൂടെ നടന്നു കാര്യങ്ങള്‍ അവതരിപ്പിച്ചു.  ''ടി ഉബൈദിന്റെ ജീവചരിത്രം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം'' എന്നീ കൃതികള്‍ സംഘടിപ്പിച്ച് വായിക്കുക. കുറേ കാര്യങ്ങള്‍ കിട്ടും.  അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് ഈ കൃതികള്‍ വാങ്ങുകയും അതുപോലെ മറ്റു ചില പുസ്തകങ്ങളും വായിച്ചശേഷം ഒരു ലേഖനം തയ്യാറാക്കി. അത് പ്രസിദ്ധീകരിച്ചുവന്നു. അതിന് ശേഷം കാസര്‍കോടിന്റെ മാപ്പിളപ്പാട്ട് സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നേരില്‍ കണ്ടു. എഴുത്തുവഴി പരിചയപ്പെടുകയും അവരുടെ എല്ലാ കലാ-സാഹിത്യ സംഭാവനകളെ വിലയിരുത്തുകയും ചെയ്തു. ''ഇശലുകളുണരുന്ന സംഗമഭൂമി'' എന്ന നീണ്ട ലേഖനം തയ്യാറാക്കുന്നതിനും സാധിച്ചു. അഹ് മദ് മാഷ് വായിച്ച് അഭിനന്ദിച്ച ലേഖനമായിരുന്നു അത്.

* * * *

ജീവിതചക്രത്തിന്റെ അധികവും ഗള്‍ഫ് മണല്‍ക്കാട്ടില്‍ കഴിഞ്ഞുകൂടുമ്പോള്‍ ഇടയ്ക്ക് കിട്ടുന്ന അവധി നാളുകള്‍ ഏറെ ആസ്വാദ്യകരമായിരുന്നു.  എഴുത്തും വായനയും എല്ലാം ശക്തിപ്പെടുത്തുന്നത് ഇത്തരം വേളകളിലാണ്. സാഹിത്യവേദിയുടെ ഏത് പരിപാടിക്കും ആവേശത്തോടെ എത്തിച്ചേരും. അഹ് മദ് മാഷും, രാഘവന്‍ മാസ്റ്ററും, പെരിയ നാരായണന്‍ മാഷും എ എസ് മുഹമ്മദ്കുഞ്ഞിയും, പി എസ് ഹമീദും, നിര്‍മ്മല്‍ കുമാര്‍  ഒക്കെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ അക്കാലത്തെ സംഘാടകസമിതിയില്‍ ഉണ്ടായിരുന്നു. എല്ലാ അവധിക്കാലത്തും ഉത്തരദേശവുമായി ബന്ധപ്പെടും. ഓഫീസില്‍ എത്തി അഹ് മദ് മാഷുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഒരു അവധി സമയത്ത് എത്തിയപ്പോള്‍ എ എസ് മുഹമ്മദ് കുഞ്ഞിയുമായി സംസാരിക്കുമ്പോള്‍ പറഞ്ഞു, അഹ് മദ് മാഷ് അസുഖമായി ആശുപത്രിയിലാണെന്ന്. മനസ്സില്‍ നേരിയ നൊമ്പരം. അന്ന് കാണാന്‍ പോകാന്‍ പറ്റിയില്ല. രണ്ട് ദിവസത്തിന് ശേഷം തളങ്കരയിലെ ആശുപത്രിയില്‍ എത്തി. ഏറെ നേരം മാഷിനോട് സംസാരിച്ചു. അന്ന് കൈയ്യില്‍ ഒരു സാഹിത്യസൃഷ്ടിയും ഉണ്ടായിരുന്നു - നോവല്‍ ''നന്മയുടെ പൂക്കാലം'' അത് അഹ് മദ് മാഷെ ഏല്‍പ്പിച്ച് അധികം താമസിയാതെ ഉത്തരദേശം വാരാന്ത്യപ്പതിപ്പില്‍ അത് പ്രസിദ്ധീകരിച്ചുവന്നു. ഞാന്‍ ചന്ദ്രിക ഡയറി എന്ന വാരികയില്‍ ഒരു സ്ഥിരം പംക്തി കുറച്ചുകാലം ചെയ്തിരുന്നു. ഓരോ ആഴ്ചയും എഴുതുന്ന കുറിപ്പുകള്‍ അഹ്മദ് മാഷിനെ കാണിക്കും. വിമര്‍ശനം പോലെ തന്നെ നല്ല പ്രോത്സാഹനവും അദ്ദേഹം നല്‍കിയിരുന്നു. ഇത് എഴുത്തു ജീവിതത്തിന് വലിയ ഗുണം ചെയ്തു. അഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ അഹ് മദ് മാഷ് മടിക്കില്ല. എന്ത് മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും.

* * * *

മഹാകവി ടി ഉബൈദ് മാഷിന്റെ ചരമദിന വേളകളില്‍ അധികവും വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ അഹ് മദ് മാഷ് ശ്രമിച്ചിരുന്നു. കേരളത്തിലെ സാഹിത്യരംഗത്തെ പ്രമുഖരുമായുള്ള ബന്ധം കൊണ്ട്, അധികവും വലിയ സാഹിത്യകാരന്മാര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് സംസ്‌കാരികരംഗത്ത് കാസര്‍കോടിന്റെ നിറം മങ്ങിയിട്ടുണ്ടെങ്കില്‍ അഹ് മദ് മാഷിന്റെ അഭാവം കാരണമായിട്ടുണ്ട്. സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയും എല്ലാം പല പരിപാടികളും കാസര്‍കോട് നടത്തിയപ്പോള്‍ അത് വിജയത്തിലെത്താന്‍ പ്രധാന ഘടകം അഹ് മദ് മാഷായിരുന്നുവെന്നത് മറക്കാന്‍ പറ്റാത്ത സത്യമാണ്.

എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു പ്രകാശനചടങ്ങ് സംഘടിപ്പിക്കണമെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചപ്പോള്‍ കാര്യങ്ങള്‍ അഹ് മദ് മാഷുമായി സംസാരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് പരിപാടികള്‍ തീരുമാനിച്ചു. ജില്ലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പരിപാടിയിലേക്ക് ക്ഷണിച്ചു. പി വി കെ പനയാല്‍, പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ബേവിഞ്ച അബ്ദുല്ലയും മറ്റും പങ്കെടുത്തു. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ പുസ്തക പ്രകാശനം നടത്തി. ഏറ്റുവാങ്ങിയത് കെ എം അഹ് മദ് മാഷായിരുന്നു. പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നല്ല ജനസാന്നിദ്ധ്യം ഉണ്ടായിരുന്നു. സാഹിത്യ നായകന്മാര്‍ എന്റെ പുസ്തകത്തിന്റെ വിജയവും പോരായ്മയും നല്ല നിലയില്‍ വിലയിരുത്തി. മുന്നോട്ടുള്ള പ്രയാണത്തിന് ആ പ്രസംഗങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.

* * * *

കാലത്തിന്റെ ജൈത്രയാത്ര തുടര്‍ന്നു. അഹ് മദ് മാഷ് മാതൃഭൂമിയില്‍ നിന്നും വിരമിക്കുന്നു. കാസര്‍കോടിന്റെ ഓരോ ചലനങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാഷ് ഏറെ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ മാത്രമായി കാണാന്‍ അഹ് മദ് മാഷിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് എന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു കവിഹൃദയം ഉണ്ടായിരുന്നു. സ്വന്തം നാടും നാട്ടുകാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആര്‍ജ്ജവവുമുള്ള ഒരു തൂലികയുണ്ടായിരുന്നു. ടി ഉബൈദ് മാഷിന്റെ ശിഷ്യന്‍ എന്ന ഗുണം ജീവിതപാതയില്‍ ഉടനീളം അദ്ദേഹം കൊണ്ടുനടന്നു. നാലു പതിറ്റാണ്ടുകാലത്തെ കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഓരോ സ്പന്ദനങ്ങളിലും അഹ്മദ് മാഷിന്റെ സാന്നിദ്ധ്യം നിറഞ്ഞുനിന്നു. പ്രസംഗവേദിയില്‍ അഹ് മദ് മാഷെ വെല്ലുന്ന പ്രാസംഗികന്മാര്‍ കാസര്‍കോട് ജില്ലയില്‍ അപൂര്‍വ്വമായിരുന്നു. ഏത് വിഷയമായാലും എങ്ങനെയുള്ള സദസ്സായാലും അവരെ കൈയ്യിലെടുത്ത് സദസ്സിനെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാതൃഭൂമിയില്‍ നിന്നും വിരമിച്ചപ്പോള്‍ കാസര്‍കോട്ടെ പൗരാവലി സംഘടിപ്പിച്ച വികാരനിര്‍ഭരമായ ചടങ്ങ് ഇന്നും മനസ്സില്‍ ആഘോഷമായി തന്നെ കിടക്കുന്നു. കലാ-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ കേരളത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നുള്ളവരും ആ ചടങ്ങില്‍ എത്തി അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചപ്പോള്‍ മാഷിനെ സ്‌നേഹിക്കുന്ന കാസര്‍കോടിന്റെ മനസ്സില്‍ നിറഞ്ഞ ആനന്ദമായിരുന്നു അത്.

* * * *

അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങി ദിനങ്ങള്‍ കൊഴിഞ്ഞു, പെരുന്നാള്‍ കടന്നുവന്നപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടിലെ സുഹൃത്തുക്കള്‍ക്കുമെല്ലാം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫോണ്‍ വിളി തുടര്‍ന്നു. അഹ് മദ് മാഷിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മനസ്സില്‍ ആ മുഖം തെളിഞ്ഞു വന്നു. ഉടനെ നമ്പര്‍ ഡയല്‍ ചെയ്തു. മാഷ് ഏതോ തിരക്കില്‍ തന്നെയാണ്. ആളെ മനസ്സിലായപ്പോള്‍ വലിയ സന്തോഷം. ആശംസകള്‍ കൈമാറി ഗള്‍ഫ് വിശേഷങ്ങളും മറ്റു സാഹിത്യ കാര്യങ്ങളും ചെറിയ വാക്കുകളില്‍ സംസാരിച്ചു നിര്‍ത്തി.

മാസങ്ങളുടെ പലായനം. നിയന്ത്രണങ്ങളുടെ യാന്ത്രികതയില്‍ കഴിഞ്ഞുപോകുന്ന ദിനരാത്രങ്ങള്‍. ജോലി, ഭക്ഷണം, ഉറക്കം. ശരാശരി പ്രവാസിയുടെ ദിനചര്യ. ഇടയ്ക്ക് എത്തുന്ന നാട്ടിലെ ഫോണ്‍ വിളികള്‍... അധ്വാനത്തിന്റെ ഭാരം പേറി ആവര്‍ത്തനത്തിന്റെ മടുപ്പില്‍ നിദ്രയുടെ കരങ്ങളില്‍ സ്വപ്നം കണ്ട് കിടക്കാന്‍ വിധിക്കപ്പെട്ട നാളുകള്‍... ഒരു ഉച്ച ഉറക്കത്തിന്റെ അവസാന നാഴികയില്‍ ഫോണ്‍ നിര്‍ത്താതെ കരഞ്ഞു. നല്ല ഉറക്കത്തിലായിരുന്നു. എ സിയുടെ തണുപ്പില്‍ ഇരുട്ടു നിറഞ്ഞ ചുറ്റുപാടില്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് വാച്ചില്‍ ശ്രദ്ധിച്ചു. സമയം സന്ധ്യയോട് അടുക്കുന്നു.  ഫോണ്‍ അപ്പോഴും നിലവിളി തുടര്‍ന്നു. ഉറക്കം നഷ്ടപ്പെട്ട നിരാശയോടെ ഫോണ്‍ എടുത്തു. സാദിഖ് കാവിലാണ്. ഇടയ്ക്ക് വിശേഷങ്ങള്‍ അറിയാന്‍ വിളിക്കാറുണ്ട്. പത്രപ്രവര്‍ത്തകനായതുകൊണ്ട് കേരളത്തിലെ ഏതു വാര്‍ത്തയും അവനില്‍ നിന്നും ആദ്യം അറിയാം. ''എന്തേ?, ഞാന്‍ ഉച്ച ഉറക്കത്തിലാ.''അല്‍പം നിശബ്ദത. ''നമ്മുടെ അഹ് മദ് മാഷ് മരിച്ചുപോയി''. നേരിയ നിശബ്ദത. ''എന്ത്'' വിശ്വസിക്കാന്‍ കഴിയാതെ കട്ടിലില്‍ ചാരിയിരുന്നു. ''ഇപ്പോള്‍ നാട്ടില്‍ നിന്നും മെസേജ് ഉണ്ടായിരുന്നു.'' ഫോണ്‍ കട്ടായി. ഉടനെ നാട്ടിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. ചെറിയ അസുഖമുണ്ടെന്ന് ഒരാള്‍ പറഞ്ഞു. മറ്റൊരാള്‍ ഒന്നും അറിയില്ല. ഉടനെ ഉണ്ണിയേട്ടനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കുറേ പരിശ്രമിച്ച ശേഷം ഫോണില്‍ കിട്ടി. കേട്ടത് സത്യമാണ്, മനസ്സില്‍ പുഞ്ചിരിക്കുന്ന അഹ് മദ് മാഷ്. ആ ശബ്ദത്തിന്റെ അലയടികള്‍ ഓര്‍മ്മയില്‍ ഉയര്‍ന്നുവന്നു. മരണം അങ്ങനെയാണ്, പ്രതീക്ഷിക്കാതെ കടന്നു വരുന്നു. ഉറ്റവരെ കരയിപ്പിച്ച് കടന്നുപോകുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചിരിക്കാന്‍ കുറേ നല്ല സ്മരണകള്‍ ബാക്കിവെച്ച് നമ്മുടെ അഹ് മദ് മാഷും പോയി.

Keywords:  Article, K.M.Ahmed, Writer, Remembrance, Memories of KM Ahmad master, Ibrahim Cherkala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia