city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മ്മകളില്‍ മണികിലുക്കം; മണിച്ചേട്ടനെക്കുറിച്ചൊരു ഓര്‍മ്മ

കലാഭവന്‍ രാജു

(www.kasargodvartha.com 04/03/2017) 
1998 നാട്ടില്‍ പണിയൊന്നുമില്ലാതെ നടന്ന കാലം. പത്രത്തിലെ പ്ലേസ്‌മെന്റ് പരസ്യം വഴി ജോസ് ജംഗ്ഷനിലെ യുവറാണി റസിഡന്‍സ് എന്ന സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്ക് കയറി. താമസം, ഭക്ഷണം, കൂടാതെ തരക്കേടില്ലാത്ത ശമ്പളം. രാത്രി ഡ്യൂട്ടി. പകല്‍ ഉറക്കം കഴിഞ്ഞാല്‍ ഫോര്‍ട്ട്‌കൊച്ചി ഭാഗങ്ങളില്‍ കപ്പലും, ബോട്ടുജട്ടിയും കണ്ട് കറക്കം. അങ്ങനെ ഹോട്ടല്‍ ജോലിക്കിടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചില്ലറ തമാശയും മിമിക്രിയും. കലാഭവന്‍ മണിയുടെ ചിരിയും ഭാവവും മാസ്റ്റര്‍ പീസായി. ജയേഷ് എന്ന കൂട്ടുകാരന്‍ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നൂടെ എന്നുപദേശിച്ചു.

അവനും ഞാനും കൊച്ചിന്‍ കലാഭവനിലേക്ക് പോയി. അവിടെ മിമിക്രി പരിശീലനത്തിന് ചേര്‍ന്നു. കലാഭവന്‍ ജയകുമാറാണ് മിമിക്രി പരിശീലകന്‍. ആഴ്ചയില്‍ ഇടയ്ക്കിടെ ദിലീപ്, നാദിര്‍ഷ, ഷാജോണ്‍ എന്നീ നടന്‍മാര്‍ വരും. ഞങ്ങളെ പരിചയപ്പെടും. ഒരിക്കല്‍ കലാഭവന്‍ മണി വന്നപ്പോള്‍ കാസര്‍കോട്ടുകാരനായ എന്നെ പരിചയപ്പെട്ടു. മണിയെ അനുകരിച്ചപ്പോള്‍ അദ്ദേഹം ചേര്‍ത്തു പിടിച്ച് അനുഗ്രഹിച്ചു.

ഓര്‍മ്മകളില്‍ മണികിലുക്കം; മണിച്ചേട്ടനെക്കുറിച്ചൊരു ഓര്‍മ്മ

ആ അനുഗ്രഹം പിന്നീട് സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനക്കാരനാക്കി മാറ്റി. ഞാന്‍ കലാഭവനില്‍ മിമിക്രി പഠിച്ചു കൊണ്ടിരിക്കേ നാട്ടില്‍ നിന്ന് ഫോണ്‍ വന്നു. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ബി എസ് എന്‍ എല്ലില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന്. ഇന്റര്‍വ്യൂ പാസ്സായി. ചെങ്കള ടെലഫോണ്‍ എക്‌സേഞ്ചില്‍ നൂറ് ദിവസത്തെ ജോലികിട്ടി. ഇപ്പോള്‍ പതിനേഴ് വര്‍ഷമായി താല്ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്നു.

കൊച്ചിന്‍ കലാഭവന്‍ പ്രസിഡന്റ് ഫാദര്‍ ആബേല്‍ (ആബേലച്ചന്‍) മിമിക്രി പഠനം തുടരാന്‍ ആവശ്യപ്പെട്ടു. ജോലികിട്ടിയതിനാല്‍ നാട്ടില്‍തന്നെ 'കാസര്‍കോട് കലാഭവന്‍' എന്ന ട്രൂപ്പ് നടത്തി. ഇതിനിടയില്‍ ബച്ചുറഹ് മാന്‍ സംവിധാനം ചെയ്ത റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ചിത്രീകരണം കാസര്‍കോട് സീതാംഗോളി പാറപ്പുറത്ത് നടക്കുന്ന വിവരം അറിഞ്ഞു. കലാഭവന്‍ മണിയെ കാണാന്‍ അവിടെയെത്തി. മണിയും ഭീമന്‍ രഘുവും തമ്മിലുളള സ്റ്റണ്ട് സീന്‍ നടക്കുകയാണ്.

ഓര്‍മ്മകളില്‍ മണികിലുക്കം; മണിച്ചേട്ടനെക്കുറിച്ചൊരു ഓര്‍മ്മ

ഇടവേളയില്‍ മണിയെ കണ്ടു. പരിചയം പുതുക്കി. വൈകിട്ട് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് അടുത്ത ഹോട്ടലില്‍ വരാന്‍ മണി പറഞ്ഞു. രാത്രി 9 മണിവരെ മണിയോടൊപ്പം തമാശകള്‍ പറഞ്ഞും പാട്ട് പാടിയും കൂടി. കൊച്ചിന്‍ കലാഭവനില്‍ പഠിച്ചതുകൊണ്ട് ഞാന്‍ കലാഭവന്‍ രാജുവായി. കലാഭവന്‍ മണിക്ക് കാസര്‍കോട്ട് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. അതോടെ സംസ്ഥാനകമ്മിറ്റിയിലും അംഗത്വം കിട്ടി.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ഭാഗങ്ങളില്‍ സംഘടനാ നേതൃത്വം വഹിച്ചു. 2000 ത്തില്‍ ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത 'നന്മ' എന്ന ചിത്രത്തില്‍ മണിച്ചേട്ടനോട് ഡയലോഗ് പറയുന്ന സീന്‍ ചെയ്തു. പിന്നീട് പല ലൊക്കേഷനിലും മണിച്ചേട്ടനോടൊപ്പം പ്രവര്‍ത്തിച്ചു. ജോലിത്തിരക്കായപ്പോള്‍ ഫോണ്‍ വിളിയില്‍ ഒതുക്കി. ഓണം, വിഷു നാളില്‍ ചാലക്കുടിയിലേക്ക് വണ്ടികയറും. അവിടെ മണിച്ചേട്ടന്റെ ഔട്ട്ഹൗസായ പാഡിയില്‍ പരിപാടികള്‍ ചെയ്യും.

അടുത്ത് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി ബെണ്ടിച്ചാല്‍ പതിനൊന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച് മെമ്പറായി. ഇതറിഞ്ഞ മണിച്ചേട്ടന്‍ അഭിനന്ദിച്ചു. ഉഷാറാക്കണം. ഭാവിയെ മുന്നില്‍ കാണണം എന്നു പറഞ്ഞ മണിച്ചേട്ടനെ അവസാനമായി വിളിച്ചത് ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ബാങ്ക് ഉദ്ഘാടനത്തിനായിരുന്നു. പരേതനായ ജനാബ് പാദൂര്‍ കുഞ്ഞാമു ഹാജിയാണ് മണിയെ വിളിക്കാന്‍ ആവശ്യപ്പെട്ടത്. തിരക്ക് കാരണം അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല.

മലയാള ചലച്ചിത്ര രംഗത്ത് സ്വന്തം ചേട്ടന്‍ എന്ന പോലെയാണ് മണിച്ചേട്ടനെ കണ്ടിരുന്നത്. ചാലക്കുടിയില്‍ പോയാല്‍ മണിച്ചേട്ടന്റെ അമ്മയെ കാണും, സഹോദരന്‍ രാമകൃഷ്ണന്‍ (കണ്ണന്‍) മറ്റു അയല്‍വാസികളെയൊക്കെ പരിചയപ്പെടുത്താനും മണിച്ചേട്ടന്‍ കൂടെയുണ്ടാകും. ചാലക്കുടിപുഴയില്‍ വള്ളം തുഴഞ്ഞ് നാടന്‍ പാട്ട്പാടി സമയം ചിലവഴിച്ചിരുന്നു. പണ്ട് ഒരു ഓണം നാളില്‍ കൂടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം മണിയോടൊപ്പം ചിലവഴിച്ചിരുന്നു. എന്റെ കാസര്‍കോടന്‍ ഭാഷ മണിച്ചേട്ടന് ഭയങ്കര ഇഷ്ടമാണ്. കാസര്‍കോട്ടുകാരോട് പ്രത്യേകം ഇഷ്ടമാണ് മണിച്ചേട്ടന്. ഈയിടെ ബേക്കല്‍ കോട്ടയില്‍ 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന ചിത്രത്തിന്റെ പാട്ടുസീന്‍ ചിത്രീകരിക്കുമ്പോള്‍ ഞാനും എന്റെ മിമിക്രി ട്രൂപ്പഗംങ്ങളും ചെന്നുകണ്ടു. കൂടെ ഫോട്ടോയെടുത്തു. വളരെ ക്ഷീണിതനാണ് എന്തോ ഒരസുഖം ബാധിച്ച പ്രകൃതം.

ഒരിക്കല്‍ കാസര്‍കോട്ട് മെഹബൂബ് തിയേറ്ററില്‍ ഞാനും കുടുംബവും 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രം കാണുകയിരുന്നു. രാത്രി എട്ട് മണി ആയിക്കാണും അപ്പോള്‍ എനിക്ക് ഫോണ്‍വന്നു. മണിച്ചേട്ടന്‍ മരണപ്പെട്ടു എന്നായിരുന്നു വിളിച്ച സുഹൃത്ത് പറഞ്ഞത്. ഞാന്‍ മണിച്ചേട്ടന്റെ പി എ ദിലീപിനെ വിളിച്ചു. സംഭവം ശരിയാണ്. പിന്നെ സിനിമ എങ്ങനെ തീര്‍ന്നെന്ന് അറിഞ്ഞുകൂട. ആകെ മനപ്രയാസം. രാത്രി ഉറക്കമില്ല. പുലര്‍ച്ചേ എഴുന്നേറ്റ് കാസര്‍കോട്ട് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ചാലക്കുടിയിലേക്ക് വണ്ടികയറി.

ചാലക്കുടി ഇറങ്ങിയപ്പോള്‍ റയില്‍വേ സ്റ്റേഷനില്‍ പോലും ഭയങ്കര തിരക്ക്. പുറത്ത് അനുശോചന ഹര്‍ത്താല്‍. സല്ലാപം സിനിമയില്‍ അമ്മയായി അഭിനയിച്ച നടി വാഹനം കിട്ടാതെ നില്‍ക്കുന്നു. ഞാന്‍ അവരോട് സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരും ഓട്ടോറിക്ഷ ഡ്രൈവറോട് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ആണെങ്കിലും അയാള്‍ ഞങ്ങളെയും കൂട്ടി ചാലക്കുടി മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് എത്തിച്ചു.

രണ്ട് ഗേയ്റ്റും അടച്ചിട്ടിരിക്കുന്നു. ജനക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസ് സന്നാഹം. തങ്ങളുടെ പ്രിയനടനെ ഒരു നോക്കുകാണാന്‍ വെമ്പുന്ന മനസ്സുകള്‍. ഞാനും നടിയും കൂടി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കണ്ട് കാര്യം പറഞ്ഞു. അയാള്‍ അകത്തേക്ക് കയറ്റി വിട്ടു. അകത്ത് പത്രക്കാരും ടി വി ചാനലുകാരും നടീ നടന്‍മാരും ചാലക്കുടി പൗരാവലിയും മാത്രം. ഏതാനം നിമിഷങ്ങള്‍ക്കകം ആംബുലന്‍സില്‍ മണിച്ചേട്ടന്റെ ഭൗതീകശരീരം കൊണ്ടുവന്നു. ചില്ലുപെട്ടിയില്‍ മേയ്ക്കപ്പിട്ട് സുന്ദരനാക്കിയ എന്റെ സ്വന്തം ചേട്ടന്‍ ഉറങ്ങുകയാണ്. ആള്‍ക്കാരെ നിയന്ത്രിക്കാന്‍ ഞാനും കൂടി. ഇടയില്‍ മണിച്ചേട്ടനെ തന്നെ നോക്കിക്കരഞ്ഞു.

'നന്മ' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കോട്ടയത്താണ് അവസാനമായി മണിച്ചേട്ടനെ കണ്ടത്. അന്ന് ഷൂട്ട് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാന്‍ മണിച്ചേട്ടനൊടൊപ്പം ഞാനും ഇരുന്നിരുന്നു. മണിച്ചേട്ടന്റെ പ്ലേയ്റ്റില്‍ നിന്ന് പൊരിച്ച അയല എനിക്ക് കിട്ടി. കഴിച്ചോടാ നല്ലമീനാ.... ആ തങ്കമനസ്സ് ഉറങ്ങുകയാണ്. ഉണരാത്ത ഉറക്കം. ആ നാടന്‍ പാട്ടും ചിരിയും ഞാനെത്ര സ്റ്റേജുകളില്‍ അവതരിപ്പിച്ചിരിക്കുന്നു. കാസര്‍കോട്ട് കലാഭവന്‍ ട്രൂപ്പ് രൂപീകരിച്ചതില്‍ ഒരിക്കല്‍ കൊച്ചിന്‍ കലാഭവന്‍ മാനേജ്‌മെന്റ് എന്നെ ചോദ്യം ചെയ്തു. ആ പേര് മാറ്റണമെന്നു വരെ പറഞ്ഞു. മണിച്ചേട്ടനോട് ആ കാര്യം പറഞ്ഞപ്പോള്‍ അതൊന്നും ചെയ്യേണ്ട, ഉള്ള പേരില്‍ തന്നെ ഉഷാറാക്കിക്കോ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

അദ്ദേഹത്തിന്റെ വിയോഗം നമ്മളോരോരുത്തരെയും വേദനിപ്പിച്ചു. ഒരിക്കല്‍ മണിച്ചേട്ടന്‍ പറഞ്ഞിരുന്നു, ഞാനെന്ന നടനെ നിങ്ങള്‍ അംഗീകരിക്കുന്നത് എന്റെ മരണത്തിനു ശേഷമായിരിക്കുമെന്ന്. അങ്ങനെ തന്നെ സംഭവിച്ചു. ആ മിന്നാമിനുങ്ങ് നറുവെളിച്ചം വീശി ഇന്നും അവിടെയും ഇവിടെയും പാറി നടക്കുന്നുണ്ടാവാം. അദ്ദേഹത്തെ ഓര്‍ക്കാന്‍ നാടന്‍ പാട്ടും അഭിനയിച്ച സിനിമകളും എന്നും ഒരു മുതല്‍ക്കൂട്ടാണ്.

കരള്‍ രോഗം മണിച്ചേട്ടനെ ബാധിച്ചിട്ടുണ്ടാവാം. വേദനയെ കടിച്ചമര്‍ത്തി സഹിക്കവയ്യാതായപ്പോള്‍ ചിലപ്പോള്‍ വിഷം ചേര്‍ത്തു കഴിച്ചിട്ടുണ്ടാകാം. മരിച്ചു കളയാമെന്ന് വിചാരിച്ചിട്ടുണ്ടാകാം, കൂട്ടുകൂടി മദ്യപിച്ച് ആടിയും പാടിയും തമാശകള്‍ പറഞ്ഞുമുള്ള മണിച്ചേട്ടനെ ചതിയില്‍പെടുത്തിയോ എന്നതും സംശയിക്കാം. അതില്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടെങ്കില്‍ അങ്ങനെ ചെയ്യിച്ചതുമാവാം. ഉത്തരം ബാക്കി നില്‍ക്കുന്ന ചോദ്യം മാത്രമാക്കി നമ്മുടെ പ്രിയ നടന്‍ വിടപറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നുകൊള്ളുന്നു.

കലാഭവന്‍ രാജു
വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍
ചെമ്മനാട് ഗ്രാമ പഞ്ചായത്ത്
9400881000 (മൊബൈല്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Food, Theater, Family, Railway Station, Police, Article, Kerala, Mimicry, Ship, Advertise, Auto Rickshaw, Location, Memories of Kalabhavan Mani

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia