city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍: ചില സുഖ-ദുഃഖ സ്മരണകള്‍

സാമൂഹ്യ പ്രതിബദ്ധതയുളള പ്രവര്‍ത്തകര്‍ കുറഞ്ഞു വരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്വാര്‍ത്ഥ താല്‍പര്യത്തിന്നതീതമായി പ്രവര്‍ത്തിച്ച് നമ്മോട് വിട പറഞ്ഞവരെക്കുറിച്ച് സ്മരിക്കുന്നത് പ്രയോജനകരമാവുമെന്ന് തോന്നുന്നു. ഒളവറയിലെ കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചിട്ട് മാര്‍ച്ച് 22 ന് ഒരു വര്‍ഷം പൂര്‍ത്തിയായി. വളര്‍ന്നു വരുന്ന ചെറുപ്പക്കാര്‍ പഠിക്കേണ്ട പല നന്മകളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഏറ്റെടുത്ത നിരവധി കര്‍മ പദ്ധതികള്‍ പാതി വഴിക്കു ഉപേക്ഷിച്ചാണ് നമ്മോട് വിട ചൊല്ലിയത്.

രണ്ട് പതിറ്റാണ്ടോളം അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇത്ര പെട്ടെന്ന് ജീവിതത്തോട് വിട പറയുമെന്ന് പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കുഞ്ഞിക്കണ്ണന്‍  മാസ്റ്ററും ഞാനും അത്ര അടുപ്പത്തിലല്ലായിരുന്നു. അതിന് കാരണക്കാരന്‍ അദ്ദേഹമല്ല എന്ന് വ്യക്തമായി എനിക്കറിയാം. മുമ്പില്‍ നിന്ന് പുഞ്ചിരിക്കുകയും, തിരിഞ്ഞു നിന്ന് കൊഞ്ഞനം കൂത്തുകയും ചെയ്യുന്ന സ്വഭാവത്തിന്റെ ഉടമകള്‍ എന്നും നമുക്കു ചുറ്റും ജീവിച്ചു വരുന്നുണ്ട്. അത്തരക്കാരുടെ കുതന്ത്രങ്ങളില്‍പെട്ടു പോയതാണ് അദ്ദേഹം.

കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ മരണ വിവരം എന്നെ ആദ്യം വിളിച്ചറിയിച്ചത് അന്നത്തെ ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍സാറാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞ കാലത്ത് ഞങ്ങളൊക്കെ സഹ പ്രവര്‍ത്തകരായിരുന്നു. എവിടെച്ചെന്നാല്‍ അന്തിമോപചാരമര്‍പിക്കാന്‍ പറ്റുമെന്നായിരുന്നു കലക്ടരുടെ അടുത്ത ചോദ്യം. ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെയെല്ലാം ഫോണിലൂടെ മാസ്റ്ററുടെ മരണ വിവരം അറിയിച്ചു. ഒന്നിച്ചിരുന്നു ചര്‍ച ചെയ്യുകയും പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് ചെന്ന് നിറകണ്ണുകളോടെ ആ സന്നദ്ധ പ്രവര്‍ത്തകന് ഞാന്‍ അന്തിമോപചാരമര്‍പിച്ചു.

ഒരുപാട് കാര്യങ്ങള്‍ അദ്ദേഹവുമായി തുറന്നു പറയാനുണ്ടായിരുന്നു. പരസ്പരം തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ടായിരുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച പല മേഖലകളിലും അനുഭവിക്കേണ്ടി വന്ന മാനസിക വിഷമതകള്‍ പറഞ്ഞ് അയവിറക്കാനുണ്ടായിരുന്നു. ആരൊക്കെയാണ് ഞങ്ങളെ തമ്മിലകറ്റാന്‍ ശ്രമിച്ചവര്‍ എന്ന് പരസ്പരം അറിയേണ്ടതുണ്ടായിരുന്നു. അതിനൊക്കെ ഒരു അവസരം കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. പക്ഷെ അതിനവസരം നല്‍കാതെ താങ്കള്‍ കടന്നു പോയി. ആ വ്യഥകളൊക്കെ മനസില്‍ പിടിച്ചൊതുക്കാനല്ലാതെ ഇനിയെന്തു ചെയ്യാനാവും?

പ്രിയപ്പെട്ട കുഞ്ഞിക്കണ്ണന്‍ മാസ്റ്ററോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ ഇനിയും സാമൂഹ്യരംഗേത്തക്ക് വരാന്‍ ശ്രമിക്കുന്നവരും നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നരും അറിയേണ്ടതിലേക്ക് കുറിക്കുകയാണ്.

കാസര്‍കോട് ജില്ലയില്‍ ഹോംനഴ്‌സിംഗ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഞങ്ങള്‍ രണ്ടു പേരുമാണ്. കോട്ടയത്ത് റഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന ഹോംനഴ്‌സിംഗ് സര്‍വീസിനെക്കുറിച്ചറിയാവുന്ന ശ്രീമതി  ശോഭനാ ശശിധരനില്‍ നിന്നാണ് ഈ പ്രവര്‍ത്തനത്തെക്കുറിച്ചറിഞ്ഞത്. ഞങ്ങള്‍ അന്ന് കാന്‍ഫെഡിന്റെ പ്രവര്‍ത്തകരായിരുന്നു. കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ ഹോംനഴ്‌സിംഗ് പരിശീലനം നല്‍കാന്‍ ധാരണയായി. അപേക്ഷ ക്ഷണിച്ചു. പുല്ലൂരില്‍ ഉഷാനായര്‍ അവരുടെ ഒഴിഞ്ഞുകിടക്കുന്നവീട് ഓഫീസായി പ്രവര്‍ത്തിക്കാന്‍ സൗജന്യമായി വിട്ടുതന്നു.

ആദ്യ ബാച്ചില്‍ 20 പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസം പരിശീലനം നല്‍കി. സാമ്പത്തിക സ്രോതസ് പലരില്‍ നിന്നും കണ്ടെത്തി. അങ്ങിനെ ആദ്യമായി കാന്‍ഫെഡ് ഹോംനഴ്‌സിംഗ് സര്‍വീസ് ജില്ലയില്‍ ആരംഭിച്ചു. പുല്ലൂരില്‍ നിന്ന് ഓഫീസ് കാഞ്ഞങ്ങാട് ആവിക്കരയിലേക്ക് മാറ്റി, അവിടുന്ന് പുതിയകോട്ടയിലേക്ക് മാറി. ഹോംനഴ്‌സിംഗ് സര്‍വീസില്‍ ആളുകള്‍ വര്‍ദ്ധിച്ചു. കാഞ്ഞങ്ങാട് പോളിടെക്‌നിക്കിന്റെ സാമ്പത്തിക സഹായത്തോടെ 30 പേര്‍ക്ക് ഹോംനഴ്‌സിംഗില്‍ പരിശീലനം നല്‍കി.

നന്നായി കൊണ്ടു പോയി. അതിനു വേണ്ടി അനുഭവിച്ച ക്ലേശങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പക്ഷേ ക്രമേണ ചിലസൂത്രധാരന്മാര്‍ ഞങ്ങളെ തമ്മില്‍തെറ്റിച്ചു. ഞാന്‍ ആ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നു.

അതേകാലഘട്ടത്തിലാണ് കാന്‍ഫെഡില്‍ സംസ്ഥാനതലത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഞാന്‍ യഥാര്‍ത്ഥ പ്രവര്‍ത്തകരായ ഡോ. കെ. ശിവദാസന്‍ പിളളയുടെ കൂടെ നിന്നു. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും അദ്ദേഹത്തെ എന്നില്‍ നിന്ന് അകറ്റിയവരും തെങ്ങമം ബാലകൃഷ്ണന്റെ  നേതൃത്വം അംഗീകരിച്ചു ഏറ്റവും ശക്തമായി കാന്‍ഫെഡ് പ്രവര്‍ത്തനം നടന്ന ജില്ലയായിരുന്നു കാസര്‍കോട്. അതു കൊണ്ട് തന്നെ സംസ്ഥാനതലത്തിലെ ചേരിതിരിവ് ജില്ലയിലും ശക്തമായ രണ്ട് ചേരിക്ക് രൂപം നല്‍കി.

കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും ഞാനും ഒപ്പം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍  ജില്ലയില്‍ ഇത്തരം ഒരു പിളര്‍ുൃപുണ്ടാകുമായിരുന്നില്ല എന്ന് ഞാന്‍  കരുതുന്നു. കാന്‍ഫെഡ് രൂപീകൃതമായ 1977 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന എന്നെ പോലുളളവരെ അവഗണിച്ച് പുതുതായി പ്രസ്ഥാനത്തിലേക്ക് ചേക്കേറിയ വ്യക്തികളാണ് ഈ ചേരിതിരിവിന് ആക്കം കൂട്ടിയത്.
കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍: ചില സുഖ-ദുഃഖ സ്മരണകള്‍

1990 കളില്‍ സമ്പുര്‍ണ സാക്ഷരതാ യജ്ഞം അതിശക്തമായി വിജയിപ്പിച്ച വ്യക്തിയാണ് കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. ആദിവാസി മേഖലയിലെ പനത്തടി പോലുളള പ്രദേശങ്ങളിലാണ് സാക്ഷരതായജ്ഞത്തിന് കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ചുക്കാന്‍ പിടിച്ചത്. അവിടുന്നിങ്ങോട്ടാണ് അദ്ദേഹം കാന്‍ഫെഡ് പ്രസ്ഥാനത്തില്‍ ആ കൃഷ്ടനാവുന്നത്. രാപകലില്ലാതെ എന്നോടൊപ്പം കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുമുണ്ടായി. ഓരോ ദിവസവും ഞങ്ങള്‍ കാണും. പരിപാടികള്‍ ആസൂത്രണം ചെയ്യും. അത് എന്തു ത്യാഗം സഹിച്ചും നടപ്പിലാക്കും.

ആ സമയത്താണ് കാന്‍ഫെഡില്‍ സജീവമായി പങ്കാളിയായിരുന്ന  മടിക്കൈ കുഞ്ഞിക്കണ്ണന്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് അദ്ദേഹത്തിന്റെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പെടുത്താന്‍  തീരുമാനിച്ചു. ഞാന്‍ കണ്‍വീനറും കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍ ചെയര്‍മാനുമായി മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക അവാര്‍ഡ് കമ്മറ്റി രൂപീകരിച്ചു. പലരില്‍ നിന്നും സംഭാവന പിരിച്ചു. ഹോസ്ദുര്‍ഗ് സഹകരണ ബാങ്കില്‍ പിരിച്ചെടുത്ത തുക ഞങ്ങളുടെ രണ്ടാളുടെ പേരിലും ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചു. അതിന്റെ പലിശ കൊണ്ട് മികച്ച സാമൂഹ്യ പ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ ചരമദിനത്തോടനുബന്ധിച്ച് അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ ഒപ്പം ഉണ്ടായിരുന്ന കാലയളവില്‍ വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എഫ്.ഡിയുടെ സ്ഥിതി അറിയാന്‍ ഞാന്‍ ബാങ്കില്‍ ചെന്നു. പ്രസ്തുത എഫ്.ഡി. യുടെ റസീറ്റ് ഇന്നും എന്റെ കയ്യിലാണുളളത്. റസീറ്റ് നല്‍കാതെ തുക പിന്‍വലിക്കാന്‍ പറ്റില്ലല്ലോ? പക്ഷേ ബാങ്കില്‍ നിന്ന് കിട്ടിയ വിവരം തുക മുഴുവന്‍ പിന്‍വലിച്ചു എന്നായിരുന്നു. ഞാന്‍ പരാതിപ്പെട്ടില്ല. പക്ഷെ ഇക്കാര്യം കുഞ്ഞിക്കണ്ണന്‍ മാഷിന്റെയും എന്റെയും അടുത്ത രണ്ടു സുഹൃത്തുക്കളുമായി പങ്കുവെക്കുകയുണ്ടായി.

കാന്‍ഫെഡിന്റെ പ്രവര്‍ത്തനം ക്രമേണ നിലച്ചു. പിന്നീട് കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനില്‍ സജീവമായി. പി.എന്‍. പണിക്കര്‍ സ്വന്തം മകനെ പോലെ കണ്ട എന്നെ, 1977 മുതല്‍ നിരന്തരമായി അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എന്നെ പ്രസ്തുത ഫൗണ്ടേഷനില്‍ അംഗമാക്കിയില്ല. അതിനു പിന്നിലും ചില ഗൂഢ ശ്രമങ്ങളുണ്ട്. പി.എന്‍. പണിക്കരെ കണ്ടിട്ടില്ലാത്തവരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അറിയാത്തവരുമായ പലരും പി.എന്‍.പി. ഫൗണ്ടേഷനില്‍ അംഗങ്ങളാണിന്ന്.

കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഈ രംഗത്തും സജീവമായി. ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പല കര്‍മ പദ്ധതികളിലും കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നിര്‍ണായക പങ്കു വഹിക്കുകയായിരുന്നു. അദ്ദേഹം വിയര്‍പൊഴുക്കി രൂപം കൊടുത്തതാണ് പി.എന്‍. പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളജ്. അതിലൊക്കെ അദ്ദേഹത്തിന്റെ ആത്മാവിന് നിര്‍വൃതികൊള്ളാ.

ഒന്നിച്ച് പ്രവര്‍ത്തിച്ച് മുന്നേറേണ്ട സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനത്തെ പോലും വ്യക്തി വൈരാഗ്യത്തിന്റെയോ, സൗന്ദര്യ പിണക്കത്തിന്റേയോ പേരില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന കാഴ്ചപ്പാടുകളെ  എതിര്‍ക്കപ്പെടണം. മനസില്‍ കരുങ്ങിക്കിടക്കുന്ന ഒരു പാട് സംശയങ്ങള്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുമായി പങ്കുവെക്കാന്‍ കഴിയാത്ത വേദന ഇന്നുമുണ്ട്. അതൊരിക്കലും സാധിക്കില്ലെന്നും അറിയാം. ചരിത്രത്തിന്റെ ഭാഗമായ ഞങ്ങളുടെ കൂട്ടായ്മയെ തകര്‍ത്ത ആഘാതം മനസിന്റെ വ്യഥയായിത്തന്നെ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ താങ്കളുടെ ചിരിയും, കര്‍മ കുശലതയാര്‍ന്ന പ്രവര്‍ത്തന ചാതുരിയും മനസില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. താങ്കള്‍ കാണിച്ച സൗഹൃദം എന്നും മനസില്‍ കുളിര്‍മ പകരുന്നു.

മരിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും താങ്കളുടെ ഓര്‍മ പുതുക്കാന്‍ ഈ ചെറു കുറിപ്പെങ്കിലും വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. സത്യം തിരിച്ചറിയാന്‍  വളരുന്ന തലമുറ ശ്രമിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്.


കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍: ചില സുഖ-ദുഃഖ സ്മരണകള്‍
-കൂക്കാനം റഹ്മാന്‍

Keywords:  Article, Kookanam-Rahman, K. Kunhikannan Master, Collector V.N. Jithendran, Project, Death, Work, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia