city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലുണ്ടിപ്പുഴയും അന്ന് കണ്ണീരൊഴുക്കി... (ഓര്‍മ)

സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

(www.kasargodvartha.com 26.10.2014) വീണ്ടും ഒരു ഹിജ്‌റ വര്‍ഷാരംഭത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോള്‍ നോവോര്‍മകള്‍ സമ്മാനിച്ച ദാറുല്‍ ഹുദയിലെ ഒരു സായാഹ്ന സമയമാണ് മനസില്‍ മിന്നിമറയുന്നത്. അവിസ്മരണീയ രംഗങ്ങള്‍ സമ്മാനിച്ച ആ വൈകുന്നേരത്തിന് ഒരു മരണ വാസനയുണ്ടായിരുന്നു.
അന്നൊരു സായാഹ്ന സമയം. ക്ലാസും കഴിഞ്ഞ് കാമ്പസിന്റെ മലര്‍വാടിയില്‍ അങ്ങിങ്ങായി ഉലാത്തുന്ന ചിലര്‍, പ്രഭാതം മുതല്‍ പ്രദോഷം വരെ ക്ലാസിലെ ബെഞ്ചിനോടും ഡെസ്‌കിനോടും കിന്നാരം പറഞ്ഞ് റൂമിലിരുന്ന ആശ്വാസ ശ്വാസം വലിക്കുന്നവര്‍, അലക്കലും കുളിയുമായി ചിലര്‍, ചെമ്മാട് മുതല്‍ പാറക്കടവ് വരെയുള്ള ഹോട്ടലുകളില്‍ കയറിയിറങ്ങാന്‍ നേര്‍ച്ചയാക്കി ഇറങ്ങുന്ന മറ്റു ചിലര്‍ അങ്ങനെ ഒരു നാനാത്വത്തില്‍ ഏകത്വ സ്വഭാവമുടയ വൈകുന്നേരം. മമ്പുറം സയ്യിദ് അലവീ തങ്ങളുടെ ആണ്ട് നേര്‍ച്ചയുടെ രണ്ടാം ദിനം. മഗ്രിബ് കഴിഞ്ഞാല്‍ പിന്നെ മമ്പുറം മഖാമിലേക്കുള്ള യാത്രയാണ്. അതു കൊണ്ട് തന്നെ ഒന്നു കുളിച്ചിറങ്ങിയാല്‍ ഒരാശ്വാസം തോന്നും. ഈ ചിന്തയായിരുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ അഹ്മദ് ഹാരിസിനെയും (ചാച്ചു) അബ്ദു റഹ്മാനെയും (അദ്രു) പുഴയിലേക്കിറങ്ങാന്‍ അന്ന് കാരണമാക്കിയത്.

സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്ലിയാരുടെ (ന:മ) സ്ഥാപനത്തില്‍ നിന്ന് ഹുദവി കോഴ്‌സിന്റെ ഡിഗ്രി തലത്തിലുള്ള പഠനം കഴിഞ്ഞാണ് ഞങ്ങള്‍ ദാറുല്‍ ഹുദയിലെത്തുന്നത്. കടലിനോടും പുഴയോടും തോടിനോടും മതിവരാതെ സംഗമിക്കാനുള്ള സൗഭാഗ്യ ഹസ്തം തലോടാത്തവരായിരുന്നു ഞങ്ങള്‍. അത് കൊണ്ട് തന്നെയായിരുന്നു ദാറുല്‍ ഹുദയുടെ അരികത്ത് അനുഗ്രഹം പേറിയൊഴുകുന്ന കടലുണ്ടിയെ കണ്ടപ്പോള്‍ ഒന്നറിയാതെ വാരിപ്പുണരാന്‍ തോന്നിയത്. രണ്ട് വര്‍ഷത്തെ ഇസ്ലാമിക് പിജി കോഴ്‌സ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ദാറുല്‍ ഹുദയിലെത്തിയത്.

മുഹറം രണ്ടിന് വൈകുന്നേരം പുറത്ത് ഒരു അവില്‍ മില്‍ക്ക് കുടിക്കാന്‍ പോവാനൊരുങ്ങുമ്പോള്‍ ഹാരിസിനെ ഞങ്ങള്‍ വിളിച്ചിരുന്നു. ക്ഷണത്തിന് അവന്‍ നല്‍കിയ മറുപടി ഇന്നും എന്റെ കാതുകളില്‍ അടങ്ങാത്ത അലയടിയായി അവശേഷിക്കുന്നുണ്ട് 'നേര്‍ച്ചക്ക് കുളിക്കാതെ ബരാന്‍ പാങ്ങില്ല'. എന്നും ഒന്നിച്ച് പുഴക്കരയിലേക്ക് കുളിക്കാനിറങ്ങുന്ന ഞങ്ങള്‍ എല്ലാരും അന്നിറങ്ങിയില്ല.

പാറക്കടവിലെ അവില്‍ മില്‍ക്കിന് ഒരു അനിര്‍വചനീയ രുചിയുണ്ടായിരുന്നു. കുളിക്കാനുള്ള തോര്‍ത്ത് മുണ്ടുകളൊക്കെ അവരുടെ കരങ്ങളിലേല്‍പ്പിച്ചായിരുന്നു ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും പാറക്കടവിലേക്ക് പോയത്. തിരിച്ച് വരുന്നതിനിടയില്‍ മുന്നില്‍ വന്ന ഒരു ബൈക്കുകാരന്‍ പറഞ്ഞു: ''ആരോ പുഴയില്‍ മുങ്ങിയിട്ടുണ്ട്. ചുറ്റുവട്ടത്ത് ജനം കൂടിയിട്ടുണ്ട്''

വാര്‍ത്ത കേട്ട് ഓടാന്‍ നിന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു ''എന്തിനാ ഓടുന്നത്, നമ്മുടെ കുട്ടികള്‍ ഏതായാലും ആവൂല''. എങ്ങനെയാവാന്‍.... മുതിര്‍ന്ന കുട്ടികളെയാണ് പുഴയിലേക്ക് കുളിക്കാന്‍ അനുവദിച്ചിരുന്നത്. അത് കൊണ്ട് തന്നെ അപകടത്തില്‍ പെടാനുള്ള സാധ്യതയും കുറവായിരുന്നു. പുഴക്കരിയിലെത്തിയപ്പോള്‍ ഉസ്താദുമാരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടവും, നാവുകളുടെ നിലക്കാത്ത വാക്കുകളും, മൗനം നിറഞ്ഞ മുഖഭാവങ്ങളും കണ്ടപ്പോള്‍ ഏറെക്കുറെ മനസില്‍ കാര്യം പിടികിട്ടി.

മുന്നില്‍ വന്ന എന്റെ മറ്റൊരു സുഹൃത്ത് ശുഐബിനോട് കാര്യം തിരക്കിയപ്പോഴാണ് കഥയുടെ പൂര്‍ണത പിടിക്കിട്ടിയത്. 'നമ്മുടെ ചാച്ചുവും അദ്രുവും അക്കരെ നീന്തിയതാ. അകലെ കാണുന്ന അതിര്‍ വരയെത്തുന്നതിന് മുമ്പ് രണ്ട് പേരും മുങ്ങി'. കണ്ഡമിടറിയ വാക്കുകള്‍ക്ക് പൂര്‍ണത വന്നില്ല. കണ്ണുകള്‍ കണ്ണീരോട് സൗഹൃദ്ദം കാട്ടി.

അക്കരെ നോക്കിയപ്പോള്‍ വെറും തോര്‍ത്ത് മുണ്ടുടുത്ത് വിറക്കുന്ന ശരീരത്തോടെ നോക്കി നില്‍ക്കുന്ന റാഷിദിനെ കണ്ടപ്പോള്‍ അല്‍പ്പം സമാധാനം തോന്നി. അക്കരെ നീന്തിയ മൂന്നു പേരില്‍ രക്ഷപ്പെട്ട ഭാഗ്യവാന്‍. ചെമ്പരിക്ക ഉസ്താദിന്റെ പുന്നാര പൗത്രന്‍. മനസിന് താളം തെറ്റുന്നുണ്ടോ എന്നു പോലും തോന്നിച്ച നിമിഷം. ഒന്നിച്ചു ജീവിച്ച 11 വര്‍ഷങ്ങള്‍ക്ക് ഒരൊറ്റ നിമിഷത്തിന്റെ ദൈര്‍ഘ്യം മാത്രം. ആരോടും യാത്ര പറയാതെ പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോകത്തേക്ക് അവര്‍ യാത്രയായി. മനസില്‍ സ്വപ്ന കൊട്ടാരം പണിത ഹുദവി കോഴ്‌സിലേക്കുള്ള യാത്രയില്‍ കാലിടറിയ എന്റെ സുഹൃത്തുക്കള്‍. ലണ്ടനില്‍ പോയി എം. ബി.എ നേടണമെന്നും നല്ലൊരു മതപ്രഭാഷകനാവണമെന്നും ഇരുവരും പങ്കുവെച്ച ഭാവി കിനാക്കള്‍ക്കും വിരാമം. പൂവണിയാത്ത സ്വപ്നങ്ങള്‍.

ദാറുല്‍ ഹുദയിലേക്കെത്തുമ്പോള്‍ നീന്തല്‍ അഭ്യാസത്തില്‍ ഞങ്ങള്‍ ഏറെ പിന്നിലായിരുന്നു. മറ്റുള്ളവരൊക്കെ പുഴയുടെ അക്കരയിലെത്തുമ്പോള്‍ കണ്ടാസ്വാദനത്തിലൂടെ അസൂയാലുക്കളായി നോക്കി നില്‍ക്കും. ആ വാശി തീര്‍ക്കാനായി വെറും മാസങ്ങള്‍ നീണ്ട വൈകുന്നേരത്തെ പരിശീലനങ്ങളില്‍ നേടിയെടുത്ത കഴിവു കൊണ്ടായിരുന്നു ഈ അക്കരെയെത്തിപ്പിടിക്കാനുള്ള പടയോട്ടം. പുറം മോടി കൊണ്ട് വഞ്ചിതരാവരുതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സൗമ്യ മുഖഭാവത്തോടെ ഒഴുകിയൊലിക്കുന്ന കടലുണ്ടിയുടെ ക്രൂരമുഖം ഞങ്ങളാരും കണ്ടിരുന്നില്ല. ശക്തമായ അടിയൊഴുക്കുള്ള കടലുണ്ടിയുടെ ചതിയറിയാന്‍ രണ്ട് സുഹൃത്തുക്കളുടെ ജീവന്‍ ബലി നല്‍കേണ്ടി വന്നു.

പുഴക്ക് ചുറ്റും ജനങ്ങള്‍ തിങ്ങി നിറഞ്ഞു. മയ്യത്തിനായുള്ള തിരച്ചില്‍. സൂര്യന്‍ പോലും കരഞ്ഞ് ഒളിഞ്ഞിരുന്നു. തിരച്ചിലിനായ് പ്രത്യേക സംഘം വന്നു. വൈകുന്നേരം അഞ്ച് മണിയോടെ അബ്ദുര്‍ റഹ്മാന്റെ മയ്യിത്ത് കിട്ടി. പക്ഷെ ഹാരിസ്... മയ്യിത്തിനായുള്ള കാത്തിരിപ്പ് നീണ്ടു. വെളിച്ചം പോലും പോയി മറഞ്ഞു. രാത്രി 10 മണിയായിട്ടും വിഫല ശ്രമം മാത്രം. കിളികളുടെ ആര്‍ത്തനാദം പോലും നിലച്ചു. അവസാനം ഗ്യാസും തീര്‍ന്ന് തൊഴിലാളികള്‍ യാത്ര തിരിച്ചു. ഇനി രാവിലെ വരാമെന്നായി.

റൂമിലെത്തി ഒഴിഞ്ഞു കിടക്കുന്ന രണ്ടു കട്ടിലുകള്‍ കണ്ടപ്പോള്‍ മനസ് വിങ്ങിപ്പൊട്ടി. മനസറിഞ്ഞ് ഒന്നു കരഞ്ഞ്. കാസര്‍കോട് നിന്നു വരുമ്പോള്‍ 17 പേര്‍ ഇപ്പോള്‍ അത് പതിനഞ്ചായി ചുരുങ്ങി. നാഥന്റെ അലംഘനീയ വിധിക്കു മുന്നില്‍ നമ്മള്‍ വെറും കടലാസ് കഷ്ണങ്ങള്‍. അല്ലാതെ എന്തു പറയാന്‍...

അടുത്ത പ്രഭാത സൂര്യന്റെ മുഖക്കാന്തിക്ക് മങ്ങലേറ്റിരുന്നു. കാസര്‍കോടില്‍ നിന്നും കുടുംബക്കാര്‍ തലേ രാത്രി തന്നെ ദാറുല്‍ ഹുദയിലെത്തി. അപ്പോഴും പുന്നാര ഹാരിസ് പുഴയുടെ അടിയില്‍ മത്സ്യങ്ങളോട് കഥപറയുകയായിരുന്നു. പിതാവ് രാവിലെ ഒമ്പത് മണിയാവുമ്പോഴേക്കും ഗള്‍ഫില്‍ നിന്നും യൂണിവേഴ്‌സിറ്റിയുടെ മുറ്റത്തെത്തി. അപ്പോഴും സ്‌നേഹനിധിയായ തന്റെ മോന്‍ ആരോടും പറയാതെ പുഴയുടെ അടിയില്‍ സല്ലിപിക്കായിരുന്നു.

രാവിലെ തിരച്ചില്‍ തുടങ്ങി. എല്ലാവരുടെയും കണ്ണുകള്‍ പുഴയിലേക്ക് മാത്രം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹായത്താല്‍ നാവിക സേനയിലെ മുങ്ങല്‍ വിദഗ്ദരെത്തി. പ്രത്യേക സജ്ജമാക്കിയ അവരുടെ ബോട്ടും ലാസറും ഉപയോഗിച്ച് തിരച്ചിലാരംഭിച്ചു. അവസാനം രാവിലെ 11 മണിക്ക് എന്റെ പ്രിയ സുഹൃത്തിന്റെ മയ്യിത്ത് കരയിലെത്തി. ചളിയിലാണ്ട ശരീരത്തെ വലിച്ചെടുക്കാന്‍ പാടുപെട്ട കഥ കേട്ടപ്പോള്‍ കണ്ണുനീരിനും സഹിക്കെട്ടു മറ്റൊരു പുഴയായൊഴുകി. മനസും ശരീരവുമൊക്കെ വേദന കൊണ്ട പുളഞ്ഞു.

ഒന്നിച്ചു ചിരിച്ചും കളിച്ചും പഠിച്ചും കഥപറഞ്ഞും മതി തീര്‍ന്നിരുന്നില്ല. ആരോടും യാത്ര പറയാതെ നാഥന്‍ അവരെ വിളിച്ചു കൊണ്ട് പോയി. ഒരാശ്വാസം മാത്രം മനസില്‍ ബാക്കി, ആയിരങ്ങളെ കണ്ണീരിലാക്കി ദാറുല്‍ ഹുദയോട് യാത്ര പറഞ്ഞ എന്റെ പ്രിയ സുഹൃത്തുകള്‍ക്ക് പതിനായിരങ്ങളുടെ പ്രാര്‍ത്ഥന ലഭിച്ചു. വീണ്ടും നാഥന്‍ കനിഞ്ഞാല്‍ സ്വര്‍ഗീയ മലര്‍വാടിയില്‍ കണ്ടു മുട്ടുമെന്ന പ്രതീക്ഷ മാത്രം മനസില്‍ ബാക്കി...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കടലുണ്ടിപ്പുഴയും അന്ന് കണ്ണീരൊഴുക്കി... (ഓര്‍മ)

Keywords : Article, Death, Friend, College, Student, Kasaragod, Sawad Irshadi Hudavi Kattakkal, Ahmed Haris, Abdul Rahman. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia