city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബറാഅത്തിന്റെ തേങ്ങയും ചക്കരച്ചോറും

-ഖാലിദ് പൊവ്വല്‍

(www.kasargodvartha.com 01/06/2015) ഓര്‍മകള്‍ ജീവിതാനുഭവങ്ങളുടെ മാറാല നീക്കി പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് കുതിച്ചു. ബറാഅത്തിന് ചക്കരച്ചോറു വെക്കാന്‍ പീടികയില്‍ നിന്നും ബെല്ലം വാങ്ങി തിരിച്ചു വരുമ്പോഴാണ് ചാരല്‍ മഴ തുടങ്ങിയത്. മഴയും നനഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പനി പിടിക്കാതിരിക്കാന്‍ വേണ്ടി ഉമ്മ കാച്ചി മുണ്ട് കൊണ്ട് തല നന്നായി തുടച്ചു.
കടയില്‍ പോകുമ്പോള്‍ മുണ്ടിയുടെ (വലിയ ഇലയുള്ള ചെടി) ഇല തലയില്‍ വെച്ചത് കൊണ്ട് മഴ നനഞ്ഞിരുന്നില്ല. തിരിച്ചു വരുമ്പോള്‍ കടയുടെ മുന്നില്‍ വെച്ച ഇല എടുക്കാന്‍ മറന്നുപോയി. വഴി മധ്യേയാണ് മഴ പെയ്തു തുടങ്ങിയത്. നന്നായി നനയേണ്ടി വന്നു.

''കുട വാങ്ങി തന്നാല്‍ നീ കളയും. ഈ വര്‍ഷം എത്ര കുടയാണ് കളഞ്ഞത്. മുണ്ടിയുടെ ഇല അവിടെ  മറന്നു വരേണ്ട ആവശ്യമുണ്ടായിരുന്നോ. ഇപ്പോള്‍ നനഞ്ഞു കുളിച്ചില്ലെ. ഉമ്മ പിറുപിറുത്തു. കുട നഷ്ടപ്പെടുത്തിയതിന്റെ സങ്കടമുണ്ടായിട്ടും വാത്സല്യപൂര്‍വം തല തുവര്‍ത്തി, ഉമ്മ ചൂടു ചായ കുടിക്കാന്‍ തന്നു. ബെല്ലമിട്ട കട്ടന്‍ ചായ ഊതിയൂതി കുടിച്ചു. (പെരുന്നാളിന് മാത്രമെ വീട്ടില്‍ പാലും, പഞ്ചസാരയും വാങ്ങാറുള്ളൂ; അന്ന് ബെല്ലത്തിന് പകരം പഞ്ചസാരയായിരിക്കും ചായയില്‍ ചേര്‍ക്കുക).

''എന്റെ പൊന്നുമോന്‍ ഹാജിക്കാന്റെ വീട്ടില്‍ പോയി ബറാഅത്തിന്റെ തേങ്ങ വാങ്ങി വരണം.''
സ്ഥലത്തെ പ്രമാണിയാണ് 'മാളിക ഹാജി' എന്ന് വിളിച്ചിരുന്ന മുഹമ്മദ് ഹാജി. ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോട്ടമുണ്ട്. ബറാഅത്ത് ദിവസം പാവങ്ങള്‍ക്ക് ചക്കരച്ചോറു വെക്കാന്‍ തേങ്ങ ദാനം ചെയ്യും. വലിയ തേങ്ങയാണെങ്കില്‍ ഒരു മുറി തേങ്ങ കിട്ടും. ചെറുതാണെങ്കില്‍ ഒരു മുഴുവന്‍ തേങ്ങയും. അവിടെ പോയി വരാനാണ് ഉമ്മ പറയുന്നത്.

അരി, ഉപ്പ്, നീരുള്ളി ഉപ്പയുടെ വക. ചക്കരച്ചോറിനുള്ള വെല്ലത്തിന് പണം കണ്ടെത്തിയത് ജ്യേഷ്ഠന്റെ പണശേഖരപ്പെട്ടി (മണ്‍കുടം) പൊട്ടിച്ചാണ്. ഇതിന്റെ പേരില്‍ അവനൊരുപാട് കരഞ്ഞു. നോമ്പ് ഇരുപത്തിയേഴിന് തിരികെ തരാമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. പാകം ചെയ്ത് ചക്കരച്ചോറുണ്ടാക്കുന്നത് ഉമ്മ. സഹായത്തിന് പെങ്ങളും.

അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ 'മൂന്ന് യാസീനും, സൂറത്തു ദുഖാനും' ഓതി ദുആ ചെയ്യണം. ഓതേണ്ട രീതിയും അതിന്റെ പോരിശയും മദ്രസയില്‍ നിന്ന് മുക്രി ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്. ഓതി തീരുമ്പോഴേക്കും ചക്കരച്ചോറിന്റെ മധുരവെള്ളം ആദ്യം ലഭിക്കും. അതു കഴിഞ്ഞാല്‍ ചോറുമായി പള്ളിയില്‍ പോകണം. മരണപ്പെട്ട ബന്ധുക്കള്‍ ഖബറുകളില്‍ നിന്നും വീട്ടിലും പള്ളിയിലുമെത്തുന്ന ദിവസമാണ്.

ഖുര്‍ആന്‍ പാരായണം ചെയ്യാതിരുന്നാല്‍ അവര്‍ കോപിക്കുമെന്ന് ഉപ്പൂപ്പ പറയും. പള്ളിയിലേക്ക് കൊണ്ടുപോകുന്ന ചോറ് വലിയ പാത്രത്തില്‍ ശേഖരിക്കും. പല നിറത്തിലും പല രുചിയിലുമുള്ള  ചോറ്. അതില്‍ നിന്ന് കോരിയെടുത്ത് നമുക്ക് തരും. വീട്ടില്‍ കൊണ്ടുപോയി എല്ലാവരും ആദ്യം ഇതു കഴിക്കും.

മഗ്‌രിബ്‌നു ശേഷം പള്ളിയില്‍ പ്രത്യേക ദുആ. തിരിച്ചു വീട്ടില്‍ വന്നു രാത്രിയാണ് ചക്കരച്ചോറ് തിന്നുക.  ഇന്ന് ബറാഅത്താണ്. ബെല്ലം വാങ്ങാന്‍ മറക്കരുത്... മുന്നില്‍ വന്നു നിന്ന ഭാര്യയുടെ ശബ്ദം കേട്ടപ്പോള്‍ ഓര്‍മകളുടെ ജനാല അടഞ്ഞു. ഐ.എ.എസ്സുകാരി (ഇന്ത്യന്‍ അടുക്കള സര്‍വ്വീസ്) വീണ്ടും അടുക്കളയിലേക്ക് പോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബറാഅത്തിന്റെ തേങ്ങയും ചക്കരച്ചോറും

ബറാഅത്തിന്റെ തേങ്ങയും ചക്കരച്ചോറും

Keywords :  Article, Youth,  Khalid  Povvel,  Bara ath,  Memories,  Child, Mother,  Wife, Family, Sweet,  Memories of a Baraat day.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia