city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ.കെ കുഞ്ഞാമു: ഓര്‍മ്മയായത് തൊഴിലാളികള്‍ക്ക് വേണ്ടി ജീവിച്ച പാവങ്ങളുടെ നേതാവ്

(www.kasargodvartha.com 10/06/2016) എ.കെ കുഞ്ഞാമുവിന്റെ നിര്യാണത്തോടെ ഓര്‍മ്മയായത് തൊഴിലാളികള്‍ക്ക് വേണ്ടി ജീവിച്ച പാവങ്ങളുടെ നേതാവിനെ. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ഇരിക്കുന്ന എ.കെ. കുഞ്ഞാമുച്ച മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒലിക്കുന്ന വിയര്‍പ്പ് തുള്ളികളുമായി എത്തുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടുന്ന സര്‍വ്വ ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നും വാങ്ങിക്കൊടുക്കുമ്പോള്‍ അറിയാതെ ആ പാവപ്പെട്ട നിര്‍മ്മാണ തൊഴിലാളികള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ചവനാണ് ഞാന്‍.

കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന പരേതയായ സല്‍മഞ്ഞയാണ് ഭാര്യ. കാസര്‍കോട് ജില്ലയില്‍ എസ്.ടി.യു കെട്ടിപ്പടുക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച കുഞ്ഞാമുച്ച എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. കഷ്ടതകള്‍ തന്നെ വേട്ടയാടുമ്പോഴും പരോപകാരം ജീവിതത്തിന്റെ അലങ്കാരമാക്കുകയായിരുന്നു ആ വലിയ മനുഷ്യന്‍. ജില്ലയുടെ മുക്കും മൂലകളിലും അദ്ദേഹം ഓടി നടന്ന് എസ്.ടി.യു വിലേക്ക് പ്രവര്‍ത്തകരെ ചേര്‍ക്കുകയും തൊഴിലാളികളെ ക്ഷേമ നിധിയില്‍ അംഗങ്ങളാക്കി ഒരുപാട് ആനുകൂല്യങ്ങള്‍ വാങ്ങിച്ചു കൊടുക്കുയും ചെയ്തിരുന്നു.

അതിനുള്ള ഒരുപാട് ഫോറങ്ങള്‍ എഴുതി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭവന നിര്‍മ്മാണം, വിവാഹ ധന സഹായം തുടങ്ങി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സര്‍വ്വ ആനുകൂല്യങ്ങളും കൈപറ്റിയ തൊഴിലാളികള്‍ക്ക് എ.കെ. കുഞ്ഞാമുച്ചയെ കുറിച്ച് പറയാന്‍ ആയിരം നാവാണ്. ആധുനിക രാഷ്ട്രീയക്കാര്‍ക്കും മോഡേണ്‍ നേതാക്കള്‍ക്കും കുഞ്ഞാമുച്ച എന്ന മികച്ച സംഘാടകനില്‍ നിന്നും  ഒരുപാട് മാതൃക സ്വീകരിക്കാനുണ്ട്. ഒരു പ്രവര്‍ത്തകനെ കാണാന്‍ പോകണമെങ്കില്‍ ഏത് ഓണം കേറാ മൂലകളിലേക്കും അദ്ദേഹം ബസില്‍ യാത്ര ചെയ്ത് അവിടെ എത്തും. ഏകദേശം അയ്യായിരത്തില്‍ അധികം അംഗങ്ങളെ ക്ഷേമ നിധിയില്‍ അദ്ദേഹം ചേര്‍ത്തു. അവരുടെ മനസിലേക്ക് സാന്ത്വനത്തിന്റെ കൈതാങ്ങുമായി കുഞ്ഞാമുച്ച എന്നും എത്തുമായിരുന്നു.

മുസ്ലിം ലീഗിന്റെ പഴയ കാല ചരിത്രങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വരുന്നവരോടൊക്കെ പറഞ്ഞ് കൊടുക്കുമായിരുന്നു. ഇപ്പോള്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ യുടെ പി.എ ആയിട്ടുള്ള മന്‍സൂര്‍ മല്ലത്ത് കുഞ്ഞാമുച്ചയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യാനുള്ള വഴികള്‍ എന്നെ വിളിച്ച് പറയും. അന്ന് മണ്ഡലം ലീഗ് ഓഫീസ് സെക്രട്ടറിയായിരുന്ന എനിക്ക് കുഞ്ഞാമുച്ചാന്റെ ഒരു പി.എ ആയിട്ട് പ്രവര്‍ത്തിച്ച പോലെയുള്ള ഓര്‍മ്മകള്‍ ഇന്നും ഉണ്ട്.

അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ അറിയാതെ കണ്ണ് തുടച്ചു പോയി. മതപരമായ കാര്യങ്ങളിലും ഒത്തിരി പാണ്ഡിത്യം ആ മനുഷ്യനില്‍ കണ്ടിരുന്നു. പൈശാചികമായ രോഗങ്ങളെ തനിക്ക് കഴിയുന്ന വിധത്തില്‍ ചികിത്സിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയായിരിക്കുന്ന കാലത്താണ് അദ്ദേഹം നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) വിന്റെ നേതൃത്ത്വത്തിലേക്ക് വരുന്നത്. മുസ്ലിം ലീഗിനേയും പൂര്‍വ്വ നേതാക്കളെയും സ്‌നേഹിച്ച എ.കെ.കുഞ്ഞാമുച്ച പഴയ കാല നേതാക്കളുടെ ആത്മാര്‍ത്ഥമായ സേവനങ്ങളുടെ കഥകള്‍ പറഞ്ഞ് തരുമായിരുന്നു.

പാവപ്പെട്ടവര്‍ക്ക് ചെയ്തു കൊടുക്കേണ്ട സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മകളുടെ മകന്‍ ഷിഹാബുദ്ദീനെ ഏല്‍പിച്ച് കൊണ്ടാണ് കുഞ്ഞാമുച്ച ഈ ലോകത്തോട് വിട പറഞ്ഞത്. ഇത്തരം നിഷ്‌കളങ്ക നേതാക്കളുടെ വിയോഗം സമൂഹത്തിന് തീരാ നഷ്ടങ്ങളാണ്.

- വൈ. ഹനീഫ കുംബഡാജെ
എ.കെ കുഞ്ഞാമു: ഓര്‍മ്മയായത് തൊഴിലാളികള്‍ക്ക് വേണ്ടി ജീവിച്ച പാവങ്ങളുടെ നേതാവ്


Related News: 

Keywords:  Article, Death, STU, Leader, Kasaragod, Kerala, Memories of A.K Kunhamu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia