city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു ഒക്‌ടോബര്‍ 3 കൂടി; ഉബൈദിന്റെ സ്മരണകളില്‍

 എ എസ് മുഹമ്മദ്‌കുഞ്ഞി


(തനിമ കലാ സാഹിത്യവേദി, ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങില്‍ നടത്തിയ ഉബൈദ് അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്.)

(www.kasargodvartha.com 02.10.2021) ടി ഉബൈദ് സാഹബ് മനസില്‍ വരുമ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറ് അദ്ദേഹത്തെ പോലൊരാള്‍ ജനിച്ചിട്ടേ ഇല്ലായിരുന്നെങ്കില്‍ കാസര്‍കോടിനെന്ത് സംഭവിക്കുമായിരുന്നു എന്നാണ്. ഇന്നും കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയില്‍ നാം പ്രാകിക്കൊണ്ടേയുണ്ട്. പതിനാല് ജില്ലകള്‍ വന്നിട്ടും ഏറ്റവും പിന്നില്‍ ഈ വടക്കനതിര്‍ത്തി ജില്ല തന്നെ എന്നത് ഏറെക്കുറെ എല്ലാരും സമ്മതിക്കുന്ന സത്യമാണ്. ആ പരിസരത്ത് വെച്ചാണ് നാം ഉബൈദ് സാഹബ് ജനിച്ചിട്ടെ ഇല്ലാത്ത ഒരു കാസര്‍കോടിനെ കുറിച്ച് ഓര്‍ത്തെടുക്കേണ്ടത്.

അദ്ദേഹം ഇവിടെ ജീവിച്ചു മരണപ്പെട്ട് പോയി 49 സംവത്സരങ്ങള്‍ പിന്നിടുന്നു. ഇപ്പോഴും ഉബൈദ് സാഹബ് ഇവിടെ വിതച്ചു പോയ വിത്തുകള്‍ പലതും വൈകിയാണെങ്കിലും, മുള പൊട്ടിക്കൊണ്ടേയുണ്ട്. അദ്ദേഹം തന്റെ ജീവിത കാലത്ത് വിഭാവനം ചെയ്ത കര്‍മ്മ പദ്ധതികള്‍ പില്‍ക്കാലത്താണ് അധികവും നടപ്പിലായി വന്നത്. അദ്ദേഹത്തിന്റെ തിയറികള്‍ പ്രാക്റ്റിക്കലാക്കിയതിന് കെ എസ് അബ്ദുള്ള സാഹബിനെ പോലുള്ളവരെ സ്മരിച്ചേ മതിയാവൂ. ഒരുദാഹരണം മാത്രം മതി അതിന് തെളിവായി. കാസര്‍കോട്ടെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഹയര്‍ സെക്കണ്ടറി, അഥവാ ഗേള്‍സ് സ്‌കൂള്‍.
< !- START disable copy paste -->
ഒരു ഒക്‌ടോബര്‍ 3 കൂടി; ഉബൈദിന്റെ സ്മരണകളില്‍

കവികള്‍, എഴുത്തുകാര്‍, കാലത്തിന് കുറെ അപ്പുറത്തേക്ക് ചെന്ന് സ്വപ്നം കാണും എന്നത് സ്വാഭാവികമാണ്. അത്തരം വലിയ സ്വപ്നങ്ങള്‍ കണ്ട മഹാനുഭാവനാണ് ടി ഉബൈദ് സാഹബ്. ആ കാലത്ത് പലപ്പോഴും ഒരു കോമാളി പരിവേഷം പോലും അദ്ദേഹത്തില്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍, അദ്ദേഹത്തിന്റേത് സ്വപ്നമാണെന്ന് സമ്മതിച്ചാലും ഉള്‍ക്കൊള്ളാനാവാതെ വന്നു. പലപ്പോഴും സമൂഹത്തിന്റെ ഒരു വിഭാഗം ആള്‍ക്കാര്‍ അദ്ദേഹത്തെ വിചാരണ ചെയ്തതും ആ കാരണത്താലാണ്. അന്നദ്ദേഹം കണ്ട സ്വപ്നങ്ങള്‍ക്ക് പിറകിലെല്ലാം ഒരു ദൃഢ നിശ്ചയമുണ്ടായിരുന്നു. വിശ്വാസവും. അത് ഒരു കവിയെ, കലാകാരനെ സംന്ധിച്ചിടത്തോളം അസാധാരണം തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഉബൈദ് സാഹബിന് അദ്ദേഹത്തിന്റെ ജീവിത കാലത്ത് സമാനുഭാവരായ ഏതാനും പേരെങ്കിലും കൂട്ടിനുണ്ടായിരുന്നു എന്നതിന് നാം കുറഞ്ഞത് ആ കാലത്തോട് നന്ദി പറയേണ്ടിയിരിക്കുന്നു. അവരിലൊരാളാണ് ശെറൂള്‍ സാഹബ്. ഇപ്പോള്‍, ഇവര്‍ രണ്ട് പേരെ കുറിച്ചും വായിച്ച് ഞാന്‍ അത്ഭുതം കൂറാറുണ്ട്. ആ കാലത്തെ സംന്ധിച്ചിടത്തോളം അവര്‍ ചെയ്തത് വലിയ ത്യാഗം തന്നെയാണ്. ഇന്നത്തെ സ്വാര്‍ത്ഥംഭരികളായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക അത് തീര്‍ത്തും ഉള്‍ക്കൊള്ളാനായി എന്ന് വരില്ല. ഇന്നത്തെ പോലെ അനായാസമായിരുന്നില്ലല്ലോ അന്ന് ഒരിടത്തെത്തുക എന്നത്.

ഇന്ന് എവിടെയെത്താനും ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ മതി. സാങ്കേതികതയുടെ പാരമ്യത്തിലെത്തിയ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ സൗകര്യങ്ങള്‍ വേറെ. അന്ന് നാമിന്ന് ചെയ്തു തീര്‍ക്കാവുന്നതിന്റെ എത്രയോ ചെറിയ ഒരംശം മാത്രമെ ഒരു സയത്ത് ചെയ്തു തീര്‍ക്കാവുമായിരുന്നുള്ളൂ. ഉദാഹരണം ഉബൈദ് സാഹിന് കുമ്പളയിലെത്തണം. നാമിന്ന് കുമ്പളയിലെത്താനെടുക്കുന്ന സമയത്തെ ഒന്ന് സങ്കല്‍പ്പത്തില്‍ താരതമ്യപ്പെടുത്തി നോക്കാവുന്നതാണ്. അപ്പോള്‍ ആ ഒരു കാലഘട്ടത്ത് അവര്‍ ചെയ്‌തു തീര്‍ത്ത പ്രവൃത്തികള്‍, അതിന് പകടിപ്പിച്ച ഇച്ഛാശക്തിയും. ധൈര്യവും പ്രതിബദ്ധതയും കണക്കിലെടുത്തേ മതിയാവൂ.

മലയാള സാഹിത്യത്തില്‍ കല കലക്ക് വേണ്ടിയെന്നും സമൂഹത്തിന് വേണ്ടിയെന്നുമുള്ള വാഗ്വാദങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ ഒരു ദശാ സന്ധിയായിരുന്നു ഉബൈദ് സാഹബ് കത്തി നിന്ന ആ കാലം. അദ്ദേഹത്തിന് പക്ഷെ അതില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. സമൂഹത്തിനുതകാത്ത ഒരു കലയും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല എന്നത് തന്നെ കാരണം. ഉബൈദ് സാഹബ് എഴുതുന്നതെന്തും സമൂഹത്തെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു എന്നത് നിസ്തര്‍ക്കം. കേവലം എഴുതി സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാവുന്നതല്ല ഒരു ധിഷണാശാലിയുടെ കര്‍ത്തവ്യം എന്ന് അദ്ദേഹം വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതാണ് ഉബൈദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എല്ലാറ്റിലും മുന്നില്‍ നിന്നത്. ഉബൈദ് സാഹബ് കവിതകള്‍ മാത്രം എഴുതിപ്പോയിരുന്നെങ്കില്‍ കേരളമെങ്ങും അറിയപ്പെടുന്ന മഹാകവികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെയും പേര് രേഖപ്പെട്ടു കിടക്കുമായിരുന്നു. പക്ഷെ ഉബൈദിന്റെ ധിഷണ അദ്ദേഹത്തോട് പറഞ്ഞത് പ്രതിബദ്ധതാ മന്ത്രമാണ്.

അദ്ധ്യാപകനാവുകയാണെങ്കില്‍ നാളേക്ക് വരും തലമുറക്ക് മാതൃകയാവണം. സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ സത്യ സന്ധനാവണം.. അതേ സമയം കാലത്തിന് മുന്നില്‍ നടക്കുന്ന മനുഷ്യനും. വിവര്‍ത്തകനെന്ന നിലയില്‍ ഉബൈദ് സാഹബ് മലയാളം കന്നഡ ഭാഷകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചവരുടെ മുന്‍ നിരയില്‍ തന്നെയുണ്ട്. രണ്ട് ഭാഷകളേയും അവ സംസാരിക്കുന്ന ജനതയേയും അളവറ്റ് സ്‌നേഹിച്ചു. ഉബൈദിലെ വിദ്യാഭ്യാസ വിചക്ഷണനാണ് ഏറ്റവും മുന്നില്‍ നടന്നത്. സ്ത്രീ വിദ്യാഭ്യാസം ഐച്ഛീക വിഷയവും, മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുകയെന്നത് അനിവാര്യമാണ്. അവരാണിന്ന് ഏറെ പിന്നില്‍. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ സമുദായത്തിലെ പിന്നോക്കാവസ്ഥക്ക് തന്നെ അറുതിയുണ്ടാകും.

ഇതൊക്കെ ഉബൈദ് സാഹബിന്റെ വചനങ്ങളായിരുന്നു. സച്ചാര്‍ കമ്മീഷണും ഇതേ ആശയമാണ് മുന്നോട്ട് വെച്ചത്. പക്ഷെ വളരെ വൈകി.. അതിന്റെ അലയൊലികള്‍ നാം പണ്ടേ കേട്ടു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇന്ന് അവര്‍ ആണ്‍ അധീശാധികാര കേന്ദ്രത്തിനെതിരെ ചടുലതയോടെ, നട്ടെല്ല് നേരെ പിടിച്ച് നിന്ന് സംസാരിക്കുന്നിടത്തോളം എത്തിയിട്ടുണ്ട് കാര്യങ്ങള്‍. ഇതൊക്കെ കാണുമ്പോള്‍ നാം ഉബൈദ് സാഹബിനെ ഓര്‍ക്കാതെ പോകരുത് എന്നേ എനിക്ക് അപേക്ഷിക്കാനുള്ളൂ.

ഇതിനിടയില്‍ രചിച്ച കവിതകളോ, കാമ്പുള്ളവ തന്നെ.. അതാണല്ലോ അന്നത്തെ മുന്‍നിര പത്രങ്ങളെല്ലാം അവ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ട് വന്നത്. തരംഗിണി ഇറക്കിയ ഖിബ്‌ല എന്ന ആൽബത്തില്‍ യേശുദാസ് അദ്ദേഹത്തിന്റെ രണ്ട് രചനകള്‍ പാടിയിട്ടുണ്ട്. ദുനിയാവിതെന്ത് പുതുമപ്പറമ്പാണ് എന്ന ഗാനം ആലപിച്ച് യേശുദാസ് പ്രതികരിച്ചത് ഇത്രയും കാവ്യ സംപുഷ്ടമായ രചനകള്‍ മാപ്പിളപ്പാട്ട് വിഭാഗത്തില്‍ ഞാനധികം പാടിയിട്ടില്ല എന്നാണ്.

തന്റെ ചുറ്റും തിമിര്‍ക്കുന്ന ആസുരമായ കാലത്തെ സ്വാംശീകരിക്കുകയും അതെ സമയം ഒരു വരുംകാലത്തെ ഉള്‍ക്കണ്ണ് കൊണ്ട് കാണുകയും ചെയ്ത വരികളിതാ..

വിളക്ക് വെക്കുവിന്‍ വിളക്ക് വെക്കുവിന്‍/ വെളിച്ചം തൂവട്ടെ വിളക്ക് വെക്കുവിന്‍ അടുത്ത നിന്നീടുമനുജനെ പോലും തടഞ്ഞ് വീഴുമാറിരുണ്ട് പോയീ രംഗം.

മാപ്പിളപ്പാട്ടെന്ന് കേള്‍ക്കുമ്പോള്‍, മോയിന്‍കുട്ടി വൈദ്യര്‍, ടി ഉബൈദ് എന്നീ രണ്ട് പേരുകളാണ് മനസില്‍ വരുന്നതെന്ന് ശൂരനാട്ട് കുഞ്ഞന്‍ പിള്ളയെ കൊണ്ട് പറയിച്ചത് ഇതാവാം. മലയാള സിനിമയില്‍ ഉബൈദിന്റെ രചനകള്‍ മുഴങ്ങിയില്ലെങ്കിലും സിനിമയിലേക്ക് മാപ്പിളപ്പാട്ട് കടന്നു വരാന്‍ കാരണം, അതിന് ഉബൈദ് ചാര്‍ത്തിയ പരിവേഷമാണെന്ന് പ്രേംനസീര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പി കുഞ്ഞിരാമന്‍ നായരുടെ സന്തത സഹചാരിയായിരുന്നു ടി ഉബൈദ്. ആ മരണത്തെ തീരാനഷ്ടമായി വിലപിച്ച ഒരു ലേഖനം ഉബൈദ് സ്മരണികയിലുണ്ട്. ഉബൈദിന്റെ കവിതാ ലോകം എന്ന പുസ്തകത്തിലൂടെ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, ഉബൈദിനെ പുതിയ കാലത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അത് കേരളത്തില്‍ പരക്കെ വായിക്കപ്പെട്ട കൃതിയാണ്. ആ പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ തീര്‍ച്ചയായും വായിക്കണം എന്നൊരു അഭ്യര്‍ത്ഥന കൂടി എനിക്കുണ്ട്.

പാട്ട് പാടി പിച്ചച്ചട്ടിയുമായി വീട് വീടാന്തരം കയറിയിറങ്ങി പിടിയരി വാങ്ങിക്കൊണ്ട് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് ഒരു വിദ്യാലയം തന്നെ സൃഷ്ടിച്ച ആ മഹാമനീഷിയോട്, ചുരുങ്ങിയത് കാസര്‍കോട്ടെയെങ്കിലും പുതിയ തലമുറ ഏറെ കടപ്പെട്ടിരിക്കുന്നു. അതാണ് കാസര്‍കോട് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ആ വിദ്യാലയം ആ ഓര്‍മ്മകളുമായി അറബിക്കടലിനെ തഴുകി വരുന്ന കാറ്റിന്റെ തലോടലേറ്റ് തളങ്കര തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ടിന്നും. 1972 ഒരു ഒക്‌ടോബര്‍ മൂന്നിന്, അതേ സ്‌കൂളിന്റെ വേദിയില്‍ ഒരു സെമിനാറില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഉബൈദ് സാഹബ് മരണത്തിലേക്ക് കുഴഞ്ഞ് വീണത്. അദ്ദേഹത്തിന്റെ ഖബറിടം വിശാലവും വെളിച്ചമേറിയതും ആയിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.



Keywords:  Article, Top-Headlines, Kasaragod, District, Poem, Writer, Politics, Mobile Phone, Computer, Malayalam, Kerala, Memoirs of T Ubaid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia