city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നബിയെ അറിയാത്തവര്‍ നബിദിനം ആഘോഷിക്കുമ്പോള്‍

റസാഖ് എം അബ്ദുല്ല

(www.kasargodvartha.com 11/12/2016) എവിടെയുമില്ലാത്തൊരു വിധത്തിലാണ് കാസര്‍കോട്ടെ നബിദിനാഘോഷം. വളരെ വൈകാരികമായി കണ്ട്, മറ്റു സമുദായക്കാരെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ മത്സരിച്ചാണ് പലയിടത്തും അലങ്കാരങ്ങളും ആഘോഷങ്ങളും നടത്തുന്നത്. നബിക്കു വേണ്ടിയല്ലേ, ആഘോഷിക്കേണ്ടതല്ലേ എന്ന ന്യായീകരണത്തിന്റെ ബലത്തില്‍ എന്തും കാണിക്കാമെന്ന നാട്ടിലെ യുവാക്കളുടെ ധാരണക്ക് ഉസ്താദുമാരും കാരണവന്മാരും കൂട്ടുനില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

മിക്ക സ്ഥലങ്ങളിലും നബിദിന അലങ്കാരത്തിന്റെ ഭാഗമായി റോഡിന്റെ വശത്ത് ഒരു ഇരിപ്പിടമുണ്ടാക്കി അതില്‍ പച്ച പെയിന്റ് ചെയ്യും. വലിയ പരോപകാരമാണെന്നൊന്നും വിചാരിക്കേണ്ട. ഈ ഇരിപ്പിടത്തിലാണ് പിന്നീടുള്ള രാത്രികള്‍ നാട്ടിലെ ചില യുവാക്കള്‍ പകലുകളാക്കുന്നത്. പോലീസ് വന്ന് അതു പൊളിച്ചുമാറ്റുന്നതും നട്ടപ്പാതിര നേരത്തും അതിലിരിക്കുന്നവരെ ഓടിക്കുന്നതും നാട്ടുകാരെ മൊത്തം അസഭ്യം  പറയുന്നതും ഈ ലേഖകന്‍ നേരിട്ടു കണ്ടതാണ്. നബിദിനാഘോഷങ്ങള്‍ക്കുള്ള പച്ച പെയിന്റ് തന്നെ ഒരബദ്ധമാണ്. തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷം പടര്‍ത്താനും മാത്രമേ  ഇതൊക്കെ സഹായിക്കുന്നുള്ളൂ.

മറ്റു സമുദായങ്ങള്‍ക്കു കൂടി ഇടമുള്ളിടത്തും വളരെ വര്‍ഗീയമായിത്തന്നെയാണ് ഈ മത്സരം നടക്കുന്നത്. പരമാവധി ആളുകള്‍ക്ക് ബുദ്ധിമുട്ടും അലോസരവും ഉണ്ടാക്കുന്ന രീതിയിലാണ് അലങ്കാരങ്ങള്‍ നടക്കാറുള്ളത്. ഇതിനൊന്നും ഒരു സംഘടനയുടേയും പിന്‍ബലമൊന്നുമില്ല. നേരാംവണ്ണം പള്ളിയില്‍ പോലും പോകാത്തവന്‍ നബിദിനാഘോഷത്തിനു വേണ്ടി ഇറങ്ങുമ്പോഴാണ് പ്രശ്‌നം. നബിദിനാഘോഷത്തിനെന്നു പറഞ്ഞ് പിരിക്കാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ക്ക് നല്‍കാതിരിക്കാനാവില്ലല്ലോ. നാട്ടിലെ പണക്കാരും അതില്‍പ്പെട്ടു പോവുന്നതാണ്. അഥവാ, പണം കൊടുത്തില്ലെങ്കില്‍ അയാളെ പുത്തന്‍വാദിയാക്കാനും ശ്രമമുണ്ടാവും.

ഗ്രാമ, നഗര വ്യത്യാസമന്യേ എല്ലാവരും ഈ അനാവശ്യാഘോഷത്തിന് കൂട്ടുനില്‍ക്കുന്നു. ചിലര്‍ക്കെങ്കിലും എതിര്‍ക്കണമെന്ന് തോന്നിയാല്‍ ഒറ്റപ്പെട്ടു പോകുമോയെന്ന ഭയത്താല്‍ പിന്തിരിഞ്ഞുപോവുന്നു. ഇത് നമ്മുടെ നാടിനെ മാത്രം ബാധിച്ചൊരു പ്രശ്‌നമാണ്. മുസ്‌ലിം കൈരളിയുടെ കേന്ദ്രമായ മലപ്പുറത്തോ ദീന്‍വെളിച്ചം ആദ്യമെത്തിയ കോഴിക്കോട്ടോ ഇല്ലാത്തൊരു തരം ആഘോഷം നമുക്ക് എവിടെ നിന്നാണ് കിട്ടിയത്. റോഡിന്റെ വശങ്ങള്‍ ഇത്രയും കയ്യേറുന്ന വേറൊരു സ്ഥലം കാണാനാവുമെങ്കില്‍ അത് പലസ്തീന്‍ തെരുവുകളിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ മാത്രമാണ്. അവിടെയൊരു കൃത്യമായ രാഷ്ട്രീയമുണ്ട്. സയണിസ്റ്റ് മതതീവ്രവാദത്തിനെതിരില്‍ വിരിയുന്ന പ്രതിരോധ രാഷ്ട്രീയമാണത്. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്തു പ്രതിരോധമാണ്, ആരെ കാണിക്കാനാണ് നബിദിനാഘോഷത്തിന്റെ പേരില്‍ ഇങ്ങനൊരു സമ്പ്രദായം വന്നത്? യഥാര്‍ഥ നബിസ്‌നേഹികള്‍ക്ക് ഒരിക്കലും അതിപ്രസരത്തിലേക്കും അതിവൈകാരികതയിലേക്കും നീങ്ങാനാവില്ല.

നമ്മുടെ മദ്‌റസകളിലും പള്ളികളിലും സംഘടനകളുടെ നേതൃത്വത്തിലും വളരെ ഇസ്‌ലാമികമായി തന്നെ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിനു പകരം പ്രത്യേകമായൊരു ആഘോഷസംസ്‌കാരം വളര്‍ത്തിയെടുക്കുന്നത് എന്ത് ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. സ്‌നേഹ സന്ദേശം കൈമാറുകയെന്നതിനപ്പുറം എപ്പോഴാണ് നമ്മുടെ റാലികള്‍ക്ക് ഒരു വിപ്ലവ വീര്യം കൈവന്നത്. റോഡില്‍ പാലിക്കേണ്ട നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്താനുള്ള ഒരു ദിനമാകുന്നത് എന്നു മുതലാണ്. ബൈക്ക് റൈസിങും അഭ്യാസപ്രകടനവും ഗതാഗത തടസ്സമുണ്ടാക്കലും ഏതു ഹദീസിന്റെ പിന്‍ബലത്തിലാണ്?

ഫാസിസത്തിന് പിടിമുറുക്കാന്‍ പശ്ചാത്തലമൊരുക്കുന്നത് ഇത്തരം ഘടകങ്ങള്‍ കൂടിയാണ്. ബഹുസ്വര ഇന്ത്യയില്‍ ഏകത്വത്തോടെ ജീവിക്കണമെങ്കില്‍ ഓരോരുത്തരും സഹകരിച്ചേ മതിയാവൂ. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനെതിരില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാവുന്നത് നമ്മുടെ തന്നെ പ്രവര്‍ത്തനങ്ങളുടെ കൂടി പ്രത്യാഘാതമായിരിക്കും. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതു വരെ, ഒരാള്‍ മുസ്‌ലിമാവില്ലെന്ന നബിവചനം എഴുതിവച്ച ഫഌ്‌സിനു താഴെ തന്നെ നമ്മള്‍ രാജ്യത്തോട് ഒരു കൂറും പുലര്‍ത്താത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്താണ് വിലയിരുത്തുക.

റോഡിന്റെ വശങ്ങളിലെ അതിപ്രസരം സഹസമുദായങ്ങളെ എങ്ങനെ പ്രലോഭിപ്പിക്കുന്നുവെന്ന് കാസര്‍കോട് ജാല്‍സൂര്‍ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മനസ്സിലാവും. നബിദിന കാലത്ത് നാട്ടിലെ കവുങ്ങുകളും മുളകളും തെങ്ങുകളും മരങ്ങളും റോഡിന്റെ ഓരങ്ങളില്‍ നബിദിനാഘോഷത്തിനു വേണ്ടി അണിനിരത്തിക്കും. പിന്നീട് വരുന്ന സഹസമുദായക്കാര്‍ അതിലും ഗംഭീരമായിത്തന്നെ അലങ്കരിക്കാനല്ലേ സ്വാഭാവികമായും ആഗ്രഹിക്കുകയുള്ളൂ. അടുത്തവര്‍ഷം അതിലും ഗംഭീരമായി നബിദിനം 'ആഘോഷിക്കാന്‍' തന്നെ നമ്മളും തീരുമാനിക്കുന്നു. ഈ മത്സരം എന്തിനുവേണ്ടിയാണ്? ആരാണ് ഇതിന് തുടക്കമിട്ടതെന്ന് സ്വയം വിലയിരുത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയിട്ട് 10-15 വര്‍ഷങ്ങളേ
ആയിട്ടുള്ളൂവെന്ന് ഓര്‍ക്കണം. അതായത്, നമ്മള്‍ തന്നെ തുടങ്ങിയത് നമ്മള്‍ തന്നെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്. പുതുതലമുറക്ക് അഭിമാനത്തോടെ കൈമാറാന്‍ പറ്റുന്ന സംസ്‌കാരമാണോ ഇതെന്ന് ആലോചിച്ചാല്‍ മാത്രം മതി.
നബിയെ അറിയാത്തവര്‍ നബിദിനം ആഘോഷിക്കുമ്പോള്‍

Keywords:  Kasaragod, Kerala, Celebration, Article, Milad un nabi celebration, Youths, Bike race, Competition, Indian, Meelad celebration with out knowing prophet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia