city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Marthoma School | അംഗപരിമിതര്‍ക്ക് കേള്‍വിയും ശബ്ദവുമായി മാര്‍ത്തോമാ വിദ്യാലയം

ഇബ്രാഹിം ചെർക്കള

(www.kasargodvartha.com) 1981-ല്‍ അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം വന്ന വേളയിലാണ് ചെര്‍ക്കളയിലെ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയില്‍ ഈശോ തിരുമേനി സന്ദര്‍ശനത്തിനെത്തിയത്. ഇടവക വികാരിയായ റവ. മത്തായി ജോസുമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നാട്ടിലെ സാധാരണ ജനങ്ങള്‍ക്കും നിര്‍ദ്ധനര്‍ക്കും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചനയുണ്ടായി. തുടര്‍ന്ന് പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ഒരു വികസന സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടു.
                 
Marthoma School | അംഗപരിമിതര്‍ക്ക് കേള്‍വിയും ശബ്ദവുമായി മാര്‍ത്തോമാ വിദ്യാലയം

റവ. മത്തായി ജോസഫ് അച്ഛന്റെ നേതൃത്വത്തില്‍ പി സി ജോണ്‍, ടി ഒ ജോണ്‍, കെ ടി ചാക്കോ, ജേക്കബ് മാത്യു, തോമസ് പണിക്കര്‍ എന്നിവരടങ്ങുന്ന ഒരു സമിതി നിലവില്‍ വന്നു. ഉത്തരമലബാറിലെ മൂകരും ബധിരരുമായ കുട്ടികള്‍ക്ക് എവിടെയും അന്ന് പഠനസൗകര്യങ്ങളുണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി അംഗപരിമിതരായവരുടെ വിദ്യാഭ്യാസവും സംരക്ഷണവും ഏറ്റെടുത്തു അവരെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്നതാണ് ബധിര വിദ്യാലയം. മാര്‍ത്തോമയുടെ ഈ മഹത്തായ സംരംഭത്തിന് കാസര്‍കോട് വേദിയായി എന്നത് നമ്മുടെ ജില്ലയുടെ ഭാഗ്യമായി കണക്കാക്കാം.

ചെങ്കള പഞ്ചായത്തിന്റെ യശ്ശസ്സ് വര്‍ദ്ധിക്കാനും ഇത് വഴിവെച്ചു. 1981 ജൂണ്‍ 30ന് മാര്‍ത്തോമാ ബധിരവിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുകയും ചെയ്തു.

തുടക്കത്തില്‍ പത്ത് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത്. ഈശോ മാര്‍ തിമൊഥെയേസ് തിരുമേനിയായിരുന്നു സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്. റവ. മത്തായി ജോസഫ് സ്‌കൂളിന്റെ പ്രഥമ മാനേജരും. ചെറിയ കെട്ടിടത്തില്‍ ആരംഭിച്ച സംരംഭത്തിന് പരിമിതികള്‍ ഏറെയായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. 1982-ല്‍ മാനേജരുടെ ക്വാര്‍ട്ടേഴ്‌സും, 1983-ല്‍ നാല് ക്ലാസ്മുറികള്‍ ഉള്ള സ്‌കൂള്‍ കെട്ടിടവും ഭക്ഷണശാലയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 1986-ല്‍ വീണ്ടും പുതിയ അഞ്ച് ക്ലാസ്മുറികളും 1988-ല്‍ ഹോസ്റ്റല്‍ മന്ദിരങ്ങളും നിര്‍മ്മിക്കപ്പെട്ടു.

വളര്‍ച്ചയുടെ പാതയില്‍ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍തിയഡോഷ്യസ് തിരുമേനി ഭദ്രാസനാധ്യക്ഷനായിരിക്കെ സ്‌കൂള്‍ മാനേജര്‍ റവ. ഡോ. പി പി തോമസിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി 1993-ല്‍ ഇരുനില സ്‌കൂള്‍ കെട്ടിടവും ഗേള്‍സ് ഹോസ്റ്റലിന്റെ ഒന്നാം നിലയും മാനേജേഴ്‌സ് കോര്‍ട്ടേഴ്‌സ് വിപുലീകരണവും നടന്നു. ഇതേ കാലയളവില്‍ തന്നെ ഹൈസ്‌കൂള്‍ വിഭാഗത്തിന് ഗവണ്‍മെന്റ് അംഗീകാരം നേടിയെടുക്കാനും സാധിച്ചു. 1994-ല്‍ പെണ്‍കുട്ടികളുടെ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിക്കുകയും സ്വയം തൊഴിലില്‍ കുട്ടികള്‍ക്ക് നൈപുണ്യം നേടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ഈപ്പന്‍ ചെറിയാന്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്ന 2002-ല്‍ ബധിരര്‍ക്കുള്ള കമ്പ്യൂട്ടര്‍ സെന്ററിന് തുടക്കം കുറിച്ചു. 2003-ല്‍ മാര്‍ത്തോമാ ഡെഫ് ആക്ഷന്‍ സെന്റര്‍ തുറക്കുകയും ചെയ്തു. അടുത്ത വര്‍ഷം തന്നെ ഗവ. അംഗീകാരത്തോടെ ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചു.

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രൊഫ. പി ജെ കുര്യന്റെ 2009-2010ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചുകിട്ടിയ അഞ്ച് ലക്ഷം രൂപയിലാണ് സയന്‍സ് ലാബിന് കെട്ടിടം ഒരുങ്ങിയത്. 2010-ല്‍ മാര്‍ത്തോമാ പ്രീ സ്‌കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയര്‍ ആരംഭിച്ചു. മൂക ബധിര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും കായികവും മാനസികവുമായ വളര്‍ച്ചയ്ക്കും വേണ്ടി ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ, സ്ഥാപനത്തിന് സ്ഥലം എംഎല്‍എമാരും, എം പിയും ചെങ്കള ഗ്രാമപഞ്ചായത്തും പലവിധത്തിലുള്ള ധനസഹായങ്ങള്‍ പല അവസരങ്ങളിലായി നല്‍കി വന്നു. കാലാകാലങ്ങളില്‍ ഉണ്ടായിരുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയും സ്‌കൂളിന്റെ പുരോഗതിയില്‍ ഗണനീയമായ സംഭാവനകള്‍ അര്‍പ്പിക്കുന്നു. 1993-ല്‍ ഇരുനില സ്‌കൂള്‍ കെട്ടിടവും, 2007-ല്‍ രജതജൂബിലി കവാടവും, 2011-ല്‍ സയന്‍സ് ലാബിനോടനുബന്ധിച്ചുള്ള പ്രവൃത്തിപരിചയ പരിശീലന ഹാളും, ഒരു വാട്ടര്‍പൂളും, കമ്പ്യൂട്ടറുകളും നല്‍കി.

വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ട 35 ബധിര വിദ്യാര്‍ത്ഥികള്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ ഇപ്പോള്‍ അധ്യയനം നടത്തുന്നു. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് എയ്ഡഡ് അംഗീകാരമുണ്ട്. അണ്‍എയ്ഡഡ് ഹയര്‍ സെക്കന്ററിയില്‍ കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആണ് പഠന വിഷയം. ഇതുവരെ പഠനം പൂര്‍ത്തിയാക്കിയ 365 ബധിര വിദ്യാര്‍ത്ഥികളില്‍ 32 പേര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ സ്വകാര്യ മേഖലയിലും സ്വയം തൊഴില്‍ രംഗത്തും സാധാരണക്കാരോടൊപ്പം ചേര്‍ന്ന് മുഖ്യധാരയില്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നേടി സന്തുഷ്ട ജീവിതം നയിച്ചുവരുന്നു.

പഠനകാലയളവില്‍ സ്വന്തം പരിമിതികള്‍ മറന്ന് എല്ലാരംഗത്തും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള മാനസികവും കായികവുമായ പരിശീലനവും ആത്മവിശ്വാസം നിറയ്ക്കുന്ന കൗണ്‍സിലിങ്ങും കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, എന്തും നേരിടാനുള്ള ധൈര്യവും ഉത്സാഹവും ലഭിക്കുന്നു.

അതുകൊണ്ട് തന്നെ മറ്റു കുട്ടികളെപ്പോലെ എസ്എസ്എല്‍സി ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇവര്‍ക്കും കഴിയുന്നു. 1996ല്‍ ബധിരര്‍ക്കുള്ള എസ്എസ്എല്‍സി പരീക്ഷയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി റീനാ ലക്ഷ്മണന്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. 2011ല്‍ ഫാത്തിമ ഷിറിന്‍ കാപ്പില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തും എത്തുകയുണ്ടായി. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ലഭിക്കുന്ന നല്ല പരിശീലനങ്ങള്‍ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും പ്രവൃത്തി പരിചയ ശാസ്ത്ര മേളകളിലും, വിദ്യാര്‍ത്ഥികളെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രാപ്തരാക്കുന്നു. ശ്രദ്ധേയമായ ഒരു ബാന്‍ഡ് ട്രൂപ്പും സ്‌കൂളില്‍ ഉണ്ട്.

1993-ല്‍ സംസ്ഥാന ബധിര സ്‌കൂള്‍ യുവജനോത്സവത്തിന് ഒരു മാന്വല്‍ തയ്യാറാക്കുന്നതിനും അത് മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ തന്നെ നടത്തുന്നതിനും സാധിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രത്യേക താല്‍പര്യ പ്രകാരം യുവജനോത്സവത്തിന് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. സ്‌കൂളിന്റെ രജതജൂബിലി വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടി. 2005 ആഗസ്ത് അഞ്ചിന് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നടത്തിയത്. നീണ്ട പരിപാടികളോടെ വര്‍ഷങ്ങള്‍ നീണ്ട ആഘോഷമായിരുന്നു. 2007 ഫെബ്രുവരി 11ന് നടത്തിയ സമാപന ചടങ്ങില്‍ കേരള ഗവര്‍ണറായിരുന്ന ആര്‍എല്‍ ഭാട്ട്യ മുഖ്യാതിഥിയായി എത്തി. രജതജൂബിലി കവാടത്തിന്റെ ഉദ്ഘാടനം അഭിവന്ദ്യ തിമൊഥെയാസ് തിരുമേനിയാൽ നിര്‍വ്വഹിക്കപ്പെട്ടു.

കുടുംബത്തിനും സമൂഹത്തിനും ബാധ്യതയായിത്തീരുകയും പലപ്പോഴും വീടിന്റെ അകത്തളങ്ങളില്‍ തടവിലാക്കപ്പെടുകയും ചെയ്യുന്ന അംഗ പരിമിതര്‍ക്ക് സഹതാപമല്ല, ചികിത്സയും പരിശീലനവും, അവരുടെ അഭിരുചിക്ക് അനുസരിച്ച വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും നല്‍കിയാല്‍ അവര്‍ക്കും മുഖ്യധാരയില്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് മികച്ച സേവനത്തിലൂടെ തെളിയിക്കുകയാണ് ഈ വിദ്യാലയം ചെയ്തത്. ഈ പ്രവര്‍ത്തനങ്ങളില്‍ ജാതി-മത കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളുടെയും ബഹു: ജനപ്രതിനിധികളുടെയും സാംസ്‌കാരിക നായകന്മാരുടെയും ഭരണകര്‍ത്താക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും നിര്‍ലോഭമായ സഹകരണവും സഹായവും ലഭിക്കുന്നു.

മുന്‍മന്ത്രി സിടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, പിബി അബ്ദുറസാഖ്, എന്‍എ നെല്ലിക്കുന്ന്, അഡ്വ. സിഎച്ച് കുഞ്ഞമ്പു തുടങ്ങി എംഎല്‍എമാരും സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെഎം അഹമ്മദ്, ടിസി മാധവപ്പണിക്കര്‍, പെരിയ നാരായണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ വോര്‍ക്കുഡ്‌ലു തുടങ്ങിയവരുടെ വിലപ്പെട്ട പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാര്‍ത്തോമാ ബന്ധിരവിദ്യാലയത്തിന്റെ മുന്നേറ്റത്തില്‍ സ്മരണീയമാണ്.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജില്‍ 2013ല്‍ ആരംഭിച്ച ബധിര വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബി.കോം വിത്ത് കമ്പ്യൂട്ടര്‍ കോഴ്‌സും, സാധാരണ പെണ്‍കുട്ടികള്‍ക്ക് ബികോം (ഫിനാന്‍സ്) കോഴ്‌സുമാണ് നിലവിലുള്ളത്. മാര്‍ത്തോമാ സ്പീച്ച് ഹിയറിംഗ് ക്ലിനിക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നു. കേള്‍വി പരിശോധന, സ്പീച്ച് തെറാപ്പി സേവനങ്ങള്‍ നടത്തിവരുന്നു. അനുബന്ധ സ്ഥാപനമായ ബദിയടുക്കയിലെ 'മാര്‍ത്തോമാ മൗണ്ടി'യുടെ പുതിയ ക്യാമ്പസ് വിശാലമായ 15 ഏക്കര്‍ സ്ഥലത്ത് 2005ല്‍ തുടക്കം കുറിച്ചു. ബിഎഎസ്എല്‍പി, എംഎഎസ്എല്‍പി കോഴ്‌സുകളാണ് ഇവിടെ നിലവിലുള്ളത്. മാര്‍ത്തോമാ പ്രൈവറ്റ് ഐടിഐ ബദിയടുക്ക എന്ന മറ്റൊരു തൊഴില്‍ പരിശീലന സ്ഥാപനവും നടത്തിവരുന്നു.

എന്‍സിവിടി അഫിലിയേഷന്‍ ലഭിച്ച ഇവിടെ സാധാരണ കുട്ടികള്‍ക്കുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ കോഴ്‌സാണ് നിലവിലുള്ളത്. 1981-ല്‍ 10 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച സ്ഥാപനം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മാര്‍ത്തോമയുടെ ഒരു പ്രമുഖ സംരംഭമായി ഉയരാന്‍ സാധിച്ചിട്ടുണ്ട്. 33 വര്‍ഷം പ്രധാന അധ്യാപകനായി സക്കറിയ തോമസും 24 വര്‍ഷം ജോസ്പി ജോസഫും സേവനം അനുഷ്ഠിച്ചു. ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ക്രിസ്തീയ സഭകള്‍ ജീവകാരുണ്യ രംഗത്ത് ലോകത്തെങ്ങും മാതൃകയാണ്. മഹത്തായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാവാത്തതാണ്. മാര്‍ത്തോമാ ബധിരവിദ്യാലയം ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് ഇങ്ങനെയൊരു കാല്‍വെപ്പ് നടത്തിയതുകൊണ്ട് കാസര്‍കോട് ജില്ലയ്ക്കും ചെങ്കള പഞ്ചായത്തിനും അതില്‍ ഏറെ അഭിമാനിക്കാം.

Keywords: News, Kerala, Article, School, Education, Students, Ibrahim Cherkala, Kannur University, Minister, Chengala, Panchayath, Marthoma School, Know Marthoma School.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia