മറിയം റഷീദ: വടക്കുനിന്നൊരു സ്‌കേറ്റിംഗ് താരോദയം
Dec 29, 2012, 16:01 IST
Mariyam Rasheeda |
പത്തനംതിട്ടയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നവംബര്‍ 10,11 തീയതികളില്‍ നടന്ന സംസ്ഥാന തല റോളര്‍സ്‌കേറ്റിംഗില്‍ റിങ്ങ്-3 വിഭാഗത്തില്‍ മറിയം റഷീദയ്ക്കാണ് ഒന്നാം സ്ഥാനം.
54. 45 സെക്കന്റുകൊണ്ടാണ് ഈ കൊച്ചുമിടുക്കി ഇത്രയും ഉയരത്തിലെത്തിയത്. ഇതോടൊപ്പം റിങ്ങ്-4 വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, റോഡ് റേസ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഈ കാസര്‍കോട്ടുകാരി കൊയ്‌തെടുത്തു. കേരളാ റോളര്‍ സ്‌കേറ്റിംഗ്് അസോസിയേഷന്റെ (കെ.ആര്‍.എസ്.എ.) ആഭിമുഖ്യത്തിലായിരുന്നു മത്സരം നടത്തിയത്.
മറിയം റഷീദ മാതാവ് സമീറയ്ക്കും പിതാവ് ഡോ. മുഹമ്മദിനുമൊപ്പം |
അപ്‌സര സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ കായികാധ്യാപകന്‍ പ്രേംദാസില്‍ നിന്നുകിട്ടിയ പരിശീലനം മാത്രമാണ് റഷീദയുടെ കൈമുതല്‍. പിന്നീട് അധ്യാപകന്‍ സ്ഥലം മാറിപ്പോയതോടെ പരിശീലകനില്ലാതായ കുട്ടി സ്വയം സ്‌കൂളില്‍വെച്ച് സ്‌കേറ്റിംഗ് പരിശീലിക്കുകയായിരുന്നു. സംസ്ഥാന മത്സരത്തിന് പോകുമ്പോഴും പ്രത്യേക പരിശീലനമൊന്നും കിട്ടിയിരുന്നില്ല. ആത്മവിശ്വാസവും, നിരന്തരമായ സ്വയംപരിശീലനവും കൊണ്ടാണ് കുട്ടിക്ക് ഈ ഉയരത്തില്‍ എത്താനായത്.
കാസര്‍കോട് ജില്ലയില്‍ റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര സജീവമല്ല. കൊല്ലത്തിലൊരു മത്സരം സംഘടിപ്പിക്കുന്നു എന്നുമാത്രം. ഫാറൂഖ് കാസ്മി പ്രസിഡന്റും നേരത്തേ പറഞ്ഞ കായികാധ്യാപകന്‍ പ്രേംദാസ് സെക്രട്ടറിയുമാണ്. ദേശീയ മത്സരം ജനുവരിയില്‍ മുംബൈയില്‍ നടക്കും. അതില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് മറിയം റഷീദ.
ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുഹമ്മദിന്റെയും വീട്ടമ്മയായ ബേവിഞ്ചയിലെ കെ.എം. സമീറയുടെയും രണ്ടാമത്തെ മകളാണ് മറിയം റഷീദ. കളനാട് കോഴിത്തിടിലിലെ മറിയം മന്‍സിലിലാണ് താമസം.
റഷീദയുടെ ജ്യേഷ്ഠത്തി ഫാത്തിമത്ത് സാജിദ അപ്‌സര സ്‌കൂളില്‍നിന്ന് പ്ലസ് ടു കഴിഞ്ഞ് ഇപ്പോള്‍ പാലായില്‍ മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷ എഴുതാന്‍ പരിശീലനം നടത്തുകയാണ്.
കളിക്കൊപ്പം പഠന കാര്യത്തിലും മിടുക്കിയാണ് റഷീദ. കഴിഞ്ഞ പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ജ്യേഷ്ഠത്തി പഠനകാര്യത്തില്‍ റഷീദയേക്കാളും മുന്നിലാണെങ്കിലും കളിയില്‍ അത്ര താല്‍പര്യമില്ലാത്തവളാണ്. സാജിദക്ക് പ്ലസ് ടു പരീക്ഷയില്‍ 92 ശതമാനം മാര്‍ക്കാണ് ലഭിച്ചിരുന്നത്.
കായിക താരങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമല്ല കാസര്‍കോട്ട് നിലവിലുള്ളത് എന്ന പരാതിക്കിടയിലും സ്വപ്രയത്‌നം കൊണ്ട് വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറുന്ന മകള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുകയാണ് റഷീദയുടെ മാതാപിതാക്കള്‍. വീട്ടില്‍ കുട്ടിക്ക് പരിശീലനം നടത്താന്‍ സൗകര്യമില്ല.
പഠനം കഴിഞ്ഞ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന അല്‍പനേരത്തെ പരിശീലനം മാത്രമാണ് ഈ വളര്‍ച്ചക്ക് കാരണം. നല്ല രീതിയിലുള്ള പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ കുട്ടിക്ക് ദേശീയ മത്സരങ്ങളിലും തിളങ്ങാന്‍ കഴിയുമായിരുന്നു. ഒരു കോച്ചിന്റെ അഭാവവും പ്രശ്‌നമാണ്്. കേരളത്തിലെ തെക്കന്‍ ജില്ലകളിലും മംഗലാപുരം, ബാഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും റോളര്‍ സ്‌കേറ്റിംഗില്‍ പരിശീലനവും മത്സരങ്ങളും ധാരാളം നടത്തുന്നുണ്ട്.
എന്നാല്‍ കാസര്‍കോട് മറ്റെല്ലാ മേഖലയിലും എന്നതു പോലെ റോളര്‍ സ്‌കേറ്റിംഗ് ഉള്‍പ്പെടെയുള്ള കായിക പരിശീലനങ്ങളിലും പിന്നോക്കമാണ്. പരിമിതികള്‍ക്കിടയിലും മകളെ നല്ലൊരു കളിക്കാരിയാക്കാന്‍ തന്നെയാണ് ഡോക്ടര്‍ മുഹമ്മദും, സമീറയും തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അഭീഷ്ടത്തിനനുസരിച്ച് ഉയരാന്‍ കൊച്ചു റഷീദയും നൂറുവട്ടം തയാറാണ്.
-രവീന്ദ്രന്‍ പാടി
Keywords: Mariyam Rasheeda, Roller skating, Kalanadu, Pathanamthitta, First prize, Ring-4, Kasaragod, Kerala, Article