city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍ച്ചിലെ ഒച്ചയുടെ ബാസ്സ് കുറക്കണം

അസ് ലം  മാവില

(www.kasargodvartha.com 07/03/2016) മാര്‍ച്ച് പരീക്ഷാ കാലമാണ്. ഒമ്പതാം തിയ്യതി മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങും. കൂട്ടത്തില്‍ പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ നടക്കും. മാര്‍ച്ച് അവസാനം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് കൊല്ലപരീക്ഷയും. എന്ന് വെച്ചാല്‍ മാര്‍ച്ചു മൊത്തം പരീക്ഷയോട് പരീക്ഷ.

നാട്ടില്‍ എല്ലാവര്‍ക്കും ഇത് അറിയാം. അപ്പോള്‍ അവര്‍ക്ക് രാത്രി ഒന്ന് പഠിക്കാന്‍ ഇരിക്കേണ്ടേ? ഇരിക്കണം. വീട്ടില്‍ പാളേല്‍ കിടക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ശല്യമായിപ്പോകരുതെന്നു കരുതി അമ്മമാര്‍ മുന്‍കരുതല്‍ എടുക്കും. 'ഇങ്ക' നേരത്തെ കൊടുക്കും. 'ഇച്ചി' നേരത്തെ 'ബീത്തി'ച്ച് ഉറക്കും. താരാട്ട് പാടി അവറ്റങ്ങള്‍ മാലാഖമാരെ സ്വപ്നവും കണ്ട് അങ്ങ് ഉറങ്ങുമ്പോഴായിരിക്കും.......  പുറത്ത് മൈക്കിന്റെയും മെഗാ ഫോണിന്റെയും കാതടപ്പിക്കുന്ന ഒച്ച. പ്രസംഗം, ഗാനങ്ങള്‍, ഭക്തിസ്മൃതികള്‍, കീര്‍ത്തനങ്ങള്‍, പാട്ട്, ബൈത്ത്,  കമന്ററി, ലേലം വിളി, അല്ലെങ്കില്‍ വേറെന്തെങ്കിലും ഒന്ന്... അതോടെ കുട്ടികളുടെ പരീക്ഷ പഠിത്തം താറുമാറാകും. പരീക്ഷയ്ക്ക് തയ്യാറാകാന്‍ ഇരുന്ന കുട്ടികള്‍ പല മൂലയിലും നീങ്ങും. ഒരു കാര്യവുമുണ്ടാകില്ല. അതോടെ കുട്ടിയുടെ ശ്രദ്ധ തെറ്റും. 'ഇങ്ക' തിന്നുറങ്ങിയ കുഞ്ഞുവാവ ഞെട്ടി എണീറ്റ് അവന്റെ കലാപരിപാടികള്‍ തുടങ്ങും. പിന്നെ വീട്ടില്‍ എന്തായിരിക്കും ബഹളം!  അതോടെ ഒരു കൊല്ലം, അല്ല അഞ്ചും പത്തും പന്ത്രണ്ടും കൊല്ലം പരിശ്രമിച്ചതൊക്കെ ഡിസ്ഓഡേര്‍ഡ് ആയി പാളീസാകും.

പുറത്ത് നിന്ന് വന്നു ആരെങ്കിലും സംഘടിപ്പിച്ചതാണോ ഈ പരിപാടി? അല്ല. പിന്നെ ആര്? നമ്മള്‍ തന്നെ. വീട്ടില്‍ മോനും മോളും പരീക്ഷയ്ക്ക് ശ്രദ്ധിച്ചു പഠിക്കണമെന്ന് പറയുന്നതോ? അതും നമ്മള്‍ തന്നെ. അങ്ങിനെ ഉപദേശിക്കുന്നതിനിടക്കാണല്ലോ കണ്‍വീനര്‍ മെസേജ് അയച്ചതും, അത് കണ്ട് ഇയാള്‍ ഒച്ച വെക്കാതെ കതക് ചാരി 'പറയപ്പെട്ട പരിപാടി'ക്ക് പോയതും. അവിടെ സൗണ്ട് കുറയുമോന്നു പേടിച്ചു ബാസുള്ള ബാക്‌സ് വാങ്ങാന്‍ ബൈക്കില്‍ പോയതും. അതും പോരാഞ്ഞ് 'കൊടെ' തെങ്ങിമ്മേല്‍ കയറി കെട്ടിയതും അതിന്റെ വോള്യം മാക്‌സിമം കൂട്ടിയതും....ഒക്കെ നാം തന്നെ.

ഇത്രയൊക്കെ ചെയ്തിട്ട് അവിടെ കൂടിയവര്‍ എത്ര? അമ്പത്, അല്ലെങ്കില്‍ നൂറ്. പുസ്തകവും തുറന്ന് വെച്ച് നിങ്ങളുടെ വീടുകളില്‍ ഈ 'ഒച്ചയും ബിളിയും' സഹിച്ചു മനസ്സില്‍ പ്രാകുന്ന വിദ്യാര്‍ഥികള്‍ എത്ര? ഇരുന്നൂറ് മുന്നൂറ്. ഒരു കൊല്ലം നിങ്ങള്‍ കോട്ടും സൂട്ടും ബാഗും ബക്കറ്റും ബാക്കില്‍ വെച്ച്‌കെട്ടി മക്കളെ സ്‌കൂളില്‍ അയച്ചതോ ? അത് വെറുതെയായി. വെറും വെറുതെയായി.

തലേ രാത്രിയിലെ ശബ്ദകോലാഹലം കൊണ്ട് പഠനം 'അല്‍കുല്‍തായി' കൊല്ല പരീക്ഷ എഴുതി വരുന്ന മക്കളോട് 'പരീക്ഷ/ച്ചെ/സെ/സിഗെ എങ്ങിനെ? നല്ലോണം എയ്തീട്ടില്ലേ? ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ഉത്തരമാണ് മക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?

കൂട്ടരേ, 'പരീക്ഷാതലേന്നാളുകള്‍' എന്നത് ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പഠിച്ചതൊക്കെ ഒന്ന് നേരെചൊവ്വേ  കൊണ്ട് വരാന്‍ ആ മണിക്കൂറുകള്‍ അവഗണിക്കാന്‍ പറ്റാത്തതാണ്. ശാന്തമായ അന്തരീക്ഷം ആ മക്കള്‍ക്ക് ആവശ്യമാണ്. അപ്പോഴെങ്കിലും ആരും ശല്യം ചെയ്യാന്‍ മുതിരരുത്.

പരീക്ഷാ കാലത്ത് മൈക്കും ബോക്‌സും കെട്ടി വൈകിട്ട് ഒരു പരിപാടിയും സംഘടിപ്പിക്കരുത്. അതേത് പാര്‍ട്ടി, സംഘടന, കമ്മിറ്റി, ക്ലബുകളുടെതാണെങ്കിലും. അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മടി കൂടാതെ നേതൃത്വത്തോട് പറയണം നമുക്ക് ഈ പരീക്ഷാ കാലം കഴിഞ്ഞു മതി മൈക്കും മരം കേറലും. ഇപ്പോള്‍ അതൊന്നുമില്ലാതെ നടത്താം,  ഒഴിച്ച് കൂടാന്‍ പറ്റാത്തതാണെങ്കില്‍... മക്കള്‍ പരീക്ഷയ്ക്ക് പഠിക്കുവാണ്. അവരുടെ ഭാവി നമ്മുടെ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് ജഗപൊഗയില്‍ നഷ്ടപ്പെടരുത്. നാട്ടിന്‍ പ്രദേശങ്ങളിലാണ് ഇവ കൂടുതല്‍. അവിടങ്ങളില്‍ പിന്നെ ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല. മിക്കവരും ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അറിഞ്ഞും അറിയാതെയും  ഭാരവാഹികളായിരിക്കും. അത് കൊണ്ട് അവരാണ് ഇത് ശ്രദ്ധിക്കേണ്ടത്.

ഓരോ പഞ്ചായത്തിലെയും എല്ലാ വിധ വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും പാര്‍ട്ടിക്കാരെയും പന്ത് കളിക്കാരെയും മൊത്തം വിളിച്ചു ചേര്‍ത്ത്  ഒരു യോഗം ചേരട്ടെ, അതിനു അതത് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരും മുന്‍കൈ എടുക്കട്ടെ.   കാര്യത്തിന്റെ ഗൗരവം അറിഞ്ഞാല്‍ എല്ലാരും 'യെസ്' മൂളും. അപ്പോള്‍ പഞ്ചായത്തു മൊത്തം പരീക്ഷാ കാലങ്ങളില്‍ 'മണിക്കൂറുകള്‍ നീളുന്ന രാത്രിയൊച്ച'യ്ക്ക് ഒരു ശമനവും കിട്ടും നമ്മുടെ കുട്ടികളും രക്ഷപ്പെടും.

പ്രീ സ്‌കൂള്‍ അടക്കം 12 കൊല്ലം അതിരാവിലെ ഉണര്‍ന്ന് പള്ളിക്കൂടത്തിലേക്ക് മക്കളെ പ്രതീക്ഷയോടെ അയക്കുന്ന അമ്മ പെങ്ങന്മാരുടെ വേദനിക്കുന്ന മനസ്സ് കണ്ടുകൊണ്ടെങ്കിലും ഇതില്‍ നിന്ന് പിന്മാറണം. അവര്‍ക്ക് പറയാന്‍ വേദികളുണ്ട്. ഉപയോഗിക്കുന്നില്ലെന്നേയുള്ളൂ. പഞ്ചായത്ത് സമിതിയില്‍ എത്ര വനിതാ അംഗങ്ങളുണ്ട്, അവര്‍ക്ക് ഇതൊരു വിഷയമായി അവതരിപ്പിച്ചു കൂടേ?...

Related:
പരീക്ഷാ കാലം രക്ഷിതാക്കള്‍ അവശ്യം വായിക്കേണ്ടത്...
മാര്‍ച്ചിലെ ഒച്ചയുടെ ബാസ്സ് കുറക്കണം

Keywords:  Aslam Mavile, Article, Examination, Students, Study class, March is Exam month; do not disturb students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia