city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വരള്‍ച്ച കടുത്തു; വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം ചുട്ടുപൊള്ളും

മാര്‍ച്ച് 22: ലോക ജലദിനം

ഹാഫിള് ജാബിര്‍ ഉദുമ

(www.kasargodvartha.com 21.03.2017) ജലം... അത് ദൈവം കനിഞ്ഞേകിയ വരദാനമാണ്. അതിലുപരി പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളുടെ ജീവാമൃതവുമാണ്. സദാ പ്രവാഹിയായ ജലം ഭൂഗര്‍ഭ ഉപരിതലത്തിലൂടെയും അന്തരീക്ഷത്തിലൂടെയും ജീവന്റെ തുടിപ്പുള്ള സര്‍വ്വ വസ്തുക്കളിലൂടെയും ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു നിമിഷത്തേക്ക് ഭൗമലോകത്തെ വെള്ളമകിലവും അപ്രത്യക്ഷമാകയാല്‍ മനുഷ്യനടങ്ങിയ ജൈവലോകത്തിന്റെ നിലനില്‍പ്പും സ്ഥിതിവിശേഷവും എന്തായിരിക്കും?

പ്രസ്തുത ചോദ്യോത്തരം ചിന്താതീതമാണ് എന്നതിനപ്പുറം ചിന്തോദ്ദീപകമാണെന്ന് നാം തിരിച്ചറിയണം. വര്‍ഷങ്ങള്‍ മാറിമറിയുമ്പോള്‍ കൂട്ടിയും കിഴിച്ചും ലഭിക്കുന്ന ജലപഠന കണക്കുകള്‍ ഭാവികാലത്തെ അതിവിദൂരമല്ലാത്ത നിര്‍ജല ഭൂമിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആഗോള ജലപ്രതിസന്ധിയെക്കുറിച്ച് പഠിച്ച ധൈഷണികനായ മോഡ് ബാര്‍ലോ തന്റെ പ്രശസ്ത കൃതിക്ക് 'നീല സ്വര്‍ണ്ണം' എന്ന് നാമം നല്‍കി. മഞ്ഞസ്വര്‍ണത്തിന്റെ സ്ഥാനത്ത് നീല സ്വര്‍ണത്തെ അവരോധിക്കാനുള്ള ആഗോള കുത്തക കമ്പനികള്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അടുത്ത നൂറ്റാണ്ടില്‍ ഒരു മഹായൂദ്ധം സംഭവിക്കുമെങ്കില്‍ അത് ലോക ജലയുദ്ധമായിരിക്കുമെന്ന് ലോക ബാങ്ക് പ്രവചിച്ചതും അതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇത്തരം ചിന്തകളാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കാന്‍ യു എന്‍ ജനറല്‍ അസംബ്ലിയെ പ്രേരിപ്പിച്ച ഘടകം.

വരള്‍ച്ച കടുത്തു; വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം ചുട്ടുപൊള്ളും


പച്ചപ്പട്ടു തലയുയര്‍ത്തിയ പ്രകൃതിരമണീയ കേരളം ദേശീയ ശരാശരിയുടെ 2.78 ഇരട്ടി മഴയും 44 നദീതടങ്ങളും നിരവധി കായലുകളും കുഞ്ഞരുവികളും മറ്റു ജലാശയങ്ങളും കൊണ്ട് ജലസമൃദ്ധമാണ്. പക്ഷേ വേനല്‍ച്ചൂട് വെച്ചപ്പോഴേക്കും ഭൂതലം വറ്റിവരണ്ടു എന്നതാണ് വലിയ വിരോധാഭാസം. മുഖ്യമായും മൂലധന സ്വകാര്യ കമ്പനികള്‍ പ്രതിദിനം 14 ലക്ഷം ലിറ്റര്‍ ജലം സാങ്കേതിക യന്ത്രങ്ങളുപയോഗിച്ച് ഊറ്റുന്നത് ഇതിന് ഹേതുകമാവുന്നു. സര്‍ക്കാറനുമതിയോടുു കൂടിയുള്ള ഈ ജലചൂഷണത്തിനിരയാകുന്ന ജില്ലകളില്‍ കാസര്‍കോടും മുന്‍നിരയിലുണ്ട്. 50,000 ലിറ്ററാണ് ദിനേന ജില്ലയില്‍ ചൂഷണം ചെയ്യപ്പെടുന്നത്. എറണാകുളമാണ് പ്രഥമസ്ഥാനത്ത്. അടുത്തിടെ ഭൂജലവകുപ്പ് നടത്തിയ ഗവേഷണത്തില്‍ കാസര്‍കോട് അടക്കം ഭൂജലവിതാനത്തില്‍ കേരളം ഗണ്യമായ ഇടിവ് നേരിടുന്നുണ്ടെന്ന് തെളിഞ്ഞു.

ഈ നിലയില്‍ 2025 ആകുമ്പോഴേക്കും കേരളീയരുടെ ജലാവശ്യവും അതിന്റെ ലഭ്യതയും തമ്മില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ അന്തരമുണ്ടാകുമെന്നും പ്രസ്തുത പഠനങ്ങള്‍ നിരീക്ഷിക്കുന്നു. എന്നാല്‍ മറുഭാഗത്ത് വര്‍ധിച്ചുവരുന്ന ജലമലിനീകരണവും ശുദ്ധജലത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. വന്‍കിട ഫാക്ടറികളും വ്യവസായ വ്യവസായ ശാലകളും പിന്തള്ളുന്ന മാരക അമ്ല- മലിനജലവും പ്ലാസ്റ്റിക് ബയോ വേസ്റ്റുകളും ചെന്ന് പതിക്കുന്ന കുപ്പത്തൊട്ടിയാണ് മിക്ക ജലാശയങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍, തികത്തും പരിഹാരയോഗ്യമായ സാങ്കേതിക കാരണത്താല്‍ 'ജലസമൃദ്ധം' എന്ന സല്‍പ്പേര് പോലും നിരര്‍ത്ഥകമാവുന്ന രൂപത്തിലാണ് കേരളീയ ഗതിവിഗതികള്‍.

നമ്മുടെ ആവശ്യത്തിന് മതിയായ ജലം ആവശ്യസമയത്തും സ്ഥലത്തും കിട്ടാതെ പോകുന്ന സ്ഥിതിവിശേഷമാണ് ജലദൗര്‍ലഭ്യം കൊണ്ടുള്ള വിവക്ഷ. ഉപരിതല -ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ വറ്റിവരളുമ്പോഴാണ് മിക്കവാറും ഇത് സംഭവിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ 2011ന് തുല്യമായ മഴദൗലഭ്യതയും കഠിനചൂടും അനുഭവപ്പെട്ടിട്ടില്ല എന്നാണ് സംസ്ഥാന പൊരുമരാമത്തിന്റെ നിഗമനം.

കേരളീയ വാര്‍ഷിക മഴ ലഭ്യത ശരാശരി 300 സെന്റീമീറ്ററാണെങ്കിലും പ്രതിവര്‍ഷം ഏകദേശം 1.43 മി. മീറ്റര്‍ വരെ ശോഷിച്ച് വരുന്നുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ തെളിയിക്കുന്നു. കാരണം മൊത്തം മഴയുടെ 60 ശതമാനം കാലവര്‍ഷമായും 25 ശതമാനം തുലാവര്‍ഷമായും ബാക്കി 15 ശതമാനം വേനല്‍ മഴയായുമുള്ള നമ്മുടെ പരമ്പരാഗത മഴലഭ്യതയില്‍ വേനല്‍-തുലാവര്‍ഷമഴയില്‍ വമ്പിച്ച അസ്ഥിരത നേരിട്ടതിനാല്‍ വേനല്‍ തുടക്കത്തിലേ നാം രൂക്ഷമായ ശുദ്ധജലക്ഷാമത്തില്‍ വഴുതിവീണു. അഥവാ കഴിഞ്ഞ ഇരുമാസങ്ങളില്‍ ലഭിക്കേണ്ട വേനല്‍മഴയില്‍ 47 ശമതാനത്തോളം തകര്‍ച്ച സംഭവിച്ചുവെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അതിലുപരി സാധാ വര്‍ഷമഴയുടെ സിംഹഭാഗവും പേമഴയായി പരിണമിക്കുന്നു. അഥവാ മഴ മണിക്കൂറില്‍ 50 മി.മീറ്റര്‍ മുതല്‍ 100 മീ. മീറ്റര്‍ എന്ന തോതില്‍ അതിശക്തമായതിനാല്‍ തല്‍ക്ഷണം മഴവെള്ളം കുത്തിയൊലിച്ച് പുഴകളിലും കടലുകളിലും ചെന്ന് പതിക്കുന്നു. ആയതിനാല്‍ മഴയുടെ അനുപാതത്തില്‍ ഭൂഗര്‍ഭ ജലത്തിന് സാരമായ ഗുണമുണ്ടാവുന്നില്ല.

രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും തമ്മില്‍ കൂടിച്ചേര്‍ന്നാല്‍ H2o  എന്ന ജലതന്‍മാത്ര സൃഷ്ടിക്കപ്പെടുന്നുവെന്ന് രസതന്ത്രത്തിലൂടെ കണ്ടറിഞ്ഞ നാം ജലവിനിയോഗ-സംരക്ഷണത്തിലും അതിനെതിരെയുള്ള സ്വര്‍ത്ഥ കയ്യേറ്റങ്ങളെ ചെറുക്കുന്നതിലും ബഹുദൂരം പിന്നിലാണ്. വ്യക്തിത്വ-ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കുമായി നാം സംഭരിക്കുന്ന പര്യാപ്ത ജലം, ലോക ജലസമ്പത്തിന്റെ നൂറില്‍ 3.5 ശതമാനം മാത്രമേയുള്ളൂവെന്നത് അതിശയോക്തമാണ്. അതായത് ഭൂമിയിലെ മൊത്തം ജലസമ്പത്തും ഒരു ലിറ്റര്‍ കുപ്പിയിലൊതുങ്ങുന്നതാണെന്ന് സങ്കല്‍പിച്ചാല്‍, അതിലൊരു കാല്‍ടീസ്പൂണ്‍ മാത്രമാണ് ഉപയോഗപ്രദമായ ശുദ്ധവെള്ളം. ബാക്കിയുള്ളവ ഉപ്പുജലവുമാണ്.

മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ആഗോള ജനസംഖ്യയുടെ 17 ശതമാനവും അധിവസിക്കുന്ന ഇന്ത്യയുടെ ശുദ്ധ നദീജല ഓഹരി തുച്ഛമായ നാലു ശതമാനംം മാത്രമാണ് എന്നിരിക്കെ നിലവിലെ ജലവിതരണ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ കാര്‍ഷിക നഗരവത്കരണങ്ങളുടെ ഭാഗമായി തുരക്കുന്ന വമ്പന്‍ കുഴല്‍ക്കിണറുകള്‍ വഴി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു പുറമെ ഭൂഗര്‍ഭ ജലചൂഷണം ്അനിയന്ത്രിതമായി നമുക്കിടയിലുണ്ട്. അതുപോലെ സൗജന്യ വൈദ്യുതിയടക്കമുള്ള സര്‍ക്കാര്‍ ജനപ്രിയ പദ്ധതികള്‍ നമ്മുടെ ഉപരിതല ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവകള്‍ പൊതുജനാവശ്യങ്ങള്‍ പൂവണിയിക്കുന്ന പദ്ധതികളാണെങ്കിലും ഗുണകരമായ പ്ലാനിംഗിന്റെ അഭാവം മൂലം നിര്‍മിക്കുക, സംരക്ഷിക്കുക എന്ന ശാസ്ത്രീയ തത്വത്തില്‍നിന്നും നിര്‍മിക്കുക, അവഗണിക്കുക, പുനര്‍നിര്‍മിക്കുക എന്ന അനൗചിത്യ നടപടിക്രമത്തിലേക്ക് പര്യവസാനിക്കുന്നു. തന്മൂലം ജൈജീവനാഡിയായ ജലസ്വത്ത് ശൂന്യതയുടെ പടുകുഴിയിലേക്ക് നിലംപതിക്കുന്നു.

ഭാവിയില്‍ ജീവഹാനി വരുത്തുന്ന വരള്‍ച്ചയെ അതിജീവിച്ച് ജലസമൃദ്ധി സുസ്ഥിരമാക്കണമെങ്കില്‍ ശാസ്ത്രീയ മഴവെള്ള സംഭരണികളും മഴജല ഭൂഗര്‍ഭത്തില്‍ ഊഴ്ന്നിറങ്ങുന്ന മഴക്കുഴികളും മറ്റുമാണ് പോംവഴി. സോമാലിയ അടക്കമുള്ള കൊടുംവരള്‍ച്ചാഭീഷണി നേരിടുന്ന ഇടങ്ങളില്‍, മരണത്തോട് മല്ലടിക്കുന്നവര്‍ക്കുപോലും തൊണ്ട നനയ്ക്കാന്‍ ഒരിറ്റ് ജലമില്ലാതെ പരക്കം പാഞ്ഞ് ഒടുക്കം സ്വശരീരങ്ങളെ സൂര്യതാപത്തിലൂടെ ബാഷ്പീകരണത്തിനിരയാക്കി. തന്മൂലം പുറംതള്ളിയ വിയര്‍പ്പ് കണങ്ങള്‍ വടിച്ചെടുത്ത്, മൃത്യുവരിക്കുന്ന സ്വന്തക്കാരുടെ നാവില്‍ തൊട്ട്‌കൊടുക്കുന്ന മനുഷ്യജന്മങ്ങളുടെ ദയനീയ രംഗങ്ങളറിയുമ്പോള്‍ തീര്‍ത്തും പ്രകൃതിയനുഗ്രഹത്താല്‍ നാം ഭാഗ്യവാന്മാരാണ്. അതിലേറെ ജലചൂഷണത്തില്‍ മാന്യത പുലര്‍ത്താത്തവരും. ഇവിടെയാണ് ഇളംപ്രായത്തിലേ നാം കേട്ടുപഴകിയ 'വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളികുടിക്കാനില്ലത്രെ' എന്ന ആംഗലേയ കവിയും ചിന്തകനുമായ സാമുവല്‍ കോള്‍റിഡ്ജിന്റെ വരികള്‍ അക്ഷരംപ്രതി അന്വര്‍ത്ഥകമാവുന്നത്. ആയതിനാല്‍ ശുദ്ധജല സമൃദ്ധമായ നല്ല നാളേക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കാം നമുക്ക്.

Keywords:  Article, water, Rain, Kasargod, Kerala, Environment, Earth, Draught, Hafiz Jabir Uduma,March 22, World water day

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia