ലൗജിഹാദ് നിഴല്‍ യുദ്ധവും ബീഫ്നിരോധന ഭീഷണിയും; ബീഫില്ലാതെ അരിയാഹാരം കഴിക്കുന്നവര്‍ക്കും ഈ യാഥാര്‍ത്ഥ്യങ്ങളറിയാം
സൂപ്പി വാണിമേല്‍
സാമുദായിക വിദ്വേഷം വിതക്കാന്‍ കര്‍ണ്ണാടകയുടെ മണ്ണ് തീരദേശ ജില്ലകള്‍ പോലെ പാകപ്പെടുത്തുക എന്നതാണ് ലൗജിഹാദ് നിഴല്‍ യുദ്ധം ലക്ഷ്യമിടുന്നത്. നേരത്തെ വളര്‍ത്തിയ വിഷച്ചെടികളെല്ലാം മഹാമാരിക്കിടയില്‍ മുളച്ചുപൊന്തിയ മാനവികതയുടെ സൗഹൃദ വനങ്ങളില്‍ നാമാവശേഷമാവുകയാണ്. കോവിഡ് രോഗികളോടും മരണാനന്തരവും സഹോദര സമുദായങ്ങള്‍ സ്വീകരിച്ച സമീപനം സംഘ്പരിവാറിന്റെ വിഭാഗീയ വിളകള്‍ മംഗളൂറുവില്‍ പോലും പതിരുകളാവുന്നതാണ് അനുഭവം.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ഫെബ്രുവരിയില്‍ സംഘ്പരിവാര്‍ അജണ്ടകള്‍ തുറന്നുകാട്ടി മംഗളൂറു റാലിയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം തീവ്ര ഹിന്ദുത്വ വാദികളുടെ കാപട്യം നേരനുഭവമായത് കോവിഡ് കാലത്താണ്.
കൊറോണ ബാധിച്ച് മരിച്ചവരെ ഉറ്റവര്‍ പോലും ഉപേക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ഒന്നിനേയും പരിസരത്തെങ്ങും കണ്ടില്ല. അതേസമയം ലൗ കൊവിഡ് ഡെഡ്‌ബോഡി ജിഹാദികള്‍ പി പി ഇ കിറ്റുകള്‍ ധരിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ രംഗങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ വോട്ടുകള്‍ ചെയ്ത കൈകള്‍ നെഞ്ചത്തുവെച്ചവര്‍ വരെ സാക്ഷികളായി. ആ നേരങ്ങളിലെ നെടുവീര്‍പ്പുകള്‍ മാനവികതയുടെ മാരുതനായി തീരങ്ങളിലും മലനിരകളിലും സമതലങ്ങളിലും ശീതളിമ പകരുകയാണ്. ശേഷക്രിയകള്‍, ആഹാരം എത്തിക്കല്‍, വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരല്‍ തുടങ്ങിമനുഷ്യത്വം തുടിച്ച അനേകം അനുഭവങ്ങളാണ് കോവിഡ് കാല സംഭാവന.
എട്ട് നിയമസഭ മണ്ഡലങ്ങളില്‍ ഏഴും പ്രതിനിധാനം ചെയ്യുന്ന, ബി ജെ പി കര്‍ണ്ണാടക സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ നളിന്‍ കുമാര്‍ കട്ടീല്‍ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കന്നട ജില്ലയില്‍ സംഘ്പരിവാറിന്റെ ആണൊരുത്തന്‍ പോലും ചെന്നില്ല മംഗളൂറു വൃദ്ധസദനത്തില്‍ കോവിഡ് ബാധിച്ച് മരിച്ച വേണുഗോപാല്‍ റാവു(62)വിന്റെ മൃതദേഹം സംസ്‌കരിക്കാന്‍. വിവരം അറിഞ്ഞ് പൊലീസ് അനുമതിയോടെ ഹൈന്ദവാചാരപ്രകാരം ആ വയോധികന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് മംഗളൂറുവിലെ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് ആസിഫും സുഹൃത്തുക്കളുമാണ്.
തുമകൂറു ജില്ലയില്‍ തിലക് പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെ എച്ച് ബി കോളനിയിലെ നാരായണ റാവുവിന്റെ(60)മൃതദേഹം മുസ്‌ലിം സഹോദരന്മാര്‍ സംസ്‌കരിച്ചതിന്റേയും കരുതലിന്റേയും ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ മകന്‍എച്ച് എന്‍ പുനീത് കുമാറിന്റെ കണ്ണുകളില്‍ നിന്നുതിരുന്ന ചുടകണങ്ങള്‍ കപട ഹിന്ദു സ്‌നേഹികളെ ഒട്ടൊന്നുമല്ല പൊള്ളിക്കുന്നത്.
അച്ഛനെ അന്ത്യകര്‍മ്മങ്ങള്‍ക്കായി അവര്‍ കൊണ്ടുപോവുമ്പോള്‍ 5000 രൂപ തന്നു. ഭയന്നും സങ്കടപ്പെട്ടും കഴിഞ്ഞ ആ രാത്രി പുലരും വരെ അവര്‍ ഞങ്ങള്‍ക്ക് കാവലിരുന്നു. വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരുകയും ചെയ്തു-പുനീത് പറയുന്നു. തയ്യല്‍ ജോലി ചെയ്ത് ജീവിക്കുന്ന വികലാംഗനായിരുന്നു നാരായണ റാവു. ഒരു കോവിഡ് മരണം സംഭവിച്ചതിനെത്തുടര്‍ന്ന് കോളനി അടച്ചിട്ട വേളയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്ത്യം സംഭവിച്ചതിന്റെ നാലുദിവസം മുമ്പ് നെഗറ്റീവായെങ്കിലും പേടി കാരണം ആരും തിരിഞ്ഞുനോക്കിയില്ല.
വിവരം ലഭിച്ചയുടന്‍ പുനീത് കുമാറിന്റെ സുഹൃത്ത് മുഹമ്മദ് ഖാലിദ് കുതിച്ചെത്തുകയായിരുന്നു. പുനീതിനെ കണ്ട ശേഷം തന്റെ കൂട്ടുകാരായ ഇംറാന്‍, ടിപ്പു, ഷേരു, ശാറൂഖ്, തൗഫീഖ്, മന്‍സൂര്‍ എന്നിവരെ സംഘടിപ്പിച്ചു. കൈയില്‍ പണമുണ്ടായിരുന്ന ഇംറാന്‍ 5000 രൂപയെടുത്ത് മരിച്ചയാളുടെ കുടുംബത്തിന് നല്‍കി. തുടര്‍ന്ന് ഹൈന്ദവാചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ കോവിഡ് പ്രൊട്ടകോള്‍ പാലിച്ച് നടത്തി.
സംഘ്പരിവാര്‍ പരത്തിയ തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊണ്ടേപോവുന്ന അവസ്ഥയിലാണ് ലൗജിഹാദ് എന്ന അന്വേഷണ ഏജന്‍സികള്‍ തള്ളിയ എലിക്കുഞ്ഞിന് മല ജന്മം നല്‍കിയതും അരുമയോടെ തലോടുന്നതും. കേരള, കര്‍ണ്ണാടക പൊലീസ് അന്വേഷിച്ച് കണ്ടെത്തിയത് ലൗജിഹാദ് എന്ന ഒന്ന് ഇല്ലെന്നാണ്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനുള്ള ഉപകരണമാണ് ലൗജിഹാദ് പ്രചാരണം എന്നാണ് എന്‍ ഐ എയുടെ നിഗമനം. ലൗജിഹാദ് സംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മോഷ്ടിച്ച കന്നുകുട്ടിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുവരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞ് കൈയോടെ ഏല്പിച്ചിട്ടും പൊലീസ് കേസെടുക്കാത്ത മംഗളൂറുവില്‍ യോഗം ചേര്‍ന്നാണ് കാലിക്കശാപ്പും ബീഫും നിരോധിക്കാന്‍ നിര്‍ദ്ദേശം എന്ന മറ്റൊരു എലിക്കുഞ്ഞിനെ പെറ്റതെന്നതാണ് വിചിത്രം. ബലിപെരുന്നാള്‍ ആഘോഷ മുന്നോടിയായി നടക്കുന്ന കാലിക്കടത്തുകള്‍ തടയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല, പൊലീസിന്റെ ജോലി സംഘടനകള്‍ ഏറ്റെടുത്താല്‍ നടപടിയുണ്ടാവും എന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിച്ചിറങ്ങിയ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ (കളക്ടര്‍) സിന്ധു രൂപേഷിന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത് മംഗളൂറുവിലാണെന്നിരിക്കെ ഇനി എന്ത് നിയമമാണ് കൊണ്ടുവരാനുള്ളത് എന്ന ചോദ്യമുയരാം.
മംഗളൂറുവിലെ കാലിക്കച്ചവടക്കാരന്‍ ഹുസൈനബയെ(61) പെഡൂരില്‍ സംഘ്പരിവാറും പൊലീസും ചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തില്‍ ഹിരിയടുക്ക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി എന്‍ കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ മോഹന്‍ കൊട്വാള്‍ എന്നിവര്‍ കൂട്ടുപ്രതികളാണെന്നതും ബീഫില്ലാതെ അരിയാഹാരം കഴിക്കുന്നവര്‍ക്കുമറിയാം.
Keywords: BJP, Love, Pinarayi-Vijayan, Article, Love jihad Shadow War and Beef Prohibition Threat.