city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിറച്ചാര്‍ത്ത്

ഡോ. ഫംസീദ ടി പി പട്‌ള

(www.kasargodvartha.com 06.06.2020) ഉറക്കത്തിന്റെ കൂടൊഴിഞ്ഞ് കണ്ണു തിരുമ്മിയെണീറ്റപ്പോഴാണ് മൊബൈലില്‍ കിളി ചിലച്ചത്. മെസേജിന്റെ റിങ്‌ടോണ്‍. വാട്‌സ്ആപ്പിന്റെ വാതായനത്തില്‍ ഹായ് എന്ന ആമുഖത്തോടെ അയച്ച മെസേജോടു കൂടിയുള്ള തുടക്കം. അതിന് ചുവടെയുള്ള പേര് ഭൂതകാലത്തിന്റെ നിമിഷങ്ങളിലേക്ക് ക്ഷിപ്രപ്രയാണം നടത്തിച്ചു.

''ഉമ്മാ... ദേ ഈ മെസ്സേജ്  നോക്കിയേ... ഇനായാന്റെ ഇതു പോലെ പിടിച്ചിരിക്കുന്ന ഫോട്ടോ അയക്ക്.''
Stay home എന്നെഴുതി വെച്ച കാര്‍ഡ് ബോര്‍ഡുമായി പിടിച്ച് നില്‍ക്കുന്ന കുട്ടിയെ മെന്‍ഷന്‍ ചെയ്ത് അവള്‍ ആവശ്യപ്പെട്ടു. ഇപ്പോ ട്രെന്‍ഡിങ് ആയിട്ടുള്ള ഫോട്ടോ കൊളാഷിന്റെ ഭാഗമായുള്ള പരിപാടിയാണ്.
''ഓ.. കെ..''
ചിരിക്കുന്ന സ്‌മൈലി ദാനമായി നല്‍കി.

മേല്‍പറഞ്ഞ സംഭവം ഒരുക്കുന്നതിന് വേണ്ടി പേപ്പറും കത്രികയും വെച്ച് കോപ്പ് കൂട്ടുന്നതിനിടയില്‍ പതിവ് സംശയങ്ങളുടെ ഭാഗമെന്നോണം ഓരോന്ന് ചോദിച്ച് അവള്‍ എന്റെ ഓരം പറ്റി നിന്നു.
''എന്റെ ഹോം വര്‍ക്ക് എഴുതുന്നതാണോ?'
ചുരുണ്ട മുടി പിടിച്ച് കിണുങ്ങി അവള്‍ ചോദിച്ചു.
കാര്യങ്ങള്‍ സംഭവബഹുലമായി വിവരിച്ചു കൊടുക്കുന്നതിനിടയില്‍ ഇടയ്‌ക്കൊന്നു ചോദിച്ചു:
'' കൊറോണ എന്താന്നറിയോ? ''
''ഉമ്മക്കറിയില്ലേ? അതൊരു വൈറസാണ്.'
ഒട്ടും സങ്കോചമില്ലാതെയുള്ള മറുപടിയില്‍ ഞാനൊന്നത്ഭുതപ്പെട്ടു.
'' നിനക്ക് വേറെ എന്തൊക്കെ അറിയാം ?''
''മൊബൈലില്‍ കണ്ടതല്ലെ ? കൊറോണ വന്നാല്‍ പനി വരും. പപ്പാക്ക് മസ്‌കറ്റ്ന്ന് വരാന്‍ പറ്റുവോ. ? ഇങ്ങോട്ടേക്ക് ഫ്‌ലൈറ്റ് ഇല്ലല്ലോ? എന്റെ വെക്കേഷന് വരാമെന്ന് പപ്പ പറഞ്ഞതല്ലേ.. എന്നിട്ട്''
ദേഷ്യം കൊണ്ടവളുടെ മുഖം തുടുത്തു. തുടര്‍ന്ന് അവളുടേതായ ആഖ്യാനരീതിയില്‍ കൊറോണയെ കുറിച്ച് എനിക്ക് കയ് മെയ് കാട്ടി
വിവരിച്ചുതന്നു.

നിറച്ചാര്‍ത്ത്


എന്റെ മൊബൈലെടുത്ത് കുത്തി കുറിക്കുന്നതിനിടയില്‍ ഈ വിവരങ്ങളൊക്കെയും അവള്‍ മനസിലാക്കിയിരിക്കുന്നുവെന്ന് അന്താളിപ്പോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ശബ്ദങ്ങളുടെ ആരവങ്ങളില്ലാത്ത റോഡ് ചൂണ്ടിക്കാട്ടി ലോക് ഡൗണിനെ കുറിച്ച് എനിക്കവള്‍ കുഞ്ഞുവായില്‍ വിവരിച്ചു. മൂന്നു മാസത്തെ അടച്ചിരിപ്പ് ആ അഞ്ചു വയസുകാരിയിലുണ്ടായ ചിന്തകളുടെ മാറ്റങ്ങള്‍ ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ഉള്‍ക്കൊള്ളിക്കുവാനും പോന്നതായിരുന്നുവെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു.

കാത്തു കാത്തിരുന്ന വേനലവധിയിലെ പപ്പയോടൊപ്പമുള്ള ബീച്ചില്‍ പോക്കും പാര്‍ക്കിലെ കളികളും മറ്റും മറ്റും നഷ്ടപ്പെട്ടതിലുള്ള രോഷം ആ മുഖത്ത് നിന്ന് ഞാന്‍ ത്സടുതിയില്‍ വായിച്ചെടുത്തു. എന്തിനും പോന്ന മനുഷ്യനെ കണ്ണിനു പോലും അപ്രാപ്യമില്ലാത്ത അണുക്കള്‍ വരുതിയിലാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ലോകത്തെങ്ങും ഭീമമായ നഷ്ടങ്ങളുടെ നിരക്ക് മാത്രം. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ നിന്ന് സുരക്ഷിതരാണെങ്കിലും ഇനായയെ പോലെയുള്ള കുട്ടികളുടെ ലോകം ഇരുളടഞ്ഞത് വലിയ സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത്.
നിറച്ചാര്‍ത്ത്

വേനലവധി. അതവരുടെ ലോകമാണ്. അവരുടേത് മാത്രമായത്. ചിരിച്ച് കളിച്ചുല്ലസിച്ച് നടക്കേണ്ട നാളുകള്‍. പുസ്തകങ്ങളുടെ പിറകെപ്പാച്ചിലില്ലാതെ, ഹോം വര്‍ക്കുകളുടെ അലട്ടലുകളില്ലാതെയുള്ള കുറച്ച് ദിനങ്ങള്‍. ആ നിമിഷങ്ങളുടെ വീണ്ടെടുപ്പിന് കൊതിച്ചിരിക്കുന്ന കുട്ടികളെ എത്ര നാളിങ്ങനെ കാഴ്ച്ചപ്പെട്ടി (TV)ക്ക് മുന്നില്‍ തളച്ചിടാന്‍ പറ്റും?

മുറിച്ച് വെച്ച കഷ്ണങ്ങളില്‍ ഞാന്‍ എഴുതാന്‍ പോകുന്ന വാക്യം മനസില്‍ നൂറാവര്‍ത്തി വായിച്ചു.

STAY HOME

ഒരു ബോധോദയം വന്നുദിച്ചത് പോലെ പെട്ടെന്ന് കൈകള്‍ കട്ടിലില്‍ കിടന്ന ഫോണിലേക്ക് നീണ്ടു. വിരലുകള്‍ ഞൊടിയിടയില്‍ മുമ്പ് മെസേജയച്ച ചങ്ങാതിയിലേക്ക് നയിച്ചു. ടിക് ടിക് ശബ്ദത്തിന്റെ അകമ്പടിയോടെ മംഗ്ലീഷില്‍ സന്ദേശം അയച്ചു.
' പറ്റുമെങ്കില്‍ എന്നെ ഒഴിവാക്കണം. എനിക്കിത്തിരി തിരക്കുണ്ട്. സോറി.''
ഒപ്പം കൈകൂപ്പിയുള്ള രണ്ട് സ്‌മൈയിലി.
വെട്ടിയൊതുക്കിയ കടലാസുകഷ്ണങ്ങളിലേക്ക് ഒന്ന് നോക്കി. പിന്നെ തവിട്ടു നിറമുള്ള മതിലിലേക്ക്.
''ഇനായാ...''
''എന്തേ ഉമ്മാ ''
''നമ്മള്‍ക്ക് ഇവിടെ പാര്‍ക്ക് ഉണ്ടാക്കിയാലോ.... ''
തിരിഞ്ഞു നോക്കുമ്പോള്‍ പ്രഭാത സൂര്യന്റെ ചിരിയുമായി അവള്‍ പതിവിലും കൂടുതല്‍ ഉത്സാഹത്തോടെ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് കണ്ടു.

നിറച്ചാര്‍ത്ത്

Keywords:  Article, Child, Trending, Top-Headlines, Lock down experience by Dr. Faseeda TP Patla
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia