city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. എസ്സിന്റെ ഫോട്ടോ എന്ന സാഹസം

കെ. ടി. ഹസന്‍

(www.kasargodvartha.com 23/11/2015) 2
012 ഡിസംബര്‍ 30ന് മൗലവി സുലൈമാന്‍ച്ച മരിച്ചിട്ട് ഒരു കൊല്ലം തികയും. അന്നേയ്ക്ക്, മാധ്യമമേഖലയുടെ ഉറ്റബന്ധുവായിരുന്ന അദ്ദേഹത്തിന് ഒരു സ്മൃതിപത്രം തയാറാക്കണമെന്ന് കാസര്‍കോട് വാര്‍ത്തയ്ക്ക് ആഗ്രഹം. സുലൈമാന്‍ച്ചാനെ അടുത്തറിഞ്ഞ ആളെന്ന നിലയില്‍ പതിപ്പിന്റെ ഉത്തരവാദിത്തം സ്‌നേഹനിര്‍ബന്ധത്താല്‍ ഈയുള്ളവന്‍ ഏറ്റെടുത്തു.

കുറഞ്ഞ ദിവസങ്ങളേ മുന്നിലുണ്ടായിരുന്നുള്ളൂ. പല തുറകളില്‍ നിന്നായി എഴുപത്തഞ്ചിലേറെ മഹത്തുക്കള്‍ സുലൈമാന്‍ച്ചാനെ വീക്ഷിക്കുന്ന ചെറുപതിപ്പാണ് യാഥാര്‍ഥ്യമാക്കിയത്. പത്രികയിലേയ്ക്ക് നമ്മള്‍ ചാര്‍ട്ടു ചെയ്തതില്‍ ഒരാള്‍, ഇന്നന്തരിച്ച കെ. എസ്. സുലൈമാന്‍ ഹാജി സാഹിബായിരുന്നു.

രണ്ടു സുലൈമാന്‍ സാഹിബുമാരും തമ്മില്‍ ആഴത്തിലുള്ള ബന്ധമായിരുന്നു. കാസര്‍കോടിന്റെ സാമൂഹികജീവിതത്തില്‍ ഒരിക്കല്‍ തലപ്പത്തു സ്ഥാനമലങ്കരിച്ചിരുന്ന കെ. എസ്. സുലൈമാന്‍ ഹാജിയെ ഏറെ സ്‌നേഹാദരങ്ങളോടെയാണ് എന്‍. എ. സുലൈമാന്‍ സാഹിബ് നോക്കിക്കണ്ടിരുന്നത്. തിരിച്ചും നന്നേ കരുണാര്‍ദ്രമായ ഇഴയടുപ്പം. അപ്പോള്‍ എന്‍. എയെക്കുറിച്ചുള്ള പത്രികയില്‍ കെ. എസ്സിനൊരിടം തീര്‍ച്ചയായും വേണം. പക്ഷേ പൊതുജീവിതത്തിന്റെ ഭൗതികമായ കാര്യങ്ങളില്‍ വിരക്തനായി മാറിക്കഴിഞ്ഞ കെ. എസ്സിനെ എങ്ങനെ ഒരഭിമുഖത്തിനു ലഭിക്കും? പത്രം, ഇന്റര്‍വ്യൂ എന്നൊക്കെ കേട്ടാല്‍ അദ്ദേഹം ഒഴിഞ്ഞുമാറുമെന്നു തീര്‍ച്ചയാണ്.

ഒരു സഹായിയെയും കൂട്ടി വീട്ടില്‍പോയി നോക്കി. കിട്ടിയില്ല. പിന്നെയും ശ്രമം. അനാരോഗ്യം നിമിത്തം സംസാരിക്കാവതല്ല.

ഏതാനും ദിവസമേ പത്രിക പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളൂ. അന്വേഷണത്തില്‍ അറിഞ്ഞു, അല്പമെങ്കിലും യാത്രചെയ്യാന്‍ ആവതുണ്ടെങ്കില്‍, അദ്ദേഹം ആഴ്ചയ്‌ക്കൊരിക്കല്‍ അന്‍സാര്‍ പള്ളിയില്‍ എത്താറുണ്ടെന്ന്. ഞാന്‍ മൗലവി സുലൈമാന്‍ച്ചാന്റെ ജ്യേഷ്ഠന്‍ കറമുള്ള ഹാജിയെ കണ്ട്, ശട്ടം കെട്ടി. ഞാന്‍ പള്ളിയില്‍ വരും, താങ്കളെനിക്ക് കെ. എസ്സുമായി സംസാരിക്കാന്‍ ഒരു സാഹചര്യം സൃഷ്ടിച്ചുതന്നാല്‍ മതി. വിഷയത്തിലേയ്ക്കു കൊണ്ടുപോകുന്ന കാര്യം ഞാനേറ്റു.

സംഗതിയേറ്റു. എന്‍. എ. സുലൈമാന്റെ വിയോഗം എത്ര വലിയ നഷ്ടമാണെന്നദ്ദേഹം ഹൃദയസ്പര്‍ശിയായി വിവരിച്ചു. പത്രത്തില്‍ കൊടുക്കാന്‍ കെ. എസ്സിന്റെ ഫോട്ടോ വേണം. പള്ളിയുടെ ആത്മീയസദസ്സില്‍ ഫോട്ടോയെടുപ്പ് അപമര്യാദയാവുമല്ലോ. ഞാനതിനു മുതിര്‍ന്നില്ല. ഫോട്ടോ എങ്ങനെയെങ്കിലും കിട്ടുമല്ലോ.

അയ്യടാ! കാസര്‍കോട് വാര്‍ത്തയുടെ ഫയലില്‍ സുലൈമാന്‍ ഹാജിക്കയുടെ ഫോട്ടോയില്ല. അദ്ദേഹം ഭൗതിക പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷമാണല്ലോ കാസര്‍കോട് വാര്‍ത്ത ആരംഭിക്കുന്നത്. ഉത്തരദേശത്തില്‍ തിരക്കി. അവിടെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് പടമുണ്ട്. എന്നാല്‍ കെ. എസ്സിന്റെ സമകാലികരൂപവുമായി അതിനു നല്ല വ്യത്യാസം.

അങ്ങനെയാണ് കെ. എസ്സിന്റെ ഫോട്ടോയെടുപ്പ് എന്ന സാഹസത്തിനു മുതിരുന്നത്. എന്റെ ശിഷ്യനും കാസര്‍കോട് വാര്‍ത്തയുടെ ഫോട്ടോഗ്രഫറുമായ നിയാസൊന്നിച്ച് വീട്ടില്‍പോയി. ഒന്നുരണ്ടുവട്ടം വെറുതെയായി. പിന്നെയും പോയി. അദ്ദേഹത്തിന്റെ പത്‌നിയെ അനുനയിപ്പിച്ചു. സൂക്ഷിച്ചുവയ്ക്കാന്‍ ഫോട്ടോ എന്ന പ്രാധാന്യം അവരെ ബോധ്യപ്പെടുത്തി. ഇപ്പോഴൊരു ഫോട്ടോ ഒത്താല്‍ പത്രക്കാര്‍ക്കെല്ലാം എക്കാലത്തേക്കും കരുതിവയ്ക്കാന്‍ അതുമതിയാകും. അവരുടെ ഒത്താശയോടെ ഫോട്ടോയെടുപ്പൊത്തു.

അലങ്കാരങ്ങളൊന്നുമില്ലാതെ, ബനിയനിട്ട് ജനാബ് കെ. എസ് പ്രത്യക്ഷനായി. നിയാസിന്റെ ക്യാമറ പല ആംഗിളുകളില്‍ ബട്ടണമര്‍ത്തി. ഒരു മഹല്‍ജീവിതത്തെ ചരിത്രത്തിന്റെ ഏടുകളില്‍ ഈടുവയ്ക്കാന്‍, അന്തിമദശകത്തിന്റെ സാക്ഷ്യമായി, അന്ത്യാഞ്ജലിക്കൊപ്പം ആ ഫോട്ടോ സമര്‍പ്പിക്കുന്നു.

കെ. എസ്സിന്റെ ഫോട്ടോ എന്ന സാഹസം

Keywords:  Article, K.T. Hassan,  KS Sulaiman,  KS Sulaiman Haji article by KT Hassan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia