city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറുപതിലെത്തിയ എന്റെ കേരളം: കൈവിട്ടുപോയ നാട്ടുനന്മകള്‍

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.11.2016) കാലം മാറുമ്പോള്‍ കോലം മാറും. എന്റെ അഞ്ചാം വയസ്സിലാണ് കേരളം പിറന്നത്. ഞാന്‍ ഒന്നാം ക്ലാസുകാരനായി സ്‌കൂളില്‍ ചേര്‍ന്ന വര്‍ഷമാണ് കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യമന്ത്രിസഭ ഉണ്ടാവുന്നത്. 1956 നവംമ്പര്‍ ഒന്നിനാണ് കേരളം പിറന്നത്. 1950 നവംബര്‍ എട്ടിന് ഞാനും പിറന്നുവീണു. അന്ന് കേരളത്തെക്കുറിച്ചൊന്നുമെനിക്കറിയില്ല.

എന്റെ കൊച്ചുഗ്രാമം കൂക്കാനവും, ഓലാട്ട് സ്‌കൂളിലേക്ക് പോകുന്ന വഴിക്കുള്ള പ്രദേശങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 20 കരിവെള്ളൂര്‍ രക്തസാക്ഷിദിനത്തിന് ഓണക്കുന്നിലേക്കു ചെല്ലുന്ന വഴിയും അറിയും. അക്കാലത്തെ പറമ്പുകള്‍ക്കൊന്നും മതിലുകളുണ്ടായിരുന്നില്ല എന്ന ഓര്‍മ്മ മനസ്സിലുണ്ട്. നടവഴികളുണ്ടെങ്കിലും ഏത് പറമ്പിലേയും നടന്നുപോകാം. നെല്ലിക്കയും, മാങ്ങയും, വാളം പുളിയും എറിഞ്ഞു വീഴ്ത്താം. അവ തിന്നുന്നതും കീശനിറച്ചു കൊണ്ടുവന്നതും നല്ല ഓര്‍മ്മയുണ്ട്. ദാഹം തോന്നുമ്പോള്‍ ഏത് വീട്ടുമുറ്റത്തെയും കിണറരികില്‍ ചെന്ന് വെള്ളം കോരിക്കുടിക്കാം. പല വീടുകളിലും സമ്പാരം ( മോരുവെള്ളം) ലഭിക്കുമായിരുന്നു.

വേര്‍തിരിവുകളില്ലാതിരുന്നൊരു നല്ല ഇന്നലെകളാണ് അറുപത് വര്‍ഷത്തിനപ്പുറത്തേക്ക് കണ്ണോടിക്കുമ്പോള്‍ കാണാന്‍ പറ്റുന്നത്. ഇന്നോ മതിലുകളാണെങ്ങും. മറ്റു പറമ്പുകളിലേക്കൊന്നും കയറിച്ചെല്ലാന്‍ പറ്റില്ല. മാവും, പുളിയും, നെല്ലിക്കയും അതാത് വീട്ടുകാരുടെ സ്വന്തം. മുട്ടോളമെത്തുന്ന മുണ്ടും, തലയിലൊരു തൊപ്പിപ്പാളയും അരയിലൊരു പിച്ചാത്തിയും, ചെവിമടക്കില്‍ ബീഡികുറ്റിയും വെച്ചു യഥേഷ്ടം നടന്നുനീങ്ങുകയോ, ജോലിയെടുക്കുകയോ ചെയ്യുന്ന പുരുഷന്മാരെ മാത്രമെ അന്നു കണ്ടുമുട്ടൂ. അരയിലൊരു പുടവയുടുത്ത് ജോലി ചെയ്യുന്ന മധ്യവയസ്‌ക്കരായ സ്ത്രീകളും, മുലക്കച്ചകെട്ടി പുറത്തിറങ്ങുന്ന യുവതികളെയും കാണാം.

ഇന്നിപ്പോള്‍ വസ്ത്ര ധാരണ രീതിയേ മാറിയില്ലേ? എല്ലാം പളുപളുപ്പായി മാറി. പതുപതുപ്പ് പുറത്തും ഉള്ള് കടുപ്പവുമാണ് ന്യൂജന്‍സിന്. പഴയ ആളുകളുടെ പുറമേ കാണുന്ന കാഴ്ച പരുപരുപ്പായിരുന്നെങ്കിലും ഉള്ളകം പതുപതുപ്പായിരുന്നു. പരസ്പരം സഹായിക്കാനും സഹകരിക്കാനും മനസ്സുള്ളവര്‍. മതിലുകെട്ടിയുയര്‍ത്തിയ വീട്ടുപറമ്പുപോലെ മനസ്സും ഇടുങ്ങിയതായി മാറി. പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചു വന്നവര്‍, തീക്കനല്‍ പോലും പരസ്പരം പങ്കുവെച്ച് ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പുകൂട്ടിയവര്‍, ചാണകം മെഴുകിയ മുറ്റത്തിരുന്ന് അന്യോന്യം കിസ പറഞ്ഞുരസിച്ച അയല്‍പക്കക്കാര്‍.

അതൊന്നും ഇന്ന് കണികാണാന്‍ പോലും പറ്റില്ല. നെല്ല് കൊയ്തു കറ്റകെട്ടി തലച്ചുമടായി കൊണ്ടു വന്ന് വീട്ടുമുറ്റത്ത് ശക്തിയോടെ ഇടും. അതില്‍ നിന്ന് തലമണി ഉതിരും. അത് അയല്‍പക്ക കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. ഉതിര്‍ന്ന നെന്മണികള്‍ അടിച്ചുകൂട്ടി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കും. അതിനെ തലപ്പൊലി എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് അത്തരം കാഴ്ചകള്‍ കാണാനോ, കുട്ടികള്‍ക്ക് അനുഭവിച്ചറിയാനോ അവസരമില്ലാതായി...

ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും പഴഞ്ചന്‍ രീതിയെന്ന് ഇന്ന് വിളിച്ചാക്ഷേപിക്കുന്ന അന്നത്തെ സ്‌നേഹ കൂട്ടായ്മകളും കാര്‍ഷിക പൈതൃകവും അന്യം നിന്നു പോയി. അറുപത് വര്‍ഷം കൊണ്ട് നാമെത്തിനില്‍ക്കുന്നത് പരിഷ്‌ക്കാരത്തിന്റെ നെറുകയിലാണ്. ഇനി ഇതില്‍നിന്നൊക്കെയുള്ള ഒരു തിരിച്ചു പോക്കേ ഉണ്ടാവൂ. അത് പഴയ രീതിയിലേക്കായിരിക്കുമോ അതോ വേറൊരു പരിഷ്‌ക്കാര വഴിയായിരിക്കുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. ഗ്രാമത്തിലെ ഇടവഴികളൊക്കെ പോയി ടാറിട്ട ചുട്ടുപൊള്ളുന്ന റോഡായി മാറി. വാഹനങ്ങളുടെ പെരുമഴക്കാലമാണിപ്പോള്‍. റോഡ് നിറച്ചും വാഹനങ്ങള്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടുന്നു. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും റോഡും വഴിയോരങ്ങളും ജനനിബിഡവും വാഹന നിബിഡവുമായി.

കേരളപ്പിറവി കൊണ്ട ആദ്യകാലങ്ങളില്‍ വീട്ടുപറമ്പിലെ തെങ്ങ് ചെത്തി കള്ളുകുടിക്കുന്ന സ്ഥിതിയായിരുന്നു. കശുവണ്ടി സീസണില്‍ കശുമാങ്ങ വാറ്റി റാക്കുണ്ടാക്കി കുടിക്കുമായിരുന്നു. അതാതാളുടെ വീട്ടില്‍ വെച്ച് മാത്രം അതകത്താക്കുകയും ശല്യമില്ലാതെ കിടന്നുറങ്ങുകയും ചെയ്യുന്ന ഗ്രാമന്തരീക്ഷമുണ്ടായിരുന്നു നമുക്ക്. അത് മാറി നൂറ് കണക്കിന് ആളുകള്‍ ക്യൂനില്‍ക്കുന്ന ബിവറേജ് ഔട്ട് ലെറ്റുകള്‍... കടകള്‍ തോറും സുലഭമായി ലഭിക്കുന്ന ലഹരി വസ്തുക്കള്‍... ഇതാണ് അറുപതിലെത്തിയ കേരളക്കാഴ്ച... ലഹരിക്കടിമപ്പെട്ടുകൊണ്ടിരിക്കുന്ന യുവത്വം.

44 നദികളുടെ സ്വര്‍ഗ്ഗഭൂവായിരുന്നു കേരളം. ഇന്ന് പേരിന് നദികളുണ്ട്. അതില്‍ ഒഴുകിക്കൊണ്ടിരുന്നു തെളിനീര് വറ്റിത്തുടങ്ങി. പലതും വരണ്ടുണങ്ങി. നിരനിരയായി നിരന്നു നിന്ന കുന്നുകള്‍ എല്ലാം അപ്രത്യക്ഷമായി. കുന്നെല്ലാം കുഴികളായി മാറി. കുന്നിന്റെ പേര് ചേര്‍ത്തായിരുന്നു നാടിന് പേരുണ്ടായിരുന്നത്. പാലക്കുന്ന്, ചേടിക്കുന്ന്, ഓണക്കുന്ന്, ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങളൊക്കെ ആ പേരില്‍ തന്നെ നിലനില്‍ക്കുന്നു. പക്ഷേ കുന്നിന്റെ സ്ഥാനം കുഴികള്‍ കയ്യടക്കി. കാലികളെ കുന്നിന്‍ പുറത്തേക്ക് മേയ്ക്കാന്‍ കൊണ്ടുപോയത് സുന്ദരമായ ഓര്‍മ്മകളായിരുന്നു. വിശാലമായ കുന്നിന്‍ ചെരുവിലും, കുന്നിന്‍ മുകളിലും തളിര്‍ത്തു നില്‍ക്കുന്ന പുല്ല്‌മേഞ്ഞാണ് കാലികള്‍ വളര്‍ന്നത്. വൈകിട്ട് അവയെ വീട്ടുപറമ്പുകളിലേക്ക് തെളിച്ചു കൊണ്ടുവന്നിരുന്നത് കുഞ്ഞുങ്ങളായ ഞങ്ങളായിരുന്നു. അതെല്ലാം മാറി. അഥവാ അത്തരം സംവിധാനങ്ങള്‍ കാണാന്‍ ഭാഗ്യമില്ലാത്തവരായി ഇന്നത്തെ കേരളീയ കുഞ്ഞുങ്ങള്‍...

കേരളീയ മക്കള്‍ക്ക് അറബിക്കടല്‍ കനിഞ്ഞു നല്‍കിയ മത്സ്യങ്ങളെല്ലാം ഇന്ന് കിട്ടാക്കനിയായി. വൈകുന്നേരങ്ങളില്‍ പടിഞ്ഞാറന്‍ ഭാഗത്തെ മേഘങ്ങള്‍ ചുവപ്പണിഞ്ഞാല്‍ മീന്‍ സമ്പത്ത് കടലില്‍ റെഡിയായിയെന്ന് അക്കാലത്തുള്ളവര്‍ പറയുമായിരുന്നു. കടപ്പുറത്തുനിന്ന് കൂട്ടയില്‍ നിറയെ മത്തിയും, ഐലയും, മുള്ളനും, ചെറുമീനുകളും മറ്റുമായി മത്സ്യ വില്‍പന നടത്തുന്ന സ്ത്രീകള്‍ ഗ്രാമ വീഥികളിലും മറ്റും നിറഞ്ഞ് നില്‍ക്കുമായിരുന്ന കാഴ്ച ഓര്‍മ്മിച്ചു പോവുന്നു. വലിയ നെയ്മത്തി വാങ്ങി ചുള്ളിക്കമ്പ് കൂട്ടിക്കത്തിച്ച് ചുട്ടുതിന്നുന്ന ചെറുപ്പക്കാരെയും അക്കാലത്ത് ഗ്രാമത്തില്‍ കാണാമായിരുന്നു. ഇന്ന് കേരളക്കരയിലുള്ളവര്‍ക്ക് അത്തരം ഫ്രഷ് ആയിട്ടുള്ള സാധാരണക്കാര്‍ ഭക്ഷിക്കുന്ന മത്സ്യം കാണാനേ പറ്റുന്നില്ല. ഒമാന്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കടല്‍ മത്സ്യങ്ങള്‍ ദിവസങ്ങളോളം ഐസിലിട്ട് സൂക്ഷിച്ച മത്സ്യം കഴിക്കാന്‍ മാത്രം ഭാഗ്യം കെട്ടവരായി അറുപതിലെത്തിയ കേരളത്തിലെ ജനത.

കേരള സംസ്ഥാന രൂപികരണ കാലത്തുണ്ടായ ജില്ലകളും, താലൂക്കുകളും, വികസന ബ്ലോക്കുകളും, ഗ്രാമപഞ്ചായത്തുകളും, വില്ലേജുകളും ഒക്കെ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആറ് കോര്‍പ്പറേഷനുകളും, 57 മുനിസിപ്പാലിറ്റികളും 152 ബ്ലോക്കുപഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളും ഉണ്ടായി. മൂന്നു കോടിയില്‍പരം ജനങ്ങളുണ്ട് അറുപതിലെത്തിയ കേരളത്തില്‍. സ്വാമിവിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചാക്ഷേപിച്ച കേരളം ഇന്ന് പതിന്മടങ്ങ് ജാതി മത ഭ്രാന്തന്മാരുടെ നാടായി. ജാതികളെല്ലാം സംഘടിച്ചു കഴിഞ്ഞു. തറവാടുകള്‍ കണ്ടെത്തി ഒപ്പം നില്‍ക്കാന്‍ തുടങ്ങി. മനുഷ്യര്‍ പരസ്പരം സ്പര്‍ദ്ധകാണിക്കാന്‍ തുടങ്ങി. സ്‌നേഹോഷ്മളമായ ജീവിതം നയിച്ചിരുന്ന കേരളീയരുടെ പിന്‍തലമുറക്കാര്‍ ജാതീയമായും, മതപരമായും പരസ്പരം ഭിന്നിച്ചു നില്‍ക്കാനും പോരടിക്കാനും അവസരമൊരുക്കുകയാണിന്ന്.

ഈ വര്‍ത്തമാനകാലത്ത് ജീവിക്കുന്ന 60-65 കാര്‍ക്കറിയാം കേരളത്തില്‍ ഇന്ന് നന്മകളല്ല പൂത്തുവിരിഞ്ഞുനില്‍ക്കുന്നതെന്നും, തിന്മകള്‍ നിറഞ്ഞൊരു നാടായി മാറിക്കൊണ്ടിരിക്കുകയാണ് കേരളമെന്നും അനുഭവത്തിലൂടെ അവര്‍ വിളിച്ചു പറയും. ദൈവത്തിന്റെ സ്വന്തം നാടെന്നും, പ്രകൃതിരമണീയമായ പ്രദേശമാണെന്നും, വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടം നടത്തുന്ന നാടാണന്നും അറുപതിലെത്തിയ കേരളത്തെ വാഴ്ത്തിപ്പറയുന്നതിലൊന്നും കാര്യമില്ലെന്ന് അനുഭവമുള്ളവര്‍ വിലയിരുത്തും തീര്‍ച്ച.

അറുപതിലെത്തിയ എന്റെ കേരളം: കൈവിട്ടുപോയ നാട്ടുനന്മകള്‍

Keywods: Kookanam-Rahman, Karivellur, When You Become An Effigy Of Time, EMS,  The First Cabinet, Article, Kerala, Kerala History and facts, Keralappiravi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia