city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നഡ നടി കീര്‍ത്തി ഭട്ട്: പൊലിഞ്ഞത് തുളുനാടിന്റെ കലാനക്ഷത്രം

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 07.10.2014) പ്രശസ്ത കന്നഡ സീരിയല്‍സിനിമാനാടക നടി കീര്‍ത്തി ഭട്ടിന്റെ അകാല മരണത്തിലൂടെ തുളുനാടിനും വിശേഷിച്ചു വടക്കന്‍ കേരളത്തിനും നഷ്ടപ്പെട്ടത് അനുഗ്രഹീതയായ താരത്തെ. ഇരുപതോളം സിനിമകളിലും 300 ഓളം സീരിയലുകളിലും അനവധി നാടകങ്ങളിലും അഭിനയിച്ച കീര്‍ത്തി തുളുനാടിന്റെ അഭിമാന താരമായിരുന്നു.
കന്നഡ സിനിമയ്ക്കു പുറമെ കൊങ്കിണി, തുളു ഭാഷാ സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച കീര്‍ത്തി, കീര്‍ത്തിയുടെ പടികള്‍ ഓരോന്നായി കയറി വരുന്നതിനിടെയാണ്  രംഗബോധമില്ലാത്ത കോമാളിയായ മരണം ഡെങ്കിപ്പനിയുടെ രൂപത്തിലെത്തി ആ വിലപ്പെട്ട ജീവന്‍ തട്ടിയെടുത്തത്.

കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ കല്ലേരിമൂല സ്വദേശിനിയാണ് 32 കാരിയായ കീര്‍ത്തി. പരേതനായ രാമചന്ദ്ര ഷിബറായയുടെയും കസ്തൂരിയുടെയും മകള്‍. ബെള്ളൂര്‍ ഗവ.ഹൈസ്‌ക്കൂള്‍, കാറഡുക്ക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരിന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പഠിക്കുമ്പോള്‍ തന്നെ കീര്‍ത്തിയിലെ കലാകാരി കഴിവുതെളിയിച്ചിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലടക്കം നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടി. ആ പ്രയാണം മരണം വരെ തുടര്‍ന്ന കീര്‍ത്തിയെത്തേടി മികച്ച നടിക്കുള്ള തുളു നടോത്സവ അവാര്‍ഡുള്‍പ്പെടെ പലതും എത്തുകയുണ്ടായി.

ലിഫ്റ്റ് കോട്ട്‌ല, പ്രേമ പുറാണ എന്നീ സിനിമകളില്‍ പ്രധാന വേഷമണിഞ്ഞ കീര്‍ത്തി ഏതു വേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയായിരുന്നു. ദീര്‍ഘകാലമായി ബാംഗ്ലൂരില്‍ താമസിച്ചു വരികയായിരുന്നു അവരെങ്കിലും ജനിച്ചു വളര്‍ന്ന ബെള്ളൂര്‍ ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു. ജന്മഗ്രാമത്തെ പ്രാണവായുവെന്ന പോലെ പ്രണയിച്ച ഈ കലാകാരിയെ ചൊല്ലി നാട് ഏറെ അഭിമാനം കൊണ്ടിരുന്നു. തങ്ങളുടെ നാട്ടുകാരി അഭിനയിച്ച സിനിമ എവിടെ വന്നുവെന്ന് അറിഞ്ഞാലും അവിടെച്ചെന്ന് കാണാന്‍ നാട്ടുകാര്‍ താത്പര്യം കാട്ടിയിരുന്നു എന്നത് ആ അനുഗ്രഹീത നടിക്കുള്ള പരമോന്നത പുരസ്‌ക്കാരമായിരുന്നു.

ജന്മ നാടും നാട്ടുകാരും അംഗീകരിക്കുമ്പോഴാണ് ഒരാള്‍ ശരിക്കും അംഗീകരിക്കപ്പെടുന്നത് എന്നു പറയാറില്ലേ. അതാണ് കീര്‍ത്തിക്കു ലഭിച്ചത്. അതു കൊണ്ടു തന്നെ തുളുനാടിന്റെ മാനസപുത്രിയായിരുന്നു കീര്‍ത്തി.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കീര്‍ത്തി അവിടെവെച്ചാണ്  മരണപ്പെട്ടത്. മൃതദേഹം തിങ്കളാഴ്ച രാവിലെ ബെല്‍ത്തങ്ങാടി ഉജിറെയിലെ ഭര്‍തൃവീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. സിനിമാനാടക മേഖലകളിലെ നൂറുകണക്കിനാളുകള്‍ സംസ്‌ക്കാരച്ചടങ്ങില്‍ സംബന്ധിച്ചു.

സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ഉജിറെ സ്വദേശി മനോഹറാണ് കീര്‍ത്തിയുടെ ജീവിതസഖാവ്. തേജ കിരണ്‍, കിഷന്‍ എന്നിവര്‍ മക്കളും അമേരിക്കയിലുള്ള ഗുരുമൂര്‍ത്തി, ജ്യോതി എന്നിവര്‍ സഹോദരങ്ങളുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കന്നഡ നടി കീര്‍ത്തി ഭട്ട്: പൊലിഞ്ഞത് തുളുനാടിന്റെ കലാനക്ഷത്രം

Keywords : Article, Entertainment, Kerala, Kasaragod, Karnataka, Keerthana bhat. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia