പിലിക്കോട്ടെ കാവല്‍ക്കാര്‍
Jun 14, 2012, 08:15 IST
കൃഷി ഒരു തൊഴില്‍ എന്നതിനുപരിയായി അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരാനുഷ്ഠാനങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഓണം, വിഷു, നിറ തുടങ്ങിയ എല്ലാ ആഘോഷങ്ങളും കാര്‍ഷിക സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. ഇവയില്‍ പലതും നമുക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതാണ് പിലിക്കോട്ടെ കാവല്‍ക്കാര്‍ കോസല രാജാവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് കാവല്‍ക്കാരുടെ ഉത്ഭവകഥ.
രാജാവ് തന്റെമകളുടെ വിവാഹം വിളംബരം ചെയ്തു. രാജാവിന്റെ ഏഴുകാളകളെ ഒറ്റക്കയറില്‍ ബന്ധിപ്പിക്കുന്നയാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കുമെന്നായിരുന്നു വിളംബരം. സുന്ദരിയായ രാജകുമാരിയ മോഹിച്ച നിരവധി രാജാക്കന്മാര്‍ മത്സരത്തിനെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ കൃഷ്ണ ഭഗവാന്‍ എഴുന്നള്ളുകയും സര്‍പ്പത്തെ പാശമാക്കി കാളകളെ ബന്ധിച്ചുവെന്നുമാണ് കഥ.
കാളകളെ ബന്ധിച്ച കയറിന്റെ പ്രതീകമായി കാവല്‍ക്കാര്‍ ഉണ്ടായി.അവര്‍ കൃഷിയുടെ സംരക്ഷകരായി. ക്ഷേത്ര ശാക്തേയ കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള ചുമതലയും ഇവരെ ഏല്‍പ്പിച്ചുവത്രേ. വിഷുദിനത്തില്‍ രയരമംഗലംഭഗവതീ ക്ഷേത്രത്തില്‍ നിന്നാണ് കാവല്‍ നിശ്ചയിക്കുന്നത്. എന്നാല്‍ വറക്കോടന്‍ സ്ഥിരം കാവല്‍ക്കാരനാണ്. ഗ്രാമത്തിലെ നൂറു വയലുകളുടെ സംരക്ഷണ ചുമതല നൂറു പേര്‍ക്കായി വീതിച്ചു നല്‍കുന്നു. പരപ്പ, അറുവപ്പാട്, ചെറുനിലം, കരക്കേരു, നഞ്ചല്‍, മടിവയല്‍, എന്നിവയാണ് പ്രധാന വയലുകള്‍. വിതയ്ക്കുമ്പോള്‍ വിത്തും, കൊയ്യുമ്പോള്‍ കറ്റയും വയലിലെത്തുന്ന കാവല്‍ക്കാര്‍ക്ക് നല്‍കാറുണ്ട്. വറക്കോടന്‍ ഉള്‍പ്പടെ മൂന്നുപേര്‍ മണിയാണിമാരാണ്, മൂന്നു പേര്‍ തീയ്യസമുദായക്കാരും. കാവല്‍ക്കാര്‍ തന്നെയാണ് വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ അടിയതിരാദികള്‍ നടത്തുന്നത്.
കൈയ്യില്‍ വടിയും വട്ടത്തില്‍ ചുറ്റിയ കയര്‍ തോളിലും തലയില്‍ പാളത്തൊപ്പിയും അരയില്‍ ഒറ്റമുണ്ടുമാണ് കാവല്‍ക്കാരായ ആറുപേരുടേയും അടയാളം വേഷങ്ങള്‍. വിവധ കാലയളവില്‍ ഇവയ്ക്ക് മാറ്റമുണ്ടാകാറുണ്ട്. മേടം ഒന്നു മുതല്‍ കന്നി ഒന്നു വരെ കയറും പാളയും ധരിക്കും. കര്‍ക്കിടകത്തില്‍ കൈയ്യില്‍ നിറകോല്‍ ഉണ്ടായിരിക്കും. വയല്‍ വരമ്പുകളില്‍ നിന്നും നെല്‍ക്കതിര്‍ മാടിയൊതുക്കുന്നതാണ് നിറകോല്‍. ചുമലിലെ കയര്‍ നെല്‍ച്ചെടി തിന്നാനെത്തുന്ന കന്നുകാലികളെ പിടികൂടാനുള്ളതാണ്. കയറിന്റെ അറ്റത്ത് കലമാനിന്റെ കൊമ്പുകൊണ്ടുണ്ടാക്കിയ കുരുക്കുണ്ട്. പതിനഞ്ചോളം മീറ്റര്‍ നീളമുള്ളതാണ് കയര്‍. ഇതു വീശിയാല്‍ കന്നുകാലിളുടെ കഴുത്തില്‍ കുരുങ്ങും. കന്നുകാലികളെ കുരുക്കുവാനുള്ള മന്ത്രം കുരുക്കില്‍ ആവാഹിച്ചുവച്ചിട്ടുണ്ടെന്നാണ് വിശ്വാസം. കണിമാസം മുതല്‍ വെള്ളികെട്ടിയ മറ്റൊരു വടിയാണ് കൈയ്യിലുണ്ടാവുക. ഇന്ന് നെല്‍ വയലുകളേറെയും തെങ്ങിന്‍ തോപ്പുകള്‍ക്കും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും വീതിയേറിയ റോഡുകള്‍ക്കുമായി വഴിമാറി.
-രവീന്ദ്രന്‍ തോട്ടംഗേറ്റ്
Keywords: Kavalkkar, Pilicode, Article, Raveendran Thottamgate