city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് എഫ് എം റേഡിയോ നിലയത്തിനെന്ത് പറ്റി?

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 24.04.2017) കാസര്‍കോട് എഫ് എം റേഡിയോ നിലയം വേണമെന്ന ആവശ്യം ഉയര്‍ന്ന് തുടങ്ങിയിട്ട് തന്നെ കാല്‍ നൂറ്റാണ്ടിലേറെയായി. തൊണ്ണൂറുകള്‍ തൊട്ട് കാസര്‍കോട്ട് മാറി മാറി വന്ന പാര്‍ലമെന്റംഗങ്ങള്‍ ഉടന്‍ റേഡിയോ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രത്യാശ മാത്രം നല്‍കിക്കൊണ്ട് കടന്നു പോവുകയാണുണ്ടായത്. ചട്ടഞ്ചാലിനടുത്ത് പ്രസ്തുത സ്റ്റേഷന്‍ന് വേണ്ടി സ്ഥലം കണ്ടെത്തുകയും അക്വയര്‍ ചെയ്തു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും പിന്നീടാരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. സ്ഥാപിച്ച ബോഡിന്റെ തൂണ്‍ തുരുമ്പിച്ച് വീണ് പോയിട്ടും വര്‍ഷങ്ങളായി, ഇപ്പോള്‍ അവിടെ അടയാളങ്ങളൊന്നും കാണാനില്ല.

കാസര്‍കോട് എഫ് എം റേഡിയോ നിലയത്തിനെന്ത് പറ്റി?

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒരു നിവേദനം തയ്യാറാക്കി കേന്ദ്ര വകുപ്പ് മന്ത്രിയ്ക്കും കോപ്പി നിലവിലുള്ള എംപിക്കും അയച്ചു കൊടുത്തതിന് മന്ത്രിയുടെ മറുപടി ഉടനെ കിട്ടി. അപേക്ഷ ബന്ധപ്പെട്ട വകുപ്പിലേയ്ക്കയച്ച് കൊടുത്തിട്ടുണ്ടെന്നും, പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു അത്. എംപിയുടെ മറുപടി (അന്ന്) കാസര്‍കോട്ടേക്ക് സ്വകാര്യ റേഡിയോ ചാനലുകാരുടെ അപേക്ഷ പരിഗണിച്ചിട്ടുണ്ടെന്നും അവയിലേതെങ്കിലും ഒന്ന് നിലവില്‍ വരാന്‍ സാധ്യത ഉള്ളത് കൊണ്ട് സര്‍ക്കാര്‍ തലത്തില്‍ എഫ് എം നിലയത്തിന് പ്രസക്തി ഇല്ലെന്നായിരുന്നു.

ഈ വിവരം യാദൃച്ഛീകമായി ഇയാള്‍ കണ്ണൂര്‍ റേഡിയോ നിലയത്തിലെ ഉദ്യോഗസ്ഥരിലൊരാളുമായി പങ്ക് വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സര്‍ക്കാര്‍ നിലയം സമീപത്തൊന്നും ഇല്ലാത്തിടത്ത് സ്വകാര്യ ചാനല്‍ സ്ഥാപിക്കപ്പെടാന്‍ സാധ്യത കുറവാണെന്നാണ്. ഇതിലാരെയാണ് വിശ്വസിക്കേണ്ടത്? റേഡിയോ നിലയത്തിലെ ഉദ്യോഗസ്ഥന് ഇതിനെപ്പറ്റി വിവരമില്ലാതിരിക്കാനും സാധ്യത കാണുന്നില്ല.

മലയാളം, കന്നഡ, തുളു, മറാഠി, ഉറുദു, ഹിന്ദി തുടങ്ങി ഏഴിലധികം ഭാഷകള്‍ സംസാരിക്കുന്ന ജനപദങ്ങളുടെ സംഗമഭൂമിയാണ് കാസര്‍കോട്. ഒരു ബഹുസ്വര സംസ്‌കൃതിയുടെ ഈറ്റില്ലം. നിലവില്‍ വരികയാണെങ്കില്‍ ഇന്ത്യന്‍ റേഡിയോ നിലയങ്ങളില്‍ ഒരുപക്ഷെ ഏറെ വൈവിധ്യം അവകാശപ്പെടാനാവും കാസര്‍കോട് സ്റ്റേഷന്. പരിപാടികള്‍ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമാകും അത്. കാസര്‍കോട് റേഡിയോ നിലയം എന്നാല്‍ അത് മംഗളൂരു (കുഡ്‌ല) നിലയമല്ല. കണ്ണൂര്‍ ആകാശവാണിയും അല്ല. തികച്ചും വ്യത്യസ്തമാണ്. ഇതിവിടുത്തെ എംപിമാര്‍ തിരിച്ചറിയേണ്ടതായിരുന്നു.

പക്ഷെ അവരെല്ലാം ജില്ലയുടെ തെക്കുഭാഗത്ത് നിന്ന് വന്നവരായതിനാലാവണം അത് മണത്തറിയാതെ പോയത്. അവരാരും കാസര്‍കോടിന്റെ ഭാഷാപരമായ, സാംസ്‌കാരികമായ വ്യതിരിക്തത അതിന്റെ പൂര്‍ണ്ണമായ തലത്തില്‍ ഉള്‍ക്കൊണ്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഇവിടെയെത്തുന്ന ഉന്നതോദ്യോഗസ്ഥരും, അവര്‍ നിര്‍ബ്ബന്ധിതരാകുന്ന വ്യവഹാരങ്ങളില്‍ മാത്രം ഇടപെട്ട്, കേവലം ഡ്യൂട്ടി നിര്‍വ്വഹിച്ച് പോകുന്നവരായാണ് കാണുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്താനെങ്കിലും, രാഷ്ട്രീയക്കാരനല്ലാത്ത നിങ്ങള്‍ ആരുമായിക്കൊള്ളട്ടെ, ഒരു കലക്ടറെ സമീപിച്ചു നോക്കൂ. പുറത്ത് കര്‍ക്കശക്കാരനായ കാവല്‍ക്കാരനെ നിര്‍ത്തി കഴിയുന്നതും ഒഴിവാക്കും. ഇവിടുത്തെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്തെ ഇതിനു മുന്‍കൈയെടുക്കുന്നില്ല, അവരും ധരിച്ചു വശായിട്ടുണ്ടോ, ഈ ടിവി, ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതൊരു പഴഞ്ചന്‍ ഏര്‍പാടാണെന്ന്? അതിനൂതന സാങ്കേതികതയോടെ റേഡിയോ സംവിധാനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പോലും പുനര്‍ജനിച്ചു വന്നത് അവരും അറിഞ്ഞില്ലെന്നുണ്ടോ?
 
നിലവില്‍ കാസര്‍കോട് ജില്ലയിലെ എഴുത്തുകാര്‍, ദൃശ്യ, നാടന്‍ കലാവതാരകര്‍ എന്നിവര്‍ക്ക് അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള ഏക സ്രോതസ്സ് കണ്ണൂര്‍ സ്റ്റേഷന്‍ മാത്രമാണ്. കന്നഡ കലാകാരന്മാര്‍ക്ക് മംഗളൂരുവിന്റെ ഔദാര്യവും ലഭ്യമാകുന്നു. കാസര്‍കോടിന് സ്വതന്ത്രമായ ഒരു റേഡിയോ സ്റ്റേഷന്‍ അനുവദിക്കാതിരിക്കുന്നത് തികച്ചും കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയായെ കണക്കാക്കാവൂ. ഏറ്റവും ഒടുവിലായി കേട്ടത് കേന്ദ്രസര്‍ക്കാര്‍ ഒരു സ്വകാര്യ എഫ് എം സ്റ്റേഷന് അനുമതി നല്‍കിയിരിക്കുന്നു എന്നാണ്.

നിലവില്‍ തിരുവനന്തപുരം സ്റ്റേഷന്‍ റിലെ സിസ്റ്റം കാസര്‍കോട്ടും ലഭ്യമാണ്. സംസ്ഥാന തലസ്ഥാനത്ത് നിന്നുള്ള പ്രക്ഷേപണങ്ങള്‍ വളരെ വ്യക്തമായി കാസര്‍കോട് കിട്ടുന്നു. അതോടെ പരിമിതമായെങ്കിലും കേള്‍ക്കാന്‍ പറ്റിയിരുന്ന കണ്ണൂര്‍ സ്റ്റേഷന്‍ തീരെ കിട്ടാതാവുകയും ചെയ്തു. മറ്റെല്ലാ മേഖലയിലുമെന്ന പോലെ, ഇതൊരു അടിച്ചേല്‍പ്പിക്കലായി മാത്രമെ കാസര്‍കോട്ടുകാര്‍ക്ക് കാണാനാവൂ. തിരുവനന്തപുരത്ത് എന്ത് നടക്കുന്നു അതൊക്കെ നിങ്ങള്‍ കേട്ടിരിക്കണം, അറിഞ്ഞിരിക്കണം എന്ന അടിച്ചേല്‍പ്പിക്കല്‍.

ഇതില്‍ രാഷ്ട്രീയവുമുണ്ട്. സാംസ്‌കാരികമായി ഇഴയടുപ്പം കുറഞ്ഞ തെക്കെയറ്റത്തെ സ്റ്റേഷന്‍ പരിപാടികള്‍ ആസ്വദിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയും, ഉത്തര ഭാഗത്ത് ഏറെ അകലെയല്ലാത്ത കണ്ണൂര്‍ എഫ് എം സ്റ്റേഷന്‍ പരിപാടികള്‍ ലഭ്യമല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു തരം അവകാശ നിഷേധമാണ്. ജില്ലയുടെ തെക്കു ഭാഗത്തുള്ളവര്‍ക്ക് കണ്ണൂര്‍ എഫ് എം ലഭ്യമാണ്. കാഞ്ഞങ്ങാടിന് വടക്കുള്ള പ്രദേശത്തിന്റെ കാര്യമാണ് കഷ്ടം. കാസര്‍കോടന്‍ മണ്ണിനും ഭാഷയ്ക്കും, ബഹുസ്വരതയ്ക്കും ഉശിരേകുന്ന ഒരു പ്രക്ഷേപണ നിലയം, സ്വതന്ത്രമായ ഒരു എഫ് എം സ്റ്റേഷന്‍ കാസര്‍കോട്ടുകാര്‍ക്ക് ഇപ്പോഴല്ലാതെ ഇനിയെന്നാണ് ലഭ്യമാവുക.

Keywords:  Article, FM, Art-Fest, P.Karunakaran-MP, Minister, Kasargod FM Radio station: a dream, FM Radio, Kannur Radio, Mangaluru radio, TVM Radio, Akashavani, Many Languages, AS Muhammedkunhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia