city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ അക്രമം: പോലീസ് ചെയ്യുന്നതെന്ത് ?

കാസര്‍കോട്ടെ അക്രമം: പോലീസ് ചെയ്യുന്നതെന്ത് ?
സംഘര്‍ഷഭീതികളും വിട്ടുമാറാത്ത അക്രമങ്ങളും മൂലം ജനജീവിതം പൊറുതിമുട്ടിയ കാസര്‍കോട്ടെ പൊതുസമൂഹം നേരിടുന്ന കടുത്ത ഭീഷണിക്ക് മറുമരുന്ന് കണ്ടെത്താനാകാതെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പതറുന്നു. സംസ്ഥാനത്തെ പോലീസ് ഭൂപടത്തില്‍ അതീവ കാലുഷ്യ മേഖലയായി കാസര്‍കോടിനെ സര്‍ക്കാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. നഗരജീവിതത്തില്‍മേല്‍ മുന്നറിയിപ്പില്ലാതെ വന്ന്പതിക്കുന്ന അക്രമരംഗങ്ങള്‍ കണ്ട് വിരണ്ടോടേണ്ട ഗതികേടാണ് കാസര്‍കോട്ടെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍പാളിച്ച സംഭവിച്ചതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സമ്മതിക്കുന്നുണ്ട്. കാസര്‍കോട്ട് അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിഗൂഢലക്ഷ്യങ്ങളെ കുറിച്ചോ ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ഇതിനെതിരെ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ നടത്താനും രഹസ്യാന്വേഷണ വിഭാഗത്തിന് സാധിക്കാത്തത് ഈ രംഗത്തെ പരാജയമാണെന്നാണ് പൊതുവിലയിരുത്തല്‍.

അടിക്കടി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുടെ ഗൂഢോദ്ദേശ്യങ്ങള്‍ മനസിലാക്കുന്നതിനും യഥാര്‍ത്ഥത്തില്‍ കുഴപ്പക്കാരുടെ പ്രവര്‍ത്തന ലക്ഷ്യം തിരിച്ചറിയുന്നതിനും രഹസ്യാന്വേഷണ വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. രഹസ്യാന്വേഷകരുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതുമ്മൂലം പോലീസിനും ആഭ്യന്തര വകുപ്പിനും ഇതിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഓരോ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും അക്രമങ്ങളെ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തുന്നതിനും പോലീസിന് കഴിയാതിരിക്കുന്നത് ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

കാസര്‍കോട്ട് സാമുദായിക ധ്രുവീകരണം ശക്തമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയോ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തയോ കണ്ടെത്താന്‍ ഇനിയും കഴിയാതിരിക്കുന്നത് പോലീസിന്റെയും ബന്ധപ്പെട്ട സേനാ വിഭാഗങ്ങളുടേയും കഴിവുകേടാണ്. കാസര്‍കോട് പോലുള്ള അതീവ കാലുഷ്യമേഖലകളില്‍ ജനങ്ങളില്‍ ഉണ്ടായിരിക്കുന്ന വിദ്വേഷവും തെറ്റായ ചിന്തകളും മാറ്റികൊണ്ടുവരുന്നതിനുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ജില്ലാ ഭരണകൂടത്തിന്റെയോ സര്‍ക്കാറിന്റെയോ ഭാഗത്തുന്നിന്നുണ്ടായിട്ടില്ല. അക്രമം അടിച്ചമര്‍ത്തേണ്ട പോലീസ് ചില ഘട്ടങ്ങളില്‍ നിരപരാധികളെ വേട്ടയാടുന്നതിലൂടെ യഥാര്‍ത്ഥ അക്രമികളാണ് നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇങ്ങനെ വേട്ടയാടപ്പെടുന്ന നിരപരാധികള്‍ പുതിയ അക്രമസംഭവങ്ങളുടെ മുന്നണിയില്‍ അണി നിരന്ന കാഴ്ചയും കാസര്‍കോട്ട് കാണേണ്ടി വ്ന്നിട്ടുണ്ട്.

ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ശക്തമാക്കേണ്ടത് കാസര്‍കോടുപോലുള്ള പ്രദേശങ്ങളിലാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം കാസര്‍കോട്ട് പേരിന് പോലും നടക്കുന്നില്ലെന്നാണ് വാസ്തവം. ആരാധനാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പോലീസ് പരാജയപ്പെടുകയാണ്. നേരത്തെ ആരാധനാലയങ്ങളിലെ കവര്‍ച്ചകള്‍ പെരുകിയ സാഹചര്യത്തില്‍ പ്രധാന ആരാധനാലയങ്ങളെ ബന്ധപ്പെടുത്തി ക്യാമറ സംവിധാനമടക്കമുള്ള സുരക്ഷാ സന്നാഹം ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള ക്ളോസ്ഡ് സെര്‍ക്യൂട്ട് ടി.വി. സംവിധാനമാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ജനങ്ങളെ തമ്മില്‍ അകറ്റിനിര്‍ത്തി മുതലെടുപ്പ് നടത്തുന്ന ചില സംഘങ്ങള്‍ കാസര്‍കോട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നത്. യാഥാര്‍ത്ഥ്യമാണെങ്കിലും ഇവരുടെ നീക്കങ്ങള്‍ തടയാന്‍ ശക്തമായ ഒരു അന്വേഷണം ഇനിയുമുണ്ടായിട്ടില്ല. നിയമത്തിനപ്പുറത്തുള്ള പ്രവര്‍ത്തനങ്ങളും നടപടികളുമാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടതെന്നും സമാധാനകാംക്ഷികള്‍ പറയുന്നു. അക്രമമുണ്ടായതിന് ശേഷം അത് അടിച്ചമര്‍ത്തുന്നതിന് പകരം അക്രമസാധ്യത മുളയിലേ നുള്ളിക്കളയാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അക്രമത്തിനു ശേഷം യോഗങ്ങള്‍ ചേര്‍ന്ന് സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളില്‍ ചെറിയ വിഭാഗമെങ്കിലും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കുന്നവരാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ അടിക്കടി ആവര്‍ത്തിക്കാന്‍ തുടങ്ങിയത് ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കു ശേഷമാണ്. അതിനുമുമ്പ് കാസര്‍കോട്ടെ ജനങ്ങള്‍ തികഞ്ഞ സഹവര്‍ത്തിത്വത്തോടെയാണ് കഴിഞ്ഞിരുന്നത്. ഈ നിലയിലേക്ക് കാര്യങ്ങളെത്തണമെങ്കില്‍ ആര്‍ജ്ജവപൂര്‍ണ്ണമായ നടപടികള്‍ കൊണ്ടുമാത്രമേ സാധിക്കൂ.

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

Keywords: Article, Kasaragod, Clashes, Kunhikannan Muttath


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia