city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ അടിയൊഴുക്കുകള്‍ സാകൂതം നിരീക്ഷിച്ചു നമ്മോട് സംവദിക്കുന്ന ഒരു കാസര്‍കോട് സ്വദേശി

അസ്ലം മാവില

(www.kasargodvartha.com 26.04.2018) കര്‍ണാടക ശരിക്കുമൊരു പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണല്ലോ. മുമ്പൊക്കെ നമ്മുടെ നാട്ടില്‍ അയല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ പോക്കര്‍ച്ചാന്റെ അദ്രാന്‍ച്ചയെയാണ് ആശ്രയിക്കുക. സുള്ള്യ, അറന്തോട് അതിര്‍ത്തി പട്ടണങ്ങളില്‍ മലഞ്ചരക്ക് കച്ചവടവും കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് വരുമ്പോള്‍ അല്‍പം രാഷ്ട്രീയ വര്‍ത്തമാനം കൂടി കയ്യില്‍ കരുതും. ഞങ്ങളന്ന് ചെറിയ കുട്ടികള്‍, മദ്രസിന്റടുത്തുള്ള കടയില്‍ പത്രം വായിക്കുന്നതിനിടെ ഇവരുടെ രാഷ്ട്രീയം ചെവി എറിഞ്ഞ് കേള്‍ക്കും.

ഇക്കഴിഞ്ഞ ആഴ്ച ഞാന്‍ നേരെ ചെന്നത് ഞങ്ങള്‍ 'ഇച്ച' എന്ന് ചുരുക്കി വിളിക്കുന്ന മുഹമ്മദ് കുഞ്ഞി സാഹിബിന്റെ അടുത്താണ്, ഏറ്റവും പുതിയ കന്നഡ രാഷ്ട്രീയം കേള്‍ക്കാനും അറിയാനും. വൈകിട്ട് നാല് മണിക്ക് അദ്ദേഹത്തിന്റെ കൂടെ ഇരുന്നു. ആ ഒന്നൊന്നര മണിക്കൂര്‍ കര്‍ണാടകയിലെ ഏറ്റവും പുതിയ രാഷ്ട്രീയ ട്രെന്റും സാധ്യതാ ജയ പരാജയങ്ങളും അദ്ദേഹം ഇടതടവില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു. കര്‍ണാടകയിലെ ഞാന്‍ ചോദിച്ച ഓരോ നിയസഭാ മണ്ഡലവും അദ്ദേഹത്തിനറിയാം.

കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ അടിയൊഴുക്കുകള്‍ സാകൂതം നിരീക്ഷിച്ചു നമ്മോട് സംവദിക്കുന്ന ഒരു കാസര്‍കോട് സ്വദേശി

ഓര്‍മ്മകള്‍ പിന്നോട്ട് പോയി - പന്ത്രണ്ടാം വയസില്‍ സ്‌കൂള്‍ നിര്‍ത്തി നേരെ പോയത് അദ്ദേഹത്തിന്റെ ഉപ്പയുടെ അടുത്തേക്ക്, കര്‍ണാടകയിലെ അറന്തോട്. മലഞ്ചരക്ക് കച്ചവടത്തിന്റെ ഇടനാഴിയാണ് സുള്ള്യ. നീണ്ട ഏഴ് വര്‍ഷമദ്ദേഹം കച്ചവടത്തില്‍ ഉപ്പയ്ക്ക് താങ്ങായി. പിന്നെ നാട്ടിലേക്ക്... ആ ഏഴ് വര്‍ഷങ്ങള്‍ നല്‍കിയ രാഷ്ട്രീയ സാക്ഷരതാ അപ്‌ഡേറ്റിംഗ് പകുതി വഴിക്ക് ഫുള്‍ സ്റ്റോപ്പിടാന്‍ ഇച്ച തയ്യാറായില്ല. നാള്‍ക്ക് നാള്‍ അതപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരുന്നു. 'പത്രങ്ങളും അരുമ പോലെ കൂട്ടായുള്ള റേഡിയോയുമാണ് തന്റെ രാഷ്ട്രീയ അവബോധത്തിന് ഇന്ധനം നല്‍കികൊണ്ടേയിരുന്നത്, ഇപ്പഴുമങ്ങിനെ തന്നെ' -അദ്ദേഹത്തിന്റെ പതിഞ്ഞ വാക്കുകള്‍.

പൊതുവിജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ് അദ്ദേഹം. കുറെ കുത്തിക്കുറിച്ച കടലാസുകള്‍ കൂടെയുണ്ട്. അവയിലധികവും ഫോണ്‍ നമ്പരുകള്‍ - ഒന്നുകില്‍ ആശുപത്രി, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, കാര്‍ഷിക സര്‍വ്വകലാശാലകള്‍ ഏതെങ്കിലുമൊന്നായിരിക്കും. പോകാന്‍ നേരം വെള്ളായണി കാര്‍ഷിക കോളേജിലെ രണ്ട് നമ്പരുകള്‍കുറിച്ചു തന്നു - എന്ത് സംശയവും അവരോട് ചോദിക്കാം.

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മായത്തെ കുറിച്ചു ഇച്ച ഒരുപാട് വാചാലനായി. മുന്തിരിയിലാണ് കൂടുതല്‍ വിഷാംശം തെളിക്കുന്നത്, വിനാഗിരി ഒഴിച്ച വെള്ളത്തില്‍ ഒന്നൊന്നര മണിക്കൂര്‍ അത് വെച്ചേ കഴിക്കാവൂ. മത്സ്യങ്ങളെ വരെ ഇവര്‍ വെറുതെ വിടുന്നില്ല. അപ്പോള്‍ ചില ആപ്പിളുകളില്‍ മെഴുകു പുരട്ടുന്നെന്ന് കേട്ടല്ലോ - എന്റെ സംശയം. 'അത് വലിയ ദോഷം ചെയ്യില്ല. അമേരിക്ക, ചിലി രാജ്യങ്ങളില്‍ നിന്ന് വരുന്ന ആപ്പിളുകളാണ്, കാശ്മീര്‍ ആപ്പിളല്ല. ആ വാക്‌സ് വയറിന് വലിയ കേടുമല്ല' ഒരു ഡോക്ടറെ ഉദ്ധരിച്ചു അദ്ദേഹം സമര്‍ഥിക്കുകയാണ്.

വീണ്ടും രാഷ്ട്രീയം വന്നു. സുള്ള്യയില്‍ എന്തായിരിക്കും ?

സുളള്യ SC സീറ്റാണ്.
അത് ബിജെപിക്ക് തന്നെ. വര്‍ഷങ്ങളായി അങ്കാരയാണ് ജയിക്കുന്നത്. അങ്കാര അത്രമാത്രം ജനകീയനാണ് അവിടെ. ബെല്‍ത്തങ്ങാടിയിലെ സിറ്റിംഗ് എം.എല്‍.എയെ പോലെ. വ്യക്തിക്കാണ് വോട്ട്. വസന്ത ബങ്കേര ബെല്‍ത്തങ്ങാടിയില്‍ എല്ലാ പാര്‍ടിയിലും ഉണ്ടായിരുന്നു. ജനതാദള്‍ (എസ്), പിന്നെ ബി.ജെ.പി., കഴിഞ്ഞ രണ്ട് ഊഴം കോണ്‍ഗ്രസ്. അപ്പോഴൊക്കെ വസന്ത ബങ്കേരക്കാണ് വോട്ട്. പാര്‍ട്ടിക്കല്ല. മുഹമ്മദ് കുഞ്ഞി സാഹിബ് രാഷട്രീയം പറത്തി വിടുകയാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ ഒഴികെ മുഡ്‌ബെദ്രി, പുതൂര്‍, ബണ്ട്വാള്‍, മംഗളൂരു സൗത്ത് (ഉള്ളാള്‍), മംഗളൂരു നോര്‍ത്ത് (സൂറത്ത്കല്‍), മംഗളൂരു എല്ലായിടത്തും കോണ്‍ഗ്രസ് വരാനാണ് ചാന്‍സ്.

നിലവിലെ കക്ഷി നില ?

50 ബി. ജെ.പി., 40 ദള്‍, 122 കോണ്‍ഗ്രസ്, 12 സ്വതന്ത്രര്‍.

ഇനി സാധ്യത ആര്‍ക്ക് ?

സ്ഥാനാര്‍ഥിത്വ നിര്‍ണ്ണയത്തില്‍ ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസ് വീണ്ടുംവരും. റിബലുകള്‍ വരാതെ നോക്കണം. സിദ്ധരാമയ്യ ജനകീയ നേതാവാണ്. ഒരുപാട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇന്ദിരാ കാന്റീന്‍ ഏറ്റവും നല്ല ആശയമാണ്. ജാതി രാഷ്ട്രീയമാണ് കര്‍ണാടകയില്‍ പലയിടത്തും. പിണറായി വിജയന്‍ വരെ കര്‍ണാടകക്കാര്‍ക്ക് ആചാരി സമുദായക്കാരനാണ് പോല്‍. ഗൗഡന്മാരാണ് ലിംഗത്തായക്കാര്‍. അവര്‍ 17 ശതമാനം ഉണ്ട്. അതൊരു പ്രത്യേക ന്യൂനപക്ഷ വിഭാഗമായി അംഗീകാരം വാങ്ങാന്‍ കേന്ദ്രത്തിന് ഫയലയച്ച സിദ്ധരാമയ്യ ചെറിയ ചാണക്യനൊന്നുമല്ല, ബെല്യ കെണി തേഞ്ഞ മോനാണ്.

നല്ല അച്ചട്ടിലാണ് അദ്ദേഹം രാഷ്ട്രീയം പറഞ്ഞ് കൊണ്ടിരുന്നത്. പറഞ്ഞ് പറഞ്ഞ് കണ്‍വീന്‍സ് ചെയ്യും. തികഞ്ഞ കോണ്‍ഗ്രസുകാരന്‍. ആന്റണിയുടെ സ്വന്തമാള്‍. ഉമ്മന്‍ചാണ്ടിയോട് അത്ര മതിപ്പില്ല.

പായക്കല്‍പം അകലെയായി ഒരു സോണി ബ്രാന്റ് റേഡിയോ ഉണ്ട്. ഇച്ച ഉണരുന്നത് മുതല്‍ അത് ഓണാണ്. ഇപ്പോള്‍ എഫ് എമ്മാണ് കൂടുതല്‍ കേള്‍ക്കുന്നത്. എഫ്. എമ്മില്‍ ശബ്ദം നല്ല ക്ലാറിറ്റി ഉണ്ട്. ഡല്‍ഹി നിലയത്തില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന മലയാളം, ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്തകള്‍ എന്നും മുറ തെറ്റാതെ കേള്‍ക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമിങ്ങോട്ടുള്ള എല്ലാ റേഡിയോ പ്രോഗ്രാമുകളും അദ്ദേഹം ശ്രദ്ധിക്കും. പാതിരാവില്‍ തന്റെ ചില ചില്ലറ പണിയൊക്കെ കഴിഞ്ഞ് രണ്ട് - രണ്ടരയ്ക്ക് കിടക്കാന്‍ ഒരുങ്ങുന്നത് വരെ അദ്ദേഹം ഒന്നുകില്‍ വായനയിലാണ്, അല്ലെങ്കില്‍ ഒരു റേഡിയോ നിലയത്തെ കേള്‍ക്കുകയാണ്. വര്‍ഷങ്ങളായുള്ള ചിട്ട.

1952 ലാണ് ജനനം. 66 വയസ്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായുള്ള അബ്ദുര്‍ റഹ് മാന്‍ ഹാജി സതീര്‍ഥ്യനാണ്. കൂടെ പഠിച്ച ചിലരൊക്കെ ഇന്നില്ല. മൊഗര്‍ മൊയ്തു, എച്ച്. കെ. മമ്മിഞ്ഞി. അവരെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറി. രാഘവന്‍ മാഷ്, സരസ്വതി ടീച്ചര്‍, ലീല ടീച്ചര്‍, ദാമോദരന്‍ മാഷ്, ബട്യപ്പന്‍ മാഷ്, മാതൃസഹോദരി ഭര്‍ത്താവ് കൂടിയായ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാഷ്... തന്നെ പഠിപ്പിച്ച ഒരാളും അദ്ദേഹത്തിന്റെ ഓര്‍മയില്‍ നിന്ന് ഒരു കാതം പോലും മാറി നിന്നിട്ടില്ല.

സൈഫുദ്ദീന്റെ മകന്‍ മരിച്ച ദിവസമാണ് ഞാന്‍ മുഹമ്മദ് കുഞ്ഞി സാഹിബിനെ കാണാന്‍ ചെന്നത്. അദ്ദേഹമെനിക്കിങ്ങോട്ട് ആ വിവരം പറഞ്ഞു തന്നു. നാട്ടിലെ ഓരോ കാര്യങ്ങളും അപ്പപ്പോള്‍ അറിയുകയും ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണം. പലരുടെയും രോഗാവസ്ഥയിലും പ്രയാസത്തിലുമദ്ദേഹം വളരെ ഖിന്നനാണ്, ദുഃഖിതനാണ്.

നമ്മുടെയൊക്കെ നന്മകളിലും നല്ലതുകളിലും സന്തോഷിക്കുകയും ദു:ഖങ്ങളിലും വിഷമങ്ങളിലും തപ്തനാവുകയും ചെയ്യുന്ന ഒരു അഭ്യുദയ കാംക്ഷി. അതാണ് മുഹമ്മദ് കുഞ്ഞി സാഹിബ്. നമ്മുടെയിടയില്‍ നാമറിയാതെ, ആരുടെയും ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം ജീവിക്കുകയാണ്. ആ ജ്യേഷ്ഠ സഹോദരനെ നമ്മുടെ സ്‌നേഹാറകളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സന്മനസ്സ് എല്ലാവര്‍ക്കും കാണിക്കാം.

ഇനിയുമറിയാത്തവര്‍ക്ക് കുറച്ചു കൂടി പരിചയപ്പെടുത്താം, അത് മറ്റാരുമല്ല, മര്‍ഹൂം പീടിക അബ്ദുല്ല സാഹിബിന്റെയും ഞങ്ങളുടെ വാത്സല്യ നിധിയായ പ്രിയപ്പെട്ട ഉമ്മിഞ്ഞയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി സാഹിബ് തന്നെ. അയല്‍ത്തണലായി ആ ഉമ്മയും മകനും ദീര്‍ഘകാലം ആരോഗ്യത്തോടെ ഞങ്ങളുടെയിടയില്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ ഇടയാവട്ടെ എന്ന് മാത്രമാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന.

അപ്പാള്‍ കോണ്‍ഗ്രസ് തന്നെ കര്‍ണാടകയില്‍ വരുമല്ലേ? പിരിയാന്‍ നേരം എന്റെ കുസൃതി സംശയത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: അത്രയൊക്കെ പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തിലും കന്നഡ മണ്ണില്‍ പ്രസംഗിക്കാന്‍ നമ്മുടെ കേരള മുഖ്യമന്ത്രിക്ക് വേദി ഒരുക്കിക്കൊടുത്ത സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ വരേണ്ടതല്ലേ? ഇച്ചാന്റെ തിരിച്ചിങ്ങോട്ടുള്ള ആ ചോദ്യത്തില്‍ ഒന്നിലധികം മുനയുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, Politics, Election, Congress, BJP, Kasaragod native interact with Karnataka election.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia