city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷത്തിന്റെ ചെങ്കോട്ട

മുഹമ്മദ് ഷെഫീഖ് എന്‍

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷ നേതാവിനെ വിജയിപ്പിച്ച മണ്ഡലമാണ് ഇന്നത്തെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. 1957 ല്‍ നടന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5,145 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ.ജി. വിജയിച്ച് പ്രഥമ പ്രതിപക്ഷ നേതാവായത്. പിന്നീട് മൂന്നുതവണ എ.കെ.ജി. കാസര്‍കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1962 ലും 1967 ലും.

ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചായിരുന്നു എ.കെ.ജി.യുടെ വിജയം. 1971ല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും എ.കെ.ജി പാലക്കാട്ടേയ്ക്ക് മാറി. ഇവിടെ മത്സരിക്കാനെത്തിയത് അന്നത്തെ പോളിറ്റ് ബ്യൂറോ അംഗം ഇ.കെ. നായനാര്‍. മൂന്ന് വട്ടം ഇടതുപക്ഷത്തെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച കാസര്‍കോട് പക്ഷെ ഇ.കെ. നായനാരെ പരാജയപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന 27 കാരനാണ് അന്ന് ഇ.കെ. നായനാരെന്ന പടക്കുതിരയെ പരാജയപ്പെടുത്തിയത്.

1957 മുതലുള്ള തെരഞ്ഞെടുപ്പുകളിലായി മൂന്ന് തവണകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് കാസര്‍കോട് കാലിടറിയത്. 1971, 1977, 1984 തെരഞ്ഞെടുപ്പുകളിലെ പരാജയം ഒഴിച്ചു നിര്‍ത്തിയാല്‍ കാസര്‍കോട് മണ്ഡലത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയും നിലം തൊടീച്ചിട്ടില്ല.

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ഉദുമ മുതല്‍ കല്യാശ്ശേരി വരെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ കാലങ്ങളായി ഇടതു എം.എല്‍.എ. മാരാണ് വിജയിച്ച് വരുന്നത്. അതിനാല്‍ തന്നെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ചുവന്ന കോട്ടയെന്നാണ് അറിയപ്പെടുന്നത്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കല്യാശ്ശേരിയും സി.പി.എം. കോട്ടകളാണ്. കാസര്‍കോട് ജില്ലയിലെ പ്രശ്‌നബാധിതമായ ബൂത്തുകള്‍ ഏറെയും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലുള്ളതാണ്. ഒരു ബൂത്തില്‍ 90 ശതമാനം പോളിങ് നടക്കുകയും അത് ഒരേ സ്ഥാനാര്‍ഥിക്ക് തന്നെ ലഭിക്കുകയും ചെയ്യുന്ന ബൂത്തുകളാണ് അതിസങ്കീര്‍ണ ബൂത്തുകള്‍. ഇങ്ങനെയുള്ള ബുത്തുകള്‍ കാസര്‍കോട് ജില്ലയില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേയുള്ളു. ഇത് ഇടതു കേന്ദ്രങ്ങളിലാണ്. ഈ കോട്ടകള്‍ ഒരിക്കലും ഇളകില്ലെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്.

മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് പിന്നീട് സിപിഎമ്മിന്റെ ശക്തി. 7 മണ്ഡലത്തില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് എം.എല്‍.എ. മാരില്ല. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിംലീഗിന്റെ കരുത്തിലാണ് കോണ്‍ഗ്രസിന്റെ ഏക പ്രതീക്ഷ. എന്നാല്‍ പ്രാദേശിക വാദവും കടുത്ത ഗ്രൂപ്പ് ചേരിപ്പോരും കാരണം ഒരു ശക്തനായ നേതാവിനെ പോലും വളര്‍ത്തിയെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത് കാരണം സി.പി.എമ്മിന് ഒട്ടും മണ്ഡലത്തെ കുറിച്ച് വിജയത്തില്‍ കുറഞ്ഞതൊന്നും ഓര്‍ക്കാനില്ല.

സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് കാസര്‍കോടെങ്കിലും ഇത്തവണ ഒരു ഈസി വാക്കോവര്‍ ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പ്രശ്‌നമാവുമെന്ന ഭയം സിപിഎമ്മിനുണ്ട്. എന്നാല്‍ വി.എസ്സിന്റെ പുതിയ പ്രസ്താവനയോടെ നീലേശ്വരം ഭാഗത്തെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന വിശ്വാസത്തിലാണ് നേതൃത്വം. ബേഡകം വിഭാഗീയത പ്രദേശിക പ്രശ്‌നം മാത്രമാണ്. ഇടതു സ്ഥാനാര്‍ത്ഥിയായ പി. കരുണാകരനോട് വിമത വിഭാഗത്തിന്, പ്രത്യേകിച്ച് വിരോധമില്ലെന്നത് കൊണ്ട് വോട്ട് ചോരുമെന്ന ഭയം വേണ്ടെന്നാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് പറയുന്നത്.

ഐ.എന്‍.എല്ലിന്റെ സാനിധ്യം പാര്‍ട്ടിക്ക് വലിയ വോട്ട് നേടിത്തരുമെന്ന് പാര്‍ട്ടിയ്ക്ക് വിശ്വാസമില്ല. എന്നാലും ഐ.എന്‍.എല്‍. ഇടതിനോട് ചേര്‍ന്ന് നില്‍കുന്നത് മുസ്ലിം ലീഗിന്റെ ശക്തി കേന്ദങ്ങളിലെ കള്ള വോട്ട് തടയാന്‍ സഹായകമാവുമെന്ന് പാര്‍ട്ടി കരുതുന്നു. അതിസങ്കീര്‍ണ ബൂത്തുകള്‍ കാസര്‍കോടും മഞ്ചേശ്വരത്തും ഇല്ലാത്തത് ഐ.എന്‍.എല്ലിന്റെ സാന്നിധ്യം കാരണമാണെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

എം. പി. നേടിതന്ന വികസനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. കേന്ദ്രസര്‍വ്വകലാശാല മുതല്‍ മറാട്ടികളെ പട്ടിക വര്‍ഗത്തില്‍ പെടുത്തിയത് വരെ എം.പി. നേട്ടമായി അവതരിപ്പിക്കുന്നു. അടയ്ക്കാ കര്‍ഷകരുടെ പ്രശ്‌നവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയവും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ ഇടപെടലുകളെ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം.

എം. പി. എന്ന അര്‍ഥത്തില്‍ പൂര്‍ണ വിജയമായിരുന്നു പി. കരുണാകരന്‍ എന്നാണ് നിഷ്പക്ഷ നിരീക്ഷണം. കാരണം മൂന്ന് കാര്യങ്ങളാണ് എം. പി. എന്ന അര്‍ഥത്തില്‍ നിര്‍വ്വഹിക്കാനാവുക. ഒന്ന്, പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് ചര്‍ച്ചയാക്കി പരിഹാരം കാണുക. പി. കരുണാകരന്‍ ഈ മേഖലയില്‍ സംസ്ഥാനത്തെ മറ്റ് എം.പി. മാരില്‍ നിന്നും ഏറെ മുന്നിലാണ്. ഔദ്യോഗിക രേഖകളില്‍ തന്നെ ഇത് വ്യക്തമാണ്. രണ്ട്, എം. പി. ഫണ്ടിന്റെ വിനിയോഗം. 98 ശതമാനമാണ് എം.പി. ഫണ്ട് മണ്ഡലത്തില്‍ ചെലവഴിച്ചത്. ഇതും സംസ്ഥാനത്തെ ഇതര എം.പി. മാരെ പരിഗണിക്കുമ്പോള്‍ പി.കരുണാകരനു തന്നെയാണ് മികവ്. മൂന്ന്, ജില്ലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷത്തിന്റെ ചെങ്കോട്ടകഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാസര്‍കോട്ട് നിരവധി കേന്ദ്രപദ്ധതികള്‍ വന്നു. കേന്ദ്രസര്‍വ്വകലാശാലയും എച്ച്.എ.എല്‍, കെല്‍-ഭെല്‍ ആയത് തുടങ്ങി നിരവധി പദ്ധതികള്‍. ഇതൊക്കെ യു.പി.എ. സര്‍ക്കാരിന്റെ ദാനമാണെന്ന് യു.ഡി.എഫിന് അവകാശപ്പെടാമെങ്കിലും ഒരു എം.പി.യ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നല്ലാതെ അമേരിക്കയില്‍ നിന്നും പദ്ധതി വാങ്ങിക്കൊണ്ടുവരാനാവുമോ എന്നാണ് എം.പി.യുടെ ചോദ്യം.

(കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫിന്റെ സാധ്യതകള്‍ അടുത്ത ദിവസം)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Article, CPM, Parliament Election, LDF, Candidate, AK Gopalan, AKG, MP, Kasaragod constituency the red fort of LDF

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia