city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്: സുന്നി കൈരളിയുടെ വിളക്കുമാടം

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്: സുന്നി കൈരളിയുടെ വിളക്കുമാടം
കേരളത്തില്‍ മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് കാളമ്പാടി. 'സമസ്ത'എന്ന കേരള മുസ്ലീം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി. ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിത പ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല. കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്.

അദ്ദേഹത്തിന്റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് കോട്ടുമല ബാപ്പുമുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടിയിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്.

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്: സുന്നി കൈരളിയുടെ വിളക്കുമാടം
കോട്ടുമല ഉസ്താദിന്റെ നിത്യസ്മരണ നിലനിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്. ഇസ്‌ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് ശ്രേഷ്ഠമായ ഈ പ്രദേശം. 'സമസ്ത' എന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവി പണ്ഡിത വര്യരരായിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഹിച്ചതോടെയാണ് കാളമ്പാടി എന്ന നാമം കേരളീയ മുസ്‌ലിം സമാജത്തിന് സുപരിചിതമായി തീര്‍ന്നത്. എട്ട് വര്‍ഷമാണ് അദ്ദേഹം സമസ്തയുടെ അമരത്തിരുന്ന് ആ സുരക്ഷിത നൗകയെ ചുക്കാനേന്തി കാറ്റിലും കോളിലും തകരാതെ തുഴഞ്ഞത്.

കാളമ്പാടി റോഡില്‍നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍ തോട്ടത്തിലെ സിമന്റിടാത്ത ഒരു കൊച്ചുകൂരയിലാണ് ആ മഹാന്‍ ജീവിച്ചത്. മേല്‍ക്കൂരയുടെ ചുമര്‍ കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞു കാണാമായിരുന്ന അത് പഴമയുടെ പ്രതീകമായിരുന്നു. അതിനേക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതായിരുന്നു ആ പണ്ഡിത ശ്രേഷ്ഠരും.

എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകുമായിരുന്നുള്ളൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടുമായിരുന്നില്ല. ചോദ്യത്തിന്റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി കുറഞ്ഞ വാക്കുകളില്‍, അതും തനി നാട്ടു ഭാഷയില്‍. അതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. മത വൈജ്ഞാനിക പ്രചരണ രംഗത്തും 'സമസ്ത'യുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള മഹാനായിരുന്നു കാളമ്പാടി ഉസ്താദ്.

1971ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. എന്‍.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ഉണ്ണിമോയിന്‍ ഹാജി തുടങ്ങിയവരെയും ഇതേ മുശാവറയിലായിരുന്നു അംഗങ്ങളായി തെരഞ്ഞെടുത്തത്. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു അന്ന് 'സമസ്ത'യുടെ പ്രസിഡന്റ്. സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളേയും കുറിച്ചു പറയാനും അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍നാടുകളില്‍ മദ്‌റസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് നടത്തിയ ത്യാഗ വഴികളെ കുറിച്ച് മര്‍ഹൂം ആനക്കര സി. കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ പറയാറുള്ളതായി 'സമസ്ത' യുടെ ചരിത്രകാരനും മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസി പറയുന്നു.

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്: സുന്നി കൈരളിയുടെ വിളക്കുമാടം

അഹ് ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയം ജീവിതത്തിന്റെ വിജയ വഴിയാണെന്ന് ജനതയെ ഓര്‍മിപ്പിക്കാനും പഠിപ്പിക്കാനും ഒരു കാലത്ത് ഉസ്താദ് നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ സമസ്തയെന്ന മഹിത പ്രസ്ഥാനത്തിന്റെ ചരിത്ര സാന്നിധ്യമാണ്. അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹവും സ­മര്‍പിച്ചുള്ളവയായിരുന്നു ആ പരിശ്രമങ്ങളൊക്കെ.
ഒരു പ്രത്യേക വിളിയാളമായാണ് ഉസ്താദ് കേരള മുസ്ലീങ്ങളുടെ ആത്മീയ അമരത്തേക്ക് വന്നത്. അഭിവന്ദ്യരായ അസ്ഹരിതങ്ങളുടെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടക്കമുള്ള സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും മുമ്പില്‍ കാളമ്പാടി എന്നല്ലാതെ വേറൊരു പേരില്ലായിരുന്നു. പഴയകാല ആലിമീങ്ങളുടെ എല്ലാ വിശേഷണങ്ങളും ചേര്‍ന്നതായിരുന്നു ആ വ്യക്തിത്വം എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. ഭൗതിക ഭ്രമത്തിന്റെ കൈയേറ്റങ്ങളിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി ഉസ്താദ് സമുദായത്തിന്റെ അനുഗ്രഹമായിരുന്നു.

പഠനം, സേവനം, കുടുംബം

1934ല്‍ അരിക്കത്ത് അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നു തന്നെയായിരുന്നു. പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിള സ്‌കൂളില്‍ പോയി രാവിലെ പത്ത് മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാം ക്ലാസ് വരെ അവിടെ തന്നെ പോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെ നിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന ഇവിടെത്തെ പഠനകാലത്താണ് നഹവിന്റെ പാഠങ്ങള്‍ തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതിയത്. ശേഷം പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ചേര്‍ന്നു. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു.

പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നാണ് പഠിച്ചത്. ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും, കര്‍മം കൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ അത്ഭുതലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്. ഇ.കെ. ഹസന്‍ മുസ്‌ലിയാരും എം.എം. ബഷീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയായിരുന്നു.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതിയത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം1959 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അ­ബൂ­ബക്കര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961ല്‍ ബാഖവി ബിരുദമെടുത്തു.

അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷ സേവനത്തിനു ശേഷം മൈത്രയിലേക്ക് തട്ടകം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു അവിടെ. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു. പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993 മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലായിരുന്നു. രണ്ടു തവണ ഉസ്താദ് ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ട്. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959 ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. ആറ് ആണും, അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളായിരുന്നു അദ്ദേഹത്തിന്. എട്ട് വര്‍ഷത്തെ പക്വമായ നേതൃത്വത്തിലൂടെ സമസ്തക്കും അതിലൂടെ സമുദായത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് കേരളീയ മുസ്ലീങ്ങള്‍ എന്നും ആ മഹാമനീഷിയോട് കടപ്പെട്ടിരിക്കുന്നു.

-റഹ് മാനി
Related News:
സമ­സ്ത പ്രസി­ഡന്റ് കാ­ള­മ്പാ­ടി മു­ഹമ്മ­ദ് മു­സ്ലി­യാര്‍ അ­ന്ത­രി­ച്ചു

കാള­മ്പാ­ടി മുഹമ്മദ്‌ മു­സ്ലി­യാ­ര്‍-Photos

Keywords: Kalambadi Usthad, Article




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia