Memories | സ്നേഹം വാരിവിതറിയ ജോസ്മി ടീച്ചർ
എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമ്മകളുടെ ഏടുകളിൽ എനിക്ക് അത്രമേൽ പ്രിയങ്കരിയായ ടീച്ചറുടെ മുഖവും വാത്സല്യവും സ്നേഹവും കരുതലും ഞാൻ എന്നെന്നും സൂക്ഷിക്കും
ഫാത്തിമ ഷിറിൻ
(KasaragodVartha) രണ്ടുമാസത്തെ അവധിക്കാലം ആഘോഷിച്ചു വിദ്യാലയത്തിലേക്ക് തിരിച്ചുപോകുന്ന അന്നത്തെ അതേ പതിനഞ്ചുകാരിയുടെ വെപ്രാളവും ഭാവവും ആയിരുന്നു ഇന്നെനിക്ക്. എൻറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ജോസ്മി ടീച്ചർ 23 വർഷത്തെ അധ്യാപകവൃദ്ധിക്ക് ശേഷം ഞങ്ങളുടെ കലാലയത്തിന്റെ പടിയിറങ്ങുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരുന്നു ഇന്നത്തെ യാത്ര.
മാർത്തോമ ബധിര വിദ്യാലയം, പത്തുവർഷം മികച്ച അധ്യാപകരുടെയും അച്ചൻമാരുടെയും സ്നേഹത്തിലും കരുതലിലും തണലിലും വാത്സല്യത്തിലും ഞാൻ ജീവിച്ചു പോന്ന ഞങ്ങളുടെ മറ്റൊരു വീട്.
എനിക്ക് അത്രമേൽ പ്രിയങ്കരമായ ആ ഇടത്തിൽ നിന്ന് ലഭിച്ച ഒരുകൂട്ടം നല്ല അധ്യാപകരിൽ നിന്നുള്ള വാൽസല്യനിധിയായ അധ്യാപികയായിരുന്നു ജോസ്മി ടീച്ചർ. അമ്മയുടെ മറ്റൊരു പര്യായം.മാർത്തോമായിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ കണ്ട ഒരു പോറ്റമ്മ. നല്ല ഒരു അധ്യാപിക. ജില്ലയിലെ അറിയപ്പെടുന്ന മികച്ച ആംഗ്യഭാഷ പരിഭാഷക. ജോസ്മി ടീച്ചറെ കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 2013 ജനുവരി മാസത്തിലെ ഒരു ദിനമാണ്, എറണാകുളത്ത് വെച്ച് നടന്ന കേരളത്തിലെ മുഴുവൻ ബധിര വിദ്യാലയങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം വരുന്ന കുട്ടികളുടെ ആഘോഷമായ 'സംസ്ഥാന ബധിര സ്കൂൾ കലോത്സവം'.
എൻറെ പ്ലസ് ടു പഠന കാലഘട്ടം. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും പദ്യം ചൊല്ലൽ മത്സരത്തിന് ഞാൻ മാർത്തോമയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. സ്കൂൾ ജീവിതത്തിലെ അവസാനത്തെ കലോത്സവം. പ്രിയപ്പെട്ട അക്ഷരമുറ്റത്തെയും അവിടുത്തെ പ്രിയമുള്ള മനുഷ്യരെയും പിരിയുന്ന വേദനയുമായി എന്റെ മനസ്സും. ഞാനും ജോസ്മി ടീച്ചറും ഒരുമിച്ച് പരിപാടി നടക്കുന്ന വേദിയിൽ പോയി ഇരുന്നു. എന്നെക്കാൾ അധികം ജോസ്മി ടീച്ചറിന്റെ മുഖത്ത് ആധിയും പിരിമുറുക്കവും വളരെ പ്രകടമായിരുന്നു. പാടാനുള്ള ആദ്യത്തെ ഊഴം എന്റേതായിരുന്നു, വിറക്കുന്ന കാലടികളോടെ, ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ ഞാൻ മൈക്കിനടുത്തേക്ക് നീങ്ങി. ഒരുവട്ടം ടീച്ചറിന്റെ കണ്ണുകളിലേക്ക് നോക്കി, പുഞ്ചിരിച്ച മുഖവുമായി പാടാൻ ടീച്ചർ ആംഗ്യം കാണിച്ചു. നിറഞ്ഞ മിഴികളോടെ അതിലേറെ പിടയുന്ന ഹൃദയവുമായി ഞാൻ ആലപിച്ചു,
'അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ...
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ...'
കവിത തീരുന്ന വരെയും എന്റെയും ജോസ്മി ടീച്ചറുടെയും മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നന്നായി പാടിയെന്ന് ടീച്ചർ അഭിനന്ദിച്ചു. വൈകുന്നേരം ആയപ്പോഴേക്കും മത്സരഫലം പുറത്തുവന്നെന്നുള്ള അനൗൺസ്മെൻറ് കേട്ടു, ടീച്ചർ എൻറെ കൈപിടിച്ച് മത്സരഫലം അറിയാനായി ഓടുകയായിരുന്നു. ഓരോ കാൽവെപ്പുകളിലും എൻറെ കൈകളിൽ മുറുകെ പിടിച്ചിരുന്നു അമ്മയോളം ഞാൻ സ്നേഹിക്കുന്ന ആ കരങ്ങൾ.
'ഹയർസെക്കൻഡറി പദ്യം ചൊല്ലൽ ഫാത്തിമ ഷിറിൻ- ഫസ്റ്റ് എ ഗ്രേഡ്', ആ നിമിഷം വരെ ഞാൻ അനുഭവിച്ച പിരിമുറുക്കം കണ്ണുനീരായി, ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, കൂടെ ഞാനും. എന്നെന്നും ഓർമ്മിക്കുവാൻ ഒരുപാടുള്ളവയിൽ നിന്നും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇവിടെ കുറിച്ച് വെച്ചതാണ്. പ്രിയപ്പെട്ട ജോസ്മി ടീച്ചർ, ഓരോ വിട പറയലുകളും മറ്റൊരു നല്ല തുടക്കം കൂടിയാണ്.
ഒരുമയുടെ ലോകം ഒരിക്കലും വിരമിക്കുന്നില്ല. യാത്ര തുടരുക, പൂർത്തിയാക്കാതെ ബാക്കിവെച്ച തുടക്കങ്ങളിലേക്ക്. ജീവിതത്തിൻറെ മറ്റൊരു പുതിയ അധ്യായത്തിലേക്ക്. പുതിയ തിളക്കങ്ങളിലേക്ക്.
എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമ്മകളുടെ ഏടുകളിൽ എനിക്ക് അത്രമേൽ പ്രിയങ്കരിയായ ടീച്ചറുടെ മുഖവും വാത്സല്യവും സ്നേഹവും കരുതലും ഞാൻ എന്നെന്നും സൂക്ഷിക്കും. ടീച്ചർക്കും കുടുംബത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ലനാളുകൾ നേരുന്നു.