സഅദിയ്യ: സമന്വയ വിദ്യയുടെ മാതൃസ്ഥാപനം
Jan 14, 2012, 19:32 IST
ഒരു രാജ്യവും അതിലപ്പുറവും തന്റെ സൗരഭ്യം പരത്തി സൗഭാഗ്യവതിയായ സഅദിയ്യ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. അതിന്റെ 42-ാം വാര്‍ഷിക സനദ് ദാന മഹാസംഗമം നടന്നുവരികയാണ്. ഒരു സ്ഥാപനത്തിന് അതും ഏറെ കടമ്പകള്‍ കയറി ഇറങ്ങേണ്ട മത-ഭൗതിക സമ്മിശ്ര കലാലയത്തിന് നാലു പതിറ്റാണ്ട് പിന്നിടുക എന്നത് ഏറെ സാഹസകരമാണ്. നാള്‍ക്കുനാള്‍ ഉയര്‍ച്ചകളും പുരോഗതികളും നേടിയെടുത്ത ഈ സ്ഥാപനം ശൂന്യതയില്‍ നിന്നും ജന്മമെടുത്തതു കൂടിയാകുമ്പോള്‍ ഈ വളര്‍ച്ച ഒരത്ഭുതം തന്നെ. എന്നും പിന്നാക്കത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളച്ചിടപ്പെട്ട ഒരു സമുദായത്തിന്റെ ഉന്നമനത്തിന് ധാര്‍മ്മിക-ലൗകിക സമന്വയ വിജ്ഞാനമാണ് പോംവഴിയെന്നു തിരിച്ച റിഞ്ഞ, സമൂഹത്തെ തന്നെ എന്നും നേരായ മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ കടപ്പെട്ട മതപണ്ഡിതര്‍ ഈ വഴിക്ക് ചിന്തിച്ചിറങ്ങിയതിന്റെ കേരളക്കരയിലെ പ്രഥമ ഉല്‍പ്പന്നമാണ് മേല്‍പ്പറമ്പിനടുത്ത ദേളിയിലെ സഅദിയ്യ എന്ന വിജ്ഞാന പൂന്തോപ്പ്.
പൗരപ്രമുഖനും വ്യവസായിയും മത സ്‌നേഹിയുമായിരുന്ന മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി തന്റെ അധീനതയില്‍ കീഴൂരില്‍ നടത്തി വന്നിരുന്ന കേവലം ഒരു മതപാഠശാലയ്ക്ക്(പള്ളി ദര്‍സ്)സമാനമായ സ്ഥാപനം ദീര്‍ഘദൃഷ്ടിയുള്ളവരും ഭയഭക്തി കൈമുതലുള്ളവരുമായ താജുല്‍ ഉലമ ശൈഖുനാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസിഡന്റും ശൈഖുനാ മൗലാന എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായ അന്നത്തെ കണ്ണൂര്‍ ജില്ലാ പണ്ഡിത സംഘടന 1978ല്‍ സധൈര്യം ഏറ്റെടുക്കുമ്പോള്‍ ആ നിസ്വാര്‍ത്ഥ പണ്ഡിതര്‍ വശം ഒരു നയാപൈസ പോലും ഇവ്വിഷയം സംബന്ധിയായി കയ്യിലിരിപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ നിശ്ചയദാര്‍ഡ്യവും അങ്ങേയറ്റത്തെ ഭയഭക്തിയും നിമിത്തം അവരുടെ ദൗത്യം അത്യത്ഭുതകരമാം വിധം വിജയിക്കുന്ന കാഴ്ചയാണ് മാലോകര്‍ ദര്‍ശിച്ചത്.
എന്നും സമുദായത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടിരുന്ന ഒരു വിഭാഗം ഈ മഹത് സംരംഭത്തോടെ ഒരല്‍പം ബേജാറിലായി എന്നത് വാസ്തവമായിരുന്നു. മതപണ്ഡിതര്‍ എന്നും അവരുടെ പള്ളി-മദ്്‌റസാ ജോലികളില്‍ മാത്രം വ്യാപൃതരാവേണ്ടവരാണെന്നും പൊതുസമൂഹമധ്യേ മറ്റു ചിലരാണ് ഇറങ്ങേണ്ടതെന്നുമുള്ള മിഥ്യാധാരണ അതിന്റെ മൂര്‍ധന്യത്തിലെത്തിയ സമയത്തായിരുന്നു കുറിയ മനുഷ്യനും കുശാഗ്ര ബുദ്ധിക്കാരനും നവോത്ഥാന ചിന്താവിപ്ലവനായകനുമായ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ നിര്‍ധന കുടുംബാംഗവും, പലരുടെയും ദൃഷ്ടിയില്‍ 'വെറും യാഥാസ്ഥികനുമായ' എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും, പ്രവാചക കുടുംബാംഗവും കേരളീയ മുസ്‌ലിംകളുടെ ആത്മീയാചാര്യനുമായ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ ബുഖാരിയുമടങ്ങുന്ന കണ്ണൂര്‍ ജില്ലാ പണ്ഡിതസഭ സമന്വയ വിദ്യാഭ്യാസമെന്ന വിപ്ലവാത്മകമായ സംരംഭത്തിനു നാന്ദി കുറിക്കുന്നത്. മഞ്ചേശ്വരം മുതല്‍ തലശ്ശേരി വരെ തദാവശ്യാര്‍ത്ഥം ചില സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിക്കുകയും പ്രാഥമികഘട്ടമെന്ന നിലക്ക് എം.എ. ഉസ്താദിനു കീഴില്‍തന്നെ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം സ്ഥാപനവും, കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ സമര്‍ഖന്ദ് ബോര്‍ഡിംഗ് മദ്്‌റസയും ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി തന്റെ പുരയിടത്തില്‍ ഏതാനും വര്‍ഷങ്ങളായി സ്വന്തം ചെലവില്‍ നടത്തിവന്നിരുന്ന സഅദിയ്യ: ദര്‍സ് നിലവിലുള്ള അദ്ധ്യാപകരെ വെച്ച് മുന്നോട്ടു കൊണ്ടു പോകുന്നത് അത്ര ശുഭകരമല്ലെന്ന് മനസ്സിലാക്കി മേല്‍ ഉദ്ധരിച്ച ഇരു പണ്ഡിതന്മാരെയും സമീപിച്ചു. "നിങ്ങള്‍ പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ചുവെന്നും അതിന് സ്വന്തമായ സ്ഥലമന്വേഷിക്കുന്നുണ്ടെന്നും അറിഞ്ഞു. 1971 മുതല്‍ എന്റെ സ്വന്തം വീട്ടില്‍ നടത്തിവരുന്ന മതവിജ്ഞാന പാഠശാല (ദര്‍സ്) ഏറ്റെടുത്തുകൊണ്ടാവട്ടെ അതിന്റെ തുടക്കമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നു. ദേളിയില്‍ എനിക്കു സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയായി രണ്ടര ഏക്കറും അതിനോട് ചേര്‍ന്ന് എന്റെ അധീനതയില്‍ തന്നെയുള്ള 'കുംകി'സ്ഥലമായ രണ്ടര ഏക്കറും കാസര്‍കോടിന്റെ സിരാകേന്ദ്രമായ ഫിര്‍ദൗസ് ബസാറില്‍ സ്ഥിതിചെയ്യുന്ന നാലുമുറിപീടികയും ഈ സംരംഭത്തിലേക്ക് ദാനം ചെയ്യുന്നു" ഇത്രയും പറഞ്ഞപ്പോള്‍ ജല-ജന രഹിതമായ ദേളിയില്‍ നാം എന്തു ചെയ്യാനെന്നു ശങ്കിച്ച മതനേതൃത്വത്തോട് ഹാജി ഒരു കാര്യവും കൂടി പറഞ്ഞുവത്രെ.'ഭാവിയില്‍ ഈ സ്ഥാപനത്തിനു വല്ല ദുരന്തവും നേരിട്ടാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കും......'
മനസ്സിന്റെ ആഴത്തില്‍ തറക്കുന്ന ഈ പ്രസ്താവനയോടെ എല്ലാം സൃഷ്ടാവില്‍ ഭരമേല്‍പിച്ച് ആ സാത്വിക നേതൃത്വം അതേറ്റെടുത്തു. വിശ്വപ്രശസ്ത അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിക്കു സമാനമായി ഈ സംരംഭം വികസിച്ചു കാണാന്‍ എനിക്കാഗ്രഹമുെണ്ടന്നും ഇത് ആ നിലയില്‍ വളര്‍ന്നുവരുമ്പോഴേക്കും നേരിട്ട് കണ്ടാസ്വദിക്കാന്‍ ഞാന്‍ ഒരുപക്ഷെ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും മരണശേഷവും എനിക്കതിന്റെ പരിമളം ആസ്വദിക്കാന്‍ ഉപകാരപ്രദമാംവിധം അഞ്ചു സെന്റ് സ്ഥലം അതിന്റെ തിരു മുറ്റത്ത് ഖബറിടത്തിനായി ഞാന്‍ സ്വന്തം നീക്കിവെക്കുകയാണെന്നും കല്ലട്ര ഹാജി സാഹിബ് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ ലവലേശം പോലും സംശയം ആര്‍ക്കും ബാക്കിവന്നില്ല.
എല്ലാ നാട്ടുപ്രമാണികള്‍ക്കും എന്നും മാതൃക സൃഷ്ടിച്ചു വിടപറഞ്ഞുപോയ ആ പൗരപ്രമുഖന്‍ ഇന്നെത്ര ഭാഗ്യവാന്‍! താന്‍ തുടങ്ങിവെച്ച ദൗത്യം എല്ലാം കൊണ്ടും യോഗ്യരായ പണ്ഡിതന്മാരെ ഏല്‍പിക്കാന്‍ നിശ്ചയിച്ച ഹാജി സാഹിബിന് പിന്നീട് ഒരിക്കലും ഒരിടത്തും ഒരു നേരവും ഒരാളെയും കാത്തുനില്‍ക്കേണ്ടിവന്നില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അന്നത്തെ മുദരീസായിരുന്ന പരേതനായ മര്‍ഹൂം സി.എം അബ്ദുല്ല മുസ്‌ലിയാര്‍ ഹജ്ജ് നിര്‍വ്വഹണാവശ്യാര്‍ത്ഥം മക്കയിലായിരിക്കുമ്പോള്‍ തന്നെ കല്ലട്ര ഹാജി സാഹിബ് കീഴൂരിലെ തന്റെ വസതിയിലെ പാഠശാല ദേളിയിലേക്ക് പറിച്ചുനടാന്‍ ധൃതിപ്പെട്ടപ്പോള്‍ ഏറ്റെടുക്കുന്ന പണ്ഡിത നേതൃത്വം 'സി.എം അവര്‍കള്‍ ഹജ്ജ് കഴിഞ്ഞ് വന്നോട്ടെ' എന്നാവശ്യപ്പെട്ടിട്ടും ഹാജി സാഹിബ് കൂട്ടാക്കിയില്ലെന്നത് മേല്‍ പരാമര്‍ശത്തിനു മകുടോദാഹരണമാണ്. ചെയ്യേണ്ട കാര്യങ്ങള്‍ പരമാവധി കൃത്യതയോടുകൂടിയും ദീര്‍ഘദൃഷ്ടിയോടെയും ചെയ്തു തീര്‍ക്കാന്‍ ഹാജിയാരുടെ ആവേശം ഒന്നുവേറെതന്നെയായിരുന്നു. ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ശുഷ്‌കാന്തിപ്പെട്ട ഹാജി സാഹിബിന്റെ മേല്‍ പ്രവര്‍ത്തനങ്ങളെല്ലാം മതത്തിനും, സമൂഹത്തിനും ഒട്ടുവളരെ ഉപകാരമാണ് പിന്നീട് വരുത്തിവെച്ചതെന്നത് ഗത-വര്‍ത്തമാന കാല അനുഭവങ്ങള്‍ തെളിവാണ്. നാഥാ, നീ ആ മഹാ മനീഷിക്ക് നിത്യശാന്തി നല്‍കേണമേ..നമുക്ക് പ്രാര്‍ത്ഥിക്കാം.
അഞ്ചേക്കറില്‍ തുടക്കമിട്ട സഅദിയ്യ അമ്പത് ഏക്കറും പിന്നിട്ട് അതില്‍ നിറയെ സമൂഹ-സമുദായ പുരോഗതിക്കാവശ്യമായ സ്ഥാപന സമുച്ഛയങ്ങളുമായി ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്റെ മധു പകര്‍ന്നു നല്‍കി അതിന്റെ ജൈത്ര യാത്ര ഹാജി സാഹിബ് വിശ്വസിച്ചേല്‍പിച്ച പണ്ഡിത ശ്രേഷ്ഠരുടെ കരങ്ങളിലും, ഒപ്പം കുമ്പോല്‍ തങ്ങളുടെ കരങ്ങളിലുമായിത്തന്നെ ഇന്നും സുദൃഡവും സുഭദ്രവുമായി മുന്നേറുന്നു. നവതി പിന്നിട്ട ഇരു നേതാക്കളും(ഉള്ളാള്‍ തങ്ങളും, എം.എ ഉസ്താദും) പ്രായാധിക്യത്തിന്റെ അവശതകള്‍ നേരിടുന്നതിനിടയിലും തങ്ങള്‍ നട്ടു വളര്‍ത്തിയ സ്ഥാപനത്തിനു വേണ്ടി കഠിന പ്രയത്‌നം നടത്തുയാണ്. സഅദിയ്യയുടെ ഉയര്‍ച്ചയാണ് ഇന്നും അവരുടെ പരമ പ്രധാനമായ ലക്ഷ്യം! സമുദായത്തിന്റെ അഭിവൃദ്ധിക്കൊപ്പം ഐക്യവും നിഷ്‌കപടമായി ആഗ്രഹിക്കുന്ന മേല്‍ നേതൃത്വം തങ്ങള്‍ കാരണം ഈ സൗഭാഗ്യ തീരത്തു നിന്നും ഒരാളും കൊഴിഞ്ഞു പോകരുത് എന്നുകൂടി കൊതിക്കുന്നു. സ്ഥാപന ഉപ പ്രിന്‍സിപ്പാളായിരുന്ന മര്‍ഹൂം സി.എം ഉസ്താദ് തനിയെ സ്ഥാപനത്തില്‍ നിന്നും മാറി നിന്നപ്പോള്‍ തിരിച്ചു കൊണ്ടുവരാന്‍ ആവതു ശ്രമിച്ചതും, പ്രസ്തുത സ്ഥാനവും, അദ്ദേഹം ഉപയാഗിച്ചിരുന്ന തന്റെ മുറിയും കുറേകാലം ഒഴിച്ചിട്ടതും, മാസങ്ങളോളം അദ്ദേഹത്തിന് സ്വന്തം വീട്ടില്‍ ശമ്പളം എത്തിച്ചു കൊടുത്തുകൊണ്ട് അദ്ദേഹത്തോടുള്ള സ്‌നേഹവും ബന്ധവും നിലനിര്‍ത്തി എന്നതും ഇതിന് ഏറ്റവും നല്ല തെളിവാണല്ലോ.
മേല്‍ പ്രസ്താവിച്ച വിശ്വ പ്രസിദ്ധ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായ ഈജിപ്തിലെ ജാമിഉല്‍ അസ്്ഹര്‍, മൗലാന ആസാദ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ്, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി, അലിഗര്‍ യൂണിവേഴ്‌സിറ്റി യു.പി., തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി അഫിലിയേഷന്‍ നേടിയ സഅദിയ്യ, ഡല്‍ഹി ഖൗമി കൗണ്‍സിലിന്റെയും, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെയും പ്രത്യേക കോഴ്‌സുകളും നടത്തിവരുന്നു. വര്‍ഗ-വര്‍ണ്ണ-വൈജാത്യങ്ങളുടെയും, മത-മതരാഹിത്യ വിഭാഗീയതയുടെയും പേരിലുള്ള സ്പര്‍ദ്ധകള്‍, ഭീകര-തീവ്രവാദ ചിന്തകള്‍ തുടങ്ങി അരുതായ്മകളുടെ കടവേരറുക്കുവാന്‍ അങ്ങേയറ്റം കഠിന ശ്രമം നടത്തുന്ന സഅദിയ്യയിലെ വിജ്ഞാന പറുദീസയില്‍ എല്ലാ മതക്കാരും ജാതിക്കാരും തേന്‍ നുകരുന്നുവെന്നതും അതില്‍ സേവകരായി പ്രവര്‍ത്തിക്കുന്നുവെന്നതും എത്ര ആനന്ദദായകം! ആയിരക്കണക്കിനു പൂമ്പാറ്റകള്‍ ആ പൂന്തോപ്പില്‍ നിന്നും വിജ്ഞാന മധു നുകര്‍ന്ന് ലോകത്തിന്റെ അഷ്ടദിക്കുകളിലുമായി കര്‍മ്മനിരതരാണിന്ന്. കല്ലട്രയുടെ ആഗ്രഹം പോലെ ഈജിപ്തിലെ വിശ്വവിഖ്യാത അല്‍-അസ്ഹറിനു സമാനം ഈ സ്ഥാപനം ഇന്ന് വികസിക്കുകയും വിശ്രുതമാവുകയും ചെയ്തു. ആധുനിക വിദ്യയുടെ സര്‍വ്വ സ്രോതസ്സുകളും അപ്പപ്പോള്‍ കണ്ടെത്തി അത് സമൂഹത്തിനു പകരുന്നതില്‍ സഅദിയ്യ എന്നും മുന്നിട്ടു നില്‍ക്കുന്നുവെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ഇസ്‌ലാമിക് ശരീഅത്ത് കോളേജ്, ബിരുദാനന്തര വ്യുപല്‍ത്തി കേന്ദ്രം, അനാഥാലയം, അഗതി മന്ദിരം, ഖുര്‍ആന്‍ മനഃപാഠശാല, ഹയര്‍ സെക്കന്‍ഡറി മദ്‌റസ, നഴ്‌സറി, പ്ലസ്ടു ഇംഗ്ലീഷ്-മലയാളം-കന്നഡ മീഡിയം സ്‌കൂളുകള്‍, ഉര്‍ദു ഗവേഷണാലയം, ഐ ടി സെന്ററുകള്‍ തുടങ്ങി 29ഓളം വൈവിധ്യമാര്‍ന്നതും സമൂഹത്തിനും രാജ്യത്തിനും ഒട്ടുവളരെ ഉപകാരപ്രദവുമായ വിജ്ഞാനശാലകള്‍ ഇന്ന് ഈ ക്യാമ്പസില്‍ തലയുയര്‍ത്തി നില്‍ക്കുന്നു; ഘെരാവോകളുടെയും, മറ്റു അശാന്തികളുടെയും ദുര്‍ഗന്ധം വമിക്കുന്ന വര്‍ത്തമാനങ്ങളൊന്നുമില്ലാതെ. നാലു ദശാബ്ദക്കാലംകൊണ്ട് നാലു ശതാബ്ദിയുടെ വികാസം നേടിയ ഈ സംരംഭത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചയ്ക്കും പിന്നില്‍ നാട്ടിലെയും മറുനാട്ടിലെയും സമൂഹ-സമുദായ സ്‌നേഹികളുടെയും ഉദാരമതികളുടെയും ഉള്ളഴിഞ്ഞ സഹായ സഹകരണങ്ങള്‍ മാത്രമാണ് കൈമുതല്‍. സര്‍വ്വ മതസ്ഥരുടെയും അല്ലാത്തവരുടെയും ഉത്സവ പ്രതീതിയോടെ സഅദിയ്യ: 42-ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഈ ബഹുമുഖ സ്ഥാപന സമുച്ഛയത്തിന്റെ നിലനില്‍പ് നമ്മുടെ മതേതര രാജ്യത്തിന് അനിവാര്യമെന്ന് ആശിക്കുന്ന സുമനസ്സുകള്‍ സ്ഥായിയായ വരുമാനത്തിന് ഉതകുന്ന സംരംഭങ്ങള്‍ക്കുകൂടി കൈ കോര്‍ക്കണമെന്നപേക്ഷിക്കുന്നു.
- കന്തല്‍ സൂപ്പി മദനി കുമ്പള
9567250786