city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താക്കോല്‍ ഊരിയെടുക്കാന്‍ ട്രാഫിക് പോലീസിന് അധികാരമുണ്ടോ?

ബുര്‍ഹാന്‍ തളങ്കര

(www.kasargodvartha.com 25.01.2018) ട്രാഫിക് ചെക്കിംഗുകളെ അഭിമുഖീകരിക്കുക അത് വിവാദമാക്കുക എന്നുള്ളത് കാസര്‍കോട് നിത്യസംഭവങ്ങളായി മാറിയിരിക്കയാണ്. നവമാധ്യമങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത് പോലീസ് വാഹന പരിശോധന ദൃശ്യങ്ങളാണ്. ഹെല്‍മറ്റ് ധരിച്ചാലും റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളില്‍ ടൂവീലര്‍ യാത്രികര്‍ പെട്ട് പോകുന്നത് പതിവാണ്. മുഴുവന്‍ രേഖകള്‍ കൈവശം ഉണ്ടായാല്‍ പോലും മിക്കപ്പോഴും ട്രാഫിക് പരിശോധനകളെ വെട്ടിച്ച് രക്ഷതേടുന്ന ഡ്രൈവര്‍മാരുടെ എണ്ണവും കാസര്‍കോട് നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്.

ഇത് വന്‍ വിപത്തുകളെയും ക്ഷണിച്ചുവരുത്തുന്നു. ട്രാഫിക് പരിശോധനകളെ എന്തിനാണ് നാം ഭയക്കുന്നത്? മോട്ടോര്‍ യാത്രികരുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ട്രാഫിക് പരിശോധനകളെ ഒരിക്കലും ഭയക്കേണ്ടതായി വരില്ല. ഒരു മോട്ടോര്‍ ബൈക്ക് യാത്രികന് നിയമം നല്‍കുന്ന അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നാമോരോരുത്തര്‍ക്കും ശരിയായ ധാരണ ഉണ്ടാവണം. വാഹന പരിശോധനയില്‍ പ്രധാന വില്ലനായ വിവാദ വിഷയത്തില്‍ തന്നെ തുടങ്ങാം. താക്കോല്‍ ഊരിയെടുക്കാന്‍ ട്രാഫിക് പോലീസിന് അധികാരമുണ്ടോ?

പലപ്പോഴും ട്രാഫിക് പരിശോധനകളില്‍ കണ്ട് വരുന്ന സ്ഥിരം നടപടിയാണിത്. എന്നാല്‍ വാഹനത്തില്‍ നിന്നും താക്കോല്‍ ഊരിയെടുക്കാനുള്ള അധികാരം ട്രാഫിക് പോലീസിന് നിമയത്തില്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നിങ്ങള്‍ക്ക് പരാതി നല്‍കാം. കൂടാതെ പരിശോധനാവേളയില്‍ നിങ്ങളുടെ വാഹനത്തിന്റെ വാതില്‍ ബലമായി തുറന്ന് നിങ്ങളെ പുറത്തിറക്കാനുള്ള അധികാരവും ട്രാഫിക് പോലീസിനില്ല. ഇതു വായിക്കുമ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വരുമെന്ന് ഉറപ്പാണ്. നിങ്ങളാഗ്രഹിക്കുന്ന നിയമമല്ലേ ഇത്.

മറ്റു മോട്ടര്‍ നിയമങ്ങള്‍ എന്താണെന്ന് കൂടി പരിശോധിക്കാം. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പോലീസ് ആസ്ഥാനത്തുനിന്ന് 2016 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

1989 ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം, 1. വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പോലീസ് മേധാവിമാരും ഇത് മനസ്സിലാക്കിവയ്ക്കണം.

2. ഇവരില്‍ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ അക്കാര്യം ജില്ലാ പോലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം.

3. അനുവാദമില്ലാത്ത ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം നടത്തി നടപടിയെടുക്കണം.

4. പരിശോധനയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ കൈവശമുള്ള പണം കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അവിടെ സൂക്ഷിക്കുകയും വേണം.

5. ഹൈവേ പട്രോള്‍ വാഹനങ്ങളുടെ ചുമതലയുള്ളവര്‍ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലര്‍ട്ട് കണ്‍ട്രോളില്‍ മുന്‍കൂട്ടി അറിയിക്കണം. ഈ വിവരങ്ങള്‍ ഒരാഴ്ചവരെ സൂക്ഷിക്കണം.

6. ഉദ്യോഗസ്ഥര്‍ ശരിയായവിധത്തില്‍ യൂണിഫോം ധരിക്കണം. ഷര്‍ട്ടിന്റെ ബട്ടണ്‍ തുറന്നിടുക, തലയില്‍ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കില്‍ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകള്‍ ഒരുകാരണവശാലും പാടില്ല. അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവിധത്തില്‍ പേര്, ഉദ്യോഗപേര് എന്നിവ യൂണിഫോമില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

7. ജില്ലാ പോലീസ് മേധാവിമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖാന്തരവും അല്ലാതെയുമുള്ള വിവരശേഖരണം വഴിയും ഈ നിബന്ധനകള്‍ പാലിച്ചാണോ വാഹനപരിശോധന നടക്കുന്നതെന്നും, അനധികൃതമായി പരിശോധന നടത്തുന്നുണ്ടോയെന്നും ഇടയ്ക്കിടെ നിരീക്ഷിക്കണം.

8. ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ വാഹന പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല.

9. അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് വാഹനപരിശോധനകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റികേസുകളുടെ എണ്ണം തികയ്ക്കുക എന്നതാകരുത്.

10. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന മുഖ്യമായ കുറ്റകൃത്യങ്ങളായ പെട്ടെന്നുള്ള യു ടേണ്‍ തിരിയല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്, ഗതാഗത സിഗ്‌നല്‍ ലംഘനം, അപകടസാധ്യതയുണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക്‌ചെയ്യല്‍, രാത്രിയില്‍ ഹെഡ്‌ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കാകണം പരിശോധനയില്‍ മുന്‍ഗണന നല്‍കേണ്ടത്.

11. വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ സര്‍ എന്നോ 'സുഹൃത്ത്' എന്നോ, സ്ത്രീയാണെങ്കില്‍ 'മാഡം' എന്നോ സഹോദരി' എന്നോ അഭിസംബോധനചെയ്യണം.

12. പരിശോധന നടത്തുന്ന സമയം വളരെ മാന്യമായ രീതിയില്‍ പെരുമാറണം. വിശേഷിച്ചും, സ്ത്രീകള്‍ മാത്രമായോ കുടുംബാംഗങ്ങളോടൊപ്പമോ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദര്‍ഭങ്ങളില്‍ ഒരു കാരണവശാലും അനാവശ്യ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കരുത്. ഗതാഗതസുരക്ഷയ്ക്കുള്ള ലഘുലേഖകള്‍ നല്‍കി അവരെ ഗതാഗത സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാവുന്നതാണ്.

13. പരിശോധനാവേളയില്‍ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും, അതിന് നിയമപരമായി അവര്‍ ഒടുക്കേണ്ട പിഴ എന്താണെന്നും, മോട്ടോര്‍നിയമത്തിലെ ഏത് സെക്ഷന്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്നും, തത്സമയം പിഴയടയ്ക്കാതെ കോടതിയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിന് അവകാശമുണ്ടെന്നും അറിയിക്കണം.

14. പരിശോധനയ്ക്കിടയില്‍ ഒരുകാരണവശാലും ആത്മനിയന്ത്രണം വിട്ട് യോഗ്യമല്ലാത്ത രീതിയില്‍ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദര്‍ഭങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മൊബൈല്‍ ഫോണിലോ, കൈവശമുള്ള വീഡിയോ ക്യാമറകളിലോ പകര്‍ത്താവുന്നതാണ്.

15. ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏല്‍പ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാല്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃത നടപടി കൈക്കൊള്ളണം.

16. തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലാകണം പോലീസ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധനാവേളയില്‍ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണം. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് അല്ലെങ്കില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന് മാത്രമാണ് വാഹനം പരിശോധിക്കാനുള്ള അധികാരമുള്ളത്. പരിശോധനാവേളയില്‍ യൂണിഫോമില്‍ വന്നെത്തുന്ന ഉദ്യോഗസ്ഥന്റെ നെയിം പ്‌ളെയ്റ്റ് തിരിച്ചറിഞ്ഞശേഷം മാത്രം വാഹനരേഖകള്‍ കാണിക്കുക. ഇനി നെയിംപ്‌ളെയ്റ്റ് ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, തിരിച്ചറിയല്‍ രേഖ, ബാച്ച് നമ്പര്‍ എന്നിവ ചോദിക്കാന്‍ മോട്ടോര്‍ വാഹന യാത്രികന് അവകാശമുണ്ട്.

പിന്നെ ട്രാഫിക് കോണ്‍സ്റ്റബിളിന് വാഹനം പിടിച്ചെടുക്കാനുള്ള അധികാരം നിയമം നല്‍കുന്നില്ല. വാഹനത്തിന്റെ മലിനീകരണരേഖകള്‍ ആവശ്യപ്പെടാന്‍പോലും കോണ്‍സ്റ്റബിളിന് അനുവാദമില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം നിയമപ്രകാരം മലിനീകരണരേഖകള്‍ പരിശോധിക്കാനുള്ള അധികാരമുള്ളത് ആര്‍ടിഒയ്ക്കാണ്. മാത്രമല്ല, കാറിനുള്ളില്‍ യാത്രക്കാര്‍ ഇരിക്കവെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും ട്രാഫിക് പോലീസിന് നിയമം നല്‍കുന്നില്ല. ട്രാഫിക് നിയമപ്രകാരം, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കു മുകളില്‍ പദവിയുള്ളവര്‍ക്ക് മാത്രമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുമേല്‍ നോട്ടീസ്, പിഴ എന്നിവ നല്‍കാന്‍ അധികാരമുള്ളു. അതേസമയം, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് സ്‌പോട്ടില്‍ പിഴ സ്വീകരിക്കാം.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനുതാഴെ പദവിയുള്ളവര്‍ക്ക് ട്രാഫിക് നിയമലംഘനങ്ങളും ബന്ധപ്പെട്ട വാഹനനമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് അധികാരമുള്ളത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ട്രാഫിക് പോലീസിന് ലൈസന്‍സ് പിടിച്ചെടുക്കാം? ചുവന്ന ട്രാഫിക് സിഗ്‌നലുകള്‍ മറികടന്നാല്‍ ട്രാഫിക് പോലീസിന് നിങ്ങളുടെലൈസന്‍സ് പിടിച്ചെടുക്കാം. ഇതിനുപുറമെ, വാഹനത്തില്‍ അമിതഭാരം കയറ്റിയാലും, ചരക്കു വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാലും ലൈസന്‍സ് പിടിച്ചെടുക്കാം. മദ്യപിച്ച് വാഹനമോടിച്ചാല്‍, ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചാല്‍, അമിതവേഗത്തില്‍ ഡ്രൈവ് ചെയ്താല്‍ ട്രാഫിക് പോലീസിന് ലൈസന്‍സ് പിടിച്ചെടുക്കാം. എന്നാല്‍ പിടിച്ചെടുത്ത ലൈസന്‍സ് ചൂണ്ടിക്കാട്ടി രസീത് നല്‍കേണ്ട ഉത്തരവാദിത്തം ട്രാഫിക് പോലീസിനുണ്ട്. ഇനി നിങ്ങള്‍ നിയമംലംഘിച്ചില്ല എന്ന് വിശ്വസിക്കുന്നുവെങ്കില്‍, ഒപ്പിടാതെ കുറ്റം എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ നോട്ടീസുമായി നിങ്ങള്‍ക്ക് കോടതിയെ സമീപിച്ച് കേസില്‍ വാദം സമര്‍പ്പിക്കാവുന്നതാണ്. വൈകിട്ട് ആറിനുശേഷം സ്ത്രീകള്‍ ഓടിക്കുന്ന വാഹനം പരിശോധിക്കണമെങ്കില്‍ വനിതാ പോലീസിന്റെ സാന്നിധ്യമുണ്ടാവണം എന്ന് നിയമം വ്യക്തമാക്കുന്നു.

ഇനി വാഹനത്തില്‍ സ്ത്രീയുണ്ട് എങ്കില്‍ വൈകിട്ട് ആറിനുശേഷമുള്ള വാഹന പരിശോധനകളില്‍ വനിതാ പോലീസിന്റെ സാന്നിധ്യം പരിശോധനാ ഇന്‍സ്‌പെക്ടറോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം. നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിങ്ങളെ സഹായിക്കാനുമാണ് പോലീസ് നിലകൊള്ളുന്നത്. നിങ്ങള്‍ നിയമം ലംഘിച്ചുവെങ്കില്‍ പോലീസുമായി സഹകരിക്കേണ്ടതും ഒരു ഉത്തമ ഇന്ത്യന്‍ പൗരന്റെ കടമയാണ്. കേരളാ പോലീസിന്റെ പ്രവര്‍ത്തന ശൈലിയില്‍ മതിപ്പുയര്‍ത്താന്‍തക്ക വിധത്തിലുള്ള വാഹനപരിശോധനാ സമ്പ്രദായങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കണമെന്ന് ഡിജിപിയും സര്‍ക്കുലറില്‍ ഓര്‍മിപ്പിക്കുന്നു. മേല്‍പറഞ്ഞ അവകാശങ്ങള്‍ നിയമം ലംഘിക്കാനുള്ള അവസരം ആയല്ലോ നോക്കിക്കാണേണ്ടത് .നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിങ്ങളെ സാഹയിക്കാനുമാണ് പോലീസ് നിലകൊള്ളുന്നത്.

നിങ്ങള്‍ നിയമം ലംഘിച്ചൂവെങ്കില്‍ പോലീസുമായി സഹകരിക്കേണ്ടതും ഒരു ഉത്തമ ഇന്ത്യന്‍ പൗരന്റെ കടമയാണ്. ഒരു കാര്യം പ്രത്യേകമായി ഓര്‍മ്മിക്കണം ഇന്ന് പലരും ജീവനോടെ ഇരിക്കുന്നത് പോലീസിന്റെ ശക്തമായ നിരീക്ഷണം ഉള്ളതുകൊണ്ടാണ് നമ്മുടെ ചുറ്റുപാട് ശ്രദ്ധിച്ചാലറിയാം എത്രത്തോളം നിയമലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്. എതിര്‍ക്കപ്പെടുക എന്നുള്ളത് പോലീസിന്റെ നേരെ മാത്രം പ്രയോഗിക്കാനുള്ള ആയുധമല്ല. അത് നിങ്ങളുടെ ചുറ്റുപാടുള്ള നിയമലംഘനം അവസാനിപ്പിക്കാനുള്ള ആയുധമായി മാറ്റാന്‍ ശ്രമിക്കുക. ഇത്രയും കര്‍ശനമായ പോലീസ് പരിശോധനകളും നടപടികള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മരണപ്പെട്ട ആളുകള്‍ മാത്രം 20,489 പേരാണ്. പരിക്കേറ്റ് ജീവിതത്തോട് മല്ലിടുന്നവര്‍ 2,08,299 പേരാണ്. ജനസംഖ്യ അനുപാതത്തില്‍ ദേശീയ ശരാശരിയില്‍ ഒട്ടും ആശാവഹമല്ല കേരളത്തില്‍ നിന്നുള്ള ഈ കണക്കുകള്‍.

നമ്മുടെ കൂടെ ഇന്നും ജീവിച്ചിരിക്കേണ്ടവരായിരുന്നു ഇവര്‍. സ്വയം വരുത്തിവച്ച വിനയോ മറ്റുള്ളവരുടെ ഒരു നിമിഷത്തെ അശ്രദ്ധയോ കൊണ്ടാകാം ഇന്ന് നമ്മുടെ കൂടെ ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടു പോയത്. വാഹനം ഓടിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്നാലോചിച്ചാല്‍ അടുത്ത നമ്പര്‍ നമ്മുടേതല്ലാത്താതാക്കാം. സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്ഥിരമായി കാണപ്പെടുന്നത് ബൈക്കില്‍ മൂന്നുപേരും നാലുപേരും  സര്‍ക്കസിലെ റൈസിംഗ് അഭ്യാസിയെപ്പോലെ കുതിച്ചു പായുന്ന രംഗങ്ങളാണ്. നിങ്ങള്‍ ചോദ്യം ചെയ്യേണ്ടത് ഇവരെയാണ്. ഇവരെ കയറൂരി വിട്ടിരിക്കുന്ന മാതാപിതാക്കളോടാണ്. അവര്‍ക്കാണ് ബോധവല്‍ക്കരണം നല്‍കേണ്ടത്. കണ്ണാടി അടിച്ചുമാറ്റിയാല്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ നിയമപാലകര്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവിതമാണ്. അത് എത്രത്തോളം ആണെന്ന് മനസ്സിലാക്കാന്‍ നേരത്തെ അപകടം സംഭവിച്ചവരുടെ ഉറ്റവരോട് ചോദിച്ചാല്‍ മനസ്സിലാകും.

അതിനു സാധിക്കുന്നില്ലെങ്കില്‍ വാഹനാപകടങ്ങളുടെ വീഡിയോകളും ചിത്രങ്ങളും യൂട്യൂബില്‍ സുലഭമായി കാണാം. എന്നിട്ടും നിങ്ങള്‍ക്ക്  നിയമം ലംഘിക്കാനാണ് ആഗ്രഹമെങ്കില്‍ ആയിക്കോളൂ, പക്ഷേ മറ്റുള്ളവരുടെ ജീവിതം ഇതുകാരണം നഷ്ടപ്പെട്ടു പോകരുത്...ഒരപേക്ഷയാണ്.
താക്കോല്‍ ഊരിയെടുക്കാന്‍ ട്രാഫിക് പോലീസിന് അധികാരമുണ്ടോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Trending, Police, Vehicle, Is traffic police capable for take the key from vehicle?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia