കാസര്‍കോടെന്താ കുട്ടിജപ്പാനോ?
Mar 1, 2012, 12:54 IST
'കുട്ടിജപ്പാനിലെ കുളന്തൈകള്‍' സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പുഷ്‌ക്കലമായ കാലത്തെ ചൂടുംചൂരുമുള്ള ചലച്ചിത്രങ്ങളിലൊന്നായിരുന്നു. കോണ്‍ഗ്രസ് അതികായനായിരുന്ന കാമരാജ നാടാരുടെ മസ്തിഷ്‌ക്ക ശിശുവായ തമിഴ്‌നാട്ടിലെ ശിവകാശിയെന്ന വ്യവസായപട്ടണത്തെയാണ് കുട്ടിജപ്പാനായി സംവിധായകന്‍ ചിത്രീകരിക്കുന്നത്. വെടിമരുന്നിന്റെ ഗന്ധമുള്ള, അച്ചടിയന്ത്രങ്ങള്‍ രാപ്പകല്‍ ശബ്ദിക്കുന്ന, അച്ചടിമഷിയും കരിമരുന്നും പുരണ്ട മനുഷ്യക്കോലങ്ങള്‍ ഇടതടവില്ലാത്ത ഒഴുകുന്ന ഒരു വൃത്തികെട്ട നഗരമാണ് ശിവകാശി. ഈ നഗരമാണ് ബാലവേലയ്ക്ക് കുപ്രസിദ്ധമായ ഇന്ത്യയിലെ ഏകനഗരം. പതിനഞ്ചു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെ കുട്ടികളെ ഇവിടെ കഠിന ജോലി ചെയ്യിക്കുന്നു. വെടിമരുന്നുശാലകളിലും തീപ്പെട്ടി കമ്പനികളിലും അച്ചടി ശാലകളിലും കുട്ടികള്‍ തന്റെയും വീട്ടുകാരുടെയും പശിയടക്കാന്‍ പെടാപ്പാടുപെടുകയാണ് ഇവിടെ. പടക്ക നിര്‍മ്മാണശാലകളില്‍ നിന്ന് ചിലപ്പോള്‍ ഉയരുന്ന ഉഗ്രസ്‌ഫോടനത്തിനൊപ്പം ഉയരങ്ങളില്‍ നിന്ന് ചിന്നിച്ചിതറി നിലംപതിക്കുന്നത് കുട്ടികളുടെ ജഢാവശിഷ്ഠങ്ങളാണ്. ഇതാണ് കുട്ടിജപ്പാനിലെ ദുരിതപര്‍വ്വം.
ഇനി കാസര്‍കോട്ടേക്ക് മടങ്ങാം. ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ എന്ന സ്ഥലത്തുനിന്നാണ് പുതിയ വാര്‍ത്ത. വാര്‍ത്തയിലെ കഥാനായകന്‍ തമിഴ്‌നാട് മധുരയിലെ മഹാരാജനെന്ന ബേക്കറി ഉടമ. പുള്ളിക്കാരന്‍ ഇപ്പോള്‍ ജയിലിലാണ്. അഴിയെണ്ണാന്‍ വിധിച്ചകുറ്റം കുട്ടിജപ്പാന്‍മോഡല്‍ കുറ്റംകൃത്യം തന്നെ. ഒമ്പതുകൊല്ലം മുമ്പാണ് മഹാരാജന്‍ മധുരയില്‍ നിന്ന് അഡൂരിലെത്തിയത്. അഡൂരും ശിവഭൂമി തന്നെയാണ്. മഹാലിഗേശ്വരനാണ് അതായത് ശിവന്‍ തന്നെയാണ് അഡൂരിന്റെ ദൈവം. മഹാരാജന്റെ ബേക്കറിയില്‍ നടുവൊടിയും വരെ പണിയെടുത്തത് തമിഴ്‌നാട്ടില്‍ നിന്നുള്ള കുട്ടികുളന്തൈകള്‍ തന്നെ. രാപകല്‍ ഇവരെ പണിയെടുപ്പിക്കും. ജോലിക്ക് കൂലി ഭക്ഷണം മാത്രം. പഴങ്കഞ്ഞിയില്‍ ഉപ്പുചേര്‍ത്ത് പച്ചമുളകും ഞെരടിയാണ് തീറ്റ. തിരുവായ്ക്ക് എതിര്‍വായില്ല. അധ്വാനത്തിന്റെ വേഗതത കുറഞ്ഞാല്‍ മഹാരാജന്‍ ചാട്ടവാര്‍ ചുഴറ്റും. തീകൊള്ളികൊണ്ട് കുത്തും. തുടയടിച്ച് പൊട്ടിക്കും. ശിവകാശിയെ വെല്ലുന്ന പീഡനമുറകള്‍. ഇതില്‍ സഹികെട്ട് കുട്ടികുളന്തൈകള്‍ ഒരു നാള്‍ ബേക്കറി അടുക്കളയില്‍ നിന്ന് പാത്തും പതുങ്ങിയും പുറത്തുചാടി. നേരേചെന്നത് തമിഴ്‌നാട്ടുകാരനായ ബാര്‍ബറുടെ അടുത്തേക്ക്. കുളന്തൈകള്‍ എല്ലാ കദന കഥകളും ബാര്‍ബറോട് തമിഴില്‍ തന്നെ പേശി. ഇതു കേട്ട് നടുങ്ങിയ ബാര്‍ബര്‍ സ്ഥലത്തെ സന്നദ്ധ സംഘത്തെ വിവരമറിയിച്ചു. അവര്‍ മഹാരാജന്റെ വിക്രിയകള്‍ സംബന്ധിച്ച് ചൈല്‍ഡ് ലൈനിന് രഹസ്യം കൈമാറി. ചൈല്‍ഡ്‌ലൈന്‍ പരാതി സ്ഥിരീകരിച്ചു. പിന്നീടുള്ള റോള്‍ ആദൂര്‍ പോലീസിന്റെതായിരുന്നു. അവര്‍ മഹാരാജന്റെ കൈയ്യില്‍ വിലങ്ങിട്ടു. അങ്ങനെ മധൂരയില്‍ നിന്നുള്ള ഈ മഹാരാജന്‍ കല്‍ത്തുറങ്കിലായി.
ശെല്‍വിയേ അറിയില്ലേ? തളങ്കരയില്‍ ധനികയായ വീട്ടമ്മ ബീഫാത്തിമക്കൊപ്പം കൊള്ളക്കാര്‍ കൊന്നൊടുക്കിയ തമിഴ് പെണ്‍കുട്ടി.
അഞ്ജലിയെ അറിയില്ലേ? തായലങ്ങാടിയിലെ വീട്ടില്‍ വേലക്കുനിന്നതിനിടയില്‍ വീട്ടുടമയുടെ ബന്ധുവായ യുവാവിന്റെ അവിഹിത ഗര്‍ഭം പേറി കൗമാരപ്രായത്തില്‍ തന്നെ പ്രസവിക്കേണ്ടിവന്ന ഹതഭാഗ്യ.
തിരുവാളനെ അറിയില്ലേ? ഗൃഹനാഥന്റെ ആവശ്യാര്‍ത്ഥം പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങാന്‍ പോകുമ്പോള്‍ കറന്തക്കാട് അജ്ഞാത വാഹനമിടിച്ച് മരിച്ച തമിഴ് ബാലന്‍.
കലാവതിയെ അറിയില്ലേ? പെരുമഴക്കാലത്ത് വീട്ടുടമയ്ക്ക് കുടയുമായി പോകവേ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിച്ചക്രത്തിനടിയില്‍പ്പെട്ട് ജീവിതം പൊലിഞ്ഞുപോയ തമിഴ് പെണ്‍കിടാവ്.
കുമ്പളയിലെ ചൂതാട്ടക്കാരന്‍ നരസിംഹന്‍ തന്റെ കടയുടെ തൊട്ടടുത്ത സ്‌കൂളിലെ എട്ടുംപൊട്ടും തിരിയാച്ച നിരവധി പെണ്‍കുട്ടികളെയാണ് മിഠായി നല്‍കി വശികരിച്ച് നിരന്തരം പീഡിപ്പിച്ചത്. ഈ പെണ്‍കുട്ടികളത്രയും കുമ്പളയില്‍ താമസിച്ചുവന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായിരുന്നു. സംഭവം പുറത്തറിഞ്ഞത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കുമ്പള സ്റ്റേഷനില്‍ കൈകാര്യം ചെയ്ത രീതിയും ആരും മറന്നിട്ടില്ല. ആ കേസും ഇപ്പോള്‍ പൂഴ്ത്തിയ നിലയിലാണ്.
ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ എത്രയെത്ര ബാലപീഡനകഥകള്‍ കാസര്‍കോട്ട് അരങ്ങേറി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അഡൂരിലെ മഹാരാജന്റെ വിക്രിയകള്‍.
ഭാര്യ പ്രസവശുശ്രൂഷയിലാകുമ്പോള്‍ ഗൃഹനാഥന്റെ കാമവെറിക്കും ലൈംഗികവൈകൃതങ്ങള്‍ക്കും ഇരയാകുന്ന എത്രയോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചില വീടുകളിലെ അകത്തളങ്ങളിലുണ്ട്. ചൈല്‍ഡ് ലൈനും പോലീസും ജൂവനൈല്‍ നിയമജ്ഞരും ഇതറിയുന്നില്ല. അതുകൊണ്ടുതന്നെയാണ് കാസര്‍കോടെന്താ കുട്ടിജപ്പാനോയെന്നു ചോദിച്ചു പോകുന്നത്.
പിന്‍കുറി: സ്വര്‍ഗരതി കുറ്റകൃത്യമല്ല -കേന്ദ്രം.
ഉണങ്ങിക്കിടക്കുന്ന ലോഡ്ജു മുറികള്‍ ഇനി സക്രിയമാകും.
-കെ.എസ്.ഗോപാലകൃഷ്ണന്‍
Keywords: Maruvartha, K.S.Gopalakrishnan, Article