city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inflation | മുകളിൽ സൂര്യനും താഴെ വിപണിയും പൊള്ളിക്കുന്നു; വിലക്കയറ്റം മൂലം വഴിമുട്ടി ജീവിതങ്ങൾ!

_ബസരിയ ആദൂർ_

(KasargodVartha) വേനൽകാലം വന്നു. ഒപ്പം ചൂടിന്റെ കാഠിന്യവും വർധിച്ചു വരുന്നുണ്ട് നാൾക്കുനാൾ. സൂര്യൻ മേൽപോട്ട് പിന്നെയും ദൂരെ ദൂരെ പോവുന്ന പോലെ. നഗരത്തിൽ ഷോപ്പിങിന് വേണ്ടി ഒന്ന് പോയതായിരുന്നു. വസ്ത്ര കടകളും ചെരുപ്പ് കടകളും ഹോട്ടലുകളും ഒക്കെ ജനനിബിഡമാണ്. ഷോപ്പിംഗിനിടയിൽ വിശപ്പും ദാഹവും അകറ്റാൻ ഉപഭോക്താക്കളെ കൊണ്ട് ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഇരിപ്പിടങ്ങൾ നിറഞ്ഞു. സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. സാധാരണക്കാരുടെ കീശ കാലിയാവാൻ അധികം പർച്ചേസിംഗ് ആവശ്യമില്ല. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.
  
Inflation | മുകളിൽ സൂര്യനും താഴെ വിപണിയും പൊള്ളിക്കുന്നു; വിലക്കയറ്റം മൂലം വഴിമുട്ടി ജീവിതങ്ങൾ!

വസ്ത്രക്കടകളിലും സ്ത്രീകളും കുട്ടികളും നിറഞ്ഞൊഴുകുന്നു. ആരെയും ഒന്ന് ഞെട്ടിപ്പിക്കുന്ന വിലയാണ് ഓരോന്നിനും. ഏത് വസ്ത്രം കാണിച്ചാലും ഇതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന ഒരൊറ്റ വാക്കിൽ ഉപഭോക്താക്കളെ കയ്യിലെടുക്കുന്ന വസ്ത്ര കടകളുടെ കച്ചവട ശൈലി തെല്ലൊരതിശയം തോന്നിപ്പിക്കാതിരുന്നില്ല. എല്ലാവരോടും നിങ്ങൾക്ക് മാത്രമുള്ള ഡിസ്‌കൗണ്ട് എന്ന് പറയുന്നതും നഗരങ്ങളിലെ കച്ചവട രീതികളുടെ ഭാഗമായി മാറി. അത്തരം വാക്കുകൾ ശരിക്കും നമുക്ക് സാധനങ്ങളോട് മതിപ്പ് തോന്നിപ്പിക്കുന്നതാണ് അവരുടെ മാജിക്.

    

ഇപ്പോൾ കച്ചവട സീസൺ തുടങ്ങാറായി. ഇസ്ലാമിക വിശ്വാസികളുടെ പുണ്യ മാസം റമദാൻ സമാഗതമാവുകയാണ്. സാധനങ്ങളുടെ തീവില റമദാനിൽ മിക്കവരെയും ദുരിതത്തിലേക്കും. വ്യാപാരികള്‍ തോന്നും പോലെ വില നിശ്ചയിക്കുമ്പോള്‍ സാധാരണക്കാരന്‍ ചന്തകളില്‍ എത്തി അന്തംവിടുകയാണ്. നോമ്പുതുറയ്‌ക്കുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും കൊണ്ട് അടുത്ത ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകും. പക്ഷെ വില നിലവാരം പലരെയും അകറ്റും.

റമദാൻ പകുതി പിന്നിടുമ്പോൾ അടുത്ത സീസൺ പെരുന്നാളിന്റെ ബഹളങ്ങളായിരിക്കും. റമദാൻ നോമ്പ് പിടിച്ചു ഈ ചൂട് കാലത്തു ഷോപ്പിംഗ് പ്രയാസമായി തോന്നിയത് കൊണ്ടാവണം ഞാനടക്കമുള്ള പലരും പെരുന്നാൾ പർച്ചേസിംഗ് നേരത്തെ ആക്കിയത്. ഓരോ കടകളും കച്ചവടക്കാരും പൊള്ളുന്ന വില പറഞ്ഞു ഞെട്ടിപ്പിച്ചു കൊണ്ടേയിരുന്നു. ഓരോ തവണ പോകുമ്പോഴും സാധനങ്ങളുടെ വിലയിലുള്ള മാറ്റം അതിശയിപ്പിക്കുന്നതാണ്. ഇതേ അഭിപ്രായമായിരുന്നു കൂടെയുള്ള ബന്ധുവിനും. ഇന്ധനങ്ങളുടെ വില വർദ്ധന സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പലരുടെയും സംസാരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വിലക്കയറ്റത്തെ കുറ്റപ്പെടുത്തി.

ഒരു ജ്യൂസ് കടയിൽ പോയപ്പോൾ ഞങ്ങളുടെ തൊട്ടടുത്ത മേശയ്ക്ക് ചുറ്റിലും ഇരുന്നവരിൽ ഒരു ഉമ്മയുടെ വാക്കുകൾ അതിശയങ്ങൾക്കപ്പുറം ആ പ്രയോഗ ശൈലി എനിക്കവരോട് ഇഷ്ടം തോന്നിപോയി. ‘വോട്ട് ചോദിക്കാൻ വീട്ടിൽ വരുമ്പോൾ ദുനിയാവല്ലോ ഞമ്മക്ക്, വോട്ട് കഴിഞ്ഞ ഞമ്മളെ പൈസ ഫുൾ ഓർക്ക്’ അവർ കുടിച്ചോണ്ടിരുന്ന മുസംബി ജ്യൂസിലെ തണുപ്പ് ഒന്നും അവരെ തണുപ്പിച്ചില്ല. തമ്മിൽ പറയുക എന്നതിനപ്പുറം സംസാരിക്കാനുള്ള ഒരവസരം സാധാരണക്കാരന് കിട്ടിയിരുന്നെങ്കിൽ അവർ വിപ്ലവങ്ങൾ സൃഷ്ടിച്ചേനെ എന്ന് എനിക്ക് തോന്നിപ്പോയി. അത്രയും അമർഷം അവരുടെ വാക്കുകളിൽ നിന്ന് ശ്രവിക്കാം.

ഫൂട് പാത്തിലും ചെറു കച്ചവടക്കാരും ഉപഭോക്താക്കളെ ക്ഷണിക്കുന്നത് കാണാം. ഒരു കിലോയ്ക്ക് 40 രൂപയുള്ള നേന്ത്ര പഴത്തിനെ 100 രൂപക്ക് രണ്ടര കിലോ എന്ന് കൗശല പ്രയോഗത്തിലൂടെയും ഉപഭോക്താക്കളെ ആകർഷിപ്പിച്ചു. ഫൂട് പാത്തിലെ ഒരു കച്ചവടക്കാരൻ ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു. ഞങ്ങൾ വിൽക്കുന്ന 100 രൂപയുടെ സാധനം ഗുണനിലവാരം പോരാ എന്ന് പറഞ്ഞു പോയിട്ട് അതേസാധനം വലിയ കടകളിൽ നിന്ന് 500 ഉം 1000 വും കൊടുത്തു വാങ്ങിക്കുന്നതല്ലേ നിങ്ങൾ? അയാളുടെ നോട്ടത്തിലും ഭാവത്തിലും ഒരു തരം പുച്ഛമായിരുന്നു. തമാശയ്‌ക്കൊപ്പം അയാൾ പറഞ്ഞതിനെ തള്ളിക്കളയാൻ ഞങ്ങൾക്കും തോന്നിയില്ല. വെയിൽ കൊണ്ടുള്ള ആ നിൽപ്പിൽ അധ്വാനത്തിന്റെ കാഠിന്യം നേർകാഴ്ചയായി കാണാം. അയാളെയും കാത്തു ഒരു കുടുംബം കാത്തിരിപ്പുണ്ടാവാം. ആ വരുമാനമായിരിക്കാം ഒരു പക്ഷേ അവരുടെ നാളത്തെ അന്നം.

ഭിക്ഷയ്ക്ക് വരുന്നവരും ആൾക്കൂട്ടങ്ങളിൽ ഉണ്ടായിരുന്നു. ചിലരൊക്കെ ചില്ലറകൾ കൊടുത്തുവെങ്കിലും മറ്റു ചിലർ കണ്ട ഭാവം നടിച്ചില്ല. ഫാസ്റ്റ് ഫുഡുകളൂടെ ശാലകളിലും ആൾക്കൂട്ടങ്ങൾ തിങ്ങി നിറഞ്ഞു. പിന്നെയും പല തരം കച്ചവടങ്ങളുണ്ട്. ചെറിയ സേഫ്റ്റി പിൻ, ബഡ്‌സ്, കീ ചെയിൻ, വാലറ്റ്, രണ്ട് കൈകളിൽ പിടിച്ചു അയാൾ അതും കൊണ്ട് വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു. ജീവിക്കാനുള്ള വഴികൾ പലതും ഈ നഗര പരിധിക്കുള്ളിൽ തന്നെയുണ്ട്. പരിശ്രമത്തിന്റെ പാഠങ്ങള്‍ ജീവിതത്തിന്റെ അടയാളങ്ങളാക്കണം.അതിനുള്ള മനസ് വേണം. അധ്വാനം വരുമാനത്തിന്റെ സ്രോതസ്സാണ് എന്ന് തിരിച്ചറിയുന്നിടത്തു മാറ്റാൻ കഴിയുന്ന പട്ടിണിയും ഇവിടെയുണ്ട്.

കുറെ പണം കൊടുത്തു കുറച്ചു സാധനങ്ങൾ വാങ്ങി ഞങ്ങൾ തിരികെ പോന്നു. വസ്ത്രങ്ങൾക്കൊപ്പം ഹോട്ടൽ ഭക്ഷണവും കഴിഞ്ഞിരുന്നു. ഒരു മാസത്തിലെ വരുമാനത്തിലെ പകുതിയും നഗരത്തിലെ പല കടകളിലായി കൊടുത്തു സാധനങ്ങളുമായി വീട്ടിലേക്ക്. നട്ടുച്ചയും വെയിലത്തുള്ള അലച്ചിലും നന്നേ ക്ഷീണിച്ചിരുന്നു. ഉച്ചമയക്കത്തിൽ അനക്കമില്ലാത്ത വീട്ടിൽ ക്ലോക്കിന്റെ നടത്തം വലിയ ശബ്ദമായി തോന്നിപ്പിച്ചു. ഞാനും കണ്ണും പൂട്ടിയുള്ള ഉച്ചയുറക്കിന്റെ ആഴങ്ങളിലേക്ക് വഴുതി വീണു.
  
Inflation | മുകളിൽ സൂര്യനും താഴെ വിപണിയും പൊള്ളിക്കുന്നു; വിലക്കയറ്റം മൂലം വഴിമുട്ടി ജീവിതങ്ങൾ!


Keywords: Inflation, Price Rise, Life, Common Man, Article, Editor’s-Choice, Inflation haunts common man. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia