city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളം ഭ്രാന്താലയമാകുമോ; ഏങ്ങലടിക്കുന്ന പെണ്‍കിടാങ്ങള്‍

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18.10.2016) ഏങ്ങലടിച്ചു കൊണ്ടുള്ള മുഹമ്മദിന്റെ കരച്ചില്‍ എന്നെ നിശ്ശബ്ദനാക്കി. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കടപ്പുറവും കടല്‍ ചൂരിന്റെ മണവും എന്റെ ഓര്‍മ്മയിലേക്കു വന്നു. കൊച്ചു കൊച്ചു കുടിലുകളും, ഇടയ്ക്കിടയ്ക്ക് ചെറിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കാണുന്ന ഇടമാണത്. വീടുകളെ പരസ്പരം വേര്‍തിരിക്കുന്ന മതില്‍ കെട്ടുകള്‍ ഇവിടങ്ങളിലില്ല. തീരെ ഉറപ്പില്ലാത്ത ചെറിയ വേലികെട്ടുകളുണ്ടാവും. രണ്ട് സെന്റിലോ, നാലുസെന്റിലോ ഒതുങ്ങുന്ന പുരയിടമേ എല്ലാവര്‍ക്കും അവിടങ്ങളിലുണ്ടാവൂ. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും കൊണ്ടും കൊടുത്തും പരസ്പരം സ്‌നേഹിച്ചും കഴിഞ്ഞു കൂടുകയാണിവിടെ.

മുഹമ്മദ് ആ കടലോരത്തെ ജമാഅത്ത് കമ്മറ്റി പ്രസിഡണ്ടാണ്. മത്സ്യവില്‍പനയിലൂടെ ജീവിതം മുന്നോട്ടു നീക്കുന്ന വ്യക്തി. മുഹമ്മദിന്റെ കൂടെ, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ പിഞ്ചുമോളും വന്നിട്ടുണ്ട്. അവള്‍ കൊച്ചരിപ്പല്ലുകാട്ടി കുണുങ്ങി കുണുങ്ങി ചിരിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദിന് ഒന്നും ഉരിയാടാന്‍ കഴിയുന്നില്ല. ബാപ്പയുടെ കരച്ചില്‍ കാണുമ്പോള്‍ മകള്‍ വേദനയോടെ അദ്ദേഹത്തെ നോക്കുന്നുമുണ്ട്. 'സാറ് മോളോട് തന്നെ ചോദിച്ചോളൂ. എനിക്കു പറയാന്‍ വയ്യ' മുഹമ്മദ് ടവ്വല്‍ എടുത്ത് മുഖം തുടച്ചു. ആ കൊച്ചു മകളെ ഞാന്‍ അടുത്തു ചേര്‍ത്തു നിര്‍ത്തി. സ്‌നേഹത്തോടെ തലോടി. അവള്‍ പഠിക്കുന്ന സ്‌കൂളിന്റെ പേരും പഠിപ്പിക്കുന്ന ടീച്ചറുടെ പേരും പറഞ്ഞു. ബാപ്പയുടെയും, ഉമ്മയുടെയും അനിയന്റെയും പേരും പറഞ്ഞുതന്നു.

അവളോട് അടുത്ത ചോദ്യം ചോദിക്കാന്‍ തുനിയുന്നതിന് മുന്നേ മുഹമ്മദ് പറഞ്ഞു തുടങ്ങി. 'സാറെ എന്റെ പൊന്നുമോളെ ദ്രോഹിച്ച അവന്‍ ഞങ്ങളുടെ അയല്‍വാസിയാണ്. തൊട്ടടുത്താണ് അവന്റെ വീട്. കുട്ടികള്‍ ആ വീട്ടില്‍ ചെല്ലും, വീട്ടു മുറ്റത്ത് കളിക്കും, ഇത് പതിവാണ്. മോളും അവളുടെ അനിയനും അന്നും അവന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ വീടിന്റെ ഉമ്മറത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ കശ്മലന്റെ മനസ്സില്‍ ദുഷ്ടത കെട്ടി കിടപ്പുണ്ടെന്ന് ഞങ്ങളാരും കരുതിയില്ല. മുപ്പതിലെത്തിയ യുവാവാണവന്‍. അവിവാഹിതനാണ്. അവനും അവന്റെ ജ്യേഷ്ഠനും ഭാര്യയും അവരുടെ രണ്ടുമക്കളും ആ വീട്ടിലാണ് താമസം.

ഇക്കഴിഞ്ഞ ബക്രീദിന് പള്ളിക്കമ്മിറ്റി വക എല്ലാ മുസ്ലീം വീടുകളിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്തിരുന്നു. എന്റെ കെട്ട്യോള് പറഞ്ഞു നമ്മടെ അയല്‍പക്കത്തെ ആ വീട്ടിലും ഒരു കിറ്റ് കൊടുക്കാന്‍. അന്യമതക്കാരനെന്നൊന്നും കണക്കാക്കേണ്ട. അവിടെ രണ്ടു കുട്ടികളില്ലേ, അവള്‍ സ്‌നേഹത്തോടെ പറഞ്ഞപ്പോള്‍ എനിക്കും തോന്നി അത് ശരിയാണെന്ന്. അതുകൊണ്ട് അവന്റെ വീട്ടിലും പെരുന്നാള്‍ കിറ്റ് കൊടുത്തു. ഇത്തരത്തില്‍ കഴിവിനനുസരിച്ച് പല സഹായങ്ങളും അവനും അവന്റെ വീട്ടുകാര്‍ക്കും ഞങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട് സാറെ. എന്റെ പൊന്നുമോള് അയല്‍പക്കത്തെ വീടുകളിലൊക്കെ അവളുടെ കൂട്ടുകാരോടൊപ്പം കളിക്കാന്‍ ചെല്ലാറുണ്ട്. ഇവന്റെ വീട്ടുമുറ്റത്ത് അവളും അവന്റെ ജ്യേഷ്ഠന്റെ മക്കളും, മോളുടെ കൊച്ചനിയനും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് ജ്യേഷ്ഠന്റെ രണ്ടുമക്കള്‍ക്കും അവന്‍ പണം കൊടുത്ത് ഐസ്‌ക്രീം വാങ്ങാന്‍ പറഞ്ഞയച്ചു. എന്റെ മോളോട് അവളുടെ അനുജന് അടുക്കളയില്‍ ചെന്ന് വെള്ളം എടുത്ത് കൊടുക്കൂ എന്ന് അവന്‍ പറഞ്ഞു.

അതുപ്രകാരം മോള് അടുക്കളയിലോക്ക് ചെല്ലുന്നു. അനുജന്‍കുഞ്ഞ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. അടുക്കളയിലേക്ക് ചെന്ന മോളുടെ പിന്നാലെ അവനും ചെല്ലുന്നു. മോളെ പിടിച്ച് അടുത്തു നിര്‍ത്തുന്നു. അവള്‍ ഉടുത്ത മാക്‌സി വലിച്ചു പൊക്കുന്നു. അടിവസ്ത്രം അഴിച്ചു മാറ്റുന്നു...' പൈശാചികമായ അവന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തി കേള്‍ക്കാന്‍ എനിക്കു തോന്നിയില്ല. അറപ്പും വെറുപ്പും തോന്നി ആ മനുഷ്യ മൃഗത്തോട്. പിന്നെ സംഭവിച്ചത് ആ കൊച്ചു കുഞ്ഞു പറഞ്ഞു. ആറുവയസ്സുകാരിയായ ആ കൊച്ചു കുഞ്ഞിന്റെ മുഖം വാടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ ക്രൂരന്‍ ചെയ്ത കാര്യം അവള്‍ പറയുന്നതിങ്ങിനെ...

'കറി പറ്റിപ്പിടിച്ച കൈ വിരലുകള്‍ കൊണ്ട് എന്റെ മൂത്രമൊഴിക്കുന്ന ഭാഗത്ത് വേദനിപ്പിക്കാന്‍ തുടങ്ങി. എന്നെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണയാള്‍. എനിക്കവിടെ പുകച്ചില്‍ തുടങ്ങി. ഞാന്‍ വാവിട്ടു കരഞ്ഞു. അപ്പോഴേക്കും ഐസ്‌ക്രീം വാങ്ങാന്‍ പോയ ചേട്ടന്മാര്‍ വന്നു. അവരുടെ ശബ്ദം കേട്ടപ്പോള്‍ എന്നെ വിട്ടു...' തുടര്‍ന്ന് മുഹമ്മദാണ് സംസാരിച്ചത്. 'എന്റെ മിന്നല കത്തുന്നുമ്മാ... എന്ന് പറഞ്ഞ് മോള് വീട്ടിലേക്ക് ഓടിവരുന്ന കാഴ്ചയാണ് ഞങ്ങള്‍ കാണുന്നത്. വല്ല വീഴ്ചയും പറ്റിയോ? കമ്പോ മറ്റോ കുത്തിപ്പോയോ? ഞാനും അവളുടെ ഉമ്മയും വേവലാതിയോടെ ആരാഞ്ഞു. മോള് മറുപടിയൊന്നും പറയാതെ കരയുകയാണ്. 'മൂത്രമൊഴിക്കണോ?' ഞങ്ങള്‍ വീണ്ടും ചോദിച്ചു.

മൂത്രമൊഴിക്കാന്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ കണ്ടകാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. ആ ഭാഗത്ത് നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. മുളക് കറിയുടെ അംശങ്ങളും അവിടെ പറ്റിപ്പിടിച്ചിട്ടുണ്ട്. കാര്യം അന്വേഷിച്ചപ്പോഴാണ് മോള് കരഞ്ഞ് കരഞ്ഞ് ആ മനുഷ്യന്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ പറഞ്ഞത്... കേട്ടപാടെ കയ്യില്‍ കിട്ടിയ ആയുധവുമായി ഞാന്‍ ഭ്രാന്തനെ പോലെ അവന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. വീടാകെ അരിച്ചുപെറുക്കി. അവന്‍ അപ്പോഴേക്കും അടുത്ത ടൗണിലേക്ക് രക്ഷപ്പെട്ടിരുന്നു... അല്ലായിരുന്നെങ്കില്‍ അവന്റെ ശവം അവിടെ കാണുമായിരുന്നു... 'മുഹമ്മദ് വികാരാവേശത്തോടെ പറഞ്ഞു നിര്‍ത്തി.

അപ്പോഴും അദ്ദേഹം കരഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. ഇന്നവന്‍ ജയിലഴിക്കുള്ളിലാണ്. ഇത്തരം ക്രൂര മനസ്സിനുടമകള്‍ക്ക് എന്തുശിക്ഷ നല്‍കിയാലാണ് പരിഹാരമാവുക? അയല്‍പക്കത്തെ കുട്ടിയാണിതെന്ന് അവന്‍ ഓര്‍ക്കാത്തതെന്തേ? നിത്യേന കാണുന്ന പിഞ്ചു ബാലികയാണിതെന്ന് മറന്നു പോയതെന്തേ? സഹായം തേടുമ്പോഴൊക്കെ തന്നുസഹായിക്കുന്ന അയല്‍പക്ക കുടുംബമാണിതെന്ന് ചിന്തിക്കാത്തതെന്തേ? ലഹരി തലക്കുപിടിച്ചാല്‍ ഇതിനും ഇതിനപ്പുറവും കാട്ടിക്കൂട്ടും. മനുഷ്യരൂപം പൂണ്ട ഇരുകാലി ജന്തുക്കള്‍. ഐസ്‌ക്രീം വാങ്ങാന്‍ പോയ കുട്ടികള്‍ ആ സമയത്ത് എത്തിയില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. ആ പിഞ്ചു കുഞ്ഞിനെ അവന്‍ കശക്കി എറിയുമായിരുന്നു. ആ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടുമായിരുന്നില്ല. വായയും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം നിലക്കുവോളം അവന്‍ വേദനിപ്പിച്ചു കൊണ്ടേയിരിക്കുമായിരുന്നു. ജീവന്‍ നിലയ്ക്കുമ്പോള്‍ എവിടേക്കെങ്കിലും വലിച്ചെറിയുമായിരുന്നു...

കുഞ്ഞിന്റെ ഉപ്പ സ്വപ്നത്തിലെന്ന പോലെ ഇങ്ങിനെയൊക്കെ പറയുകയും കരയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്... ഇത്തരം പേക്കൂത്തുകള്‍ അവസാനിക്കില്ലേ? പെണ്‍കുഞ്ഞുങ്ങള്‍ക്ക് പിച്ചവെച്ച് നടക്കാന്‍ പോലും പറ്റാത്ത ഇടങ്ങളായി മാറിയോ നമ്മുടെ നാട്? മയക്കുമരുന്ന് അടിച്ചാല്‍ മനുഷ്യത്വം നശിക്കുകയാണെന്ന് സമൂഹം തിരിച്ചറിയേണ്ടേ? മനുഷ്യനെ ഭ്രാന്തനാക്കുന്ന ലഹരി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നവരെയും ഉല്‍പാദിപ്പിക്കുന്നവരേയും തുറുങ്കിലടച്ചാല്‍ മാത്രം മതിയോ? ലഹരി മരുന്ന് ഉപയോഗം കൂടികൂടി വരികയാണിന്ന്. ലഹരിക്കടിമപ്പെട്ട് ഭ്രാന്തമായ പ്രവൃത്തികള്‍ ചെയ്തു കൂട്ടുന്ന അവസ്ഥ ഇല്ലാതായില്ലെങ്കില്‍ എന്തൊക്കെ സംഭവിക്കാന്‍ പോകുന്നുവെന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തുകയാണ് സമൂഹം. എന്റെ മുന്നിലിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ കൊഞ്ചലുകള്‍ കേള്‍ക്കാന്‍ ഇനിയും അവളുടെ പ്രിയപ്പെട്ട ഉപ്പയ്ക്കും ഉമ്മയ്ക്കും ഭാഗ്യമുണ്ടായി. അവളെ ഒന്നുകൂടി സമാധാനിപ്പിച്ച് തലോടി ആശ്വസിപ്പിച്ച്, മിടുമിടുക്കിയാവണേയെന്ന് ആശംസിച്ച് പറഞ്ഞുവിടാനേ എനിക്കായുള്ളു. വളരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കശാപ്പുശാലയായി നമ്മുടെ നാട് മാറാതിരിക്കാന്‍ ഉണര്‍ന്നിരിക്കാം, നമുക്കേവര്‍ക്കും.

കേരളം ഭ്രാന്താലയമാകുമോ; ഏങ്ങലടിക്കുന്ന പെണ്‍കിടാങ്ങള്‍

Keywords:  Article, Kookanam-Rahman, Molestation, Father, Mother, Daughter, Drugs, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia