അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഗോപാലകൃഷ്ണന്
Mar 21, 2013, 09:32 IST
ഗോപാലകൃഷ്ണന് |
അശരണര്‍ക്കും, ആലംബഹീനര്‍ക്കും, നിരാശ്രയര്‍ക്കും താങ്കള്‍ താങ്ങും തണലുമായിരുന്നില്ലേ? താങ്കള്‍ അവര്‍ക്കായി ചെയ്തു കൊടുത്ത സഹായങ്ങള്‍ സഹയാത്രികരായ ഞങ്ങള്‍ക്കു പോലും അറിയില്ലായിരുന്നു. അത് പ്രചരണത്തിനോ, പ്രസിദ്ധിക്കോ വേണ്ടിയല്ലല്ലോ ചെയ്തു പോന്നത്? എങ്കിലും ഒരു സംഭവം ഞാന്‍ ഓര്‍ത്തു പോവുന്നു.
കുമ്പളയ്ക്കടുത്ത ഒരു കോളനിയിലേക്കുളള യാത്രയില്‍ താങ്കളാണ് ജീപ്പ് ഡ്രൈവ് ചെയ്തിരുന്നത്. ഞങ്ങള്‍ നാലഞ്ചു പ്രവര്‍ത്തകര്‍ വണ്ടിയിലുണ്ടായിരുന്നു. താങ്കളെ അറിയുന്ന ആരോ വണ്ടി കൈ കാണിച്ചു നിര്‍ത്തി. അനാഥയായ ഒരു സ്ത്രീയുടെ കാര്യമാണ് അയാള്‍ താങ്കളുടെ ശ്രദ്ധയില്‍പെടുത്തിയതെന്ന് ഞങ്ങള്‍ക്കു തോന്നി. ആ കുടിലിനു മുറ്റത്തേക്കാണ് താങ്കള്‍ വണ്ടിയോടിച്ചു പോയത്. അവിടെ വണ്ടി നിര്‍ത്തി, നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രിയുടെ കയ്യില്‍ കുറച്ചു തുക (അതെത്രയാണെന്ന് കണ്ടില്ല) ഏല്പിച്ച്, അത് ആ കുടിലില്‍ പട്ടിണികിടക്കുന്ന സ്ത്രീക്ക് നല്കാന് പറയുന്നത് കേട്ടു.
ഒരു സ്ത്രീ കുടിലിന്റെ വാതില്ക്കല് വന്നു തൊഴുകയ്യോടെ നില്ക്കുന്നു . താങ്കള്‍ അവര്‍ക്കുനേരെ കൈവീശി വണ്ടി ഓടിച്ചു പോയി. ഇത് ഒരാള്‍ക്കല്ല, വേദനിക്കുന്ന ആരെയും ഇത്തരത്തിലാണ് താങ്കള്‍ സഹായിക്കുകയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
താങ്കള്‍ക്ക് എല്ലാം മുന്‍കുട്ടി കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? മരണം ഇത്രവേഗം താങ്കളെ തേടിയെത്തുമെന്ന് അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ നാല്പത്തിയഞ്ചിലെത്തിയിട്ടും ഒരു ജീവിത സഖിയെ കണ്ടെത്താതിരുന്നത്? ആ കൂട്ടുകാരിയെ മാനസികമായി തളര്‍ത്തേണ്ട എന്ന് കരുതിയാണോ വിവാഹം വേണ്ടെന്ന് വെച്ചത്?.
തന്നിലര്‍പിച്ച ഔദ്യോഗിക കൃത്യനിര്‍വഹണം എത്ര ഊര്‍ജ്ജസ്വലതയോടെയാണ് താങ്കള്‍ ചെയ്തു കൊണ്ടിരുന്നത്. സഹ പ്രവര്‍ത്തകര്‍ക്ക് താങ്കള്‍ ഒരു താങ്ങും തണലുമായിരുന്നില്ലേ? സഹപ്രവര്‍ത്തകരുടെ പ്രയാസം, താങ്കളുടെ പ്രയാസമായിക്കണ്ടല്ലേ അവരെ സഹായിച്ചത്. താങ്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്ക് താങ്കളെ മറക്കാന്‍ കഴിയില്ല. രാഷ്ട്രീയവും സംഘടനയും, മതവും ജാതിയും ഒന്നും താങ്കളില്‍ വേര്‍തിരിവുണ്ടാക്കിയില്ല. സഹ പ്രവര്‍ത്തകരോട് ഇടപെടുന്നതിലോ, അവര്‍ക്കാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതിലോ താങ്കള്‍ വേര്‍തിരിവു കാണിച്ചില്ല.
കുമ്പളയില്‍ റിപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് പ്രോജക്ട് നടത്തിയ മൂന്നു വര്‍ഷക്കാലം താങ്കള്‍ ചെയ്തു തന്ന സഹായ സഹകരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. പരിശീലനം സംഘടിപ്പിക്കാന്‍, പ്രചരണ പരിപാടി നടത്താന്‍, പൊതു യോഗം കൂടാന്‍, പ്രദര്‍ശനം ഒരുക്കാന്‍ എല്ലാം താങ്കള്‍ സജീവമായി സഹകരിച്ചു. താങ്കളുടെ ഔദ്യോഗിക ജോലിക്കു പുറമേയാണ് സന്നദ്ധമായി ഇതൊക്കെ ചെയ്തു തന്നത്.
ആരോഗ്യവകുപ്പില്‍ ഉയര്‍ന്ന തസ്തികയിലിരിക്കുന്ന വ്യക്തിയെന്ന ചിന്തയൊന്നുമില്ലാതെ, മൈക്ക് ഓപറേറ്റായി നില്‍ക്കാനും, കസേരയും മേശയും ഒരുക്കിവെച്ച് ഹാള്‍ അറേഞ്ച് ചെയ്യുന്നതിനും, ബാനര്‍ കെട്ടുന്നതിനും, മുഖ്യാഥികളെ ക്ഷണിച്ചുകൊണ്ടുവരാനും എല്ലാം താങ്കള്‍ മുന്നിലുണ്ടാവും. അതിനൊക്കെ താങ്കളോട് നന്ദിവാക്ക് പറയാന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ തയ്യാറാവുമ്പോള്‍ ഒരു ചെറുചിരിയോടെയാണ് അത് സ്വീകരിച്ചത്.
ചിലപ്പോള്‍ ചില മീറ്റിംഗുകളില്‍ സ്വാഗതം പറയാനോ, അധ്യക്ഷത വഹിക്കാനോ, ഉദ്ഘാടകനാവാനോ ഞങ്ങള്‍ ബഹുമാനപൂര്‍വം താങ്കളെ ക്ഷണിക്കാറുണ്ട്. അതിനൊന്നും താങ്കള്‍ വഴങ്ങാറില്ല. പ്രവൃത്തിക്കാനേ താങ്കള്‍ക്കറിയൂ, പ്രസംഗത്തില്‍ വിശ്വസിക്കുന്നില്ലായെന്നും ക്രമേണ മനസിലായി. പിന്നെ പിന്നെ അത്തരം കാര്യങ്ങള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തകര്‍ താങ്കളെ നിര്‍ബന്ധിക്കാറില്ല.
കല്യാണ പ്രായമെത്തിയ സഹപ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ പ്രൊപ്പോസല്‍ കൊണ്ടു വരികയും, അങ്ങനെ നിരവധി പേര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്തികൊടുക്കുകയും ചെയ്ത താങ്കള്‍ സ്വന്തം കാര്യം മറന്നു പോയതാവുമോ? അതോ വെണ്ടെന്നു വെച്ചതോ? അത്തരം കാര്യങ്ങളൊന്നും താങ്കള്‍ തുറന്നു പറയാറില്ലല്ലോ?
കുമ്പളയില്‍ നിന്നും മംഗല്‍പാടിയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയതില്‍ പിന്നെ താങ്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എങ്കിലും സുഹൃത്തുക്കള്‍ മുഖേന എല്ലാ വിവരവും അറിഞ്ഞു കൊണ്ടിരുന്നു.
അസുഖം ബാധിച്ചത് പെട്ടെന്നായിരുന്നല്ലോ? എങ്കിലും മാരകമായ അസുഖത്തെയും താങ്കള്‍ ചിരിച്ചു കൊണ്ട് നേരിട്ടു. വേദന സഹിച്ചും ജോലിയോടുളള ആത്മാര്‍ത്ഥത കൊണ്ട് സ്വയം വണ്ടിയോടിച്ച് ഹെല്‍ത്ത് സെന്ററില്‍ ചെല്ലാറുണ്ടെന്ന് അറിഞ്ഞു. അപ്പോഴും താങ്കള്‍ മറ്റുളളവരെ ആശ്വസിപ്പിക്കുകയായിരുന്നു. സ്വന്തം വേദനയേക്കാള്‍ മറ്റുളളവരുടെ വേദന അകറ്റാന്‍ ശ്രമിച്ച ഒരു ദൈവദുതനെ പോലെയായിരുന്നില്ലേ താങ്കള്‍!.
തീരെ വയ്യാതായപ്പോള്‍ ലീവെടുത്തു. പിന്നെ വേദനയ്ക്കുളള പരിഹാരം തേടിയുളള യാത്രയായിരുന്നില്ലേ! ആയുര്‍വേദവും, അലോപതിയും, തുടങ്ങി സര്‍വ ചികില്‍സാ രീതികളും നടത്തി. രക്ഷപെടില്ല എന്ന് താങ്കള്‍ക്ക് പൂര്‍ണമായും ബോധ്യമുണ്ടായിട്ടു കൂടി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അക്കാര്യമറിയിച്ചില്ല.
അവസാന നിമിഷം വരെ മൊബൈല്‍ ഫോണിലൂടെ താങ്കള്‍ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നില്ലേ? താങ്കള്‍ എന്നെയും ഒന്നു രണ്ടു തവണ വിളിച്ചു. തമാശയാണപ്പോഴും പറഞ്ഞത്. വെറുതെ കിടക്കുമ്പോള്‍ സമയം പോകാന്‍ വിളിക്കുന്നതാണ്. പറ്റുമെങ്കില്‍ തമ്മില്‍ കണ്ടാല്‍ സന്തോഷം. പക്ഷെ ആ തമ്മില്‍ കാണല്‍ നടന്നില്ല. അത്ര പെട്ടെന്ന് താങ്കളെ ദൈവം കൊണ്ടു പോകുമെന്നും കരുതിയില്ല. ഓരോ ദിവസവും വിചാരിക്കും വരണമെന്നും കാണണമെന്നും .പക്ഷെ ആ ഭാഗ്യമുണ്ടായില്ല. താങ്കളുടെ അവസാനത്തെ ഫോണ്‍കാള്‍(മരണത്തിന് മണികൂറുകള്‍ക്കു മുന്നേ) എന്റെ ഏറ്റവും അടുത്ത സുഹൃത്തിനായിരുന്നു എന്നറിഞ്ഞു. ആ ഫോണ്‍കാളില്‍ എന്നെ കൂടി അന്വേഷിച്ചു എന്നും അറിഞ്ഞു.
ജീവിതത്തില്‍ ഒരുപാട് നന്മ ചെയ്ത..........കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പി...............സന്നദ്ധസേവനം എന്താണെന്ന് കാട്ടിത്തന്ന്....................ഇവിടെ ആര്‍ക്കും ബാധ്യതയാകാതെ ..........താങ്കള്‍ കടന്നു പോയി.............പ്രിയപ്പെട്ട ഗോപാലകൃഷ്ണന് സാര്‍........... കണ്ണീരില്‍ ചാലിച്ച ഒരു പിടി റോസാദളങ്ങള്‍ താങ്കളുടെ ഓര്‍മയ്ക്ക് മുന്നില്‍ അര്പിക്കട്ടെ..................
-കൂക്കാനം റഹ്മാന്
Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Travelling, Friend, Work, Gopalakrishnan,Train, Phone-call, Kookanam-Rahman, Treatment, Article.