city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ അബ്ബാസ് - ഒരു പഴയ ജുബൈല്‍കാല ജീവിത സുഹൃത്ത്

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 23/05/2015) 'മൊഗ്രാല്‍ അബ്ബാസ്'- ഈയിടെ അന്തരിച്ച മൊഗ്രാലിലെ ആ ഫുട്‌ബോളര്‍ അന്നത്തെ സൗദിയിലെ ഞങ്ങളുടെ ജുബൈല്‍ ക്യാമ്പില്‍ അങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത്. അത് എഴുപതുകളുടെ ഒടുവില്‍ എണ്‍പതുകളുടെ തുടക്കവുമായിരുന്നു. മൂന്ന് പതിറ്റാണ്ടുകളിലലേറെ പിന്നിട്ടിരിക്കുന്നു. അതിനു ശേഷം ഇയാളും അബ്ബാസും തമ്മില്‍ കണ്ടതേയില്ല. അതിനാല്‍ തന്നെ അബ്ബാസിന് എന്റെ മനസില്‍ എന്നും 25 വയസ് പ്രായം.
പുഞ്ചിരിക്കുന്ന മുഖം. ആ സ്‌നേഹം ഇപ്പോഴും മനസിന്റെ പാത്രത്തില്‍ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു എന്നതിന്റെ നിദര്‍ശമാവാം ഈയിടെ അദ്ദേഹത്തിന് സുഖമില്ല മംഗളൂരു ആശുപത്രിയിലാണെന്ന് അബ്ദുല്ലക്കുഞ്ഞി(ഖന്നച്ച) പറഞ്ഞപ്പോള്‍ മനസിലെവിടെയോ നീറ്റലനുഭവപ്പെട്ടത്.

പിന്നീട് ഫക്രുദ്ദീന്‍ച്ച-(ഫക്രുച്ച)-കണ്ടപ്പോഴും, കാസര്‍കോട്ട് കാരവലിലായിരുന്നു, വീണ്ടും മംഗളൂരുവിലേയ്ക്ക് മാറ്റിയെന്നാണ് കേട്ടത്, എന്നാണ് ഫക്രുദ്ദീന്‍ച്ച പറഞ്ഞത്. തിരിച്ച് വീട്ടിലേയ്‌ക്കോ കാസര്‍കോട്ടെ ആശുപത്രിയിലേയ്‌ക്കോ എത്തുകയാണെങ്കില്‍ അറിയിക്കണമെന്ന് ഫക്രുച്ചായോട് ഇയാള്‍ പറഞ്ഞിരുന്നു. പക്ഷെ എല്ലാം പെട്ടെന്നായിരുന്നു. മരണം ആരേയും കാത്തിരിക്കാറില്ലല്ലോ. മംഗളൂരുവില്‍ പോയി കാണാമെന്ന് വെച്ച് ആരെ ബന്ധപ്പെടും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മരണ വാര്‍ത്ത കേട്ടത്. അതും എല്ലാം മരണാനന്തര കര്‍മ്മങ്ങള്‍ക്കും ശേഷം.

ഞങ്ങള്‍ക്ക് അങ്ങനെയൊരു കാലമുണ്ടായിരുന്നു. സൗദിയിലെ, ദമ്മാമില്‍ നിന്ന് എമ്പത് കി.മീറ്റര്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ജുബൈല്‍ എന്ന തുറമുഖ വ്യാവസായിക സിറ്റിയിലെ, ക്യാമ്പ് വണ്‍ ജീവിതം. ബ്രിട്ടീഷ് പിന്നീട് 1948 ലിമറ്റഡിന്റെ അനുബന്ധ സ്ഥാപനമായ 'അറേബ്യന്‍ ഫൂഡ് സപ്ലൈസ്' കാറ്ററിങ് കമ്പനിയുടെ പല ഗ്രേഡുകളിലുള്ള തൊഴിലാളികളായിരുന്നു ഞങ്ങള്‍. വിവിധ വകുപ്പ് തലവന്മാര്‍ മുതല്‍ ശുചീകരണ ജോലിക്കാര്‍ വരെ.. അവിടെ വെച്ചായിരുന്നു ഞങ്ങളില്‍ ഏറെപ്പേരും പരസ്പരം പരിചയപ്പെടുന്നത്.

മൊഗ്രാല്‍ അബ്ബാസും ഞങ്ങളും താമസം തുടക്കത്തില്‍ ഒരു ഡോര്‍മിറ്ററിയില്‍ തന്നെ. സൗമ്യമായ സംസാരവും ആരേയും വശത്താക്കാന്‍ പോന്ന  പുഞ്ചിരിയും അബ്ബാസിനെ വ്യത്യസ്ഥനാക്കി. അവിടെയെത്തി കുറെ കഴിഞ്ഞാണ് മൊഗ്രാലുകാരുടെ ഫുട്ബാള്‍ ഭ്രമത്തെക്കുറിച്ച് കമ്പനി അറിയുന്നത്. ഫുട്ബാളില്‍ താല്‍പര്യമുള്ള, കമ്പനി ഭരണാധികാരികളായ ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥരുമായി അടുപ്പമുള്ള, ഒരു ഗോവക്കാരനാണ് കാരണമെന്ന് തോന്നുന്നു. ജോ മെനെസസ്. സംഘടിപ്പിക്കാന്‍ തലങ്ങും വിലങ്ങും ഓടുന്നത് ഞാനിപ്പോഴും കാണുന്നു. ടൂര്‍ണമെന്റ് സംഘടിപ്പിച്ചാല്‍ അതിന്റെ പോസ്റ്ററെഴുതുന്ന ജോലി ജോ എനിക്കാണേല്‍പിച്ചിരുന്നത്.

മത്സരങ്ങള്‍ നടന്നൂ മുറയക്ക്. വ്യത്യസ്ത ദേശങ്ങളിലെ കളിക്കാരുമായി. പലപ്പോഴും ഹോളണ്ടും ഇന്ത്യയും (ഏറെയും കളിക്കാര്‍ മൊഗ്രാല്‍ സ്വദേശികള്‍), ഇന്ത്യയും ബ്രിട്ടണും, ലെബനോണും പാക്കിസ്ഥാനും യെമനും അങ്ങനെ അന്താരാഷ്ട്ര മത്സരങ്ങളായിരുന്നു അന്നേറെയും ജുബൈലില്‍ നടന്നത്. അതിന് കാരണം മൊഗ്രാലിലെ അബ്ബാസിനെപ്പോലുള്ള, കെ.എം. ഖാദറിനെ പോലുള്ള, കുഞ്ഞിപ്പയെ പോലുള്ള, (ഇവര്‍ മാത്രമെ ഇപ്പോള്‍ എന്റെ നരച്ച ഓര്‍മ്മയില്‍ വരുന്നുള്ളൂ.) കളിക്കാരായിരുന്നു. ഇന്ത്യന്‍ ടീമില്‍ മൊഗ്രാല്‍ കളിക്കാരെ വെല്ലുന്നവര്‍ അക്കാലത്തവിടെ ഉണ്ടായിരുന്നില്ല.

പലരേയും പലയിടത്ത് വെച്ച് പില്‍ക്കാലത്ത് കാണാന്‍ സാധിച്ചെങ്കിലും അബ്ബാസ് മാത്രം എന്തേ എന്റെ പരിസരത്ത് എത്തിയില്ല എന്നതും എനിക്കിപ്പോള്‍ വിസ്മയകരമായി തോന്നുന്നു. പക്ഷെ അബ്ബാസിനെ കുറിച്ച് പലരോടും ഞാന്‍ ചോദിച്ചറിയുമായിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദം എന്റെ കാതില്‍ മുഴങ്ങുന്ന പോലുണ്ട്. പിന്നെ സൗദി ജുബൈല്‍ ഫുട്ബാള്‍ ഗ്രൗണ്ടിലെ ആ ചുറുചുറുക്കോടെയുള്ള പ്രകടനങ്ങളും. അബ്ബാസിന്റെ കാലില്‍ പന്തു തട്ടിയാല്‍ കാണികളില്‍ നിന്ന് കൈയടിയും 'അബ്ബാസ് ''അബ്ബാസ്' എന്ന വിളിയും ആരവവുമുയരുമായിരുന്നു.

കളിയൊക്കെ കഴിഞ്ഞ് വിയര്‍പ്പോടെ ബാത്‌റൂമില്‍ കയറി കുളിച്ച് ഫ്രഷായി വന്ന് പിന്നെ കളിക്കിടയിലെ പലരുടേയും പാളിച്ചകള്‍ പൊടിപ്പും തൊങ്ങലും കൂട്ടി തമാശ രൂപേണ വിളമ്പാനും അബ്ബാസ് സമര്‍ത്ഥനായിരുന്നു. അത് കേട്ട് ഞങ്ങളൊക്കെ കൂട്ടത്തോടെ ചിരിക്കുന്ന രംഗവും ഈ മൂന്ന് പതിറ്റാണ്ടുകളുടെ ക്ലാവുകള്‍ക്കൊന്നും മായിക്കാനായിട്ടില്ല. അബ്ബാസിനെക്കുറിച്ച് അന്ന് സഹപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത് ഇന്നും ഇയാള്‍ ഓര്‍ക്കുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനു അവരുടെയൊക്കെ പ്രവാസം നഷ്ടമാണ് സമ്മാനിച്ചത്. പക്ഷെ തന്റേയും കുടുംബത്തിന്റെയും വയറെരിച്ചിലുകള്‍ ആ ഫുട്ബാള്‍ പ്രണയങ്ങള്‍ക്കും മേല്‍ ഉയര്‍ന്നു എന്നതാണ് വാസ്തവം.  ക്യാമ്പ് സഹപ്രവര്‍ത്തരായ മുട്ടം അബ്ദുല്ല, ടിഎം. കുഞ്ഞി തുടങ്ങിയവര്‍ നേരത്തെ വിട പറഞ്ഞിരുന്നു.
മൊഗ്രാല്‍ അബ്ബാസ് - ഒരു പഴയ ജുബൈല്‍കാല ജീവിത സുഹൃത്ത്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  A.S Mohammed Kunhi, Article, Remembrance, Kasaragod, Mogral Puthur, Kerala,  Abbas. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia