city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇല്യാസ് എ റഹ് മാന്‍: നന്മയുടെ ഒരു നക്ഷത്രവും കൂടി കെട്ടണഞ്ഞു

അസ്ലം മാവില 

(www.kasargodvartha.com 07.09.2017) ദുബൈയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാട് മുഖങ്ങളുണ്ട്. അവരില്‍ മറക്കാന്‍ പറ്റാത്ത ചുരുക്കം ചില മുഖങ്ങളിലൊന്നാണ് ഇല്യാസ്ച്ച. സായാഹ്ന പത്രത്തില്‍ കോളമെഴുതുന്ന ഒരു തളങ്കര സ്വദേശിയുണ്ട്, ദേരയിലെ ഒരു പ്രശസ്ത റീട്ടെയ്ല്‍ വാച്ചസ് ആന്‍ഡ് ജ്വല്ലറി ഷോറൂം മാനേജറണ് എന്നറിഞ്ഞപ്പോള്‍ ഒരു കൗതുകത്തിന്റെ പുറത്ത് അദ്ദേഹത്തെ പരിചയപ്പെട്ടതാണ്. ഇത്രയും മൃദുല ഹൃദയനും വിനയാന്വിതനും ആതിഥ്യ മര്യാദ അണുകിട തെറ്റാതെ കാത്ത്‌സൂക്ഷിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ അന്ന് നേരില്‍ കാണുകയായിരുന്നു.

ഇല്യാസ് എ റഹ് മാന്‍: നന്മയുടെ ഒരു നക്ഷത്രവും കൂടി കെട്ടണഞ്ഞു

പിന്നീട് ഒരുപാട് വട്ടം ആ വലിയ മനഷ്യനെ കണ്ടു. ഒരുപാട് വിഷയങ്ങള്‍ സംസാരത്തില്‍ പങ്ക് വെച്ചു. ദുബൈയില്‍ കെസെഫിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ കൂടിയാലോചന യോഗം ഓര്‍മ വരുന്നു. ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ വസതിയിലാണ് ആദ്യ യോഗം. ബേവിഞ്ച അബ്ദുല്ല, യഹ് യ തളങ്കര, എസ്.കെ., സി.പി. ഉബൈദ് തുടങ്ങി വളരെ കുറച്ച് പേര്‍ക്കിടയില്‍ ഇല്യാസ് എ റഹ് മാനുമുണ്ട്. അന്നദ്ദേഹം തനിക്ക് ലഭിച്ച സമയം വളരെ ആറ്റിക്കുറുക്കി പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചത് സ്‌പോര്‍ട്‌സ് ആന്ഡ് ഗെയിംസിനെ കുറിച്ചായിരുന്നു.

ഇല്യാസ്ച വളരെ കുറച്ച് വേദികളിലേ സംസാരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടാവുക എന്നെനിക്ക് തോന്നുന്നു. ആദ്യം സംസാരിച്ച വേദിയും ഒരു പക്ഷെ  ഞാനും എസ് അബൂബക്കറും ബി ബഷീറും സജീവമായ ദുബൈയിലെ ഒരു സാംസ്‌കാരിക വേദിയിലുമായിരിക്കും. മുഖ്യ പ്രഭാഷണമായിരുന്നു ഇല്യാസ് സാഹിബിന് നല്‍കിയത്. എഴുതിത്തയ്യാറാക്കിയാണ് അദ്ദേഹമന്നവതരിപ്പിച്ചത്. മഹാകവി ഉബൈദിന്റെ കവിതാ ശകലങ്ങള്‍ യഥേഷ്ടം ആ പ്രഭാഷണത്തിലുണ്ടായിരുന്നു. പത്രത്തില്‍ ഫോട്ടോയും വാര്‍ത്തയും വന്നപ്പോള്‍ അതൊന്നും വേണ്ടിയിരുന്നില്ല എന്നദ്ദേഹം ഞങ്ങളോട് പരിതപിച്ചു.

ഫുട്‌ബോളിന്റെ തോഴനാണ് ഇല്യാസ് സാഹിബ്. അദ്ദേഹത്തിന് കാല്‍പന്ത് കളിക്ക് നാട്ടിലുണ്ടായിരുന്ന അതേ ആവേശം യു.എ.ഇയിലെത്തിയപ്പോഴും കൈ വിട്ടില്ല. കളിച്ച് മാത്രമല്ല കളിക്കാരെ മതിയാവോളം പ്രോത്സാഹിപ്പിച്ചും അദ്ദേഹം മൈതാനത്തും പുറത്തും താരമായി. നാട്ടിലേക്കുളള അവധിക്കാല യാത്രകളില്‍ 'ഒരു കൊട്ട ഫുട്‌ബോളുകള്‍ ' എന്നും ലഗേജില്‍ വെക്കുമായിരുന്നത്രെ!

എന്റെ മകന്‍ സാന്‍ കവിതകളുടെ തോഴനെന്നറിഞ്ഞപ്പോള്‍, എന്റെ ആ പേജ് തപ്പിപ്പിടിച്ച് ആശംസകളറിയിച്ചു. തളങ്കരയില്‍ 'തിരുമുറ്റത്ത്'  സാഹിത്യോത്സവത്തില്‍ സാന്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതും ഇല്യാസ് എ റഹ് മാന്‍ തന്നെ. എന്നും പ്രോത്സാഹിക്കാന്‍ മാത്രമറിയുന്ന ആ ശുഭ്രമഹാമനസ്‌ക്കനാണ് ഇന്ന് വിട പറഞ്ഞത്.

ഉദാരമതിത്വമാണദ്ദേഹത്തിന്റെ മറ്റൊരു പ്രത്യകത. ഒരാളെയും 'നോ' പറഞ്ഞ് തിരിച്ചയക്കാന്‍ അദ്ദേഹത്തിനറിയില്ലായിരുന്നു. എളിമയുള്ള വാക്കുകളും വിനയം കൈവിടാത്ത പെരുമാറ്റവും ആത്മാര്‍തഥ നിറഞ്ഞ ഇടപെടലുകളുമൊക്കെ തന്നെയാണ് ഇല്യാസ്ചയെ വ്യത്യസ്തനാക്കിയത്. 'കുലീനന്‍, മാന്യരില്‍ മാന്യന്‍' എനിക്കല്ല ആര്‍ക്കും അങ്ങിനെ മാത്രമേ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

എഴുത്തിനോടും വായനയോടും അദ്ദേഹം അടുപ്പം കാണിച്ചു. കാലിക വിഷയങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ കുറിപ്പുകളില്‍ എഴുതി ഫലിപ്പിച്ചു. മധ്യപൗരസ്ത്യ വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹവുമുണ്ടായിരുന്നു. പരിചയപ്പെട്ടവര്‍ക്കൊക്കെ ആ നല്ല മനുഷ്യന്റെ നല്ല ഓര്‍മ്മകള്‍ എന്നും മനസ്സുകളില്‍ പച്ചയായി നിലനില്‍ക്കും. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, commemoration, Condolence, Dubai, Football, Death, Memorial, Ilyas A Rahman no more 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia