മതിലുകള്‍ ഇടിയുമ്പോള്‍ ഇല്ലാതാവുന്നത്
Jan 4, 2013, 09:50 IST
ഇബ്രാഹിം ബേവിഞ്ചയുടെ 2012- ാം ആണ്ടിലെ വിലപ്പെട്ട മൂന്ന് കൃതികളുടെ വിചാരണ
ഇബ്രാഹിം ബേവിഞ്ചയുടെ അനുഗ്രഹീതമായ തൂലിക സജീവതയും ചൈതന്യവും പകര്‍ന്ന വര്‍ഷമായിരുന്നു 2012. അദ്ദേഹത്തില്‍ നിന്നും മലയാളത്തിന്റെ ചിന്താസരണിക്ക് വിലപ്പെട്ട മൂന്ന് കൃതികള്‍ ലഭിക്കുകയുണ്ടായി.'മതിലുകള്‍ ഇനിയും ഇടിയാനുണ്ട്' എന്ന ലേഖന സമാഹാരവും 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി.കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും' എന്ന സവിശേഷമായ പഠനഗ്രന്ഥവും 'ഖുറാനും ബഷീറും' എന്നീ മൂന്ന് കൃതികളാണവ. ബേവിഞ്ച മാഷിന്റെ ധൈഷണിക ജീവിതത്തിന്റെ സദഫലങ്ങളാണത്രേ ഈ മൂന്ന് കൃതികള്‍.
മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ അപൂര്‍വത അവകാശപ്പെടാവുന്ന കേരളത്തിനകത്തും പുറത്തും ഒരുപോലെ വായിക്കപ്പെട്ട, മുടങ്ങാതെ 18 വര്‍ഷക്കാലം ആഴ്ചതോറും എഴുതിവന്നിരുന്ന പ്രസക്തി എന്ന പംക്തിയില്‍ നിന്ന് തെരഞ്ഞെടുത്ത 64 ലേഖനങ്ങളാണ് 'മതിലുകള്‍ ഇനിയും ഇടിയാനുണ്ട്' എന്ന കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഭൂതകാലത്തിന്റെ വേരുകള്‍ ഉണ്ടെങ്കിലും വര്‍ത്തമാനകാലത്തിലും ഭാവിയിലും പ്രസക്തമാവുന്ന നിരീക്ഷണ വ്യാഖ്യാനങ്ങള്‍ തന്നെയാണ് ഈ കൃതിയിലെ ലേഖനങ്ങള്‍ ഓരോന്നും. കോളമെഴുത്തിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് കാലത്തോടും സംഭവങ്ങളോടും ക്ഷിപ്രകോപത്തോടെ കലഹിച്ചുണ്ടാക്കിയവ എന്നതിനേക്കാള്‍ കടന്നുപോയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുള്ള സുചിന്തിതമായ വിചാരണയാണ് ഓരോ ചിന്താകുറിപ്പുകളും. ജനുവരി 30 ന് എഴുതേണ്ടി വന്ന ലേഖനത്തിന് അദ്ദേഹം ഗാന്ധിജിയെ ചര്‍ച്ചയ്‌ക്കെടുക്കുന്നു.
ഇബ്രാഹിം ബേവിഞ്ച |
എന്നാല്‍ ആ ഒരു ദിവസത്തിന്റെ രക്തസാക്ഷി സ്മരണയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ ഗാന്ധിസ്മൃതി. ഗാന്ധിജിയുമായി ബന്ധപ്പെടുത്തി വര്‍ത്തമാനകാല ലോകവിചാരണയ്ക്ക് അദ്ദേഹം തയ്യാറാകുന്നു. അവിടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണുതാനും. ശിശുദിനവും ദീപാവലിയും ഒന്നിച്ചുവന്ന ഒരു ദിവസത്തില്‍ ആ ആഘോഷങ്ങളെ ഭിന്നമായ മറ്റൊരു വീക്ഷണകോണില്‍ വായിച്ചെടുക്കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ആരും കാണാത്ത കോണില്‍ ഒരു മണ്‍ചെരാത് തെളിയുന്നു.
ലോകത്തെ ആകമാനം സ്വാധീനിച്ച ഒട്ടേറെ ചരിത്ര സംഭവങ്ങളുടെ ഓരം ചേര്‍ന്നുകൂടിയാണ് ഈ പുസ്തകത്തിലെ പല ലേഖനങ്ങളും കടന്നുപോകുന്നത്. വര്‍ത്തമാനകാലത്തുനിന്നും ഇന്നലെകളെ നോക്കിക്കാണുമ്പോള്‍ വേണ്ടത്ര നിസംഗതയോടെ നിഷ്‌കര്‍ഷമായി നമുക്കവയെ അവലോകനം ചെയ്യാന്‍ കഴിയും. എന്നാല്‍ ആ മുഹൂര്‍ത്തങ്ങളുടെ ചൂരും ചൂടും ഏറ്റുവാങ്ങി കടന്നുപോകുന്നയാള്‍ അതിന്റെ ചോട്ടില്‍ നിന്നും അതിനെ വിലയിരുത്തുമ്പോള്‍ പലപ്പോഴും അത്ര സുചിന്തിതമാകാനോ അത്രമേല്‍ ഉള്‍ക്കാഴ്ചയുള്ളതാകാനോ ഇടയില്ല.
എന്നാല്‍ ഇവിടെ എഴുത്തുകാരന്‍ ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെ കുറിച്ചും ടിയാനന്‍മെന്‍ സ്‌ക്വയറിലെ വെടിവെപ്പിനെക്കുറിച്ചും വക് ലാവ് ഹിവലിനെ കുറിച്ചും സോള്‍ഷെനിത് സെന്റെ ജന്മനാട്ടിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും കാവേരി നദീജല തര്‍ക്കത്തെ കുറിച്ചും ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ചുമെല്ലാം എഴുതുമ്പോള്‍ ഒരു ക്ഷിപ്ര മനസ്സിന്റെ ആഴം കുറഞ്ഞ പ്രതികരണങ്ങളായിട്ടല്ല നമുക്കിന്നത് വായിക്കുവാന്‍ കഴിയുന്നത്. ഈ ഒരു ഘടകം തന്നെയാണ് പുസ്തകത്തെ വര്‍ത്തമാനകാല പ്രസക്തമാക്കുന്നതും.
ഈ കൃതിയില്‍ ഒട്ടേറെ വ്യക്തികളെ കുറിച്ചുള്ള ഓര്‍മകള്‍ കടന്നുവരുന്നുണ്ട്. മറവിയുടെ കയങ്ങളില്‍ നിന്ന് മലയാളിയുടെ ഓര്‍മത്തെറ്റിന് മേട്ടം നല്‍കിക്കൊണ്ട് അവന്റെ മുന്നില്‍ ഉബൈദ് മാഷെ വീണ്ടും വീണ്ടും കൊണ്ടു നിര്‍ത്തിയ ബേവിഞ്ച മാഷിന് തന്നെയാണ് ഉബൈദിനെ കുറിച്ചെഴുതാന്‍ ഏറ്റവും അര്‍ഹത. കെ.എന്‍.എഴുത്തച്ഛന്‍ എന്ന തന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍, സി.എച്ച.മുഹമ്മദ്‌കോയ, പി.കെ.ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍, പോഞ്ഞിക്കര റാഫി, കാര്‍ടൂണിസ്റ്റ് ശങ്കര്‍, കെ.എം.സീതി സാഹിബ് തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങളെ എഴുത്തുകാരന്‍ ഓര്‍മിച്ചെടുക്കുമ്പോള്‍ അത് കേവലം അനുസ്മരണകള്‍ എന്നതിനപ്പുറം വിചാരപരത മുറ്റി നില്‍ക്കുന്ന എഴുത്തായി മാറുന്നുണ്ട്.സ്വന്തം ഉമ്മയെക്കുറിച്ചെഴുതുമ്പോള്‍ വൈകാരികതയുടെ വേലിയേറ്റമായി വാക്കുകള്‍ മാറുന്നു.
ഒരു സമുദായത്തിന്റെ എഴുത്തുകാരന്‍ എന്ന് ബോധപൂര്‍വം ചിലരാല്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടതിന്റെ മുന്‍വിധിയെ കുറിച്ച് ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ബേവിഞ്ച മാഷ് എഴുതുന്നുണ്ട്.തന്റെ ചില കൃതികളുടെ തലക്കെട്ടുകളോട് ചേര്‍ത്തുകണ്ട ഇസ്ലാം എന്ന പദപ്രയോഗത്തെ മാത്രം കണക്കിലെടുത്താണ് തന്നെ ഒരു വിഭാഗത്തിന്റെ എഴുത്തുകാരനായി ചാപ്പകുത്തിയത് എന്ന് അദ്ദേഹം പറയുന്നു.ഇങ്ങനെ തലക്കെട്ടുകള്‍ മാത്രം വായിക്കുകയല്ലാതെ അതിനകത്ത് എഴുതിയതെന്താണെന്ന് അവരാരും വായിച്ചില്ല.
(ഇത്തരക്കാര്‍ക്ക് പ്രൊഫ.എം.എന്‍.വിജയന്‍ ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. ബഷീറിന്റെ കൃതികളെ നിരൂപണം ചെയ്യുമ്പോള്‍ ബഷീര്‍ വിമര്‍ശകര്‍ക്കെതിരെ വിജയന്‍മാഷ് വാക്ശരം തൊടുക്കുന്നു. ബഷീര്‍ എഴുതിയത് മുഴുവന്‍ പോണോഗ്രഫിയാണെന്നും മികച്ചതൊന്നും അദ്ദേഹം എഴുതിയിട്ടില്ലെന്നും ചില വിമര്‍ശകര്‍ പറഞ്ഞുനടന്നപ്പോള്‍ അവരോട് വിജയന്‍ മാഷ് പറയുന്നു- ബഷീര്‍ ഒരു കഥയില്‍ അമ്മികൊത്തുകാരികളെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്.തെരുവില്‍ കിടന്നുറങ്ങുന്ന നിങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നായിരുന്നു ബഷീറിന്റെ ഒരു ചോദ്യം. ആ ചോദ്യത്തിനുത്തരം പറയുന്നതിനു പകരം തമിഴത്തികള്‍ പാവാട ഉയര്‍ത്തിക്കാണിച്ചു എന്ന് ബഷീര്‍ എഴുതുന്നു.
ഇവിടെ വെച്ച് ഛെ! എന്ന് മുഖം തിരിച്ച് വായന അവസാനിപ്പിക്കുന്നവര്‍ക്കാണ് ബഷീര്‍ കൃതിയില്‍ അശ്ലീലം കാണാന്‍ കഴിയുന്നതെന്നും തുടര്‍ന്ന് ബഷീര്‍ എന്താണെഴുതിയതെന്ന് വായിക്കണമെന്നും വിജയന്‍ മാഷ് പറയുന്നു. തുടര്‍ന്ന് വായിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് അപ്പോള്‍ ബഷീര്‍ കണ്ടത് തമിഴത്തികളുടെ അരയില്‍ തിരുകിവെച്ച കത്തികളെയായിരുന്നു!
സദാചാര നാട്യക്കാരുടെ ഉള്ളുപൊള്ളയായ ബലൂണ്‍ വിജയന്‍ മാഷ് കുത്തിപ്പൊട്ടിച്ചത് ഇങ്ങനെയായിരുന്നു. പുറംചട്ട മറിച്ച് അകത്ത് എഴുതിയിരുന്നത് വായിച്ചിരുന്നുവെങ്കില്‍ സാംസ്‌ക്കാരിക ഇസ്ലാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ഉജ്ജ്വലനായ ഒരു ധീഷണശാലിയെ അവര്‍ക്ക് കണ്ടുമുട്ടാമായിരുന്നു. ചില കൃതികള്‍ പൊതുവായനയ്ക്കുള്ളതും, ചില കൃതികള്‍ മതവായനയ്ക്കുള്ളതും എന്ന് ചിലര്‍ തരംതിരിക്കുന്നതിന്റെ യുക്തി പിടികിട്ടാത്തതാണ്. അഴീക്കോടിന്റെ തത്വമസി പൊതു വായനക്കാര്‍ക്കും ഇ.വി. അബ്ദുവിന്റെ ഖുറാന്‍ സൗന്ദര്യശാസ്ത്രം മതവായനയ്ക്കുമുള്ളതാവുന്നതെങ്ങനെ?
ഇത്തരം ചിന്താഗതികളെ പൊളിച്ചുനിരത്തുന്നതാണ് ബേവിഞ്ച മാഷിന്റെ ചോദ്യങ്ങള്‍. മതിലുകള്‍ ഇനിയും ഇടിയാനുണ്ട് എന്ന കൃതിയും വായനക്കാരോട് മറ്റൊന്നല്ല പറയുന്നത്.
കോഴിക്കോട് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച ഉബൈദിന്റെ തീപിടിച്ച പള്ളിയും , പി.കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും സവിശേഷമായ ഒരു പഠന കൃതിയാണ്. മലയാളത്തിന്റെ മഹാനായ കവി പി.കുഞ്ഞിരാമന്‍ നായര്‍, ഉത്തരകേരളം മലയാള ഭാഷയ്ക്ക് സമ്മാനിച്ച മറ്റൊരു കവി ടി. ഉബൈദ്. പരസ്പരം നന്നായി മനസ്സിലാക്കിയിരുന്ന സുഹൃത്തുക്കളായിരുന്ന ഈ കവികളുടെ സമാനത പുലര്‍ത്തുന്ന കവിതകളെ കുറിച്ചുള്ള പഠനം എന്നതിലുപരി രണ്ട് കാവ്യവ്യക്തിത്വങ്ങളിലേക്കുള്ള യാത്ര കൂടിയാണ് ഈ പഠനം.
ചന്ദ്രഗിരിപ്പുഴയുടെ അക്കരയും ഇക്കരയുമായി ജനിച്ചുവളര്‍ന്ന കവികള്‍ എങ്ങനെയാണ് സര്‍ഗജീവിതത്തിലൂടെ അക്കരെയിക്കരയിലേക്ക് പാലം പണിതതെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ഇരുകരകളെയും ബന്ധപ്പെടുത്തുന്ന ഈ പാലം പണിയല്‍ മലയാള സാഹിത്ത്യത്തിലെമ്പാടും നടന്നിട്ടുണ്ട്. അതിലേക്കുകൂടി കണ്ണു പായിക്കുന്നുണ്ട് എഴുത്തുകാരന്‍.
ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം, ആ നാടകത്തിലെ കഥാപാത്രങ്ങള്‍, ഇടശ്ശേരിയുടെ തന്നെ ഇസ്ലാമിലെ വന്മല എന്ന കവിത, ഉറൂബിന്റെ പൊന്നുതൂക്കുന്ന തുലാസ്, പതിനാലാമത്തെ മെമ്പര്‍, പടച്ചോന്റെ ചോറ് തുടങ്ങിയ കഥകളില്‍ കടന്നുവരുന്ന മൗലവി എന്ന കഥാപാത്രം, എം.ടി.യുടെ അസുരവിത്തിലെ കുഞ്ഞരക്കാര്‍ എന്ന കഥാപാത്രം, എന്‍.എസ്. മാധവന്റെ തിരുത്ത് എന്ന കഥയിലെ ചുല്യാറ്റ് എന്ന കഥാപാത്രം, എന്‍.എസിന്റെ തന്നെ കുത്തുബുദ്ധീന്‍ അന്‍സാരി എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും എഴുത്തുകാരന്‍ വിശകലന വിധേയമാക്കുന്നുണ്ട്.
മലയാളത്തില്‍ അനന്യത അവകാശപ്പെടാവുന്ന മനോഹരമായ ഒരു പഠന കൃതിയാണിത്. മാഷിനോട് ഒരു അഭ്യര്‍ത്ഥനയുള്ളത് ഇതുപോലുള്ള പഠനം കുറേ കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നതാണ്. ഒരര്‍ത്ഥത്തില്‍ ബേവിഞ്ച മാഷിന്റെ നിലപാട് തറകളുടെ പൂരണമാണ് ഈ കൃതി. മാഷ് ഇവിടെ മതിലുകള്‍ ഇടിച്ചു നിരത്തുന്നു. പൊളിച്ചു കളഞ്ഞ മതിലിന് ഇരുപുറത്തും വായനക്കാര്‍ കാണുന്നത് പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന പൂന്തോപ്പുകളെയാണ്. ജ്ഞാനത്തിന്റെ ഈ മൂന്നാംകണ്ണുള്ള എഴുത്തുകാരന്‍ ധന്യനാണ്.
-പി.സി. അഷറഫ്
(മലയാള വിഭാഗം മേധാവി
ഗവ. കോളജ്, മാനന്തവാടി)
Part: 2
ബഷീര്‍ സാഹിത്യത്തിന്റെ അടിവേരുകള്‍
Keywords: Article, Ibrahim Bevinja, Book, P.C. Ashraf, Story, If wall collapse occurred.