city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-1

(www.kasargodvartha.com 23.03.2018) അനന്തമായ മണല്‍പ്പരപ്പ്. മരുഭൂമിയുടെ നടുവില്‍ നിന്നും നോക്കിയാല്‍ കടല്‍ പോലെ അറ്റം അകന്നകന്നു പോകുന്നു. കണ്ണെത്താ ദൂരത്തോളം പതിഞ്ഞ കാല്‍പ്പാടുകള്‍. മണല്‍ക്കാറ്റ് ചീറി അടിക്കുമ്പോള്‍ അത് മാഞ്ഞു പോകുന്നു. വിജനമായ മരുഭൂമിയില്‍ എത്രയോ സമയം അങ്ങനെ നോക്കി നിന്നു പോയിട്ടുണ്ട്. ചിത്രങ്ങളില്‍ കണ്ടാല്‍ പോലും മരുഭൂമിയുടെ വന്യമായ രൂപം ആനന്ദവും അതിശയവും നല്‍കാറുണ്ട്. മണല്‍പ്പരപ്പില്‍ തെളിഞ്ഞു കാണുന്ന ഈ കാല്‍പ്പാടുകള്‍ക്ക് എത്ര നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. ഓരോ കാറ്റിലും മാഞ്ഞു പോകുന്ന അടയാളങ്ങള്‍. അവ പുതുമയോടെ വീണ്ടും വീണ്ടും തെളിയുന്നു. അന്നത്തിന് വഴിയും തേടി എത്തുന്ന പതിനായിരങ്ങളുടെ നിഴല്‍ പതിഞ്ഞ മണല്‍ വഴികള്‍ മനസില്‍ എപ്പോഴും വിസമയമെ തീര്‍ത്തിട്ടുള്ളൂ.

പരിവര്‍ത്തനങ്ങളിലൂടെ അധ്വാനത്തിന്റെ വിയര്‍പ്പ് തുള്ളികള്‍, അനേകായിരങ്ങളുടെ രക്തം ചാലിച്ച് എഴുതിയ മനോഹരമായ കവിതയാണ് ഇന്ന് നാം കാണുന്ന ഗള്‍ഫ് എന്ന മായാ പ്രപഞ്ചം. അലകടലില്‍ മരണത്തെ പോലും വെല്ലുവിളിച്ച് ജീവിത വിജയം വാരിപ്പുണരാന്‍ പുറപ്പെട്ട ഒരുപാട് ജനതയുടെ കഥകളില്‍ നിന്നും ഉയര്‍ന്നതാണ് ഈ നഗരക്കാഴ്ചകള്‍. കടല്‍ക്കാറ്റില്‍ പായക്കപ്പലുകളില്‍ ആടിയുലഞ്ഞ് രോഗവും പട്ടിണിയും ഒന്നും വകവെയ്ക്കാതെ അകലെ മരുപ്പച്ച തേടി യാത്രയായ ആദ്യപ്രവാസത്തിന്റെ കദനകഥകള്‍ എങ്ങോ വിസ്മൃതിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

ജീവിത സ്വപ്നങ്ങള്‍ക്ക് നിറവര്‍ണ്ണങ്ങള്‍ തേടിയലഞ്ഞ് ജയപരാജയങ്ങളുടെ ഒരായിരം കഥകള്‍ കടന്നു പോയ മണലാരണ്യങ്ങള്‍. യാത്രക്കപ്പലുകള്‍ സുലഭമല്ലാത്ത കാലത്ത് കുത്തി നിറച്ച കയറ്റുമതി സാധനങ്ങള്‍ക്കൊപ്പം ഒരു ചുണ്ടെലി കണക്കെ ഉരുക്കളില്‍ കേറിപ്പറ്റി അക്കരെയെത്താന്‍ ജീവന്‍ മരണ പോരാട്ടം നടത്തിയ മുന്‍ഗാമികളുടെ ചരിത്രങ്ങള്‍ ഇന്നേതോ യക്ഷിക്കഥകള്‍ പോലെ നമ്മെ അത്ഭുതപ്പെടുത്തും.

കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ചെന്ന് പറ്റാന്‍ സൗകര്യങ്ങള്‍ വളര്‍ന്ന് കഴിഞ്ഞ വര്‍ത്തമാന കാലം.  2013 മാര്‍ച്ചിലെ കണക്കെടുപ്പ് പ്രകാരം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ കണക്ക് 22.8 ലക്ഷമാണ്. ഇത് വഴി രാജ്യത്തിന് നേടിത്തരുന്നത് അമ്പതിനായിരം കോടി രൂപയും. ഒരു ശരാശരി കണക്ക് ഇത്രയും വെളിപ്പെടുത്തുമ്പോള്‍ നമ്മുടെ പ്രവാസികള്‍ ഇന്ത്യയില്‍ എത്തിക്കുന്ന വിദേശ പണത്തിന്റെ കണക്ക് എത്രയാണെന്ന് ഊഹിക്കാമല്ലോ. ഉറ്റവരേയും ജന്മ നാടിനേയും ഉപേക്ഷിച്ച് അന്യനാട്ടില്‍ ഏകാന്തതയുടെ തടവുകാരനായി ആരോ ചിട്ടപ്പെടുത്തിയ ജീവിതക്രമങ്ങളില്‍ യാന്ത്രിക ജീവിതം നയിച്ച് ഒരു ജന്മം നാടിനും കുടുംബത്തിനും വേണ്ടി മാത്രം ഹോമിക്കപ്പെടുന്ന ജന സമൂഹത്തോട് ഭരണകൂടവും  നാടും എത്രത്തോളം നീതി കാട്ടി എന്ന് ചിന്തിക്കാന്‍ പോലും അവരുടെ തന്നെ തണല്‍ തേടുന്നവര്‍ക്കു പോലും സമയം കിട്ടാറില്ല.

നീണ്ട ഇരുപത്തിനാല് വര്‍ഷ പ്രവാസത്തിന്റെ താപം സമ്മാനിച്ച വേവലുകള്‍. കൊടും ചൂടും അതി ശൈത്യവും മാറി മാറി ശരീരത്തേയും മനസിനേയും മഥിച്ചു കടന്നു പോയ അനുഭവങ്ങള്‍. ദുഃഖവും സന്തോഷവും നിറഭേദങ്ങളായി മിന്നി മറയുന്നു. സ്‌നേഹ സാന്ത്വനം പകര്‍ന്നവര്‍, ഇരുണ്ട മുഖവുമായി നിസ്സംഗത നടിച്ചവര്‍, സഹായത്തിന്റെ പ്രഭാ കിരണങ്ങള്‍ നല്‍കി മുന്നോട്ട് നയിച്ചവര്‍. അങ്ങനെ എത്രയെത്ര മുഖങ്ങള്‍. ഏതെല്ലാം ഭാവങ്ങള്‍. ഒരു വിടവാങ്ങലിന്റെ നൊമ്പരത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം സ്വപ്നമായി തോന്നും.

സങ്കല്‍പങ്ങളുടെ ചിറക് വിടര്‍ത്തി പറന്ന് പറന്ന് വന്ന ദിനം. ഒരിക്കലും പ്രതീക്ഷിച്ചതല്ല. തൊഴിലില്ലാതെ നടക്കുന്നവര്‍. ഗള്‍ഫ് നാട് കിനാവ് കണ്ട് നടക്കുന്ന കാലമെങ്കിലും, ചെറിയ ചിന്തയില്‍ പോലും ഗള്‍ഫ് ജീവിതം കടന്നു വന്നിരുന്നില്ല. നാടും നാട്ടുകാരും വീടും ബന്ധു ജനവും. അവര്‍ക്കിടയില്‍ ഒരു ജീവിതം, അത് മാത്രമായിരുന്നു അന്നത്തെ സ്വപ്നത്തില്‍. പക്ഷെ സഹചര്യങ്ങള്‍, ജീവിത സത്യങ്ങള്‍ പലപ്പോഴും വഴി മാറ്റി നടത്തുന്നു. കണക്ക് കൂട്ടലുകള്‍ക്ക് എത്രയോ അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. ഓരോ ജന്മത്തിന്റെയും ഗതി വിഗതികള്‍ കാലം നിശ്ചയിക്കുന്നു. നാം വിധിയുടെ തടവുകാര്‍. കാലം നടത്തിക്കുന്ന വഴികളില്‍ ജീവിതഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍. പല തീരുമാനങ്ങളും അങ്ങനെ മാറ്റി വെയ്‌ക്കേണ്ടി വരുന്നു. അതാണല്ലോ ജീവിതം.

ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും എന്ത് കൊണ്ടോ അവരില്‍ പലരുടേയും ക്ഷണം സന്തോഷത്തോടെ നിരസിച്ച് നടന്ന നാളുകള്‍. ബാപ്പയുടെ ബിസിനസില്‍ സഹായിച്ച്, നാട്ടുകാരില്‍ ഒരുവനായി സന്തോഷത്തോടെ ജീവിതം നയിച്ച് നടന്ന കാലം. മനസില്‍ ആനന്ദത്തിന്റെ പൂത്തിരികള്‍ കത്തി. ബാപ്പയ്ക്ക് ഇടയ്ക്കിടെ വരുന്ന അസുഖവും തുടര്‍ച്ചയായ ബിസിനസ് പരാജയവും എല്ലാം മുന്നോട്ടുള്ള പ്രയാണത്തില്‍ തടസം സൃഷ്ടിച്ചു തുടങ്ങി. കുറച്ച് കാലം ബാപ്പ രോഗം പിടിച്ച് കിടപ്പില്‍ തന്നെയായി.

അസുഖം മാറിയെങ്കിലും പഴയ ഉത്സാഹം തിരിച്ചു വന്നില്ല. ബിസിനസ് പരാജയം ബാപ്പയെ അല്‍പം തളര്‍ത്തി. പിടിച്ചുനില്‍ക്കാന്‍ വഴികള്‍ പലതും തേടി എങ്കിലും ഒരു തിരിച്ചു വരവിന് സാധിച്ചില്ല എന്നതാണ് സത്യം. സഹോദരങ്ങളും ഞാനും എല്ലാം പെട്ടെന്ന് സംഭവിച്ച അനിശ്ചിതത്വത്തില്‍ അന്ധാളിച്ചു പോയെങ്കിലും പുതു വഴി തേടി തുടങ്ങി. പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളുമായി ഒതുങ്ങി കൂടിയാല്‍ ജീവിതം വഴിമുട്ടും. എന്തെങ്കിലും ചെയ്‌തേ പറ്റൂ. സമ്പന്നതയില്‍ കൂടെ നിന്നവര്‍ പലരും കണ്ടതായി പോലും നടിച്ചില്ല. തളരാത്ത മനസ്സുമായി മുന്നോട്ടു കുതിച്ചു. ലോകം വിശാലമാണ്. പരാജയത്തില്‍ ദു:ഖിച്ചിട്ടു കാര്യമില്ല. പെട്ടെന്നു മറുവഴികള്‍ കണ്ടെത്തണം.

വായനയും എഴുത്തും പകര്‍ന്ന് തന്ന മനോധൈര്യം മുന്നോട്ട് നയിച്ചു. കാസര്‍കോട് നഗരസഭയുടെ ചില മരാമത്ത് ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു നല്ല മനുഷ്യനുമായി ചേര്‍ന്നു കുറച്ച് കാലം ആദ്ദേഹത്തിന്റെ ജോലികള്‍ നോക്കി നടത്തി. ഇതിനിടയില്‍ വിവാഹം കഴിച്ചിരുന്നു. ഭാര്യാപിതാവ് സിംഗപ്പൂരിലാണ്. അളിയന്മാര്‍ ദുബൈയിലും. അവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും വിദേശത്ത് ഒരു തൊഴില്‍ എന്ന ചിന്ത മനസ്സില്‍ ഉയര്‍ന്നു വരും. സിംഗപ്പൂരില്‍ പോകാന്‍ എളുപ്പമല്ല. പഴയ പോലെ വിസ കിട്ടില്ല. ഗള്‍ഫിലേയ്ക്ക് പോകാന്‍ തീരെ താല്‍പര്യം തോന്നിയില്ല. നാട്ടിലെ സാംസ്‌കാരിക രംഗവും ചെറിയ തൊഴിലും ഒക്കെയായി അങ്ങനെ കഴിഞ്ഞാല്‍ മതി. പരിമിതമായ മോഹങ്ങളില്‍ മനസ്സിനെ തളച്ചിടാന്‍ ശ്രമിച്ചു. കാലം പിന്നെയും കടന്നു പോയി. ബാപ്പയും ഉമ്മയും, പഴയ കാലത്തിന്റെ പ്രതാപ ചിന്തകള്‍ അസ്വസ്ഥതപ്പെടുത്തുമ്പോഴും പുതിയ സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കും. എന്ത് സുഖസൗകര്യങ്ങള്‍ ഇല്ലെങ്കിലും മക്കള്‍ അടുത്തു തന്നെ ഉണ്ടാകണം. ബാപ്പയുടെ വാക്കുകള്‍ ആശ്വാസം പകര്‍ന്നു. നിങ്ങള്‍ക്കുള്ളത് ഞാന്‍ സമ്പാദിച്ചല്ലോ? എന്റെ പെണ്‍മക്കളെ നല്ല നിലയ്ക്ക് കെട്ടിച്ച് വിടാനുള്ളതും എന്റേതായിത്തന്നെയുണ്ട്. പിന്നെ എന്താണ് വലിയ വിഷമം? മനസ്സില്‍ എപ്പോഴും ധൈര്യം പകര്‍ന്നു. സത്യമാണ്, ബാപ്പയുടെ സമ്പാദ്യം കുറേ ഉണ്ട്. പക്ഷെ അത് മാത്രം നോക്കി മുന്നോട്ട് പോകാന്‍ പറ്റില്ല. സ്വന്തം വഴികള്‍ കണ്ടെത്തിയേ പറ്റൂ. വലിയ സഹോദരങ്ങള്‍ അവരുടെ വഴി തേടി പോയി. പെങ്ങളുടെ വിവാഹശേഷം ഒരു അനുജനും ഖത്തറിലേക്ക് പോയി. ഞാന്‍ വിവാഹം കഴിച്ച് രണ്ട് വര്‍ഷം കടന്നു പോയിരിക്കുന്നു. ഇല്ലായ്മയിലും ദുഃഖത്തിലും എന്നും സമാധാനിപ്പിക്കാന്‍ ഭാര്യയും കൂടെയുണ്ടെന്നത് വലിയ പിന്‍ബലമായി തോന്നി. അളിയന്‍ നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ ഞാന്‍ അറിയാതെ എന്റെ പാസ്‌പോര്‍ട്ട് കോപ്പി അയാള്‍ക്ക് നല്‍കിയിരുന്നു. ഗള്‍ഫ് ജീവിതത്തിന്റെ ഒറ്റപ്പെടലുകളെപ്പറ്റി ഞാന്‍ സംസാരിക്കുമ്പോള്‍ ഭാര്യ അതിനെ അനുകൂലിക്കില്ല. ജീവിതത്തിന്റെ പ്രായോഗികതകള്‍ക്കൊത്ത് കാഴ്ചപ്പാടുകളും മാറണം. എങ്കിലേ ജീവിത വിജയം ഉണ്ടാകൂ. അവള്‍ അത് പറയുമ്പോള്‍ സമ്മതിച്ചു കൊടുക്കില്ലെങ്കിലും ചിന്തകള്‍ വരിഞ്ഞു മുറുക്കുന്ന ഏകാന്ത നിമിഷങ്ങളില്‍ സ്വയം ചോദ്യങ്ങള്‍ പത്തി ഉയര്‍ത്തി.

ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചാല്‍ മാത്രമേ ജീവിതത്തില്‍ തെളിച്ചമുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ബാപ്പ ചെറിയ നിലയില്‍ നിന്നും പലതും നേടി. നല്ലൊരു ജീവിത പാത കണ്ടെത്തി. അതിന്റെ നിഴലിലൂടെ അര്‍ത്ഥമില്ലാതെ നീങ്ങുന്നത് ബുദ്ധിയല്ല. തീര്‍ച്ചയായും ചിന്തകള്‍ക്ക് മാറ്റം വരണം. പ്രതീക്ഷയുടെ മേച്ചില്‍പ്പുറങ്ങളില്‍ പുതിയ ലോകം തേടിപ്പിടിക്കണം. പരാജയങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി തേങ്ങിക്കരയുന്നത് വിഡ്ഢിത്തമാണ്. പൊരുതി നേടാനുള്ളതാണ് ജീവിതം. വായിച്ചു മനസില്‍ പതിഞ്ഞ ഏതോ രാജാവിന്റെ  ജീവിത കഥ  മനസില്‍ തെളിച്ചമായി മിന്നി മറഞ്ഞു. പഠിപ്പിച്ച അധ്യാപകരുടെ മുഖങ്ങള്‍ മനസില്‍ തെളിഞ്ഞു.
തുടരും...

പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Ibrahim Cherkala, Gulf, Story, Ibrahim Cherkala's Experience-1
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia