city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 19.08.2017) എഴുത്തിലും പ്രഭാഷണത്തിലും അധ്യാപനത്തിലും ഒരുപോലെ നിറഞ്ഞു നിന്ന ബേവിഞ്ച മാഷിപ്പോള്‍ വീട്ടില്‍ ഓര്‍മകളും ആലോചനകളും മരുന്നുമായി കഴിയുകയാണ്. വര്‍ഷങ്ങളായി ഒരു വരി പോലും എഴുതാന്‍ കഴിയാത്തതിന്റെയും മനസ്സിരുത്തി ഒന്നും വായിക്കാന്‍ കഴിയാത്തതിന്റെയും പരസഹായമില്ലാതെ ഒന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തതിന്റെയും വിഷമം ഉള്ളിലൊതുക്കി ശാന്തനായി കഴിയുകയാണ് അദ്ദേഹം. അഞ്ച് വര്‍ഷത്തിലേറെയായി മാഷ് ഈ സ്ഥിതിയില്‍ ചന്ദ്രഗിരിപ്പുഴയോരത്തെ തെക്കില്‍ പാലത്തിനടുത്ത ബേവിഞ്ചയിലെ വീട്ടില്‍ ഒരു തരം ഏകാന്തജീവിതം നയിക്കുകയാണ്.

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...

പാര്‍ക്കിസണ്‍സ് എന്ന രോഗമാണ് മാഷിന് അകാല വിശ്രമജീവിതം വിധിച്ചത്. 63 കാരനായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, അസുഖബാധിതനാകുന്നതിനു മുമ്പ് ഇരുകയ്യിലും പേന പിടിച്ച് രാപകല്‍ എഴുതിയ എഴുത്തുകാരനായിരുന്നു. മൂര്‍ച്ചയേറിയ വാക്കുകളില്‍, ചിന്തോദ്ദീപകങ്ങളായ പ്രഭാഷണങ്ങള്‍ നടത്തി കേരളമൊട്ടാകെ നിറഞ്ഞു നിന്ന പ്രഭാഷകനും. പഠിച്ച കോളജായ കാസര്‍കോട് ഗവ. കോളജില്‍ 24 വര്‍ഷവും കണ്ണൂര്‍ ഗവ. വിമന്‍സ് കോളജില്‍ ഒരു വര്‍ഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ നാല് വര്‍ഷവും മലയാളം അധ്യാപകനായിരുന്നു.

ചന്ദ്രിക പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ മുടങ്ങാതെ 18 വര്‍ഷം പ്രസക്തി എന്ന കോളവും മാധ്യമം പത്രത്തില്‍ അഞ്ച് കൊല്ലം കാര്യ വിചാരം എന്ന കോളവും മാധ്യമം വാരാന്ത്യത്തില്‍ കഥ പോയ മാസത്തില്‍ എന്ന കോളം ആറു വര്‍ഷവും തൂലിക മാസികയില്‍ വിചിന്തന എന്ന കോളം ഏഴ് വര്‍ഷവും രിസാല വാരികയില്‍ പ്രകാശകം എന്ന കോളം മൂന്ന് വര്‍ഷവും ബേവിഞ്ച മാഷ് കൈകാര്യം ചെയ്തു. ഇതിനു പുറമെ കാസര്‍കോട് വാര്‍ത്തയില്‍ ഹൃദയപൂര്‍വം, കേരള വിഷന്‍ ചാനലില്‍ വായന എന്നീ പംക്തികളും അവതരിപ്പിച്ചു. ഉത്തരദേശം വാരാന്തപ്പതിപ്പില്‍ കളപ്പുര എന്ന കോളവും കുറച്ചു കാലം എഴുതിയിരുന്നു. 25ഓളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മാഷ് അവതാരിക എഴുതിയിട്ടുണ്ട്.

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...

ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പ്രസക്തി, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാ ലോകം, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, ബഷീര്‍ ദ മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍, ഒ ആബു (സി ടി ബഷീറുമൊത്ത്), മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീപിടിച്ച പള്ളിയും പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും, ഖുര്‍ആനും ബഷീറും എന്നിവയാണ് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ കൃതികള്‍. അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി അവാര്‍ഡ് ഉള്‍പെടെ 12 അവാര്‍ഡുകള്‍ മാഷിനെ തേടിയെത്തിയിട്ടുണ്ട്. കണക്കില്ലാത്ത അനുമോദനങ്ങള്‍ വേറെയും.

1954 മെയ് 30ന് ബേവിഞ്ചയിലെ അബ്ദുല്ലക്കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്കയിലെ ഉമ്മാലി ഉമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിം ബേവിഞ്ച, കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി എ (ഇംഗ്ലീഷ് ) ബിരുദവും പട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി. എം ടിയുടെ ചെറുകഥകളെ കുറിച്ചുള്ള പഠനമാണ് എം ഫില്‍ പ്രബന്ധം.

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...

ചന്ദ്രിക ദിനപത്രത്തില്‍ ഒന്നേകാല്‍ വര്‍ഷം സഹ പത്രാധിപരായി ജോലി നോക്കി. കാസര്‍കോട് ഗവ. കോളജില്‍ പ്രൊഫ. എം എ റഹ് മാന്‍ സഹപാഠിയായിരുന്നു. 2010 മാര്‍ച്ചില്‍ കോളജ് അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ബേവിഞ്ച, അസുഖം കൂടുതല്‍ പിടിമുറുക്കിയതോടെ എഴുത്തില്‍ നിന്നും സാംസ്‌കാരിക പരിപാടികളില്‍ നിന്നും അകന്ന് വിശ്രമജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എഴുതാന്‍ കഴിയാത്തതിലുള്ള ദുഃഖവും നൈരാശ്യവുമായി വീട്ടിനകത്തു മാത്രമായി അങ്ങുമിങ്ങും നടന്നും സമയാസമയം ഭക്ഷണം എന്നതുപോലെ മരുന്നു കഴിച്ചും സമയം പോക്കുകയാണദ്ദേഹം.

വീട്ടില്‍ കാണാനെത്തുന്നവരുമായി വര്‍ത്തമാനം പറയുന്നതില്‍ തെല്ലൊരാശ്വാസം അദ്ദേഹം കണ്ടെത്തുന്നു. ഉണര്‍ന്നു വരുന്ന ഓര്‍മകളെയും ചിന്തയില്‍ തെളിഞ്ഞു വരുന്ന വിചാരങ്ങളെയും നിഗമനങ്ങളെയും എഴുതാന്‍ കഴിയാത്തതിന്റെയും വിഷമം മാഷിനെ തെല്ലൊന്നുമല്ല തളര്‍ത്തുന്നത്. ആ സങ്കടം അത്തരം സ്ഥിതിയിലൂടെ കടന്നുപോയവര്‍ക്കേ അറിയൂ.

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...

അസുഖ ലക്ഷണങ്ങള്‍ കണ്ടതു മുതല്‍ ചികിത്സ ആരംഭിച്ചെങ്കിലും അസുഖം കൂടിക്കൂടി വരികയും മാഷിന്റെ സര്‍ഗാത്മക ജീവിതത്തെ തന്നെ അത് സ്തംഭിപ്പിക്കുകയുമായിരുന്നു. ആയുര്‍വേദവും പ്രകൃതി ചികിത്സയും അലോപ്പതിയും പരീക്ഷിച്ചെങ്കിലും അസുഖം അതിന്റേതായ ക്രൗര്യം തുടര്‍ന്നു. ഇപ്പോള്‍ അലോപ്പതിയിലൂടെയാണ് നിയന്ത്രിച്ചു വരുന്നത്.

കാസര്‍കോട് ഗവ. കോളജില്‍ പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ സെക്രട്ടറിയായതും മലയാളം അസോസിയേഷന്‍ ഉദ്ഘാടനത്തിന് എം ടിയെയും പുനത്തിലിനെയും കൊണ്ടുവന്നതും ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കയ്യെഴുത്തു മാസിക തുടങ്ങിയതും മറ്റുമാണ് തന്നെ എഴുത്തിന്റെ ലോകത്തേക്ക് നടത്തിച്ചതെന്ന് ബേവിഞ്ച മാഷ് ഓര്‍ക്കുന്നു. സഹപാഠി എം എ റഹ് മാനൊപ്പം തൃശൂരില്‍ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും എഴുത്തിന് പ്രചോദനമായി.

ബേവിഞ്ച മാഷ് ഇവിടെയുണ്ട്, ഓര്‍മകളില്‍ സഞ്ചരിച്ച്...
കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കോഴിക്കോട് സര്‍വകലാശാല പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം (മൂന്ന് വര്‍ഷം), യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം (ആറ് വര്‍ഷം) എന്നീ നിലകളിലും ബേവിഞ്ച മാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇസ്ലാമിക വീക്ഷണത്തിലൂടെ സാഹിത്യത്തെ സമീപിക്കാനും ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രം അവതരിപ്പിക്കാനും ഏറെ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ച. മാതൃസംസ്‌കൃതിയുടെ തട്ടകത്തില്‍ നിന്നാണ് തന്റെ സാഹിത്യ ചിന്തകളും ചക്രവാളങ്ങളും ഇദ്ദേഹം വികസിപ്പിച്ചെടുത്തത്.

ഭാര്യയും രണ്ട് പെണ്‍മക്കളും മകനും അടങ്ങുന്നതാണ് ബേവിഞ്ചയുടെ കുടുംബം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Ibrahim Bevinja, Writer, Family, Treatment, Ibrahim Bevinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia