city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കല്യാണസദസ്സ് കലക്കികളെ' പോലീസ് ഊരക്ക് പിടിച്ചു അകത്തിടുമ്പോള്‍

അസ്‌ലം മാവില 

(www.kasargodvartha.com 19.09.2016) ''വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെ മാത്രം അയക്കാതെ മുതിര്‍ന്നവരും ഇവര്‍ക്കൊപ്പം പോയാല്‍ ഇത്തരം (പാതിരാവില്‍ വരനെ വട്ടം കറക്കാന്‍ പിടിച്ചു കൊണ്ട് പോകുന്നുവെന്ന് ലേഖകന്‍) സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് പോലീസ് പറയുന്നത്''.

കാസര്‍കോട് വാര്‍ത്തയില്‍ വന്ന റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങിനെയാണ്. ഈ വാര്‍ത്തയുടെ പശ്ചാത്തലം എല്ലാവരും അറിഞ്ഞു കാണും. അല്ലെങ്കിലും കുറെ വര്‍ഷങ്ങളായി ഇതൊക്കെ തന്നെയല്ലേ നാട്ടില്‍ കല്യാണ ദിവസം നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു കല്യാണ സദസ്സ്. വധുവിന്റെ വീടാണ്. വരന്‍ വരാറായി. പന്തലില്‍ നിന്ന് കാരണവന്മാരുടെ മുഖത്ത് വല്ലാത്ത ബേജാറും വെപ്രാളവും. വീടിനകത്തേക്ക് അടുത്ത ബന്ധത്തില്‍ പെട്ട ചെറുപ്പക്കാരും അയല്‍വാസികളും സംഘമായി ഝടുതിയില്‍ പോയി. അവര്‍ ചില സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു. ഒന്ന് രണ്ടു മുതിര്‍ന്നവര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മോക്ഡ്രില്ലും ചെയ്യുന്നു. വരുന്നവര്‍ അകത്തു കയറിയാല്‍, അകത്തു കയറിവര്‍ ബഹളം വെച്ചാല്‍... അത് നിയന്ത്രണാതീതമായാല്‍... ആവശ്യമായ നിര്‍ദ്ദേശങ്ങള്‍. ''ഇവരൊന്നു വന്നു കച്ചറ വലിച്ചിടാതെ പോയിരുന്നെങ്കില്‍ മതിയായിരുന്നു''. ഒരു കാരണവരുടെ ആത്മഗതം. ഇങ്ങിനെയൊരു ഉത്കണ്ഠയുടെ നേരം കടന്നു പോകാത്ത എത്ര വധുവിന്റെ വീടുകള്‍ ഉണ്ടാകും? വളരെ വളരെ കുറവ്.

കുറച്ചു കാലം മുമ്പൊക്കെ വധുവിന്റെ വീട്ടില്‍ വരനും കൂട്ടുകാരും എത്താനായിരുന്നു കാത്തിരിപ്പ്, അവരെ സന്തോഷത്തോടെ സ്വീകരിക്കാന്‍, സല്‍ക്കരിക്കാന്‍, പരിചയപ്പെടാന്‍, പരിചയപ്പെടുത്താന്‍... ജാനാലയിലും മട്ടുപ്പാവിലും ബാല്‍ക്കണിയിലും വേലിപ്പുറത്തുമൊക്കെ പെണ്ണുങ്ങളും കുട്ടികളും അവരുടെ വരവ് നോക്കി കണ്‍കുളിര്‍ക്കെ സന്തോഷിക്കും. മനസ്സുകൊണ്ട് ആശംസകള്‍ അര്‍പ്പിക്കും. എത്ര നല്ല മണിക്കൂറുകള്‍!

ഇപ്പോഴതൊക്കെ വഴി മാറി. വരന്‍ ശട്ടം കെട്ടിയ, ഇരു വീട്ടുകാരെയും വഷളാക്കാന്‍ കെട്ടുവേഷം കെട്ടിയ കൂട്ടുകാരാണ് കല്യാണവീടുകള്‍ കയ്യേറുന്നത്. ആ കുട്ടുകാരെ നേരിട്ട്  ക്ഷണിച്ചത് വരനാണ്. അവര്‍ക്ക് പരിചയവും വരനെത്തന്നെ. അവിടെ ഒരു ബഹളവുമില്ല. കച്ചറയും കയ്യൂക്കും മൊത്തം നടത്തുന്നതോ അതുവരെ ഒരു പരിചയവുമില്ലാത്ത വധുവിന്റെ വീട്ടില്‍ പോയി! അതിന് നിന്ന് കൊടുക്കാന്‍ കോന്തന്‍ പുതിയാപ്പിളയും!

ഇവരെയൊക്കെ നിക്കാഹ് സദസ്സില്‍ ഒന്ന് കാണണം. എന്ത് നല്ല മാന്യന്മാര്‍! എത്ര നല്ല അനുസരണക്കാര്‍. തലയില്‍ വെള്ള ടവ്വലില്ലെങ്കില്‍, ആ ടവ്വലിനെങ്ങാനും ഒരു പൊടി വീണിട്ടുണ്ടെങ്കില്‍, വരനെ നിക്കാഹ് വേദിയിലേക്ക് എഴുന്നള്ളിക്കുമ്പോള്‍, മൂത്തപെങ്ങളുടെ ഭര്‍ത്താവെത്താന്‍  രണ്ടു സെക്കന്‍ഡ് വൈകിയാല്‍, ഉസ്താദിന്റെ പ്രാര്‍ത്ഥന അല്പം കുറഞ്ഞെന്ന് തോന്നിയാല്‍... എന്തൊക്കെ തൊന്തരവ് ഉണ്ടാക്കും. വരന്റെ വീട്ടില്‍ നടക്കുന്ന ഇലയനക്കം വരെ കൂട്ടുകാര്‍ക്ക് വലിയ വിഷയമാണ്. മണിയറയില്‍ എന്തൊക്കെ കെട്ടിത്തൂക്കണം, കെട്ടാതെ തൂക്കണം, പുതുമണവാളന്റെ നിക്കാഹ് ഡ്രസ്സും കുടയുന്ന സ്‌പ്രേയും ധരിക്കുന്ന മെതിയടിയും എല്ലാം അവര്‍ക്ക് നിശ്ചയം.

പക്ഷെ, പെണ്ണിന്റെ വീട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതും പടരുന്നതും. ഒരു തരം ചുഴലി രോഗം പോലെ. അപ്പോള്‍ ചെറുക്കന്‍ ആകെ മാറണം, വേഷമോ അരപ്പട്ടയും കള്ളിത്തുണിയും, അല്ലെങ്കില്‍ ജയന്റെ കാലത്തെ കോലം, പോക്ക് കാളവണ്ടി, അല്ലെങ്കില്‍ ജെസിബി, 47ലെ മൂക്ക് കണ്ണട, തുള വീണ പുതിയ കഞ്ചിപ്രാക്ക്... എന്തൊക്കെ ആവശ്യങ്ങള്‍! ഇവകള്‍ നിര്‍ബന്ധമായും മണവാളന്‍ മനസ്സാ വാചാ അംഗീകരിച്ചാല്‍ മാത്രമേ വധുവിന്റെ വീട്ടിലേക്ക് കൂട്ടുകാര്‍ കൂടെ പോകൂ. പിന്നെ പതംപറച്ചിലും പഞ്ചായത്തുമായി.  വേഷവിധാനങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ പെണ്ണിന്റെ വീട്ടില്‍ അറ പൊളിക്കാന്‍ വേറെ ഏര്‍പ്പാട് ആളെ വെച്ച് ചെയ്യും. എന്തൊക്കെ വഷളത്തരം പാട്ടുകള്‍! വധുവിന്റെ വീട്ടുകാരോട് അപമര്യാദയായി പെരുമാറുന്നതില്‍ മുതല്‍ ബെഡ്‌റൂമില്‍ ഒരുക്കിയത് മുഴുവന്‍ നാശകോശമാക്കി വെക്കുന്നത് വരെ അത് നീളും. എല്ലാം കഴിഞ്ഞു അവര്‍ ആ വീട്ടില്‍ നിന്ന് പുറത്തു വരുമ്പോള്‍ പറയുന്ന വഷളന്‍ രംഗമുണ്ട്. ''ഇപ്പോള്‍ തല്‍ക്കാലം ഇത്ര മതി, ബാക്കി നമുക്ക് രാത്രി നോക്കാം''

അങ്ങനെ ബാക്കി രാത്രി നോക്കാമെന്ന് പറഞ്ഞ രംഗങ്ങള്‍ അരങ്ങേറുമ്പോഴാണ് പാതിരായ്ക്ക് പോലീസുകാര്‍ ഈ ''കല്യാണസദസ്സ് കലക്കികളെ''  ഊരക്ക് പിടിച്ചു അകത്തിടുന്നത്! പെണ്ണിന്റെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ ഏല്‍പ്പിച്ച ഈ യുവാക്കളാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിട്ടും കറങ്ങുന്നത് ആ പരിസരത്തു റോന്ത് ചുറ്റുന്ന നിയമപാലകര്‍ കാണുന്നത്.  പോലീസിനോട് പറഞ്ഞ കാരണം ഞങ്ങള്‍ക്ക് ചെറുക്കന്റെ വീട്ടുകാര്‍ ഭക്ഷണം നല്‍കാത്തത് കൊണ്ടാണ് ഞങ്ങള്‍ രായ്ക്ക് രാമാനം കല്യാണത്തിനു ക്ഷണിച്ച പുതിയാപ്പിളയെ കെട്ടിയെടുത്തു ഹോട്ടലില്‍ കൊണ്ട് വന്നതെന്ന്! എങ്ങിനെയുണ്ട് തടി സലാമത്താക്കാന്‍ നട്ടാല്‍ മുളക്കാത്ത കള്ളം പറഞ്ഞ കൂട്ടുകാരും കാക്കി വിരട്ടലിനു മുന്നില്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുടെ മാനത്തേക്കാളും വലുത് തന്റെ അഭിമാനമെന്നു കരുതി പാലം വലിച്ച മാന്യവരനും! ഒന്ന് താങ്ങിയപ്പോള്‍ മണിമാരന്‍ മണിമണിപോലെ ഉള്ളത് പറഞ്ഞു.

കല്യാണ ആഘോഷത്തിന്റെ പേരില്‍ ഈ നികൃഷ്ടവൃത്തികള്‍ മൊത്തം നടക്കുന്നത് കല്യാണ ചെറുക്കന്റെ മൗനസമ്മതോടുകൂടിയാണ് എന്നതാണ് വലിയ ദുരന്തം. അറപൊളിക്കുന്നത് മുന്‍കൂട്ടി കണ്ടറിഞ്ഞു ബെഡ് റൂം പൂട്ടി താക്കോല്‍ ഒളിപ്പിച്ച ഒരു ബന്ധുവിനെ മാസങ്ങളോളം  പൊങ്കാല ഇട്ട സംഭവം നമ്മുടെ തൊട്ടയല്പക്കത്തു നടന്നിട്ടു വര്‍ഷങ്ങള്‍ കുറെയൊന്നുമായില്ലല്ലോ. കൂട്ടുകാര്‍ക്ക് കേറിനിരങ്ങാന്‍ സൗകര്യം ചെയ്യാത്തത് കൊണ്ട് മറ്റൊരു പുതിയാപ്പിള ദേഷ്യം തീര്‍ത്തത് തുടര്‍ദിവസങ്ങളില്‍ വധുവീട്ടുകാരുടെ ബന്ധുക്കളുടെ സല്‍ക്കാരങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ടായിരുന്നു.

അവസാനം, പോലീസിനെ ഞാന്‍ അഭിനന്ദിക്കുന്നു. പൂവാഹനവും പൂമാലയും തിരിച്ചു വാങ്ങി വരനെ പെണ്ണിന്റെ വീട്ടിലേക്ക് അയച്ചത് കൊണ്ടല്ല, അവന്‍ തൊട്ടു മുമ്പുള്ള ദിവസം മറ്റൊരു അറപൊളിച്ചു മാതൃക കാണിച്ച വീരപുരുഷനായിരിക്കാം. എന്റെ അഭിനന്ദനങ്ങള്‍ 13 അറപൊളിവീരന്മാരെ നിന്ന നില്‍പ്പില്‍ ഏത്തമിടീച്ചതിനും അവരെക്കൊണ്ട്  ഇജ്ജന്മത്തില്‍ ഇമ്മാതിരി കൂതറ ഏര്‍പ്പാടിന് പോകില്ലെന്ന് എഴുതി വാങ്ങിച്ചതിനുമാണ്. ആ റിപ്പോര്‍ട്ടില്‍ ഒരു നെയ്കിഴവന്റെ പേരും കണ്ടു. വയസ്സ് 42, പേര് അസര്‍പ്പു. വയസ്സ് അബദ്ധത്തില്‍ തിരിച്ചിട്ടു പോയതല്ലല്ലോ. അങ്ങിനെ അല്ലെങ്കില്‍ ഈ രോഗം യുവാക്കളെ മാത്രമല്ല കിഴവന്മാരിലേക്കും പടരുന്ന ലക്ഷണമാണ്. ഇന്ന് 42, നാളെ 52, മറ്റെന്നാള്‍ 62... ലോക്കപ്പില്‍ അടിപൊളി വൃദ്ധന്മാര്‍ ഏത്തമിടുന്ന വാര്‍ത്തയും വിദൂരമല്ലാതെ തന്നെ വന്നേക്കും.

ഈ വാര്‍ത്ത അങ്ങിനെതന്നെ ഫോര്‍വേഡ് ചെയ്തപ്പോള്‍ തൊട്ടയല്‍ ജില്ലക്കാരനായ ഒരു കൂട്ടുകാരന്‍ രണ്ടു സംഭവങ്ങള്‍ എന്നോട് പങ്ക് വെച്ചു. ഒന്ന്, ഒരു വീട്ടില്‍ ഇത് പോലുള്ള കല്യാണ റാഗിംഗില്‍ ഏര്‍പ്പെട്ടിരിക്കെ അത് വഴി മഞ്ഞത്തണ്ണി (കടുപ്പത്തില്‍ കോഴി മുളകിലിട്ടത്) പാത്രവുമായി  വന്ന ഒരു കല്യാണ ആയയോട് അറപൊളിയന്മാരില്‍ ഒരാള്‍ അപമര്യാദ കാണിച്ചുവത്രെ! അളമുട്ടിയാല്‍ ആ സാധുസ്ത്രീക്ക് എന്ത് കല്യാണ വീട്? എന്ത് പുയ്യാപ്ല? എന്ത് കൂട്ടുകാര്‍? കയ്യിലുണ്ടായിരുന്ന ചൂട് മഞ്ഞത്തണ്ണി ചട്ടിയോടെ അവരുടെ ദേഹത്തേക്ക് എറിഞ്ഞു ആ സ്ത്രീ സ്വന്തം അഭിമാനം കാത്തുപോല്‍. രണ്ട്, സമാനമായ സംഭവമുണ്ടായപ്പോള്‍ ഇരുഭാഗത്ത് നിന്നും വധുവിന്റെ വീട്ടുകാരും കല്യാണം കൂടാന്‍ വന്നവരും വാതില്‍ പൂട്ടി, അകത്തു കുടുങ്ങിയതിനെ മൊത്തം തൊട്ടടുത്ത കമുകിന്‍ തോട്ടത്തില്‍ കെട്ടിയിട്ട് മാപ്പ് പറയിപ്പിച്ചാണ് വിട്ടതത്രെ.

ഇത്തരം ഉന്തും തള്ളലിനുമിടയില്‍ വീണ് മുറിവേല്‍ക്കലും ഹൃദയാഘാതവും മരണവും നടക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകാറുണ്ട്! സന്തോഷം കളിയാടേണ്ട ഒരു കുടുംബത്തിലും നാട്ടിലും ഇങ്ങനെയൊക്ക നടന്നലുണ്ടാകുന്ന ''ടെറിബിള്‍ സിനാരിയോ'' ഒന്ന് മനസ്സില്‍ കണ്ടു നോക്കൂ! മുസ്ലിം സമുദായത്തിലാണ് ഈ വേണ്ടാതീനം 99 ശതമാനവും നടക്കുന്നതെന്ന് പറയേണ്ടല്ലോ! ഇതൊക്കെ കണ്ട് മഹല്ല് ഭരണകര്‍ത്താക്കളും തദ്ദേശ ഖാസിമാരും പണ്ഡിതന്മാരും സാരോപദേശികളും ഉറങ്ങുന്നിടത്താണ് പോലീസിന്റെ നടേ പറഞ്ഞ നിര്‍ദ്ദേശം പ്രസക്തവും പ്രായോഗികവുമാകുന്നത്! അതൊന്നുകൂടി വായിക്കാം ''വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെമാത്രം അയക്കാതെ മുതിര്‍ന്നവരും ഇവര്‍ക്കൊപ്പം പോയാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് പോലീസ് പറയുന്നത്.''

എന്റെ ഒരു നിര്‍ദ്ദേശം കൂടി, വരന്റെ കൂടെ കാരണവന്മാര്‍ മാത്രം പോകട്ടെ. നേരത്തെ പോയി നേരത്തെ വരണം. കൂട്ടുകാരെ ക്ഷണിച്ചത് വരന്റെ വീട്ടിലേക്ക് മാത്രമാണല്ലോ. പക്വത എത്തുന്ന ഒരു കാലം വരുമ്പോള്‍ സമൂഹം വീണ്ടും നിങ്ങള്‍ക്ക് അവസരം നല്‍കും. അത് വരെ കൂട്ടുകാര്‍  കുറച്ചു കാത്തിരിക്കുക. വധു വിവാഹരാത്രി തങ്ങുന്നത് വരന്റെ വീട്ടിലുമാകട്ടെ. അല്ലെങ്കില്‍ തന്നെ പോലീസിന് കഞ്ചാവ്, പിടിച്ചു പറി, മോഷണം, അന്യസംസ്ഥാന തൊഴിലാളി ഗുലുമാല്‍... ഇരിക്കാനും നില്‍ക്കാനും സമയമില്ല. ഇങ്ങിനെയെങ്കിലും ഒരു സപ്പോര്‍ട്ട് നല്‍കി  നാട്ടുകാരും കല്യാണ വീട്ടുകാരും പോലീസുകാര്‍ക്ക് കുറച്ചു സൈ്വര്യമെങ്കിലും നല്‍കൂ.

വിവാഹം ഒരു ബാധ്യതാ നിര്‍വഹണമാണ്. അത് ദൈവികമായ നിര്‍ദ്ദേശത്തിന്റെ അനുസരണമാണ്. ദാനം, സേവനം, ആരാധന തുടങ്ങിയ  പോലെ അത് മറ്റൊരു ധര്‍മ്മവും കര്‍മ്മവും. അത് ഒരിക്കലും നാടിന്റെ ആഘോഷമോ മാമാങ്കമോ അല്ല. സാമൂഹ്യദ്രോഹം അല്ലേയല്ല. നാട്ടില്‍  ഒരു കല്യാണമുണ്ടെന്ന് പറഞ്ഞാല്‍, അന്ന് നാട്ടില്‍ ഒരു വലിയ ദുരന്തം നടക്കുന്നു എന്നു ധരിക്കുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ നീങ്ങരുത്, നീക്കരുത്.  അങ്ങിനെ ഒരു ധാരണ വന്നുകഴിഞ്ഞാല്‍ അതിലും വലിയ ദുരന്തമെന്താണുള്ളത്!

'കല്യാണസദസ്സ് കലക്കികളെ' പോലീസ് ഊരക്ക് പിടിച്ചു അകത്തിടുമ്പോള്‍


Keywords:  Article, Aslam Mavile, Bride, groom, Wedding, Marriage-house, Police, Friends, Night, Room, Decoration.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia