city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതിനു വോട്ടു ചെയ്താല്‍ ബിജെപി ജയിക്കുന്നതെങ്ങനെ?: സി എച്ച് കുഞ്ഞമ്പു

സ്ഥാനാര്‍ത്ഥിയോടൊപ്പം / പ്രതിഭാരാജന്‍

(www.kasargodvartha.com 10.05.2016) ബിജെപിയുടെ മതരാഷ്ട്രീയവാദം സപ്തഭാഷാ സംഗമഭുമിയായ മഞ്ചേശ്വരത്ത് ഇത്തവണയും വിലപ്പോവില്ലെന്ന നിഗമനത്തിലുടെയാണ് തെരഞ്ഞെടുപ്പ് ചിത്രം സഞ്ചരിക്കുന്നത്. നീണ്ടു പരന്നു കിടക്കുന്ന കര്‍ണാടകയുടെ പീഠഭുമി. അവിടെ ആടുമേയ്ച്ചും പാല്‍ കറന്നും ജിവിക്കുന്ന പാവങ്ങളില്‍ പാവങ്ങളായ മുസ്ലീം കുടുംബങ്ങള്‍ മുതല്‍ കടല്‍തീരം വരെയുള്ള യാത്രയില്‍ ഈ കുറിപ്പുകാരന്‍ കണ്ടത് വേദനകളാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പോലും അന്യമായ പാവങ്ങള്‍. രോഗം വരികയും അതുവഴി മരിക്കുകയും സര്‍വ്വസാധാരണമെന്നു വിശ്വസിച്ച് മരണത്തിനു കീഴടങ്ങുന്ന സാധുക്കള്‍.

പര്യടനം ആരംഭിച്ച തുപ്പിനാട് അടക്കം പട്ടിണിപ്പാവങ്ങളാണ്. അവര്‍ സ്ഥിരമായി വോട്ടു ചെയ്യുന്നു. എം എല്‍ എയെ ഇതുവരെ നേരിട്ടു കണ്ടവര്‍ ചുരുക്കം. കര്‍ണാടകയുടെ അതിര്‍ത്ഥി ഗ്രാമമായ ഇവിടം വയനാട്ടിലെ കൊടും കാട്ടില്‍പ്പോലും കാണാത്ത വിധം ദാരിദ്ര്യം, വരള്‍ച്ച. ബി ജെ പി പൂര്‍വ്വാധികം ശക്തി സംഭരിക്കുമ്പോഴും മതേതരത്തിന്റെ മുല്യം തിരിച്ചറിയുകയാണ് ഇത്തവണ മഞ്ചേശ്വരം. സി എച്ച് കുഞ്ഞമ്പുവിന്റെ ജൈത്രയാത്രയിലെ അകമ്പടികളില്‍ ബഹുഭുരിപക്ഷവും മുസ്ലീം ചെറുപ്പക്കാരുടെ മുന്നേറ്റം. മതരാഷ്ട്രീയത്തിനുമപ്പുറത്തേക്ക് അവര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. പ്രവര്‍ത്തകരില്‍ മിക്കവരിലും ലീഗിനോടു ചേര്‍ന്നുള്ള ശരീര ഭാഷ, ഊര്‍ജ്ജം.

എന്തു മാറ്റങ്ങളാണ് ഇവിടെ എന്ന് അന്വേഷിച്ചാല്‍ കൃഷിമന്ത്രിയായിരുന്ന സുബ്ബറാവുവിനു ശേഷം സ്ഥിരമായി മുന്നാം സ്ഥാനത്തായിരുന്ന സിപിഎം 2006ല്‍ ഒന്നാമതായെത്തിയതിന്റെ പൊരുള്‍ മനസിലാകും. എല്‍ഡിഎഫിനു പുറത്തുള്ള വിവിധ ഭാഷക്കാര്‍, വിശ്വാസികള്‍ വോട്ടു ചെയ്തതു കൊണ്ടാണത്. കാന്തപുരം വിഭാഗം, ചെറുന്യുനപക്ഷങ്ങളായ കൊങ്കണി കൃസ്തീയ വംശജര്‍, കേരളത്തില്‍ ഏറ്റവും കുടുതല്‍ ഹനഫി വിഭാഗമുള്ള ഉപ്പളയിലെ, കുഞ്ചത്തുരിലെ മുസ്ലീമുകള്‍, വിവിധ മദ്രസാ കമ്മറ്റികള്‍ എല്ലാം ഇടത്തോട്ടു ചാഞ്ഞു വന്ന അന്നത്തെ കാലം തിരിച്ചു വരികയാണെന്ന് സി എച്ച് കുഞ്ഞമ്പു കരുതുന്നു.

റദ്ദുച്ചാ എന്ന് സ്‌നേഹത്തോടെ നാടു ഓമനപ്പേരിട്ടു വിളിക്കുന്ന അബ്ദുര്‍റസാഖിന്റെ നേര്‍ സഹോദരന്‍ പി ബി അഹമ്മദ്, പൗരമുഖ്യനായ യാഖൂബ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന ഡി എം കെ മുഹമ്മദ്, സി മുഹമ്മദ് കുഞ്ഞി അടക്കമുള്ളവരും ഇടതിനോടൊട്ടി നിന്നപ്പോള്‍ മുന്‍ മന്ത്രി ചെര്‍ക്കളം ദയനീയമായി തേറ്റുവെന്നു മാത്രമല്ല, മുന്നാം സ്ഥാനത്തുമായി. നാട് ആകാമാനം സ്‌നേഹിക്കുന്ന അവരുടെ റദ്ദൂച്ച സ്ഥാനാര്‍ത്ഥിയായ 2011ല്‍ സ്ഥിതി മാറിയതിനു കാരണവും എല്‍ഡിഎഫ് എന്നാല്‍ കേവലം സിപിഎം എന്നു മാത്രമായി ചുരുങ്ങിയതിനാലാണെന്നത് ചരിത്രം. ഇത്തവണ സിപിഎം ഒറ്റക്കല്ലെന്നു കരുതാന്‍ കാരണമുണ്ട്. ന്യുനപക്ഷ കൃസ്തീയ വിഭാഗമായ കൊങ്ങിണി കത്തോലിക്കാ വിഭാഗത്തിന്റെ പിന്നോക്ക സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ണാടക അനുവദിക്കുന്നുവെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് തലക്കനം വന്നപ്പോള്‍ എംഎല്‍എ ഇടപെട്ടില്ല. അവര്‍ക്കു നീരസമുണ്ട്. സിപിഎമ്മിന്റെ പ്രകടന പത്രികയിലെ പല വാഗ്ദാനങ്ങളില്‍ ഒന്ന്, ഇവരുടെ ആവശ്യം നിയമം മൂലം നടപ്പിലാക്കുക എന്നതാണ്. ന്യുനപക്ഷ മുസ്ലിം സമൂദായമായ ഹനഫികള്‍ക്ക് സ്വന്തം മതത്തിലെ എംഎല്‍എയില്‍ നിന്നു പോലും നിതി ലഭിക്കില്ലെന്ന ഭയപ്പാടുണ്ട്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും എംഎല്‍എ ഇനിയും കണ്ടിട്ടു പോലുമില്ലെന്ന് ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.

കാന്തപുരം ഉസ്താദിന്റെ അനുഗ്രഹം ഇത്തവണ കുഞ്ഞമ്പുവിന് അനുകുലമാണ് എന്ന് അവര്‍ കണക്കു കുട്ടുന്നതിനു പുറമെ സ്ഥാനാര്‍ത്ഥി അബ്ദുര്‍ റസാഖിന്റെ നേര്‍ അനിയന്‍ അടക്കം യുഡിഎഫിനോട് പിണങ്ങി മറ്റു പലരോടൊപ്പം ചേര്‍ന്ന് കുഞ്ഞമ്പുവിന്റെ തെരെഞ്ഞെടുപ്പ് കമ്മറ്റി വൈസ് ചെയര്‍മാനായി പണിയെടുക്കുന്നു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം അവിടെ ഉള്‍നാടുകളില്‍ ആരും കേട്ടിട്ടേ ഇല്ല. എല്ലാവരും ചേര്‍ന്ന് കുഞ്ഞമ്പുവിന് വോട്ടു കൊടുത്താല്‍ ബിജെപി എങ്ങനെ വരും എന്ന മറുചോദ്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ബീഡി മേഖലയിലെ പാവപ്പെട്ടവരുടെ കണ്ണീര്‍ ഇറ്റുവീഴുന്നത് തെരെഞ്ഞെടുപ്പ് പര്യടനത്തില്‍ ആദ്യമായി മജലില്‍ വെച്ച്, പട്ടിണിയുടെ ചിഹ്നങ്ങള്‍ കേരളത്തെ നോക്കി പരിഹസിക്കുന്ന ഗ്രാമങ്ങള്‍. ഇത് മാറി മാറി വന്ന രാഷ്ട്രീയ പാപ്പരത്തങ്ങളുടെ അടയാളങ്ങളാണ്.

മണ്ഡലത്തിനു വേണ്ടി 837 കോടി ചിലവിട്ടുവെന്ന ലഘുലേഖ സ്വന്തം പാര്‍ട്ടിക്കാര്‍ വരെ വിശ്വാസത്തിലെടുക്കുന്നില്ല. അന്താരാഷ്ട്ര നിലവാരമുള്ള ബസ്സ്‌സ്റ്റോപ്പുകള്‍ എന്നു പറയുന്നു, ഏതാനും ബള്‍ബുകള്‍ മാത്രം. ഭീമാകാരമായ വാട്ടര്‍ ടാങ്ക് കെട്ടിയിട്ടിരിക്കുന്നു, വെള്ളം നിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നടപ്പില്‍ വന്ന താലൂക്ക് തന്നെ ആസ്ഥാനം നിശ്ചയിക്കാന്‍ കഴിയാതെ അക്രമത്തിലായിരുന്നു അവസാനിച്ചത്. 30 സെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് മാറ്റി സി എച്ചിന്റെ കാലത്ത് അക്വയര്‍ ചെയ്ത 10 ഏക്കര്‍ സ്ഥലത്തു ചിലവഴിച്ച 30 കോടി അനാഥമായി കിടക്കുന്നു. ഈ വര്‍ഷം മാത്രം 26 മരണങ്ങളാണ് ചെക്ക് പോസ്റ്റില്‍ മാത്രമായി നടന്നത്. കുഞ്ഞമ്പു കൊണ്ടു വന്ന ഐ എച്ച് ആര്‍ ഡി അപ്ലയന്‍സ് സയന്‍സ് കോളേജ്, ഗോവിന്ദപൈ കോളേജ് ഹോസ്റ്റല്‍, സപ്തഭാഷാ സംഗമ ഭുമിയിലെ മാപ്പിള കാലാകേന്ദ്രം, തുളു അക്കാദമി, ഉറുദു പഠന കേന്ദ്രം, യക്ഷഗാന പരിശീലനം, കണ്ണുര്‍ യുണിവേഴ്‌സിറ്റിയുടെ കീഴില്‍ തുടങ്ങി വെച്ച സമ്മിശ്ര ഭാഷാ പഠന കേന്ദ്രം തുടങ്ങിയവയും ബ്യാരി ഭാഷപോലും ഇരുട്ടില്‍ തന്നെ. ഇതൊക്കെ പ്രചരിപ്പിക്കാന്‍ വി പി പി മുസ്തഫ നേതൃത്വം കൊടുക്കുന്ന തെരെഞ്ഞെടുപ്പ് കമ്മറ്റികള്‍ക്ക് സാധിക്കുന്നു.

നല്ലൊരു ബിസിനസുകാരനും നാടിന്റെ കണ്ണിലുണ്ണിയുമായിരുന്ന അബ്ദുര്‍റസാഖ് എംഎല്‍എക്ക് രാഷ്ട്രീയവും സേവനവും സ്വന്തം നിലയിലുള്ള ഉയര്‍ച്ചക്ക് തടസമാവുകയും വിപരീത ഫലവുമാണ് നല്‍കിയതെന്നാണ് അദ്ദേഹത്തെ വിശ്വസിക്കുന്നവരുടെ പക്ഷം. കുമ്പള സഹകരണ ബാങ്കില്‍ രൂപപ്പെട്ട കോ-ലി-ബി സഖ്യം വഴി സിപിഎം വിശദമാക്കുന്നത് ന്യുനപക്ഷ വിഭാഗത്തിനോടൊപ്പമല്ല, മതപാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുത പുറംപൂച്ചു മാത്രമാണെന്നാണ്. ബിജെപിയെ അകറ്റി നിര്‍ത്താന്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാന്‍  യുഡിഎഫിനു സാധിക്കാതെ വന്നാല്‍ അതു ഗുണകരമാവുക സി എച്ച് കുഞ്ഞമ്പുവിനായിരിക്കും.
ഇടതിനു വോട്ടു ചെയ്താല്‍ ബിജെപി ജയിക്കുന്നതെങ്ങനെ?: സി എച്ച് കുഞ്ഞമ്പു

Keywords:  BJP, LDF, Kasaragod, Election 2016, Prathibha-Rajan, Manjeshwaram, P.B. Abdul Razak, CH Kunhambu, Development project, Campaign. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia