city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നല്ല ഹോട്ടലുകള്‍ നഗരങ്ങളുടെ അലങ്കാരങ്ങളാണ്...

എ.എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 04/02/2016) ഒരു നഗരത്തിന്റെ ശുചിത്വത്തിനു, മുമ്പെ നടക്കേണ്ടത് അവിടുത്തെ ഹോട്ടലുകളാണ്. 'മിതമായ വിലയ്ക്ക് നല്ല രുചിയുള്ള ഭക്ഷണം നല്‍കുന്ന'-(പരസ്യം) ഹോട്ടലുകള്‍ നമുക്കുണ്ടാവും. പക്ഷെ ശുചിത്വത്തിന്റെ കാര്യത്തില്‍ ആവറേജ് വരുന്ന എത്ര ഹോട്ടലുകള്‍ കാണും ? ഞാനായി കുറ്റം പറയുകയല്ല. ഇത് വായിക്കുന്നവരില്‍ കോഴിക്കോട്. തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ, അവിടുത്തെ ഹോട്ടലുകളുടെ നിലവാരത്തോട് സമം നില്‍ക്കുന്ന എത്ര ഭോജനശാലകള്‍ നമ്മുടെ പട്ടണത്തിലുണ്ടെന്ന്. ഇല്ല.

എന്തു കൊണ്ട് അത്തരം ഭക്ഷണം വിളമ്പാന്‍ സാധ്യമാകുന്നില്ല എന്നതിന് മറുപടി നല്‍കേണ്ടത് ഹോട്ടല്‍ നടത്തിപ്പുകാരാണ്. കാസര്‍കോട്ട് സ്ഥിര താമസക്കാര്‍ക്ക് 'ഹോട്ടല്‍ സന്ദര്‍ശന സ്വഭാവം' കുറവാണെന്നും അതിനാല്‍ തന്നെ ഇവിടെ ഹോട്ടലുകള്‍ പച്ചപിടിക്കുന്നില്ലെന്നും പരാതി കേള്‍ക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ അത് പറയാനാവില്ല. കാരണം പകരം ധാരാളം മറ്റു സംസ്ഥാനക്കാര്‍ ഇവിടെ കുടിയേറിപ്പാര്‍പ്പ് തുടങ്ങിയിട്ടുണ്ട്. പക്ഷെ അതൊന്നും ഹോട്ടലുകളുടെ ശുചിത്വ കാര്യത്തിന് ന്യായീകരണമാവില്ല.

ഈ പട്ടണത്തിലെ പല ഹോട്ടലുകളിലും ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തോന്നിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. വെടിപ്പ് തന്നെ പ്രധാനം. പല ഹോട്ടലുകളിലും 'കുശിനി'യില്‍ ജോലി ചെയ്യുന്നവര്‍ വല്ലപ്പോഴും പുറത്ത് വന്ന കണ്ടാല്‍ പിന്നീടാരും ആ ഹോട്ടലില്‍ തിരിച്ചു ചെല്ലുമെന്ന് തോന്നുന്നില്ല. പട്ടണത്തിലെയും പരിസരപ്രദേശങ്ങളിലേയും പല ഹോട്ടലുകളിലേയും വെപ്പു പുരയുടെ യഥാര്‍ത്ഥ സ്ഥിതിയറിയണമെങ്കില്‍ പട്ടാപ്പകലും കൈയില്‍ ടോര്‍ച്ച് തന്നെ വേണ്ടി വരും.

ഇനി വെയിറ്റര്‍മാരുടെ കാര്യമോ, വൃത്തിയില്‍ വേഷം ധരിച്ചിട്ടുണ്ടാവില്ല. തലയും താടിയും ഇടയ്ക്കിടെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഓഡറെടുക്കാന്‍ വന്ന് മൂക്കില്‍ കൈയിട്ട് തിരുകുന്ന ഒരു കുട്ടിയെ ഒരിക്കല്‍ ഇയാള്‍തന്നെ തിരിച്ചയച്ചിട്ടുണ്ട്. പിന്‍ഭാഗം ചൊറിയുന്നതും താടി ചൊറിയുന്നതും നെറ്റിയിലെ വിയര്‍പ്പ് പൊറോട്ടയുടെ മാവിന്‍ കുഴമ്പില്‍ ഇറ്റിച്ച് ഉപ്പ് നോക്കുന്നവരും സിനിമയിലെ ഹോട്ടലുകളിലാവാം. പക്ഷെ അവര്‍ക്ക് പ്രചോദനം ഒറിജിനല്‍ ഹോട്ടലുകളില്‍ നിന്നു തന്നെ. ഒരു ഹോട്ടലിലെത്തി 12 പേര്‍ നല്‍കിയ 12 തരം ചായ ഓഡര്‍, ജഗതി ശ്രീകുമാര്‍ നിമിഷങ്ങള്‍ക്കകം കൂളായി സെര്‍വ് ചെയ്തപ്പോള്‍ മറ്റൊരു കഥാപാത്രം സംശയം ചോദിച്ചു. ഈ വിത്തും വിത്തൗട്ടും, വെള്ളച്ചായയും കട്ടനും ലൈറ്റും സ്‌ട്രോങും എങ്ങനെ ഇത്ര പെട്ടെന്ന് ഒപ്പിച്ചു? ജഗതി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അതൊക്കെ ഓഡര്‍ ചെയ്ത വരുടെ മനസ്ഥിതി പോലെയിരിക്കും. ഞാന്‍ പാലൊഴിച്ചതും ഒഴിക്കാത്തതും മാത്രമെ എടുത്തുള്ളൂ എന്ന് പറഞ്ഞത് ചിരിയ്ക്ക് മാത്രമല്ല, ചിന്തയ്ക്കും വക നല്‍കുന്നു.

ഹോട്ടല്‍ തൊഴിലാളികളും പോലീസുകാരുമാണ് സിനിമയില്‍ ഏറെ വിമര്‍ശന വിധേയമാകുന്നതെന്നത് ശ്രദ്ധേയമാണ്. ജനങ്ങള്‍ കാണ്‍കെ കടയുടെ ഓരത്ത് പോയി മൂത്രമൊഴിച്ച് കൈ തുണിയിലോ ഷേട്ടിലോ തുടച്ചു കൊണ്ട് നേരെ കടയില്‍ കയറി പോകുന്നവരും ഇല്ലെന്ന് പറയാമോ? ഇതൊക്കെ നേരില്‍ കാണുന്നത്. അപ്പോള്‍ കാണാമറയത്തോ..? മനുഷ്യന് ഏതു കാര്യം ചെയ്യുമ്പോഴും ആരും കണ്ടില്ലെങ്കിലും ദൈവം കാണുന്നുണ്ടെന്ന തോന്നലാവും അവനെ സന്മാര്‍ഗിയാക്കുന്നത്. ഏറ്റവും പരിശുദ്ധമായ സമ്പാദ്യം ഏതാണ് എന്ന് ചോദ്യത്തിന് പ്രവാചകന്‍ മുഹമ്മദ്(സ)യുടെ മറുപടി കച്ചവടത്തില്‍ നീ സമ്പാദിച്ച കാശെന്നാണ്. മേല്‍പ്പറഞ്ഞ പോലെ ആര് കണ്ടില്ലെങ്കിലും ദൈവം കാണുന്നു എന്ന് വിശ്വസിക്കുന്നവന്റെ കച്ചവടമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രണ്ടാമതായെ കൃഷിയില്‍ നിന്നുള്ള സമ്പാദ്യം വരുന്നുള്ളൂ.

ഹോട്ടല്‍ നടത്തിപ്പിനു ചില അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് വൃത്തിയുള്ള വെപ്പുമുറി. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കൊക്കെ കാണാന്‍ പാകത്തില്‍ തുറന്ന് നല്ല വെളിച്ചമുള്ള ഇടമായിരിക്കണമത്. കൈ കഴുകാനും മറ്റുമുള്ള സൗകര്യം ഭക്ഷണം കഴിക്കുന്നവരില്‍ നിന്ന് അല്‍പം മാറി, അല്ലെങ്കില്‍ ഒരു അടച്ചിട്ട മുറിയാകണം. വെയിറ്റര്‍മാര്‍ക്ക് തൊപ്പിയും യൂണിഫോമും വേണം. യൂണിഫോം നല്‍കാന്‍ പ്രാപ്തിയില്ലാത്ത ചെറുകിട ഹോട്ടലാണെങ്കില്‍ കുറഞ്ഞത് തലയ്ക്ക് തൊപ്പി നിര്‍ബന്ധമാണ്. പിന്നെ അണിയുന്ന വസ്ത്രം വൃത്തിയുള്ളതാവുകയും വേണം.

പലഹാരങ്ങള്‍ മൂടിയുള്ള പാത്രത്തില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കവെ തന്നെ, ആവശ്യക്കാര്‍ക്ക് സപ്ലൈയര്‍/വെയിറ്റര്‍ ഒരു കൊടില്‍-(ഇറുക്കി) കൊണ്ടെടുത്ത് പ്ലെയിറ്റിലിട്ട് നല്‍കാവുന്നതാണ്. പരിസര ശുചീകരണമാണ് പ്രധാനം. കുശിനി പോലെ തന്നെ ഹോട്ടലിന്റെ അകത്തും പുറത്തും വൃത്തിയും വെടിപ്പും സൂക്ഷിക്കണ്ടത് വളരെ പ്രധാനമാണ്. പല ഹോട്ടലുകളെക്കുറിച്ചും 'നല്ല ഫുഡ് കിട്ടും പക്ഷെ വൃത്തി'(!) എന്ന് പറഞ്ഞ് പലരും മുഖം ചുളിക്കുന്നത് കാണാം. 'ഭക്ഷണം കൊള്ളില്ലെങ്കില്‍ നല്ല വൃത്തിയുണ്ട്' എന്ന് പറയുന്നവരുടെ മുഖം ചുളിയാറില്ല താനും. ശുചിത്വമുള്ള ഹോട്ടല്‍, രുചിയുള്ള ഭക്ഷണം കൂടി വിളമ്പിയാല്‍ തീര്‍ച്ചയായും ആള്‍ക്കാര്‍ തിക്കിത്തിരക്കിയെത്തും. ശുചിയു രുചിയും ആവട്ടെ ഹോട്ടല്‍ വ്യാപാരത്തിന്റെ മുദ്രാവാക്യം.

നല്ല ഹോട്ടലുകള്‍ നഗരങ്ങളുടെ അലങ്കാരങ്ങളാണ്...


Keywords : Hotel, Cleaning, Article, A.S Mohammed Kunhi, Kasargod, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia