city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം

കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഗോകുല്‍ ജി. നായരുമായി കെ.ടി. ഹസന്‍ നടത്തിയ സംസാരം.

ന്മേഷം പകരുന്ന പ്രസന്നതയുമായി ഗോകുല്‍ മുന്നിലിരിക്കുന്നു. ചെംനാട് ഗ്രാമത്തിന്റെ റാങ്ക് ചരിതങ്ങള്‍ക്ക് ഏറിയ മാറ്റു പകര്‍ന്ന ഗോകുല്‍ ജി. നായര്‍, പെരുമാറ്റ മര്യാദകളിലും റാങ്കുകാരനാണ്. അത്തരമൊരു ശിക്ഷണത്തിന്റെ ചാരിതാര്‍ഥ്യം അച്ഛന്‍ ഗംഗാധരന്‍ നായര്‍ വിനീതമായി പങ്കുവയ്ക്കുന്നു: 'കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രായത്തിന്റെ അപാകത കൊണ്ട് അവര്‍ അനുചിതമായ ചുറ്റുപാടുകളില്‍ എത്താതെ രക്ഷിതാക്കള്‍ സൂക്ഷിക്കണം. കാര്‍ക്കശ്യങ്ങളല്ല, സ്‌നേഹപൂര്‍വമായ പറഞ്ഞുമനസ്സിലാക്കലുകളാണ് ആവശ്യം. സമയത്ത് കുളിക്കുക, വിളക്കുവച്ച് പ്രാര്‍ഥിക്കുക, അതുകഴിഞ്ഞ് ഭക്ഷണം കഴിക്കുക തുടങ്ങിയ ചിട്ടകള്‍ ഒരു ചര്യയായി ചെറുതിലേ ഞങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. എനിക്ക് അച്ഛനമ്മമാരില്‍ നിന്നു പകര്‍ന്നുകിട്ടിയ ഒരു ശീലമാണത്.''

നമുക്ക് ഗോകുലിലേയ്ക്കു വരാം. ഏഴുവരെ കാസര്‍കോട്, അച്ഛന്‍ മേധാവിയായ പ്രൊവിഡന്‍സ് സ്‌കൂളില്‍ പഠിച്ച്, ശേഷം പ്ലസ് ടു വരെ ചെംനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്ന ഗോകുല്‍. പ്ലസ് ടു പഠനകാലത്ത് എന്‍ട്രന്‍സ് പരിശീലനത്തിനായി അണങ്കൂര്‍ ഇന്‍സ്‌പെയര്‍ അക്കാദമിയെയും തുടര്‍ന്ന് ഒരു വര്‍ഷം പാലാ ബ്രില്യന്റ് കോച്ചിംഗ് സെന്ററിനെയും ആശ്രയിച്ചു. റിസള്‍ട്ടറിയുമ്പോള്‍ പാലായിലായിരുന്നു ഗോകുല്‍. എങ്ങനെയായിരുന്നിരിക്കും അവന്റെ ആ നിമിഷം? ഗോകുല്‍ പറയട്ടെ:
ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം
ലേഖകന്‍ ഗോകുലിനും പിതാവ് ഗംഗാധരന്‍ നായര്‍ക്കുമൊപ്പം
''റൂം മേറ്റില്‍ നിന്നാണ് ഞാന്‍ വിവരമറിയുന്നത്. ആദ്യത്തെ ഇരുപതിനുള്ളില്‍ വരുമെന്ന പ്രതീക്ഷയായിരുന്നു സ്‌കോര്‍ കൂട്ടിനോക്കിയപ്പോള്‍. ഫലം വന്നപ്പോള്‍ റൂം മേറ്റ്‌സും എല്ലാവരും കൂടി വലിയ ആഹ്ലാദവും ആഘോഷവുമായി.''

മകനെ പഠിപ്പിച്ച് നല്ലൊരു സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഗംഗാധരന്‍ നായര്‍ക്ക്. കാസര്‍കോടിന്റെ സാഹചര്യം വിദ്യാഭ്യാസവിഷയത്തില്‍ പൊതുവെ ദയനീയമാണല്ലോ. അതിമോഹമില്ലാതെ, അതിനനുസരിച്ചുള്ള ഒരു പ്രതീക്ഷയായിരുന്നു, കുട്ടിയുടെ ഭാവിയെപ്പറ്റി. നല്ലൊരു ജോലി എന്ന വിധം. ഇപ്പോള്‍ റാങ്കുനേട്ടത്തിലെത്തിയപ്പോഴുള്ള അഭിമാനത്തിന് നിരന്തരമായ ശ്രദ്ധയുടെയും പിന്തുണയുടെയും ശക്തിയുണ്ട്. കുട്ടികള്‍ക്ക് എപ്പോഴും പ്രചോദനമായി വര്‍ത്തിക്കുകയാണ് രക്ഷിതാക്കളുടെ കടമയെന്നാണ് ഗംഗാധരന്‍ നായരുടെ ഉപദേശം.

ചെറുപ്പത്തില്‍ അമ്മ ഇന്ദുകലയാണ് ഗോകുലിന്റെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ അനുജന്‍ ഗൗതമിനും അങ്ങനെത്തന്നെ. കുട്ടികള്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ ഒരു വ്യവസ്ഥയുണ്ട്. മുതിര്‍ന്നവരും ടി.വി. കാണാതെ ഓഫാക്കിയിടും. കുട്ടികളുടെ പഠനങ്ങളില്‍ പങ്കുചേരുന്ന ഒരു വീടായി അതു മാറുകയാണ്. അധ്യാപനത്തേക്കാള്‍ പ്രധാനമാണ് സ്വഭാവരൂപീകരണം എന്നാണ് അധ്യാപകന്‍ കൂടിയായ ഗംഗാധരന്‍ നായരുടെ നിര്‍ദേശം. മൊബൈലും കംപ്യൂട്ടറും കുട്ടികളെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം. കംപ്യൂട്ടര്‍ നല്ലകാര്യങ്ങള്‍ക്കു മാത്രമായി ശീലിപ്പിച്ചെടുത്താല്‍ അത് കുട്ടികളുടെ ചര്യയായി മാറിക്കൊള്ളും.

എന്തായിരുന്നു ഗോകുലിന്റെ പഠനരീതി?
ഗോകുല്‍: പഠനത്തിന് പ്രത്യേക സമയം കണ്ടെത്തി ആ സമയം ഏകാഗ്രമായി പഠനത്തില്‍ മുഴുകും. പഠിക്കാന്‍ എത്ര സമയം ചെലവഴിക്കുന്നു എന്നതല്ല എത്ര മാത്രം concentration -ഏകാഗ്രത - ഉണ്ട് എന്നതാണ് പ്രധാനം. എന്‍ട്രന്‍സിനു വേണ്ടി പഴയ ചോദ്യപേപ്പറുകളുടെ രീതി പ്രത്യേകം ശ്രദ്ധിച്ചു. ഏതു രീതിയിലാണ് ചോദ്യം വരുന്നത് എന്നറിയുന്നത് നമ്മുടെ ആസൂത്രണത്തെ സഹായിക്കും.
കെ.ടി. ഹസന്‍: ഏതുസമയത്താണ് ഗോകുല്‍ പഠിക്കുക?
ഗോകുല്‍: രാത്രി പഠിക്കാനാണെനിക്കിഷ്ടം.
കെ.ടി: അതു ശരിയാണ്. രാവിലെ മാത്രമേ പഠിച്ചുകൂടു എന്നൊരു ധാരണ ചിലര്‍ക്കുണ്ട്. വായിച്ചുപഠിക്കാന്‍ അവരവര്‍ക്കിണങ്ങുന്ന ഒരു സമയം കണ്ടെത്തലാണുചിതം. ഗോകുലിന് ടൈം ടേബ്ള്‍ ഉണ്ടായിരുന്നോ?
ഗോകുല്‍: പരീക്ഷ അടുക്കുമ്പോള്‍ മാത്രം. ആ സമയത്ത് റിവിഷന്‍ ചെയ്യും. നമുക്ക് നന്നായി അറിയാത്ത ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും.
കെ.ടി: എന്താണ് ഭാവി പരിപാടി?
ഗോകുല്‍: എയിംസില്‍ (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) കിട്ടുകയാണെങ്കില്‍ അവിടെച്ചേരും. അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്.
കെ.ടി: അതു കഴിഞ്ഞ് ഏതെങ്കിലും വിഭാഗം മനസ്സിലുണ്ടോ?
ഗോകുല്‍: ന്യൂറോളജി (നാഡീശാസ്ത്രം) സ്‌പെഷലൈസ് ചെയ്യണമെന്നുണ്ട്. കൂടെ സിവില്‍ സര്‍വീസ് ഒരുക്കത്തെകുറിച്ചും ആലോചിക്കുന്നു.
ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം
ഗോകുല്‍ ജി. നായര്‍
കെ.ടി: ന്യൂറോളജി ഏറെ സാധ്യതയുള്ള മേഖലയാണ്. വളരെയൊന്നും വികസിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു പഠനതലം. ആ രംഗത്തെ ഗവേഷണത്തെക്കുറിച്ചും ചിന്തിക്കാം. ഗോകുലിനെപ്പോലുള്ള പ്രതിഭകളിലാണ് നാളത്തെ ശാസ്ത്രത്തിന്റെ പ്രതീക്ഷ. അതിരിക്കട്ടെ, പിന്‍തലമുറയിലെ കൂട്ടുകാരോട് എന്താണ് ഗോകുലിന് പറയാനുള്ളത്?
ഗോകുല്‍: മാറുന്ന ചുറ്റുപാടില്‍ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാനമുണ്ട്. പഠനത്തിന് പ്രത്യേകഗൗരവം നല്‍കേണ്ടതുണ്ട്. മാനസികമായ ഒരുക്കമാണ് പ്രധാനം. രക്ഷിതാക്കള്‍ക്കു വേണ്ടി എന്നതിനപ്പുറം സ്വന്തമായ ഒരു നിശ്ചയം വേണം. അങ്ങനെ വന്നാല്‍ എത്ര മോശമായ സാഹചര്യത്തിലും ഉയര്‍ന്നുവരാം.

പഠനം ഒരുമണിക്കൂറാണെങ്കില്‍ പോലും ആ സമയം അതിനായി മാത്രം സമര്‍പ്പിക്കുക. വേറെന്തിലെങ്കിലും ഏര്‍പ്പെട്ടുകൊണ്ട് ആറു മണിക്കൂര്‍ ചെലവാക്കിയാലും അതു വേസ്റ്റ് ആണ്.
കെ.ടി: കുട്ടികളുടെ കളി, ടി.വി.... എന്താണ് ഗോകുലിന്റെ അഭിപ്രായം?
ഗോകുല്‍: അതു നമുക്ക് അത്യാവശ്യമുള്ള കാര്യമാണ്.
കെ.ടി: സമയവവും സന്ദര്‍ഭവും അറിഞ്ഞുവേണമെന്നുമാത്രം, അല്ലേ... ഗോകുല്‍ കളിക്കാറുണ്ടോ?
ഗോകുല്‍: ക്രിക്കറ്റ് കളിക്കും.
കെ.ടി: വേറെ ഹോബി?
ഗോകുല്‍: നോവല്‍ വായന, പാട്ടുകേള്‍ക്കല്‍,....
കെ.ടി: നോവലില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം?
ഗോകുല്‍: എം.ടി.

എം.ടി. രണ്ടാമൂഴത്തിലൂടെ ഭാരതകഥ പുനരെഴുതിയതുപോലെ കാസര്‍കോടിന് ശോഭസുരഭിലമായ രണ്ടാമൂഴം രചിച്ചിരിക്കുകയാണ് ഗോകുല്‍. നന്മയുടെ നാമ്പുകളാല്‍ ഐശ്വര്യം പൂത്തുലയട്ടെ ഗോകുല്‍ ജി. നായരുടെ വഴികളില്‍. കാസര്‍കോടിനിത് പ്രചോദനത്തിന്റെ പുതുപാഠം.

Keywords: Gokul G Nair, Intervie, Kasaragod, K.T. Hassan, Kerala Medical Entrance, Rank, Education, Teacher, Mother, Father, Gokul G Nair speask, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia