ദുരന്തം വാതകപൈപ്പ് ലൈനിലും സംഭവിക്കുമോ?
Sep 19, 2012, 11:49 IST
കണ്ണൂരിലെ ചാലയില്‍ മരണം അവസാനിക്കുന്നില്ല. കണ്ണൂരുകാര് ഇതിന് മുമ്പ് ഇങ്ങനെയൊരു കൂട്ട മരണം കണ്ടത് വസൂരിയും കോളറയും നിറഞ്ഞാടിയിരുന്ന പഴയ കാലത്തായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അതു പ്രകൃതിയുടെ കൈകള്‍ കൊണ്ടാണെങ്കില്‍ ഇത് മനുഷ്യന് അവന്റെ ആര്‍ത്തിക്കു വേണ്ടി പണിതുയര്‍ത്തിയ അത്യാഹിതമാണ്.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചാലക്കടുത്തുള്ള പെരുമണ്ണിലെ വാഹനാപകടത്തില്‍ 10 കുരുന്നുകളുടെ ജീവന് ഒരുമിച്ച് പൊലിഞ്ഞത്. ചാലയിലെ പുതുതലമുറക്കാരുടെ ഏറ്റവും വലിയ ദുരന്തമതായിരുന്നു .
ആഗസ്റ്റ് 27ന് രാത്രിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിയതിലുള്ള അപകടത്തില്‍ ഏതാനും പേര് ആശുപത്രിയിലുണ്ടെന്നല്ലാതെ അത് ഇത്രക്ക് ഭീകരമായിരിക്കുമെന്ന് ഓണലഹരിയില്‍ മതിമറന്ന കേരളം കരുതിയിരുന്നില്ല. പിന്നാലെ പൊള്ളലിന്റെ ശതമാനക്കണക്കുകള്‍ പത്രത്തില്‍ വന്നു. തീഗോളങ്ങള്‍ സുനാമി പോലെ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങിയതിന്റെ ചിത്രം പ്രചരിക്കപ്പെട്ടു.
നാടും നാട്ടാരും, അങ്ങാടികളും പട്ടിയും പൂച്ചയും കല്യാണ വീടുവരെ വെന്തെരിഞ്ഞ കാഴ്ചയുമായാണ് തിരുവോണപ്പുലരി കേരളത്തെ വരവേറ്റത്. ചാല അക്ഷരാര്‍ത്ഥത്തില്‍ അഗ്നിയുടെ യുദ്ധക്കളമായി മാറി. ആശുപത്രിയിലേക്ക് എടുത്തു കൊണ്ടു പോകുമ്പോള്‍ പലരുടേയും തൊലിയുടെ നിറം വെളുപ്പു കേറി വിളറിയിരുന്നു. അടുത്ത ദിവസത്തോടെ ശരിരം കറുത്തു കരിക്കട്ടക്ക് സമാനമായി. ശരിരത്തിന്റെ പുറം മാത്രമല്ല അകത്തെ അവയവങ്ങളും കരിഞ്ഞുപോയതിന്റെ ലക്ഷണമായി ടോക്ടര്‍മാര്‍ അതിനെ കണ്ടു. അവര്‍ അപ്പോള്‍ തന്നെ വിലയിരുത്തി. മരണം രണ്ടില്‍ അവസാനിക്കില്ല. പട്ടിക നീളും.
മരിച്ച പലരുടേയും അന്ത്യ കര്‍മങ്ങള്‍ക്കു വേണ്ടി ഒരാളെപ്പോലും ബാക്കിവെക്കാതെയാണ് ദുരന്തം വാതകത്തിന്റെ വേഷമണിഞ്ഞെത്തിയത്. മനുഷ്യ നിര്‍മിത ദുരന്തം മനുഷ്യനോടൊപ്പം അവന്റെ വീടിനേയും പട്ടിയേയും, പൂച്ചയേയും, കോഴിയെപ്പോലും കൊന്നൊടുക്കി. പല വീടുകളിലും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വരെ ആരും ബാക്കിയായില്ല. പലരുടേയും കിടപ്പാടമില്ല. ഒരു മൃതദേഹം സംസ്കരിച്ച് നടു നിവര്‍ത്തുന്നതിനു മുമ്പേ അടുത്തത് കടന്നു വരുന്നു.
മരണം ആദ്യം കൂട്ടിക്കൊണ്ടു പോയത് ശ്രീലതയേയായരുന്നു. കൂടെ ഭര്‍ത്താവ് കേശവനും. പൊതു ദര്‍ശനത്തിനു വെക്കാന്‍ പോലും വയ്യാത്ത വിധം കത്തിക്കരിഞ്ഞ മാംസ പിണ്ഢമായിരുന്നു അവരുടെ ശരീരം. രമയുടേയും, സഹോദരി ഗീതയുടേയും മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മത്തിനായി വീട്ടില്‍ കേറ്റാന്‍ വീടെവിടെ? ഒടുവില്‍ ഓലകൊണ്ട് പടുത കെട്ടി ഒരു വീടിന്റെ രൂപമുണ്ടാക്കി അന്ത്യക്രിയകള്‍ നടത്തി.
ചാലയില്‍ നിരനിരയായി കിടക്കുന്ന വീടുകളും, അങ്ങാടികളും ചാമ്പലായതിന്റെ അസ്ഥികൂടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തത്തിന്റെ ശേഷിപ്പുകളുമായി മനുഷ്യ വര്‍ഗത്തിനു മുമ്പില്‍ പല്ലിളിച്ചു കാണിക്കുന്നു. അഗ്നി നാളങ്ങള്‍ പകുതി തിന്നു തീര്‍ത്ത വീടുകളില്‍ കുടെപാര്ത്തവരില്ലാതെ കണ്ണീര് വറ്റിയ ശേഷിപ്പുകാര്‍.
ദേവീ വിലാസത്തിന്റെ ഗൃഹനാഥന് ഡോ. കെ.കെ കൃഷ്ണന്, ഭാര്യ ദേവി, മകന് പ്രസാദ്, മരുമകള്‍ രഹിന, സഹോദരന് ലക്ഷ്മണന്, ഭാര്യ നളിനി എന്നിവരെ മരണം ഒരുമിച്ച് വാരിയെടുത്തു. മറ്റൊരു മകന് ഡോ. പ്രമോദ് മരണത്തിന്റെ കിടക്കയിലാണ്. കുടുംബം നഷ്ടപ്പെട്ട മുന്നു കൊച്ചു മക്കളെ മാത്രം തനിച്ചാക്കിയാണ് ഡോക്ടറും കുടുംബവും യാത്രയായത്.
മരണം താണ്ഡവമാടിയ റസാക്കിന്റെ വീട്ടില്‍ നിന്നും മകന് റിയസ്, റനിസ് എന്നിവരെ തനിച്ചാക്കി ബാപ്പയും ഉമ്മയും രണ്ടു സഹോദരങ്ങളും കടന്നു പോയി. കല്യാണത്തിന് കൂടാന്‍ വന്ന രമയെ മരണം അഥിതിയുടെ വേഷമിട്ടു അമ്മ ഓമനയോടൊപ്പം കൂട്ടിക്കൊണ്ടു പോയി . പോന്ന പോക്കില്‍ കല്യാണ പന്തലും നക്കി തുടച്ചു.
വളപട്ടണം കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി. രാജനും മകള്‍ നിഹക്കും ഇനി ഒരു കുഴിമാടത്തില്‍ അന്തിയുറങ്ങാം. രാജന്റെ ഭാര്യക്ക് ബോധമുണര്ന്നിരുന്നെങ്കില് അവര്‍ മരണത്തെ യാചിച്ചു വാങ്ങിയേനെ. ശ്രീനിലയത്തിലെ അജയകുമാര്‍ ഇനി തനിച്ച്. അച്ഛനേയും അമ്മയേയും ദുരന്തം കൂടെക്കൂട്ടി. മരണം പരിയാരം മെഡിക്കല്‍ കോളെജ് പരിസരത്തും മറ്റും ഒളിച്ചിരിക്കുകയാണ്. തക്കം നോക്കി ജീവനുകളേയും തൂക്കി യാത്രയാവാന്‍. അവിടെ മരണത്തിന്റെ മണം പരന്നൊഴുകുന്നു.
റോഡിന്റെ ഡിവൈഡറില്‍ ഇടിച്ച് സേഫ്റ്റി വാള്‍വ് പൊട്ടിയതിന്റെ ഫലമായി ഗ്യാസ് ചോരുന്നത് പരിസര വാസികളെ ആദ്യം അറിയിച്ചത് ഡ്രൈവര്‍ കണ്ണനാണ്. കല്യാണ വീട്ടിലുള്ളവരടക്കം ഓട്ടേറെ പേര് ഓടി രക്ഷപ്പെട്ടു. കണ്ണന് പരമാവധി വിവരം നല്കിയിരുന്നില്ലെങ്കില് അപകടം ഇവിടെക്കൊണ്ടൊന്നും അവസാനിക്കില്ലായിരുന്നു. ലോറിയില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു ക്ലീനറും വേണമെന്നാണ് നിയമം. പക്ഷെ ഉണ്ടായിരുന്നത് കണ്ണന് മാത്രം. നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉത്തരവാദപ്പെട്ടവര്ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് ഇപ്പോള്‍ കണ്ണന് മാത്രമെ ജയിലിലുള്ളു. മേധാവികളുടെ കാര്യം മുറപോലെ.
ഗ്യാസ് ടാങ്കറുകള്‍ അപകടത്തിന് പെടുന്നത് കാസര്‍കോട് ജില്ലയില്‍ നിത്യ കാഴ്ച്ചയാണ്. ഭീമമായ അപകടങ്ങള്‍ ഇല്ലാത്തതിനാല്‍ ആരുമത് കാര്യമാക്കാറില്ലെന്ന് മാത്രം. പലതിനും കേസു പോലും എടുക്കാറില്ല. കഴിഞ്ഞ വര്‍ഷം ചെര്‍ക്കളയില്‍ നടന്ന അപകടത്തിന് ഗ്യാസ് ചോര്ചയുണ്ടായിരുന്നു. ഒരാഴ്ച്ചയോളം സര്‍ക്കാര്‍ വക ചില പുകിലുകള് ഉണ്ടായെങ്കിലും പിന്നെ അതു നിന്നു. മുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിയില്‍ ചാലാ സംഭവത്തിന് സമാനമായ അപകടമുണ്ടായിരുന്നു. അന്ന് അഗ്നിയുടെ വിശപ്പു തീര്‍ക്കാന്‍ കേരളം കുരുതി കൊടുത്തത് 12 പൗരന്മാരെയാണ്. ബുള്ളറ്റ് ടാങ്കറുപയോഗിച്ച് റോഡ് വഴിയുള്ള സര്‍വീസ് അവസാനിപ്പിക്കുമെന്നും, സുരക്ഷ ഉറപ്പാക്കുമെന്നും അന്നത്തെ സര്‍ക്കാര്‍ ആണയിട്ടതാണ്. അപകടം വരുമ്പോള്‍ മാത്രം ഉണരുന്ന ഫിനിക്സ് പക്ഷിയാണ് ഭരണകൂടം.
പാചക വാതകം റെയില്‍വേ വഴി കൊണ്ടു വരാന്‍ തടസ്സമില്ലാതിരിക്കെ ജനനിബിഡമായ റോഡ് വഴി ഗതാഗതക്കുരുക്കുണ്ടാക്കി കാലന്റെ വണ്ടി മരണജ്വാലയുംപേറി പാഞ്ഞു നടക്കുന്നതിനു പിന്നില്‍ വാതക മുതലാളിമാരുടേയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കോടികളുടെ ലാഭക്കണ്ണുകളുണ്ട്. റോഡിലൂടെ വരുന്നത് അഴിമതിയാണ്.
കൊച്ചി റിഫൈനറിയില്‍ നിന്നും ഗ്യാസ് നിറക്കുന്നതിനു സൗകര്യമുണ്ടായിട്ടും അതു ചെയ്യാതെ എണ്ണകമ്പനികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോഡ് എടുക്കുന്നതു കൊണ്ടാണ് ഈ ഭീമന് വണ്ടിക്ക് ഇങ്ങനെ തലങ്ങും വിലങ്ങും ഓടേണ്ടി വരുന്നത്. കേരളത്തിലെ കമ്പനി ഉടമകള്‍ കൊച്ചിയിലെ റിഫൈനറി വിട്ട് ലോഡിനായി പോകുന്നത് മംഗലാപുരത്തേക്കാണ്. 36,000 ത്തില്പരം ബുള്ളറ്റ് ടാങ്കറുകള്‍ ഇങ്ങനെ ഒഴിവാക്കാവുന്ന ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ഇതു വഴി ടാങ്കര്‍ മുതലാളിമാര്‍ക്ക് ഐ.ഒ.സിയടക്കം പ്രതിവര്‍ഷം ഉണ്ടാക്കിക്കൊടുക്കുന്ന ബിസ്നസ്സ് നൂറു കോടി വരും. മുതലാളിമാരും ഉദ്യോഗസ്ഥന്മാരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നില്‍.
മംഗലാപുരത്തുനിന്നും ഒരു ടണ്‍ ഗ്യാസ് കേരളത്തിലെത്തിക്കാന്‍ ടാങ്കറുടമക്ക് വിതരണ കമ്പനിക്കാര് നല്‍കുന്നത് 2,222 രൂപയാണ്. അതായത് ഇപ്പോള്‍ പ്രതിമാസം കൊണ്ടു വരുന്ന 36,000 ടണ്‍ ഗ്യാസ് റോഡ് വഴി കേരളത്തിലെത്തുമ്പോള്‍ എട്ടു കോടി രൂപയുടെ ഓട്ടം ടാങ്കറുടമകള്ക്ക് ലഭിക്കുന്നു. പ്രതിവര്‍ഷം 96 കോടിയിലെത്തി നില്‍ക്കുമിത്.
പ്രതിമാസം 58,000 ടണ്‍ ഗ്യാസാണ് കേരളം കത്തിക്കുന്നത്. ഭാരത് ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൊച്ചി റിഫൈനറി മാസം പ്രതി 40,000 ടണ്‍ ഗ്യാസ് ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ഗ്യാസ് വിതരണ എജന്‍സിയായ ഹിന്ദുസ്ഥാന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) വരെ ഗ്യാസ് സ്വരൂപിക്കുന്നത് മംഗലാപുരത്തെ എംആര്‍പിഎല്ലില്‍ നിന്നുമാണ്. കേരളത്തിലെ ക്ഷയ രോഗ ബാധിതമായ റോഡിലൂടെ ഐഒസി മാത്രം 19,000 ടണ്‍ വാതകം മംഗലാപുരത്തു നിന്നും ഓരോ മാസവും ഇറക്കുമതി ചെയ്യുന്നു.
അതുവഴി കൊച്ചിയിലെ ഭാരത് പെട്രോളിയം കോര്പ്പറേഷന് ഉല്പാദിപ്പിക്കുന്ന വാതകം കേരളത്തില്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ അവര്‍ തങ്ങള്‍ ഉല്പാദിപ്പിക്കുന്നവ പാലക്കാട് വഴി തമിഴ്നാട്ടിലേക്കാണ് കയറ്റി അയക്കുന്നത്. കാസര്‍കോട് മുതല്‍ കേരളമൊട്ടുക്കും വിതരണ ഏജന്‍സികളുടെ ടാങ്കറും, കൊച്ചി തൊട്ട് പാലക്കാട് വരെ തമിഴ്നാട്ടുകാരുടെ ടാങ്കറും നിമിത്തം ആരോഗ്യമില്ലാത്ത കേരളത്തിന്റെ റോഡുകള്‍ ടാങ്കര്‍ മയമാണ്.
ചാല ദുരന്തം ജനങ്ങളുടെ ആശങ്കയില്‍ തീകോരിയിടുന്ന പുതിയ വാര്‍ത്തകള്‍ക്ക് ജീവന് വെക്കുകയാണ്. മൂബൈ മുതല്‍ ചെന്നൈ വരെ കേരളത്തിലൂടെ വാതക പൈപ്പ് ലൈനിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചാലിങ്കാല്‍ വരെ പ്രാഥമിക ജോലി എത്തി നില്ക്കുന്നു. ജനനിബിഡ മേഖലയിലൂടെയും പൈപ്പ് ലൈന്‍ കടന്നു പോകുന്നുണ്ട്. പ്രകൃതി തന്നെ മനുഷ്യനെ സംഹരിക്കാന്‍ ആവശ്യമായവ മലവെള്ളമായും, മിന്നലായും, വിഷപാമ്പായും മറ്റും കരുതി വെച്ചിട്ടിട്ടുണ്ട്. മനുഷ്യന് മനുഷ്യനെ സംഹരിക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്നത് പ്രകൃതിയുടെ കരുതല്‍ ശേഖരത്തേക്കാള്‍ എത്രയോ ഏറെയാണ്. അതില്‍ പലതിലൊരു ഉദാഹരണമാണ് ചാല സംഭവം. മറ്റൊന്നാവരുത് വാതക പൈപ്പ് ലൈന്‍.
-രാജന് പ്രതിഭ
Keywords: Article, Prathibha-Rajan, Kannur, Tanker Accident, Death, IOC