ചിരട്ടയില്‍ കരവിരുത് തീര്‍ത്ത് ഗംഗാധരന്‍ മാസ്റ്റര്‍
Jul 23, 2021, 11:25 IST
കൂക്കാനം റഹ്‌മാന്‍
(www.kasargodvartha.com 23.07.2021) കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുളള കഴിവുകള്‍ വെളിവാക്കാന്‍ പലര്‍ക്കും അവസരം ലഭിച്ചിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരു വ്യക്തിയാണ് എന്റെ സഹപഠിതാവും, റിട്ടേര്‍ഡ് ഹെഡ്മാസ്റ്ററുമായ കെ പി ഗംഗാധരന്‍ മാസ്റ്റര്‍. ഒരു ചിരട്ടയോ, തൊണ്ടോ കിട്ടിയാല്‍ അതിനെ എന്താക്കി മാറ്റാം എന്ന് മാഷിന്റെ ഭാവനയില്‍ ഉരുത്തിരിയും. തന്റെ ഭാവനയ്ക്ക് രൂപവും ഭാവവും നല്‍കാന്‍ എത്ര സമയമെടുത്താലും അത് പൂര്‍ത്തിയാക്കിയേ അദ്ദേഹം മറ്റ് പ്രവര്‍ത്തിയിലേക്ക് തിരിയൂ.
പഠിക്കുന്ന കാലത്തേ അദ്ദേഹം കാണിക്കുന്ന കൃത്യതയും, ശുഷ്‌കാന്തിയും സതീര്‍ത്ഥ്യരായ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഗംഗാധരന്റെ നോട്ട് ബുക്കുകളും, ഡ്രസ്സിംഗും എല്ലാം വളരെ നീറ്റായി ശ്രദ്ധിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാര്‍ അസൂയപ്പെടറുണ്ട്.
പ്രണയത്തിലും ഗംഗാധരന്‍ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ ഒപ്പം പഠിച്ചു കൊണ്ടിരുന്ന നല്ലൊരു പാട്ടുകാരിയായിരുന്നു വിമല. വിമലയില്‍ ഗംഗാധരന്‍ കണ്ണ് വെച്ചു.
അതും തന്റെ പതിനെട്ടാമത്തെ വയസ്സില്‍ തന്നെപോലെ എല്ലാകാര്യത്തിലും കണിശതയും ശ്രദ്ധയും ചെലുത്തുന്ന വ്യക്തിയാണ് വിമല എന്ന സഹപഠിതാവ് എന്ന് മനസ്സിലാക്കിയതിനാലും സംഗീതത്തേയും, കലയേയും ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയായതിനാലുമാവാം ഗംഗാധരന്‍ വിമല എന്ന പാട്ടുകാരിയില്‍ ആകൃഷ്ടനായത്. ഇരുവരും പ്രായപൂര്‍ത്തിയാവുന്നത് വരെ കാത്തിരുന്ന് വിവാഹിതരായി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഗംഗാധരന്റെ ക്ഷമയെക്കുറിച്ചും, ലക്ഷ്യം കൈവരിക്കാനുളള ശ്രമത്തെക്കുറിച്ചും ഞങ്ങള്‍ക്ക് അഭിമാനം തോന്നി.
ചിരട്ടയിൽ നൂറ് കണക്കിന് വസ്തുക്കളാണ് ഗംഗാധരന്‍ രൂപകല്‍പന ചെയ്തത്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചിരട്ടിയില്‍ കൊത്തിയെടുത്ത വിവിധ വസ്തുക്കളും ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്. തവി, ലാമ്പ്‌ഷേഡ്, ചട്ടുകം, സ്പൂണ്‍, അരിപ്പക്കയില്‍, കപ്പ് സോസര്‍,ബൗള്‍, ജഗ്ഗ്, കോയിന്‍ ബോക്‌സ്, ബ്രഷ് പാഡ്, പെന്‍പാഡ്, ഡോപ്പ് ബോക്‌സ്, കൈവിളക്ക്, മഗ്ഗ് ,വള ,മോതിരം,കീചെയിന്‍ തുടങ്ങിയ വസ്തുക്കള്‍ അതിന്റെ തനതായ രൂപത്തില്‍ മിനുക്കിയെടുത്തത് കാണുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോവും. യൂസ്ഫുള്‍ പ്രൊഡക്ടിന് പ്രാധാന്യം കൊടുക്കണമെന്ന് ആശയമുണ്ടായത്, ചില പ്രഗല്‍ഭമതികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്.
നിര്‍മ്മിച്ച വസ്തുക്കളെ തരംതിരിച്ചാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. പുഷ്പങ്ങള്‍, പൂച്ചെടികള്‍, ഉപയോഗപ്രദമായ വസ്തുക്കള്‍, ജീവികള്‍, കൗതുകവസ്തുക്കള്‍ എന്നിങ്ങനെയാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. മെഷീനറിയില്ലാതെ തികച്ചും ഹാന്റി ക്രാഫ്റ്റായിട്ടാണ് മുഴുവന്‍ ശില്പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ ശില്പ നിര്‍മ്മിതിക്കു പിന്നിലും ധാരാളം മുഷ്യാധ്വാനം വേണ്ടി വന്നിട്ടുണ്ട്. ശില്പങ്ങള്‍ക്ക് നിറം കൊടുത്താല്‍ കൂടുതല്‍ ഭംഗി കിട്ടും എന്ന് പലരും നിര്‍ദ്ദേശിച്ചെങ്കിലും ഒറിജിനാലിറ്റി നഷ്ടപ്പെടാതിരിക്കാന്‍ പോളിഷ് ചെയ്യുന്നു.
നല്ലൊരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ആവശ്യമായത്ര ശില്പ ശേഖരം മാഷിന്റെ കയ്യിലുണ്ട്. അതിന് ആരെങ്കിലും വ്യക്തികളോ സംഘടനകളോ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗംഗാധരന്‍ മാഷ്. സംസ്ഥാന തലത്തിലടക്കം പ്രദര്‍ശന മല്‍സരത്തിലും ഓണ്‍ ദി സ്‌പോട്ട് മല്‍സരത്തിലും പങ്കെടുത്ത ഗംഗാധരന്‍ മാഷിന്റെ ശിഷ്യര്‍ വിജയം കൈവരിച്ചതും അഭിമാനപൂര്‍വ്വം ഗംഗാധരന്‍ മാഷ് പങ്കുവെച്ചു.
ഗംഗാധരന്‍ മാഷിന്റെ കരകൗശല നിര്‍മ്മാണ വൈഭവം കണ്ടറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പ്രവര്‍ത്തങ്ങളില്‍ ഭാഗവാക്കാകാന്‍ അവസരം ലഭ്യമായിട്ടുണ്ട്. കണ്ണൂരില്‍ നടന്ന ടീച്ചിംഗ് എയ്ഡ്‌സ് ആന്റ് ഹാന്റി ക്രാഫ്റ്റ് ശില്പശാലയില്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ മാഷിന് അവസരം ലഭിച്ചിട്ടുണ്ട്. ഇതേ മേഖലയില്‍ കണ്ണൂര്‍ ഡയറ്റില്‍ ഗസ്റ്റ് ലക്ചറായി കുറേ വര്‍ഷം ജില്ലയിലുളള അധ്യാപകര്‍ക്ക് ക്ലാസ് എടുത്ത അനുഭവവും ഗംഗാധരന്‍ മാഷിന് സ്വന്തം. പാട്യത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹൈടെക്ക് മള്‍ട്ടി ജിംനേഷ്യത്തിന്റെ ഉടമയും ട്രെയിനറുമാണ് ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്ന ഗംഗാധരന്‍ മാഷ്.
ഭാര്യ വിമല ടീച്ചര്‍ കാര്യമായി സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ ഈ പ്രവര്‍ത്തനത്തിന് പ്രോല്‍സാഹനമാകുന്നുണ്ട്. ഒരേ ഇരുപ്പില്‍ സമയം മറന്ന് പ്രവര്‍ത്തിക്കുന്നതിലൊന്നും ടീച്ചര്‍ പരിഭവപ്പെടാറില്ല. ഒപ്പമിരുന്ന് നിര്‍ദ്ദേശോപദേശങ്ങള്‍ നല്‍കാനും ടീച്ചര്‍ സദാസന്നദ്ധയാണ്. വിമല നല്ലൊരു ഗായികയാണ് പഠനകാലം മുതലേ ഗാനാലാപന മല്‍സരത്തില്‍ സമ്മാനം വിമലയ്ക്ക് തന്നെയാണ് ലഭിച്ചിരുന്നത്. ട്രൈനിംഗ് സ്‌ക്കൂളിലെ നടന്ന ഗാന മല്‍സരത്തിലും വിമല തന്നെയായിരുന്നു മുന്നില്‍.
വിമലയുടെ സൗന്ദര്യവും ഗാനാലാപന ചാതുരിയുമാണ് ഗംഗാധരനെ പ്രണയ വിവശനാക്കിയതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടാവുക. വിമലയും റിട്ടേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്. ഇന്നും അവരുടെ മധുരശബ്ദത്തിന് മങ്ങലേറ്റിട്ടില്ല. ഇലക്ട്രീഷ്യനായ ശ്രീകിഷ് മകനും, വിവാഹിതയായ സ്വപ്ന മകളുമാണ്. പാട്യത്ത് സന്തോഷകരമായ കുടുംബജീവിതം നയിച്ചു വരികയാണ് ഗംഗാധരന്‍ മാഷും, വിമല ടീച്ചറും.
Keywords: Kasaragod, Kerala, Article, COVID-19, Student, Handicrafts, Arts, Coconut, President, Body, Singer, School, Gangadharan is a master craftsman in coconut shell.