നാലുവരിപ്പാതയും ജ്ഞാനപീഠ ജേതാവിന്റെ വീടും
Mar 5, 2012, 17:02 IST
നാലുവരിപ്പാതയും അതിന്റെ വരുംവരായ്കളും മലയാളി സമൂഹത്തില്‍ കത്തിനില്‍ക്കുന്ന ഒരു വിഷയമാണ്. നാലുവരിപ്പാതക്ക് രാജ്യത്താകെ ഒരേ നീളം, ഒരേവീതി, ഒരേനയം. പക്ഷേ കേരളത്തില്‍ ദേശീയനയത്തിന്റെ ഭാഗമായുള്ള നീളവും വീതിയും ഇല്ലാതായി. കേരളത്തിന്റെ നാലുവരിപ്പാതയോടുള്ള സമീപനത്തില്‍ ഇടതും വലതും ബി.ജെ.പിയും ഒറ്റകെട്ട്. ദേശീയ നയം കേരളത്തില്‍ വേണ്ടേ വേണ്ടേ. ദേശീയ നയം നടപ്പാക്കിയാല്‍ ക്ഷേത്രം തകരും. പള്ളിതകരും. സ്വന്തം വ്യാപാര സമുച്ചയം തകരും. വ്യാപാരസ്ഥാപനങ്ങള്‍ തകരും. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകും. ഇങ്ങനെയാണ് നാലുവരിപ്പാതക്കെതിരെ മുഴങ്ങുന്ന ശബ്ദം. എന്നാല്‍ സ്വാര്‍ത്ഥ വാണിജ്യ-സാമ്പത്തിക താല്‍പര്യങ്ങള്‍ നാലുവരിപ്പാത വരുന്നതിന് വിലങ്ങുതടിയാവില്ലെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ക്കും നന്നായറിയും. അതേ സമയം പെരുകുന്ന ഗതാഗതകുരുക്ക് ലഘൂകരിക്കാന്‍ ബൈപാസ് പോലുള്ള ബദല്‍ സംവിധാനത്തിന് ഉയരുന്ന മുറവിളികേള്‍ക്കാതിരിക്കാനുമാവില്ല.
നാലുവരിപ്പാതയോടുള്ള എതിര്‍പ്പിനെതിരെ മറുവാര്‍ത്തയും പുറത്തുവന്നു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ ദേശീയപത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ദക്ഷിണകര്‍ണാടകയെ വെട്ടിമുറിച്ച് രൂപീകരിച്ച ഉഡുപ്പിയില്‍ നിന്നാണ് വാര്‍ത്ത. വാര്‍ത്തയുടെ തലക്കെട്ടിങ്ങനെയാണ്. ദേശീയപാതവികസനം: ജ്ഞാനപീഠ ജേതാവ് ശിവറാംകാരന്തിന്റെ ജന്മഗൃഹം ഓര്‍മ്മയായി. വാര്‍ത്ത തുടങ്ങുന്നതിങ്ങനെയാണ് ജ്ഞാനപീഠ ജേതാവ് ശിവരാംകാരന്തിന്റെ 200 വര്‍ഷം പഴക്കമുള്ള ജന്മഗൃഹം ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായി. ദേശീയപാത നാലുവരിയാക്കുന്നതിന് വേണ്ടിയാണ് സൂറത്കല്‍-കുന്താപുരം റൂട്ടില്‍ ഉഡുപ്പി കോട്ടയിലെ വീട് കഴിഞ്ഞ ദിവസം തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന 150 വര്‍ഷം പഴക്കമുള്ള ഘടികാരവും ഊഞ്ഞാലും മരക്കസേരയും ഇപ്പോള്‍ കുടുംബാംഗങ്ങളുടെ വീട്ടിലേക്ക് മാറ്റി. ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ കര്‍ണാടകയിലെ സാഹിത്യനായകന്റെ വീടിന്റെ ചിത്രവും വാര്‍ത്തക്കൊപ്പമുണ്ട്.
വാര്‍ത്ത അവസാനിപ്പിക്കുന്നതിങ്ങനെ കാരന്തിന്റെ ജന്മഗൃഹം വിശുദ്ധവും വിശേഷവുമാണെന്നതില്‍ സംശയമില്ലെന്ന് ഡോ. കോട്ട ശിവരാം കാരന്ത് റിസര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ ട്രസ്റ്റ് പ്രസിഡന്റ് മാലിനി മല്ല്യ പറഞ്ഞു. ഇത്തരം കെട്ടിടങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള വികാരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. പക്ഷേ, ദേശീയ താത്പര്യം അതെല്ലാം മറികടക്കുന്നതാണ്. രണ്ടുകോടി രൂപ ചിലവില്‍ തൊട്ടടുത്തായി നിര്‍മിച്ച കെട്ടിടം കാറന്തിനുള്ള സ്മാരകമായി എന്നും നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. മാലിനി മല്ല്യയുടെ ഈ പ്രസ്താവന കാണാനും അതില്‍ നിന്ന് പാഠമുള്‍കൊള്ളാനും കേരളത്തിലെ നാലുവരിപ്പാതാ വിരുദ്ധര്‍ തയ്യാറായെങ്കില്‍.
കവികളുടെ സാഹിത്യനായകരുടേയും ജന്മഗേഹങ്ങള്‍ നാടിനെ നന്മയിലേക്ക് നയിക്കുന്ന പ്രകാശഗോപുരങ്ങളാണ്. ഇത്തരം ജന്മഗേഹങ്ങളാണ് നാടിനെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം ജന്മഗേഹങ്ങള്‍ ക്ഷേത്രങ്ങളുമാണ്. കാറന്തിന്റെ ജന്മഗൃഹം പോലെ രാഷ്ട്രകവി ഗോവിന്ദപൈയുടേയും പാടുന്നപടവാളായ തിരുമുമ്പിന്റെയും ഉബൈദിന്റെയും കുമാരനാശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും ഭവനങ്ങളും സാംസ്‌കാരിക-ധാര്‍മിക ക്ഷേത്രങ്ങള്‍തന്നെ. ദേവി-ദേവതമാരുടെ പ്രതിഷ്ഠനടത്തിയിടം മാത്രമല്ല ക്ഷേത്രങ്ങള്‍. ആത്മീയമെന്നാല്‍ വെറും ദൈവീകമായകാര്യം മാത്രവുമല്ല. നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാമാണ്. എന്നാല്‍ ആത്മീയമെന്നവാക്കെടുത്ത് വിശ്വാസത്തിന്റെ പേര് പറഞ്ഞ് നാടിന്റെ വികസനത്തിനെതിരെ പടയോട്ടം നടത്താനാണ് ചിലരുടെ നീക്കങ്ങള്‍. ഇത്തരക്കാര്‍ ശിവറാം കാറന്ത് ട്രസ്റ്റ് പ്രസിഡന്റ് മാലിനിമല്ല്യയുടെ ദേശീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രസ്താവന ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍.
-കെ.എസ്. ഗോപാലകൃഷ്ണന്‍
Keywords: Maruvartha, K.S.Gopalakrishnan,